Wednesday, April 6, 2011

                                                'സ്വര്‍ണ്ണ ഉരുളി '
     
       ( അമ്മ നഷ്ട്ടപ്പെട്ട പിഞ്ചു കുഞ്ഞിനു സ്വന്തം മകനോടൊപ്പം മുലപ്പാല്‍ നല്‍കിയ എന്റെ അമ്മയുടെ ഓര്‍മ്മയ്ക്കായി ഇത് സമര്‍പ്പിക്കുന്നു...) 

                രാവിലെയും വൈകുന്നേരവും നെഹറുഅണ്ണന്റെ ചായക്കടയില്‍ വലിയ തിരക്കാണ്.നെഹറു എന്നത് അണ്ണന്റെ ഇരട്ടപ്പേരാണ്.യഥാര്‍ത്ഥ പേര് ശ്രീധരന്‍പിള്ള എന്നാണ്.നെഹറുഅണ്ണന്‍ ചായ അടിക്കുന്നത് കാണാന്‍ നല്ല രസമാണ്.
                    റോഡിനരികെ അല്പം ഉള്ളിലായി നാല് മുറികളുള്ള നീണ്ട ഒരു കെട്ടിടത്തിന്റെ ഒരു മുറിയിലാണ് നെഹറുഅണ്ണന്റെ ചായക്കട.മുറിയുടെ മുന്നിലും പിന്നിലും കുറച്ചു സ്ഥലം ഉള്ളതിനാല്‍ മുളയും ഓലയും കൊണ്ട് അല്‍പ്പം ഇറക്കി കെട്ടി ചായക്കടയെ വലിപ്പം ഉള്ളതാക്കിയിട്ടുണ്ട്.മറ്റുമൂന്നു മുറികളില്‍ ഒരു ട്യൂട്ടോറിയല്‍ കോളേജ് നടത്തുകയാണ്.
                     ശിവന്‍ സാര്‍ ഹിന്ദി പഠിപ്പിക്കുമ്പോള്‍ , അപ്പുറത്തെ നെഹറുഅണ്ണന്റെ ചായക്കടയില്‍ നിന്നും ദോശയുടെയും , പപ്പടത്തിന്റെയും സാമ്പാറിന്റെയും മനം ഞങ്ങളുടെ മൂക്കിലേക്ക് തുളച്ചു കയറാറുണ്ട്.ഞങ്ങള്‍ക്ക് കൊതിയുണ്ടാകാറുണ്ട്.
                   രാവിലെ നാലുമണിക്ക് തന്നെ നെഹറുഅണ്ണന്‍ ചായക്കട തുറക്കും.കൂട്ടിനു അണ്ണന്റെ ഭാര്യയും കാണും.ഭാര്യ സുന്ദരിയാണ്.അവരുടെ വലതു കവിളില്‍ ഒരു കറുത്ത പുള്ളിയുണ്ട്.അതാണ്‌  അവര്‍ക്ക് കൂടുതല്‍ ഭംഗിയുണ്ടാക്കുന്നത് .ജന്മനാ ഉള്ളതാണ്.അണ്ണന് ഒരേ ഒരു മകള്‍.സ്വല്‍പ്പം ബുദ്ധിമാന്ദ്യം ഉള്ളതാണോ എന്ന് ഞങ്ങള്‍ക്ക് സംശയം ഉണ്ടായിട്ടുണ്ട്.അവള്‍ അണ്ണനോടും ഭാര്യയോടും പിന്നെ ചായകുടിക്കാന്‍ വരുന്നവരോടും കാണിക്കുന്ന പെരുമാറ്റം അങ്ങനെയായിരുന്നു.
                       ഞങ്ങള്‍ രണ്ടുമൂന്നുപേര്‍ എപ്പോഴും ആ ചായക്കടയുടെ പരിസരത്ത് കാണും.ശ്രീകലയെ കാണാന്‍.ശ്രീകല സുന്ദരിയായിരുന്നു.നെഹറുഅണ്ണന്റെ തൊഴില്‍ ചായ അടിയാണെങ്കിലും പരദൂഷണം പറച്ചിലാണ് പ്രധാനം.സത്യസന്ധമായ പരദൂഷണം.ഭാര്യ അങ്ങനെയല്ല.
