Sunday, April 3, 2011

                                             അയ്യോ !! ഓടിക്കോ ............

                        ഒരു യക്ഷിക്കഥ പറയാം..
    ഞങ്ങള്‍ പതിനൊന്നു പേര്‍ അടങ്ങുന്നതാണ് കൂട്ടുസംഘം  .ഞങ്ങളുടെ നാട് ഒരു മനോഹരമായ  ഗ്രാമമാണ്.ഞങ്ങളുടെ ഗ്രാമത്തിന്റെ മധ്യഭാഗത്ത്‌ കൂടിയാണ്  N .H .47 റോഡ്‌. അത് കൊണ്ട് തന്നെ എപ്പോഴും വിവിധ വാഹനങ്ങള്‍ കടന്നു പോകുന്ന തിരക്കാണ്.ഞങ്ങളുടെ കുട്ടിക്കാലത്ത് ഇന്നത്തെപ്പോലെ വാഹനം അധികം ഉണ്ടായിരുന്നുന്നില്ല .
                        ഗ്രാമത്തിലെ എന്ത് വിശേഷത്തിനും ഞങ്ങള്‍ പതിനൊന്നുപേര്‍ ഉണ്ടായിരിക്കും. 
                          വിവാഹത്തിനു സദ്യയൊരുക്കാന്‍  , അത് വിളംബിക്കൊടുക്കാന്‍ ,മരണം,അപകടങ്ങള്‍,ഉത്സവങ്ങള്‍ എന്ന് വേണ്ട  എല്ലാ കാര്യത്തിനും ഞങ്ങള്‍ ഉണ്ടായിരിക്കും.ജാതിമതഭേതമന്യേ ഞങ്ങള്‍ എല്ലായിടത്തും എത്തും.ഞങ്ങളുടെ കൂട്ടത്തില്‍ ഷെരീഫും ,റാഫിയും ,അന്സാറും ,ജോര്‍ജും ,ആന്റണി ,ജോസഫും ,ബാബുവും ,ഉണ്ണിയും ഉണ്ട്. 
                    ഞങ്ങള്‍ ഒരമ്മപെറ്റ മക്കളെപ്പോലെയാണ്  .എങ്കിലും ചിലപ്പോഴെല്ലാം തമ്മില്‍ തമ്മില്‍ പിണങ്ങാറുമുണ്ട് .അത് അധിക ദിവസം നീണ്ടു നില്‍ക്കാറില്ല.ഞങ്ങള്‍ വഴക്ക് ഉടന്‍ തമ്മില്‍ പറഞ്ഞു തീര്‍ക്കും.ഞങ്ങളുടെ എല്ലാ വീട്ടിലും പരസ്പ്പരം പോകാനും , ആഹാരം കഴിക്കാനും എല്ലാം ഉള്ള സ്വാതന്ത്രിയവും ഉണ്ട്.വിശേഷദിവസങ്ങളില്‍ പരസ്പ്പരം ഞങ്ങള്‍ വീടുകളില്‍ പോകാറുണ്ട്.ഞങ്ങള്‍ എല്ലാപേരും ഏകദേശം സമപ്രായക്കാരുമാണ്. .നാട്ടിലെ ചില അസ്സൂയക്കാര്‍ക്ക്  ഞങ്ങളുടെ ചങ്ങാത്തം അത്ര പിടുത്തമില്ല.അവര്‍ ഞങ്ങള്‍ കേള്‍ക്കാതെ പല കുറ്റങ്ങളും മറ്റുള്ളവരോട് പറയാറുണ്ട്‌.ഞങ്ങള്‍ അതൊന്നും അത്ര ശ്രദ്ധിക്കാറില്ല.
