Wednesday, April 27, 2011

                                       മാന്ത്രിക കുടം
          
 (ഇതിലെ കഥാപാത്രങ്ങളുടെ പേരുകള്‍ എന്റെ സ്വന്തം ഭാവനാസൃഷ്ടിയാണ്  )  
                    ഞങ്ങളുടെ നാട്ടിലെ പ്രസിദ്ധമായ ക്ഷേത്രത്തിനടുത്താണ് ചൊറിയന്‍ സഹദേവന്റെ മുറുക്കാന്‍ കട.മുറുക്കാന്‍ കടയുടെ പുറകിലാണ് മാര്‍ക്കറ്റ്.മാര്‍ക്കറ്റിനകത്ത് വിശാലമായ  ഗ്രൗണ്ട് ആണ്.ഞങ്ങള്‍ സ്കൂളില്‍ നിന്ന് വന്നാലുടന്‍ ഈ ഗ്രൗണ്ടില്‍  എത്തും .പല സംഘമായി തിരിഞ്ഞു പലതരം കളികളില്‍ ഏര്‍പ്പെടും.
             രാവിലെയും ,വൈകുന്നേരവും മാര്‍ക്കറ്റില്‍ മത്സ്യം ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ വില്പ്പനക്കെത്തും.ചില ദിവസങ്ങളില്‍ മൈതാനത്തിന്റെ ഒരു ഭാഗത്ത്‌ കന്നുകാലികളെ വില്‍ക്കുന്ന ചന്തയും കാണും.അന്ന് വിശാലമായ മാര്‍ക്കറ്റിനുള്ളില്‍  പുറംദേശത്തിലുള്ള  കന്നുകാലികളുമായി ധാരാളം ആളുകള്‍  എത്തും .കൂടുതല്‍ പാലുകിട്ടുന്ന സങ്കരയിനം പശുക്കളെ കാണാം.ഇടനിലക്കാരായി ഞങ്ങളുടെ നാട്ടിലെ ചില ആള്‍ക്കാരും കാണും.അതില്‍ പ്രധാനി കണ്ണടപ്പന്‍ തങ്കപ്പനാണ്.
                        അയാള്‍ ആ ദിവസം മടി നിറയെ പണവുമായി ,തോര്‍ത്ത്‌ ഭംഗിയായി തലയില്‍ ചുറ്റി  സന്തോഷത്തോടെ വീട്ടിലേക്കു പോകുന്നത് കാണാം.അയാള്‍ക്ക്‌ ശിങ്കിടികള്‍ ധാരാളം ഉണ്ട്.ശിങ്കിടികള്‍ എന്നു പറഞ്ഞാല്‍ പോര ,ഇന്നത്തെ രീതിയില്‍ പറഞ്ഞാല്‍ ഗുണ്ട .കാള പത്രോസ് ആണ് പ്രധാന ഗുണ്ട.കൂട്ടിനായി ചിതല് മോഹനനും ഗുണ്ടര്‍ട്ട് ശശിയും കാണും.ഇവര്‍ക്കെല്ലാം  പേരിനൊപ്പം ഇരട്ടപേരും ഉണ്ടാകും.ഈ പേരുകള്‍ പുറത്തുള്ളവര്‍ ഇടുന്നതല്ല.ഇവര്‍ തന്നെ പരസ്പ്പരം വിളിച്ചു പ്രസിദ്ധമാകുന്നതാണ് .ഇത് കേട്ട് മറ്റുള്ളവര്‍ വിളിക്കുന്നതില്‍ അവര്‍ക്ക് പരിഭവമോ പരാതിയോ ഇല്ല.  
               ചന്തമുക്ക് എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്.ചന്തമുക്കിന്റെ തുടക്കത്തില്‍  റോഡരുകിലായി  ക്ഷേത്രപ്രവേശന വിളംബര സ്തൂപം കാണാം.ചൊറിയന്‍ സഹദേവന്റെ മുറുക്കാന്‍കടപോലെ പ്രസിദ്ധമാണ് ഹനുമാന്‍ ശിവശങ്കരന്റെ ചായക്കടയും.കന്നുകാലിച്ചന്തയുള്ള ദിവസം ഹനുമാന്റെ ചായക്കടയില്‍  വലിയ തിരക്കാണ്.ഹസ്തരേഖ നോക്കി ഫലം പറയുന്നവര്‍ പുറത്തു വഴിയില്‍ നിരന്നിരിക്കും.അവരുടെ സമീപം ശബ്ദമുണ്ടാക്കി തത്തകളും. ഹനുമാന്റെ കടയില്‍ ചായ കുടിക്കാന്‍ വരുന്നവര്‍ ഹസ്തരേഖ നോക്കും. അതാണ് അവിടുത്തെ രീതി.   