                      അണ്ണന്റെ കടയില്‍ ചായകുടിക്കുന്ന ചിലര്‍ കടം വയ്ക്കാറുണ്ട്.അതിനു വേണ്ടി ഒരു നീളന്‍ കണക്കു ബുക്ക് മേശപ്പുറത്തു എപ്പോഴും കാണാം.കട തുടങ്ങിയ നാളിലുള്ള ഒരു മേശയും,അതിനു മുകളില്‍ കഴുകിയിട്ടില്ലാത്ത  ഒരു വിരിപ്പും (തുണി കൊണ്ടുള്ളത്)ഉണ്ട്.ആ ബുക്ക് നോക്കിയാല്‍ അതില്‍ കടംപറ്റിയവരുടെ  പേരുകള്‍ കാണാം.പേര് മാത്രമല്ല  അവരുടെ ഇരട്ടപ്പേരുകളും കാണാം.ഈ ഇരട്ടപ്പേര് അണ്ണന്‍ തന്നെ സൃഷ്ട്ടിച്ചതാണ്.ഒരേ പേരില്‍ തന്നെ നാലഞ്ചു പേര്‍ കാണും.അവരെ അണ്ണന്‍ ഇരട്ടപ്പേരിലാണ് ഞങ്ങള്‍ക്ക് മനസിലാക്കിത്തരുന്നത്. 
                     ആ നാട്ടില്‍ ഒന്നിലധികം പേരുകളുള്ള ചെല്ലപ്പന്‍ പിള്ള ,നാഗപ്പന്‍ നായര്‍  , ശ്രീധരന്‍ പിള്ള ,രാഘവന്‍  പിള്ള ,നാരായണ പിള്ള ,തങ്കപ്പന്‍ പിള്ള ,പൊന്നമ്മ ,ഗോമതി .സരോജിനി ,തങ്കമ്മ ,ഗിരിജ, വത്സല എന്നിവരാണ്.അവര്‍ക്കൊക്കെ അണ്ണനിട്ട പേരുകള്‍ ഇങ്ങനെയാണ് - മൊണ്ടി ചെല്ലപ്പന്പില്ല ,ചുരട്ട ശ്രീധരന്‍ ,ചൊക്കന്‍ നാഗപ്പന്‍ ,കണ്ണടപ്പന്‍ രാഘവന്‍ ,നീര്‍ക്കോലി നാരായണന്‍ ,ഉടുമ്പന്‍ തങ്കപ്പന്‍ ,നത്ത് പൊന്നമ്മ ,നുണച്ചി ഗോമതി ,വറ്റല്‍ സരോജിനി  ,നീര് തങ്കമ്മ ,പൊങ്ങച്ചം ഗിരിജ ,മന്ത്രി വത്സല.
                 ഇവരെപ്പോലെ ആരോ ആണ് അണ്ണന്  'നെഹറു'  എന്ന് പേരിട്ടത്.അണ്ണന് സാക്ഷാല്‍ നെഹറുനെ  ഇഷ്ട്ടമായിരുന്നു.അത് കൊണ്ട് തന്നെ അങ്ങനെ വിളിക്കുന്നത്‌ അണ്ണന് ഇഷ്ട്ടമായിരുന്നു.
                  ചായക്കടയിടുന്നതിനു മുന്‍പ് അണ്ണന്‍ പട്ടാളത്തിലായിരുന്നു.സ്വന്തം സ്ഥലം വര്‍ക്കലയാണ്.ശ്രീകലയുടെ അമ്മയെ വിവാഹം കഴിച്ചാണ് ഇവിടെ കൂടിയത്.പട്ടാളം എന്ന് പറഞ്ഞാല്‍ 'കൂലിപ്പട്ടാളം 'എന്നാണ് അണ്ണന്‍ പറയുന്നത്.അത് എന്താണെന്ന് ഞങ്ങള്‍ക്കറിയില്ല.അത് അറിയാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുമില്ല.
                      നാട്ടില്‍ വന്ന ശേഷം ഇന്ത്യ - ചൈന യുദ്ധത്തെപ്പറ്റിയും  ,പ്രധാനമന്ത്രി നെഹറു യുദ്ധം കഴിഞ്ഞ ശേഷം അണ്ണന്‍ ഉള്‍പ്പെടെ ഉള്ളവരെ അനുമോദിക്കാന്‍ വന്നതും ,പട്ടാളത്തില്‍ ആള് കൂടുതല്‍ ആയതിനാല്‍ കുറച്ചുപേരെ പിരിച്ചു വിട്ടതും ,ആ കൂട്ടത്തില്‍ അണ്ണന്‍ നാട്ടിലെത്തിയതും എല്ലാം പലപ്രാവശ്യം പലരോടും പറയുന്നത് ഞങ്ങള്‍ കേട്ടിട്ടുണ്ട്.അണ്ണന് പട്ടാളപെന്‍ഷന്‍ ഇല്ല .കള്ളും കിട്ടില്ല.