                  ഗ്രാമത്തില്‍ കൂറെ ചെറിയ ക്ഷേത്രങ്ങളുണ്ട്‌.ചില ക്ഷേത്രങ്ങള്‍ തറവാട്‌ വക ക്ഷേത്രങ്ങളാണ്. അവിടെയൊക്കെ കൊച്ചു കൊച്ചു ഉത്സവങ്ങള്‍ നടത്താറുണ്ട്‌.ശിവരാത്രി ,കാര്‍ത്തിക ,ഓണം ,വിജയദശമി തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ ചെറിയ  ഉത്സവങ്ങള്‍ നടത്തും . ഞങ്ങളുടെ സംഘത്തിന്റെ ചില കലാപരിപാടികളും കൂട്ടത്തില്‍ ഉണ്ടാകും.അതില്‍ പ്രധാനം നാടകമാണ്.നാടകത്തില്‍ വേഷമിടുമ്പോള്‍ ചില ഹാസ്യകഥാപാത്രങ്ങള്‍ കാണും.അതിനു ഞങ്ങള്‍ ഗ്രാമത്തിലെ ചില അസ്സൂയക്കാരന്റെയോ  അസ്സൂയക്കാരിയുടെയോ  ഇരട്ടപ്പേരിടും.പിറ്റേ ദിവസം അതിന്റെ പേരില്‍ ചില കശപിശ ഉണ്ടാകാറുണ്ട്.ഇതെല്ലം ഞങ്ങളുടെ ജീവിതത്തിലെ ചില രസകരമായ നേരമ്പോക്കുകളാണ് ..
                       ഞങ്ങളുടെ കൂട്ടുകാരന്‍ സത്യരാജന്റെ അച്ഛന്റെ കുടുംബക്ഷേത്രമായ ഒരു കാവുണ്ട്. 
                                     ഭരണിക്കാവ്..... 
                ഭരണിക്കാവില്‍ ഭദ്രകാളിയാണ് പ്രതിഷ്ട്ട..
                കൂടെ ഗണപതി,ശിവന്‍.യക്ഷി,മറുത,ബ്രഹ്മരക്ഷസ്സ്,നാഗര്‍, മാടന്‍ എന്നീ വിഗ്രഹപ്രതിഷ്ട്ടകളുണ്ട്. 
                       സത്യരാജന്‍ വിശ്വകര്‍മ്മ സമുദായത്തിലുള്ളതാണ് . അവനെ ഞങ്ങള്‍ "അമ്പി"എന്നാണ്  വിളിക്കാറുള്ളത് .
                         നാല് ഭാഗവും വയലുകളാല്‍ ചുറ്റപ്പെട്ട ഒരു വലിയ കാവ്.കാവില്‍ ഒരാല്‍ മരം പടര്‍ന്നു പന്തലിച്ചുനില്‍ക്കുന്നുണ്ട്.     ആല്‍മരത്തിനു വലിയ ഉയരമാണ്.അതിനു മുകളില്‍ പക്ഷികളുടെ കൂടുകള്‍ ധാരാളം കാണാം.വാവലുകള്‍ അരയാല്‍ നിറയെ തൂങ്ങിനില്‍ക്കുന്ന കാവിനകത്തു നിറയെ മരങ്ങളാണ്.എപ്പോഴും പക്ഷികളുടെ കളകളാരവം മുഴങ്ങിക്കേള്‍ക്കാം.ഭദ്രകാളിക്ഷേത്രം ചെറുതാണ്. ക്ഷേത്രത്തിനു ചുറ്റും പല ദൈവങ്ങളുടെ പേര് കൊത്തിവച്ച ആല്‍ത്തറകള്‍ അവിടവിടെയായി നിര്‍മ്മിച്ചിട്ടുണ്ട്. 
                     ക്ഷേത്രത്തിനു പുറകിലായി അകലെ പടിഞ്ഞാറ് ഭാഗത്ത് വള്ളിപ്പടര്‍പ്പുകള്‍ക്കും , ചെറിയ കുറ്റിച്ചെടികള്‍ക്കും,വലിയ മരങ്ങള്‍ക്കുമിടയില്‍ ഒരു യക്ഷിക്കാവുണ്ട്. 
                          ചിലവിശേഷദിവസങ്ങളില്‍ മാത്രമേ അവിടെ ആളുകള്‍ പ്രാര്‍ഥിക്കാന്‍ പോകാറുള്ളു. 
                          അമ്പിയുടെ അച്ഛനാണ് ക്ഷേത്രത്തിലെ പൂജാരി.
                 ചിലദിവസങ്ങളില്‍ ഞങ്ങള്‍ ഗ്രാമത്തിലുള്ളവര്‍ -നേര്‍ച്ചയായി വെളിച്ചെണ്ണ കൊണ്ടുപോയി വിളക്കുകളില്‍ ഒഴിച്ച് തിരിയിട്ടു കത്തിക്കാറുണ്ട്.അങ്ങനെയുള്ള ദിവസങ്ങള്‍ പ്രതേകിച്ചു അറിയാന്‍ കഴിയും.അന്ന് കാവില്‍ നിറയെ വിളക്കുകള്‍ കത്തി നില്‍ക്കും. 