                     ഒരിക്കല്‍ ഹനുമാന്‍ ശിവശങ്കരന്റെ കടയില്‍ ചായ കുടിച്ചു കൊണ്ടിരുന്ന ഇരുമ്പന്‍ ഭാസ്ക്കരപിള്ളയുടെ സമീപം തത്തയുമായി  ഹസ്തരേഖ നോക്കാന്‍ കൈനോട്ടക്കാരന്‍ വന്നു.അപ്പോള്‍ അവിടെ ഉണ്ടായിരുന്നവര്‍ വളരെ നിര്‍ബന്ധിച്ചത് കൊണ്ട് ഇരുമ്പന്‍ ഭാസ്ക്കരപിള്ള കൈനോക്കാന്‍ സമ്മതിച്ചു.അയാള്‍ ചീട്ടുകള്‍ നിരത്തി, കൂട് തുറന്നു ,തത്തയെ പുറത്തുവിട്ടു. വളരെ സന്തോഷത്തോടെ ശബ്ദമുണ്ടാക്കി തത്ത ചീട്ടുകളുടെ പുറത്തുകൂടി അങ്ങോട്ടുമിങ്ങോട്ടും പലതവണ നടന്നു.അവസാനം കൈനോട്ടക്കാരന്റെ ,നമുക്ക് മനസിലാകാത്ത ശബ്ദം  കേട്ട് ,തത്ത ഒരു ചീട്ടെടുത്ത്‌ അയാളുടെ കയ്യിലേക്ക് വച്ച് കൊടുത്ത് ,കൂട്ടിനുള്ളില്‍ കയറി.
                          അയാള്‍ ചീട്ടു തുറന്നു എല്ലാപേരെയും പൊക്കി കാണിച്ചു.എന്നിട്ട്   ഉച്ചത്തില്‍ വിളിച്ചു പറയാന്‍ തുടങ്ങി.
                             "സാക്ഷാല്‍ ഹനുമാനാണ്.സീതമ്മയെ കാണാന്‍ ലങ്കയിലേക്ക്  പറന്നു പോകുന്ന ഹനുമാന്‍."
                              പിന്നെ ആ യാത്രയുടെ കഥ തമിഴുകലര്‍ന്ന മലയാളത്തില്‍ പറയാന്‍ തുടങ്ങിയതും അയാളുടെ ശരീരത്തിലേക്ക് ഹനുമാന്‍ ശിവശങ്കരന്‍ ചൂട് വെള്ളം കോരി ഒഴിച്ചു. അയാള്‍ തത്തയും ചീട്ടുമായി പുറത്തേക്കോടി.
                  ശിവശങ്കരന്‍ ചൂടുവെള്ളം ഒഴിച്ചത് ഹനുമാന്‍ എന്ന് വിളിച്ചത് അയാളെ ആണ് എന്ന് കരുതിയാണ്.അത് സത്യമായിരുന്നു.അയാള്‍ക്ക്‌ ആ ഇരട്ടപ്പേര് ഇഷ്ടമല്ലായിരുന്നു. അയാള്‍ക്ക്‌ ഹനുമാന്റെ മുഖമായിരുന്നു.അയാള്‍ക്ക് ഒന്നുമാത്രമേ അറിയൂ ,ഹനുമാന്‍ എന്നത് കുരങ്ങന്റെ മറ്റൊരു പേരാണ് എന്നുള്ളത്.അങ്ങനെ വിളിക്കുന്നവരെ അയാള്‍ കടുത്ത ഭാഷയില്‍ തെറി വിളിക്കുമായിരുന്നു.അതുകൊണ്ടു തന്നെ അങ്ങനെ വിളിക്കുന്നത്‌ അയാള്‍ വെറുത്തിരുന്നു.