                 നാട്ടിലെ ഏറ്റവും വലിയ ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ പത്തു ദിവസം ഉത്സവമാണ്.അപ്പോള്‍ അണ്ണന്റെ കടയിലെ വലിയ പലഹാരം  അടുക്കി വയ്ക്കുന്ന കണ്ണാടി അലമാര കഴുകി ,അതിലെ ഗ്ലാസ്സില്‍ ചന്ദനം കുഴച്ചു കുറിയിട്ട് ,കുറച്ചു കൂടി മുന്നോട്ടു റോഡിലേക്ക് നീക്കി വക്കും.
               റോഡില്‍ കൂടി വരുന്നവര്‍ക്ക് അതിനകത്തിരിക്കുന്ന പലഹാരങ്ങള്‍ വ്യക്തമായി കാണാന്‍ വേണ്ടിയാണ്.വിവിധയിനം എണ്ണപ്പലഹാരങ്ങള്‍ അലമാര നിറച്ചു അടുക്കി വച്ചിരിക്കും.ഉത്സവം കഴിയുന്നതോടെ അതെല്ലാം തീരുകയും ,പിന്നെ അടുത്ത വര്ഷം ഉത്സവത്തിനു മാത്രമേ ഇതൊക്കെ അലമാരയില്‍ കാണുകയുമുള്ളൂ .എങ്കിലും ദോശയും,ചമ്മന്തിയും, പുട്ടും ,പപ്പടവും, പയറും, പഴവും എല്ലാ ദിവസവും രാവിലെ കാണും.വൈകുന്നേരം ചായ മാത്രം. 
                         നാട്ടിലെ പല വീടുകളിലും ആടും പശുവും ഉള്ളതിനാല്‍ പാല് ഇഷ്ട്ടം പോലെ കിട്ടും.അണ്ണന്റെ ചായ എല്ലാവര്ക്കും ഇഷ്ട്ടമാണ്.ദിവസവും രാവിലെ കട തുറന്നു ചായക്ക്‌ വെള്ളം അടുപ്പില്‍ വച്ച ശേഷം ദോശ ചുടാന്‍ ഭാര്യയെ സഹായിക്കും.ആദ്യത്തെ ഒന്നോ , രണ്ടോ ദോശ അണ്ണനെടുത്തു  ചെറുതായി  മുറിച്ചു കാക്കയ്ക്ക് കൊടുക്കും.ഇതിനു മുടക്കം വരുത്താറില്ല.കാക്കകള്‍ക്ക് അണ്ണനെ ഇഷ്ട്ടമായിരുന്നു.
                അണ്ണന്റെ ചായക്കട കണ്ണമ്പള്ളി സുകുമാരന്റെ കെട്ടിടത്തിലാണ്.വാടകയ്ക്ക്.            
                                  അങ്ങനെയാണ്  നാട്ടിലെ മുതലാളിയായ കണ്ണമ്പള്ളി സുകുമാരന്‍ പണക്കാരനായ കഥ അണ്ണന്‍ ഞങ്ങളോട് പറയാന്‍ തുടങ്ങിയത്.            
                    സുകുമാരന്‍ നാട്ടിലെ വലിയ ഭൂസ്വത്തുകാരനാണ്.അയാള്‍ക്ക്‌ വലിയ പലചരക്കുകടയുണ്ട്.കടയില്‍ നാലഞ്ചു ജോലിക്കാരുമുണ്ട്.
                       കറുത്തു നീളം കൂടിയ ഒരു മനുഷ്യന്‍.വെള്ള മുണ്ടും വെള്ള ഷര്‍ട്ടും .അതാണ്‌ സ്ഥിരമായ വേഷം.ആര്‍ക്കും അയാളെപ്പറ്റി ഗുണവും ദോഷവും പറയാനില്ല.ഒരു നല്ല മനുഷ്യന്‍.അയാള്‍ക്ക്‌ എട്ടു മക്കള്‍ ഉണ്ട്.ഏറ്റവും ഇളയ മകനെ പ്രസവിച്ചയുടന്‍  ഭാര്യ മരിച്ചു പോയി.