                    യക്ഷിക്കാവിലും അന്ന് നിറയെ ദീപങ്ങള്‍ നിറഞ്ഞു നില്‍ക്കും.
               ഞങ്ങള്‍ മിക്കദിവസങ്ങളിലും  ഈ കാവിലാണ് വൈകുന്നേരങ്ങളില്‍ ഒത്തു കൂടി രസിക്കാറുള്ളത്.  കൊച്ചു കൊച്ചു കഥകളും തമാശകളും പറയുകയും ,പരസ്പ്പരം കളിയാക്കി രസിക്കുകയും ചെയ്തു വളരെ വൈകുന്നത് വരെ ഇവിടെ ഇരിക്കാറുണ്ട്..
                        മാസത്തില്‍ ഒന്നോ രണ്ടോ ദിവസം വെള്ളിയാഴ്ചകളില്‍ അമ്പിയുടെ അച്ഛന്  ദേവി അനുഗ്രഹം ഉണ്ടാകുകയും ചുവന്ന പട്ടു അരയില്‍  ചുറ്റി ,തലയിലും ചുവന്ന പട്ടു ചുറ്റിക്കെട്ടി കയ്യില്‍ പഴയ ഒരു വാളുമായി ക്ഷേത്രത്തിനു ചുറ്റും അനുഗ്രഹിച്ചു ഓടിനടക്കാറുമുണ്ട് .ആ ഓട്ടം ചിലപ്പോള്‍ ദൂരെയുള്ള യക്ഷിക്കാവുവരെ ഉണ്ടാകും.ആ സമയം ദേവി അദ്ധേഹത്തിന്റെ ശരീരത്തിലേക്ക് കയറിയത് കൊണ്ടാകണം എന്തൊക്കെയോ പറഞ്ഞു അലറിവിളിക്കാറുണ്ട്..(ഇത് കള്ളമാണെന്നും ചാരായം കുടിച്ചതിനു ശേഷമുള്ള പൊടിക്കൈകള്‍ ആണെന്നുമാണ് അമ്പിയും വീട്ടുകാരും പറയുന്നത്..)
                           സ്ത്രീകളും കുട്ടികളും പേടിച്ചു തൊഴുകൈയ്യോടെ  നില്‍ക്കുന്നത് കാണാം .കുറെ നേരം കാവിനകത്തു അങ്ങോട്ടുമിങ്ങോട്ടും ഓടി നടന്ന ശേഷം വാലുകൊണ്ട് തലയില്‍ മുട്ടി അലറി തറയില്‍ തളര്‍ന്നു കിടക്കും.അപ്പോള്‍ ചിലര്‍ കുടങ്ങളില്‍ വെള്ളം കൊണ്ട് വന്നു അയാളുടെ ദേഹത്ത് ഒഴിക്കും.കുറെ കഴിഞ്ഞു അദ്ദേഹം എഴുന്നേറ്റു പോകും .അതോടെ എല്ലാപേരും പിരിഞ്ഞുപോകും.
                     അന്ന് ഞങ്ങള്‍ കൂട്ടുകാര്‍ക്ക് വളരെ രസമുള്ള ദിവസമായിരിക്കും.വയലുകള്‍ക്ക് അപ്പുറമുള്ള കരകളില്‍ നിന്നും സുന്ദരികളായ പെണ്‍കുട്ടികള്‍ കസവുപാവാടയും ധരിച്ചു  തലനിറയെ   പിച്ചിപ്പൂക്കളും ചൂടി കാവിലെ ചടങ്ങുകള്‍ക്ക് എത്തും.അവരെ കാണാനും അവരോടു സംസാരിക്കാനും ഞങ്ങളും സുന്ദരന്‍മാരായി അവിടെ കറങ്ങി നടക്കും.ചില സുന്ദരികളെ  ഞങ്ങള്‍ പ്രത്യേകം നോക്കി വച്ചിട്ടുണ്ട്.ഇതൊക്കെയായിരുന്നു ഞങ്ങളുടെ കുട്ടിക്കാല ഗ്രാമജീവിതം..
                     പിറ്റേ ദിവസം അമ്പിയുടെ അച്ഛന്റെ കാലുകളില്‍ നിറയെ മുറുവുകള്‍ ആയിരിക്കും.