                         പിന്നീടു ഒരിക്കല്‍ ക്ഷേത്രത്തിലെ ഉത്സവത്തിന്‌ ഓട്ടന്‍തുള്ളല്‍  കാണാന്‍ ശിവശങ്കരന്‍ വന്നിരുന്നു.ഓട്ടന്‍തുള്ളലില്‍ ഹനുമാന്‍ ലങ്കയില്‍ പോയ കഥ തുള്ളല്‍കാരന്‍ ഇങ്ങനെ പാടി ,
                         "ഒന്നിന് പോയവന്‍ രണ്ടും കഴിഞ്ഞിട്ട് വെള്ളം തൊടാതിങ്ങു പോന്നു.."
                           പെട്ടന്ന് ശിവശങ്കരന്‍ സ്റ്റേജില്‍ കയറി തുള്ളല്‍കാരനെക്കേറി പിടിച്ചു.അയാളുടെ തുള്ളല്‍ കിരീടം തറയില്‍ വീണു.അവസാനം നാട്ടുകാര്‍ ഇടപെട്ട് ഒത്തുതീര്‍പ്പില്‍ എത്തിച്ചു.
                     സത്യത്തില്‍ ശിവശങ്കരന് രാമായണകഥ അറിയില്ല.ഹനുമാനെപ്പറ്റിയും അറിയില്ല.അയാള്‍ അതുകൊണ്ട് രാമായണം വാങ്ങുകയും ,തുടര്‍ച്ചയായി വായിക്കുകയും ചെയ്തു.പിന്നീടു ഒരിക്കലും ഹനുമാന്‍ എന്ന് കേട്ടാല്‍ അയാള്‍ക്ക് ദേഷ്യം വരാതെയായി.കാരണം ഹനുമാന്‍ ആരെന്നും ,അയാളുടെ കഴിവുകള്‍ എന്തെല്ലാമെന്നും  അയാള്‍ മനസിലാക്കി.
                        ഹനുമാന്‍ ശിവശങ്കരന്റെ കടയിലെ സ്ഥിരം ചായകുടിക്കാരനാണ് അപാരം ആനന്ദക്കുട്ടന്‍.ആനന്ദക്കുട്ടന്  അപാരം എന്ന പേര് കിട്ടിയതിന്റെ കഥ പറയാം.
                           ആനന്ദക്കുട്ടന്‍ നല്ലൊരു കിണറുവെട്ടുകാരനാണ്.അയാള്‍ക്ക്‌ വലിയ ശരീരമാണ്.എന്റെ അമ്മ മഹാഭാരതത്തിലെ ഭീമന്റെ കഥ പറഞ്ഞുതരുമ്പോള്‍ എന്റെ മനസ്സില്‍ തെളിയുന്നത് ആനന്ദക്കുട്ടന്റെ രൂപമാണ്.അങ്ങനെ ഞാന്‍ അയാളിലൂടെ ഭീമനെ കണ്ടിരുന്നു.കിണറുവെട്ടാനുള്ള  അയാളുടെ സാമര്‍ത്ഥ്യം നാട്ടില്‍ പ്രസിദ്ധമാണ്.പള്ളിക്കൂടം അവധിയുള്ള ദിവസങ്ങളില്‍ വീട്ടിനടുത്ത് എവിടെയെങ്കിലും കിണറുവെട്ടു   ഉണ്ടായാല്‍ അവിടെപ്പോയി ഇരിക്കാറുണ്ട്.അയാള്‍ വെട്ടിയിട്ടുള്ള കിണറുകളില്‍ ഒരെണ്ണത്തില്‍ പോലും വെള്ളം കിട്ടതെയിരുന്നിട്ടില്ല.അതു കൊണ്ടു തന്നെ അയാള്‍ക്ക്‌ ദിവസവും കിണര്‍വെട്ടു കാണും .വൈകുന്നേരങ്ങളില്‍ കുളിച്ചു അയാള്‍ ചന്തമുക്കിലെത്തും .അവിടെ വച്ചാണ് പുതിയ കിണറുകള്‍വെട്ടാന്‍ ആവശ്യപ്പെട്ടു വരുന്നവരെ അയാള്‍ കാണുന്നത്.അയാള്‍ വരുന്നതുകൊണ്ട് പലരും അവിടെ അയാള്‍ക്കായി കാത്തുനില്‍ക്കുന്നുണ്ടാകും.അയാളുടെ കയ്യില്‍  3 ബാറ്ററി ഇട്ടു കത്തിക്കുന്ന വലിയ ടോര്‍ച്ചു ലൈറ്റ് കാണും.വയലും പുഴയും കടന്നു വീട്ടിലെത്താന്‍ അയാള്‍ക്ക്‌ വെളിച്ചം ആവശ്യമാണ്.