                           അണ്ണന്‍ സുകുമാരന്റെ കഥ പറയുന്നത് നമുക്ക് കേള്‍ക്കാം...
                        സുകുമാരന്‍ പണ്ട് വളരെ പാവപ്പെട്ടവനായിരുന്നു.അയാളുടെ ഭാര്യ മരിച്ചുപോയതിനു ശേഷം കുട്ടികളെ നോക്കുന്നതിനായി ഭാര്യയുടെ അകന്ന ബന്ധത്തിലുള്ള ഒരു കറുത്തു തടിച്ച സ്ത്രീയെ കൊണ്ടുവന്നു.അല്‍പ്പം പ്രായക്കൂടുതലുള്ള അവരെ ആരും  വിവാഹം കഴിച്ചിരുന്നില്ല.സുകുമാരനും അവരെ വിവാഹം കഴിച്ചില്ല.എങ്കിലും കുറെ ദിവസം കഴിഞ്ഞപ്പോള്‍ അവര്‍ ഭാര്യയെപ്പോലെയായി.അയാള്‍ക്ക്‌ അവരോടു വലിയ ബഹുമാനമായിരുന്നു.ഏറ്റവും ഇളയമകന്‍ മാത്രം അവരെ 'അമ്മ' എന്ന് വിളിച്ചിരുന്നു.മറ്റുള്ള മക്കള്‍  'ചെറിയമ്മ'എന്ന് വിളിച്ചു.
                      അക്കാലത്ത് സുകുമാരന് സ്വന്തമായി പലചരക്കുകട ഇല്ലായിരുന്നു .അയാള്‍ ദൂരെ മറ്റൊരാളിന്റെ പലചരക്കുകടയിലെ തൊഴിലാളിയായിരുന്നു.ഇന്നത്തെപ്പോലെ വാഹനസൗകര്യം ഇല്ലായിരുന്നു.
                           അകലെയുള്ള പലചരക്കു കടയില്‍ ജോലിക്കു പോകുന്നതും നടന്നു തന്നെയായിരുന്നു.വളരെ നേരത്തെ പോകുകയും താമസിച്ചു വീട്ടില്‍ വരുകയും ചെയ്യുന്ന സുകുമാരന് മക്കളെ നേരെ കാണാനോ, അവരുമായി സഹകരിക്കാനോ  സാധിച്ചിരുന്നില്ല.എങ്കിലും ഇളയമകന്റെ കാര്യങ്ങള്‍ അയാള്‍ എന്നും ഉറങ്ങുന്നതിനു മുന്‍പ് സരസമ്മയോട്  (അതായിരുന്നു പുതിയ ഭാര്യയുടെ പേര്) ചോദിക്കുമായിരുന്നു  .ശാന്തനും സൗമ്യയനുമായ  സുകുമാരന് മക്കളെ വലിയ ഇഷ്ട്ടമായിരുന്നു. മക്കള്‍ക്ക്‌ അച്ഛനെയും വളരെ ഇഷ്ട്ടമായിരുന്നു.
                  സരസ്സമ്മക്ക്  മക്കളുണ്ടായില്ല ,എങ്കിലും സുകുമാരന്റെ എട്ടു മക്കളെയും അവര്‍ സ്വന്തം മക്കളെപ്പോലെ സ്നേഹിച്ചിരുന്നു.
                   സുകുമാരന്റെ ഏറ്റവും ഇളയ മകനെ പ്രസവിച്ച സമയത്ത് തന്നെ തൊട്ടടുത്ത വീടിലെ സ്ത്രീയും ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചിരുന്നു..(ആ ആണ്‍കുട്ടി  ഞാനായിരുന്നു.)
                       സുകുമാരന്റെ ഭാര്യ മരിച്ച ശേഷം അയല്‍പക്കത്തെ  ആ സ്ത്രീയായിരുന്നു രാജന് മുലപ്പാലു നല്‍കിയതും , സ്വന്തം മകനെപ്പോലെ തൊട്ടില്‍ കെട്ടി ആട്ടിയുറക്കിയതും.
                  അങ്ങനെ രാജന്‍ മുലപ്പാലുകുടിച്ചു വളര്‍ന്നു.പാലുകൊടുത്ത അമ്മയെ രാജന് ഇഷ്ട്ടമായിരുന്നു.