                      ചിലദിവസങ്ങളില്‍ ഞങ്ങള്‍ ചില കാര്യങ്ങള്‍ പറഞ്ഞു പന്തയം വയ്ക്കാറുണ്ട്.
                  അങ്ങനെയിരിക്കെ ഒരു ദിവസം ഭരണിക്കാവിലെ    യക്ഷിയെപ്പറ്റിയായിരുന്നു  ചര്‍ച്ചയും പന്തയവും.അവിടെ യഥാര്ത്ഥ യക്ഷി ഉണ്ടെന്നും ഇല്ലെന്നും....
                      ഒരിക്കല്‍ ചായക്കടനടത്തുന്ന മൊണ്ടി ചെല്ലപ്പന്പിള്ള അസ്സമയത്ത് കടതുറക്കാന്‍ വീട്ടില്‍ നിന്ന് ഭരണിക്കാവിനടുത്തുള്ള  പുഴവരമ്പിലൂടെ  നടന്നുവരുമ്പോള്‍ പുഴക്കടവില്‍ ഒരു സ്ത്രീ കുളിച്ചുകൊണ്ട്‌ നില്‍ക്കുന്നത് കണ്ടു എന്നും യക്ഷിയെന്നു കരുതി ഭയന്ന് ഓടിയ ചെല്ലപ്പന്പിള്ള കാലുതെറ്റി പുഴയിലേക്ക് മറിഞ്ഞു വീണെന്നും കാലു കരിങ്കല്ലില്‍ ഇടിച്ചു ഒടിഞ്ഞതാണെന്നും അതിനു ശേഷമാണ് അയാള്‍ മൊണ്ടിയായത്‌  എന്നുമായിരുന്നു തര്‍ക്കം.
                      ഈ കഥ ചെല്ലപ്പന്പിള്ള പലരോടും പലപ്രാവശ്യം പറഞ്ഞിട്ടുള്ളതാണ്.എങ്കിലും ഞങ്ങളില്‍ ചിലര്‍ അത് പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല.
             അതിനു ശേഷവും ഉത്സവം കണ്ടു വന്ന വാറുവിള നാരായണനും കുന്നുംപുറത്ത് ഹനീഫയും ഭരണിക്കാവിനകത്ത്  അലഞ്ഞുനടക്കുന്ന യക്ഷിയെ കണ്ടതായി ഞങ്ങളോട് പറഞ്ഞിട്ടുണ്ട്.. 
                                    യക്ഷിയമ്പലം വൃത്തിയാക്കവേ അതിനകത്ത് നിന്ന് തലമുടിയും നഖങ്ങളും  പല്ലുകളും കിട്ടിയതായി അമ്പിയുടെ അച്ഛന്‍ പറഞ്ഞിട്ടുണ്ട്....
       അതുകൊണ്ട് തന്നെ യക്ഷിക്കാവിനെ ഞങ്ങള്‍ക്ക് ഭയമായിരുന്നു..
             ഞങ്ങളുടെ കൂട്ടത്തിലുള്ള പുളുവന്‍ ബാബുവിന് അത് കള്ളമാണെന്ന  അഭിപ്രായമായിരുന്നു.പുളുവന്‍ എന്നത് അവന്റെ ഇരട്ടപ്പേരായിരുന്നു.
             യക്ഷി ഉണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ ഞങ്ങള്‍ തമ്മില്‍ തര്‍ക്കമായി.തര്‍ക്കം മൂത്ത് പന്തയമായി.അവസാനം പന്തയം ഉറപ്പിച്ചു.പന്തയം ജയിച്ചാല്‍ ഞങ്ങള്‍ പുളുവന്‍ ബാബുവിന് ഒരു ദിവസം രാവിലെയുള്ള കാപ്പികുടി മുതല്‍ വര്‍ക്കലപ്പോയി നസ്സീറിന്റെ പുതിയ സിനിമ 'ആരോമലുണ്ണി ' കാണുന്നതിന്റെ ടിക്കറ്റ്‌ ,ഉച്ചക്ക് ഊണ് ,വീണ്ടും  വര്‍ക്കയിലെ മറ്റൊരു സിനിമാതിയറ്ററിലെ സിനിമയ്ക്ക് ടിക്കറ്റ്‌ എന്നിവയെല്ലാം ഞങ്ങളുടെ ചിലവില്‍ നല്‍കാമെന്നു സമ്മതിച്ചു പന്തയം ഉറപ്പിച്ചു.