                               ചന്തമുക്കില്‍ വൈകുന്നേരം നല്ല തിരക്കാണ്.ഹനുമാന്‍ ശിവശങ്കരന്റെ കടയിലെ റേഡിയോയില്‍  നിന്ന് വാര്‍ത്ത‍ കേള്‍ക്കാനും ,ചലച്ചിത്രഗാനം കേള്‍ക്കാനും പുറത്തെ മണല്‍നിറഞ്ഞ ഗ്രൗണ്ടില്‍ ആളുകള്‍ കൂട്ടുകൂടി നില്‍ക്കുകയും ഇരിക്കുകയും ചെയ്യുമായിരുന്നു .അതില്‍ നാട്ടിലെ ചില പ്രമാണിമാരും കാണും. അവിടെ വച്ചാണ് കൃഷി ,വിവാഹം എന്നിങ്ങനെയുള്ള  നാട്ടുകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് .വളക്കച്ചവടക്കാരും ,ബലൂണ്‍ ,ഐസ് ക്രീം എന്നിവ വില്‍ക്കുന്നവരും മൈതാനത്തില്‍  കാണും.ആകെക്കൂടി ഒരു ഉത്സവപ്രതീതി ആകും.
                      ഒരിക്കല്‍ ഒരു ജാലവിദ്യക്കാരന്‍ ചില പൊടിക്കൈ വിദ്യകളുമായി  ചന്തമുക്കില്‍ വന്നു.അയാള്‍ നൂലില്‍ നിന്ന് വടിയും ,തുണിയില്‍ നിന്ന് പ്രാവിനെയും ,അന്തരീക്ഷത്തില്‍  നിന്ന്  മധുരപലഹാരങ്ങളും സൃഷ്ടിക്കുമായിരുന്നു  .അയാള്‍ക്ക്‌ കാണികളായ ചിലര്‍ നോട്ടുമാലയും ഇടുമായിരുന്നു.അതില്‍ പിന്നെ അയാള്‍ മാസത്തില്‍ ഒരു പ്രാവശ്യം മുടങ്ങാതെ ചന്തമുക്കില്‍ എത്തും.നാട്ടുകാര്‍ അയാളുടെ വരവ്  കാത്തിരിക്കും.അയാള്‍ക്ക്‌ ചന്തമുക്ക് ഇഷ്ടമായി .ചന്തമുക്കിലെ നാട്ടു കാരെയും.
                                     ഒരു ദിവസം അയാള്‍ ഒരു ചെറിയ മണ്‍കുടം ചുവന്നതുണികൊണ്ട് മൂടിക്കെട്ടി ,കുടത്തിന്റെ വശങ്ങളില്‍ മഞ്ഞള്‍ കൊണ്ടു കുറികള്‍ തൊട്ട് ,ചുവന്ന അരളിപ്പൂഹാരം കുടത്തിന്റെ കഴുത്തില്‍ കെട്ടി,മൈതാനത്തിന്റെ മദ്ധ്യഭാഗത്ത്‌ വലിയൊരു ചുവപ്പുതുണി വിരിച്ച് , അതില്‍ പൂക്കള്‍ വിതറി ,അതിനു നടുവിലായി വച്ചിരുന്നു.അതിനു ശേഷം അയാള്‍ ആ കുടത്തിന്റെ പ്രത്യേകതകളും ,അതിന്റെ ഗുണങ്ങളും വിവരിച്ചുകൊണ്ടിരുന്നു.ഞങ്ങള്‍ ആകാംഷയോടെ ഇതെല്ലം കേട്ടുനില്‍ക്കുന്നുണ്ടായിരുന്നു.അവസാനം അയാള്‍ ഒരു വലിയ തടിക്കഷണം കുടത്തിനടുത്തു കൊണ്ടുവച്ചു.അയാള്‍ ആ തടിക്കഷണം ജാലവിദ്യകൊണ്ടു   സൃഷ്ടിച്ചതായിരുന്നു.അതിനു അയാള്‍ ഉപയോഗിച്ചത് ഒരു കറുത്തകയറായിരുന്നു.എന്നിട്ട് അയാള്‍ ഉച്ചത്തില്‍ പറയാന്‍ തുടങ്ങി ,
                  "ഈ തടിക്കഷണം കൊണ്ടു ,ഇവിടെയിരിക്കുന്ന കുടം ഒറ്റയടിക്ക് പൊട്ടിച്ചാല്‍ ,കാണത്തക്ക സമ്മാനം നല്‍കുന്നതാണ്."