                  ആയിടക്കു സുകുമാരന്റെ ചെറിയ വീടിന്റെ പുറകുവശത്ത് ഒരു വാഴ വളര്‍ന്നു നില്‍പ്പുണ്ടായിരുന്നു.ഈ വാഴയുടെ ചുവട്ടിലായിരുന്നു -പാത്രങ്ങളും തുണികളും കഴുകുന്നതും , ചവറുകള്‍ വാരി ഇടുന്നതും..
             വളക്കൂറും , വെള്ളവും കൂടുതലുള്ളതുകൊണ്ടായിരിക്കാം വാഴ വല്ലാതെ വളര്‍ന്നിരുന്നു.കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വാഴ കുലച്ചു.
                      അത്ഭുതം.............................
            വലിയ രണ്ടു കുലകള്‍.
            അടുത്തുള്ളവര്‍ ഈ അത്ഭുതം കാണാന്‍ തടിച്ചു കൂടി.നാട്ടിലത്  വലിയ വാര്‍ത്തയും കാഴ്ചയുമായിരുന്നു.എവിടെയും ഈ വാഴക്കുലയെപ്പറ്റിയായിരുന്നു സംസാരം. 
            സുകുമാരനും വാഴക്കുല കണ്ടിരുന്നു.അയാളിലും അത്ഭുതം ഉണ്ടായി.എന്നാല്‍ അയാളുടെ ജീവിത ചുറ്റുപാടില്‍ ഇതൊന്നും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല.അയാള്‍ പ്രത്യേകിച്ചൊന്നും ഇതെപ്പറ്റി ആരോടും പറഞ്ഞില്ല.ഇന്നത്തെപ്പോലെ ഇതൊന്നും പുറത്ത് കൊണ്ടു വരാന്‍ മാധ്യമങ്ങളും ഇല്ലായിരുന്നു.
            അത് കൊണ്ടു തന്നെ  കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ നാട്ടുകാര്‍ ഈ വാഴക്കുലക്കഥ മറന്നിരുന്നു.
                 ദിവസങ്ങള്‍ കഴിഞ്ഞു...
                 വാഴക്കുല മൂത്ത് പഴുക്കാറായി. 
               ഒരു ദിവസം സരസ്സമ്മ സുകുമാരനോട് വാഴക്കുല വെട്ടാന്‍ പറയുകയും , അയാള്‍ രണ്ടു കുലകളും വെട്ടിക്കൊടുത്തു , സരസ്സമ്മയോട് കടയില്‍ കൊണ്ടു പോയി വില്‍ക്കാന്‍ പറയുകയും ചെയ്തു.
           അയാള്‍ക്ക്‌ ഒരു കുല പഴുപ്പിച്ചു മക്കള്‍ക്ക്‌ കൊടുക്കണമെന്ന് ഉണ്ടായിരുന്നു.പക്ഷെ അയാളുടെ ദാരിദ്ര്യം  വളരെ വലുതായിരുന്നു.പഴത്തിനെക്കാള്‍ മക്കള്‍ക്ക്‌ അപ്പോളാവശ്യം ചോറായിരുന്നു.
                      അങ്ങനെ കുലകള്‍ വിറ്റ് , അരി വാങ്ങി ,മക്കള്‍ക്ക്‌ ചോറ് കൊടുത്തു.
                അവര്‍ക്ക് പഴത്തിനെക്കാള്‍ ചോറ് ഇഷ്ട്ടമായിരുന്നു.
                 ദിവസങ്ങള്‍ കുറെ കഴിഞ്ഞു.
                 സരസ്സമ്മ കുലവെട്ടിമാറ്റിയ  വാഴയുടെ ചുവടു മണ്‍വെട്ടി കൊണ്ട് വൃത്തിയാക്കിക്കൊണ്ടിരിക്കുകയായിരുന്നു.
            പെട്ടന്ന് വാഴയുടെ മൂട്ടില്‍ വെട്ടിയ മണ്‍വെട്ടി ഒരു  കല്ലില്‍ തട്ടി  വലിയ ശബ്ദം കേട്ടു.വാഴപ്പിണ്ടിക്കകത്ത് കല്ല്‌  എങ്ങനെ വന്നു?
          സരസ്സമ്മ വിശ്വാസം വരാതെ ഒരിക്കല്‍ കൂടെ വെട്ടി.