                     ഇനി പുളുവന്‍ ബാബു ചെയ്യേണ്ടത് ഇതായിരുന്നു-
          വെള്ളിയാഴ്ച രാത്രി പന്ത്രണ്ടുമണിക്ക് ശേഷം ഒറ്റയ്ക്ക് ഭരണിക്കാവില്‍ എത്തണം.യക്ഷിക്കാവിന്റെ മുന്നിലുള്ള ചരിഞ്ഞു പടര്‍ന്ന പ്ലാവില്‍   ഞങ്ങള്‍ തരുന്ന ഒരു ആണി അടിച്ചു ഉറപ്പിക്കണം.
           പുളുവന്‍ ബാബു സമ്മതിച്ചു.
          അവസാനം വെള്ളിയാഴ്ച എത്തി.
            ഞങ്ങള്‍ അവനെ ഭരണിക്കാവിന്റെ സമീപം വരെ കൊണ്ടുപോയി അവിടെ നിര്‍ത്തി.എന്നിട്ട് ഞങ്ങള്‍ എല്ലാപേരും പെട്ടന്ന് തന്നെ ദൂരെ ഓടി മറഞ്ഞു.
                       കാവിനും ചുറ്റിനും നല്ല ഇരുട്ടായിരുന്നു.
                    പുളുവന്‍ ബാബു നല്ല കറുത്തതായിരുന്നു.അതുകൊണ്ട് തന്നെ ഇരുട്ടില്‍ അവനെ കാണാന്‍ പറ്റില്ല.അവന്‍ കാവിനുള്ളില്‍ മറഞ്ഞു.
                            സമയം കുറെ കഴിഞ്ഞു....
                      എന്തു സംഭവിക്കുന്നു എന്നറിയാതെ ഞങ്ങള്‍ അക്ഷമരായി കാത്തു നിന്നു.ഞങ്ങളിലും ഭയം ഉണ്ടായി.ഇപ്പോള്‍ ഞങ്ങള്‍ എവിടെയാണെന്ന് അവന്  അറിയില്ല.
                     അതാ.....ഒരു ശബ്ദം......
            പുളുവന്‍ ബാബു അലറി വിളിക്കുന്നു.
      രാത്രിയുടെ നിശബ്ദതയില്‍ അവന്റെ ശബ്ദം വളരെ ഉറക്കെ കേള്‍ക്കാം.
                        ഞങ്ങള്‍ ചെവിയോര്‍ത്തു...
      അവന്‍ അലറിവിളിക്കുന്നത് ഞങ്ങള്‍ക്ക് വ്യക്തമായി കേള്‍ക്കാം.
                  "അയ്യോ......ഓടിക്കോ....എന്നെ യക്ഷി പിടിച്ചേ....." 
               ഉറക്കെയുള്ള ശബ്ദം കേട്ട് കാവിനു ചുറ്റുമുള്ള വയലിനക്കരെ നിന്നു കത്തിച്ചുപിടിച്ച ചൂട്ടുമായി നാട്ടുകാര്‍ കാവിനകത്തെക്ക് ഓടിക്കയറി.
            കാവിനകത്തു തളര്‍ന്നു ബോധം നശിച്ചു കിടന്ന പുളുവന്‍ ബാബുവിനെ ചിലര്‍ തിരിച്ചറിഞ്ഞു.
            അവര്‍ അവനെ താങ്ങിയെടുത്ത് അവന്റെ വീട്ടില്‍ കൊണ്ടുപോയി.ഭയന്ന് വിറച്ച ഞങ്ങള്‍ എല്ലാപേരും അവരവരുടെ വീടുകളില്‍ പോയി.
                  ദൂരെ ബാബുവിന്റെ വീട്ടില്‍ നിന്നും കൂട്ട നിലവിളി ഉയര്‍ന്നു.ഞങ്ങള്‍ വീട്ടില്‍ ഒന്നും പറഞ്ഞില്ല.അന്ന് ഞങ്ങള്‍ക്കാര്‍ക്കും ഉറങ്ങാന്‍ കഴിഞ്ഞില്ല.നേരം പുലരാന്‍ ഞങ്ങള്‍ എല്ലാപേരും കാത്തിരുന്നു.