            വീണ്ടും  അതെ ശബ്ദം  !!!!!
               സരസ്സമ്മ മണ്‍വെട്ടി ഊരിയെടുത്തു വീട്ടിനകത്തേക്ക്‌ പോയി.അവര്‍ക്ക് മനസ്സില്‍ ഭയവും അത്ഭുതവും ഉണ്ടായി.
              അവര്‍ സുകുമാരന്‍  വരാന്‍ കാത്തിരുന്നു.
              വളരെ വൈകി അയാള്‍ എത്തി.
             അവര്‍ ഊണുകഴിച്ചുകൊണ്ടിരിക്കവേ സരസ്സമ്മ നടന്ന സംഭവം വിവരിച്ചു..
              സുകുമാരന്‍ സംശയത്തോടെയും അതിശയത്തോടെയും സരസ്സമ്മയുടെ  മുഖത്തേക്ക് നോക്കി.അവര്‍ക്ക് മറ്റൊന്നും മിണ്ടാന്‍ കഴിഞ്ഞില്ല.
              ഊണു കഴിച്ച ശേഷം സുകുമാരന്‍ ചിമ്മിനിവിളക്കുമായി പുറത്തേക്കിറങ്ങി.
             വാഴ നിന്ന കുഴിയുടെ അടുത്തെത്തി.
              ഈ വാഴയില്‍ അത്ഭുതമായി ഉണ്ടായ കുലകളെപ്പറ്റി  അയാള്‍ ഓര്‍മ്മിച്ചു.എന്തോ പ്രത്യേകത ഉള്ളതായി അയാള്‍ക്ക്‌ തോന്നി..
            വിളക്ക് താഴ്ത്തി അയാള്‍ വാഴപ്പിണ്ടിയിലേക്ക് സൂക്ഷിച്ചു നോക്കി.
            പെട്ടന്ന് അയാള്‍ പുറകോട്ടു   ഞെട്ടിമാറി.ഒരിക്കല്‍ കൂടി നോക്കാന്‍ അയാള്‍ക്ക്‌ ഭയമായിരുന്നു.
                       അവിടെ എന്താണ് കണ്ടത്??
           സ്വര്‍ണ്ണ നിറമുള്ള ഒരു സര്‍പ്പം പത്തി വിടര്‍ത്തി വാഴപ്പിണ്ടിയുടെ മുകളില്‍ ഇരിക്കുന്നു. അത് വല്ലാതെ സീല്‍ക്കാരം പുറപ്പെടുവിക്കുന്നുണ്ട്.
              ഭയന്ന് വിറച്ച സുകുമാരന്‍ ഉടന്‍ തന്നെ വീട്ടിനകത്തേക്ക്‌  കയറിപ്പോയി .അയാള്‍ സരസ്സമ്മയോട്  ഒന്നും പറഞ്ഞില്ല.
             രണ്ടുമൂന്നു ദിവസം ആരും അങ്ങോട്ട്‌ പോയില്ല.അയാള്‍ ഈ ദിവസങ്ങളില്‍ ജോലിക്ക് പോയില്ല.അയാളുടെ ശ്രദ്ധ വാഴക്കുഴിയില്‍ ആയിരുന്നു.കുട്ടികളാരും അറിയാതിരിക്കാനും  അയാള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
                 വീണ്ടും നാലഞ്ചു ദിവസത്തിനു ശേഷം സുകുമാരന്‍ എന്തും വരട്ടെ എന്ന് തീരുമാനിച്ചു മണ്‍വെട്ടി കൊണ്ട് വാഴപ്പിണ്ടി വെട്ടി മുറിച്ചു.അപ്പോള്‍ അവിടെ സര്‍പ്പത്തിനെ കണ്ടില്ല.അയാള്‍ വീണ്ടും ഞെട്ടിത്തരിച്ചുപോയി.അയാളുടെ കണ്ണുകളിലേക്കു പ്രകാശം കുത്തിക്കയറി.      
           വാഴപ്പിണ്ടിക്കകത്ത് അയാള്‍ കണ്ടത് വെട്ടിത്തിളങ്ങുന്ന ഒരു 
                                     'സ്വര്‍ണ്ണ ഉരുളി'
              അയാള്‍ സരസ്സമയെ അടുത്ത് വിളിച്ചു.
             അവര്‍ അത്ഭുതത്തോടെ നോക്കി നിന്നു.
            ആ സ്വര്‍ണ്ണ ഉരുളി വല്ലാതെ തിളങ്ങിയിരുന്നു.
          അവര്‍ ഉടന്‍ തന്നെ ഒരു തുണികൊണ്ട് അതിനെ മൂടുകയും വീട്ടിനകത്തേക്ക്‌ കൊണ്ട് പോവുകയും ചെയ്തു.
          അതിനു ശേഷം സുകുമാരന്‍ ഒരിക്കലും ദൂരെ പലചരക്ക് കടയില്‍ ജോലിക്ക് പോയിട്ടില്ല.
                    അയാള്‍ ക്രമേണ പണക്കാരനാകുകയായിരുന്നു  .
   അതിനു ശേഷം അയാള്‍ക്ക് വലിയ വീടും ,വിശാലമായ വസ്തുക്കളും ഉണ്ടായി.വീടിനു സമീപം തന്നെ അയാള്‍ സ്വന്തമായി വലിയ പലചരക്കുകട തുടങ്ങിയിരുന്നു.അങ്ങനെ അയാള്‍ സുകുമാരന്‍ മുതലാളിയായി.
                          നാട്ടിലെ ഏറ്റവും വലിയ വീട് വച്ച് ആ വീടിനെ 'കണ്ണമ്പള്ളി'എന്ന് പേരുമിട്ടു.  
                  കുറെ നാളുകള്‍ കഴിഞ്ഞപ്പോള്‍ നാട്ടില്‍ ക്രമേണ ഉരുളിക്കഥ പടര്‍ന്നു...
                         സുകുമാരന് നിധി കിട്ടി....
   അത് ശരിയായിരുന്നു...    സുകുമാരന് നിധി കിട്ടി....
     നെഹറുഅണ്ണന്‍ പറഞ്ഞത് സത്യമായിരുന്നു.
       നെഹറുഅണ്ണന്‍ സത്യം മാത്രമേ പറയു..
        അത് കൊണ്ട് തന്നെ ആ സത്യം നാട്ടുകാര്‍ വിശ്വസിച്ചു .
         പിന്നെയും ഞങ്ങള്‍ എല്ലാ ദിവസങ്ങളിലും നെഹറുഅണ്ണന്റെ കടയില്‍ പോകുമായിരുന്നു.
                   പുതിയ ഉരുളിക്കഥകള്‍ കേള്‍ക്കാനും........
      നെഹറുഅണ്ണന്റെ മകള്‍ സുന്ദരിയായ ശ്രീകലയെ കാണാനും...........

                        
                   

3 comments:

  1. പണക്കാരായ ആളുകളെ കുറിച്ച് ഗ്രാമങ്ങളില്‍ പ്രചരിക്കുന്ന കഥകളില്‍ പെട്ടതാണ് ഈ ഉരുളി കഥയും എന്ന് കരുതാം അല്ലെ ? കാരണം ഇത് സത്യമാണോ അതോ നെഹ്‌റു അണ്ണന്റെ പതിവ് പരദൂഷണം ആണോ എന്ന് വ്യക്തമാക്കിയിട്ടില്ലല്ലോ ..എന്തായാലും രസകരമായി ഈ കഥ പറഞ്ഞിട്ടുണ്ട് ..ഒട്ടും തടസം കൂടാതെ വായിച്ചു ..ഇതൊക്കെ അനുഭവത്തില്‍ നിന്നും പഴയ ഓര്‍മകളില്‍ നിന്നും ചികഞ്ഞെടുത്തു എഴുതുന്നതിനാല്‍ ഒട്ടും മേമ്പോടിയോ ഭാവനയോ ചേര്‍ക്കേണ്ടി വരില്ല എന്നറിയാം ..അനുഭവങ്ങളാണ് നല്ല എഴുത്തുകാരെ സൃഷ്ടിക്കുന്നത് .ശന്കര്‍ജിയുടെ പുതിയ കഥകളും വരട്ടെ ..ആശംസകള്‍

    ReplyDelete
  2. ഇതൊക്കെ മനോഹരമായി എഴുതാന്‍ സഹായിക്കുന്ന മകള്‍ക്കും അഭിനന്ദനം ..:)

    ReplyDelete
  3. വളരെ നന്ദി....എന്നെ വീണ്ടു വീണ്ടും നല്ല രീതിയില്‍ പ്രോത്സാഹിപ്പിക്കുന്നതിനു നന്ദി...

    ReplyDelete