                   രാവിലെ തന്നെ ഞങ്ങള്‍ ബാബുവിന്റെ വീട്ടില്‍ എത്തി.ബാബു ഉറക്കമുണര്‍ന്ന് ചൂട് ചായ കുടിക്കുകയായിരുന്നു.ഞങ്ങള്‍ അറിയാതെ ചിരിച്ചുപോയി.അവനും ചിരിച്ചു.അവന്റെ അമ്മ ഞങ്ങളുടെ മുന്നില്‍ എത്തി.അവര്‍ ദേഷ്യത്തില്‍ ഞങ്ങളെ കുറെ വഴക്ക് പറഞ്ഞ് അകത്തേക്ക് പോയി.അമ്മ പോയശേഷം അവന്‍ ഞങ്ങളോട് നടന്ന സംഭവം പറഞ്ഞു.
                      കാവിനകത്തു കയറിയ ബാബു ധൈര്യത്തോടെ    യക്ഷിക്കാവിനു മുന്നില്‍ എത്തി. ഉള്ളില്‍ ഭയം ഉണ്ടായി.പെട്ടന്ന് തന്നെ മടിയില്‍ വച്ചിരുന്ന ആണിയെടുത്ത് കരിങ്കല്ലുകൊണ്ട് പ്ലാവില്‍ ആഞ്ഞു തറച്ചു.ആണി മരത്തില്‍ ഉറപ്പിച്ചു തിരിഞ്ഞ ബാബുവിന്റെ കഴുത്തിലെ തോര്‍ത്തുമുണ്ടില്‍ ആരോ പിടിച്ചു പുറകോട്ടു വലിച്ചു.യക്ഷി പിടിച്ചെന്നു കരുതിയ  അവന്‍ ഉറക്കെ നിലവിളിച്ചു  ....
             "അയ്യോ...ഓടിക്കോ.....എന്നെ യക്ഷി പിടിച്ചേ...."
     തോര്‍ത്ത്  നഷ്ട്ടപ്പെട്ട ബാബു തിരിഞ്ഞു നോക്കാതെ ഓടി.ഭയം കൊണ്ട് തളര്‍ന്നു വീണു...
                      ഉടന്‍ തന്നെ ഞങ്ങള്‍ അവനെയും കൂട്ടി ഭരണിക്കാവില്‍ എത്തി.പകലിലും യക്ഷിക്കാവില്‍ നല്ല ഇരുട്ടായിരുന്നു.
        അതാ കിടക്കുന്നു ആണിയില്‍ ബാബുവിന്റെ തോര്‍ത്ത് മുണ്ട്....
                        ഞങ്ങള്‍ ഉറക്കെ ഉറക്കെ ചിരിച്ചു..
                   യഥാര്‍ഥത്തില്‍ സംഭവം നടന്നത് ഇങ്ങനെയായിരുന്നു.
         ആണി പ്ലാവിലടിച്ചു പെട്ടന്ന്  തിരിഞ്ഞ ബാബുവിന്റെ തോര്‍ത്ത് കാറ്റില്‍ പറന്നു ആണിയില്‍ ഉടക്കുകയായിരുന്നു.
                        അതാണ്‌ യക്ഷി പുറകില്‍ നിന്നും പിടിച്ചതായി അവനു തോന്നിയതും ,പേടിച്ചു നിലവിളിച്ചു ,ഓടി തളര്‍ന്നു, ബോധം നശിച്ചു തറയില്‍ കിടന്നതും  .... 
               ഞങ്ങള്‍ കൂട്ടത്തോടെ ഉറക്കെ ചിരിച്ചു കൊണ്ട് ബാബുവിനെ തോളില്‍ കയറ്റി യക്ഷിക്കാവിനു ചുറ്റും നടന്നു.
               കേട്ടവര്‍ കേട്ടവര്‍ അവനെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.
               ഇന്നും അതോര്‍ത്ത് ഞങ്ങള്‍ ചിരിക്കാറുണ്ട്...
               ബാബുവും ഇപ്പോള്‍ ദുബായിലിരുന്നു ഈ കഥകള്‍ ഓര്‍ത്തു  ചിരിക്കുന്നുണ്ടാവാം....  
                      
                                 "അയ്യോ !! ഓടിക്കോ...."
                                 
    

No comments:

Post a Comment