                          ആളുകള്‍ പരസ്പ്പരം നോക്കി.ചിലര്‍ സംശയങ്ങള്‍ ചോദിക്കുകയും  ,കുടം തൊട്ടുനോക്കുകയും ചെയ്തു.ചിലര്‍ അതു റബ്ബര്‍കുടമാണെന്നും   ,ചിലര്‍ അതു കരിങ്കല്ലില്‍  തീര്‍ത്തതാണെന്നും അഭിപ്രായപ്പെട്ടു . ആ സംശയം എല്ലാ ജാലവിദ്യക്കാരന്‍ തീര്‍ത്തു കൊടുത്തു.എന്നിട്ടും ആരും അതു അടിച്ചുപൊളിക്കാന്‍ മുന്നോട്ടു വന്നില്ല.ആരും മുന്നോട്ടു വരാത്തതിനാല്‍ അയാള്‍ ആളുകളെ പരിഹസിച്ചു ചിരിക്കാന്‍ തുടങ്ങി.
                       ഇതെല്ലം കേട്ടു ദൂരെ മാറി നില്‍ക്കുകയായിരുന്നു ആനന്ദക്കുട്ടന്‍.അയാള്‍ക്ക്‌ തന്റെ വലിയ ശരീരത്തിനോട്‌ വെറുപ്പ്‌ തോന്നുകയും ,എന്തും വരട്ടെ എന്ന് കരുതി  കുടം   അടിച്ചു പൊട്ടിക്കുന്നതിനായി മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയും ചെയ്തു.
                      ജാലവിദ്യക്കാരന്‍ മാന്ത്രികവടി ആനന്ദക്കുട്ടന്റെ കയ്യില്‍ കൊടുത്തു.അയാള്‍ വടി വാങ്ങും മുന്‍പ് ഷര്‍ട്ട്  അഴിച്ചു ദൂരെ മണലില്‍ മടക്കി വച്ചിരുന്നു.അപ്പോള്‍ അയാളുടെ ശരീരം കാണാന്‍ നല്ല ഭംഗിയായിരുന്നു.കറുത്തു ഈട്ടിത്തടിപോലെ.
                       വടി കയ്യില്‍ വാങ്ങി അയാള്‍ ആകാശത്തേക്ക് നോക്കി കണ്ണടച്ചു .അയാള്‍ ഈശ്വരനെ പ്രാര്‍ഥിച്ചു. അതിനു ശേഷം സര്‍വ്വശക്തിയും പ്രയോഗിച്ചു അയാള്‍ കുടത്തില്‍ ആഞ്ഞടിച്ചു.അടിയുടെ ശക്തിയില്‍ മണ്‍കുടം പൊട്ടിച്ചിതറി.ആളുകള്‍ സന്തോഷം കൊണ്ടു കൈകൊട്ടുകയും ,ആനന്ദക്കുട്ടനെ  എടുത്തു പൊക്കുകയും, മൈതാനത്തിലൂടെ നടന്നു "അപാരം തന്നെ അപാരം" എന്ന് ഉറക്കെ വിളിച്ചു പറയുകയും ചെയ്തു.
                          സന്തോഷപ്രകടനതിനു ശേഷം അയാള്‍ കാണത്തക്ക സമ്മാനം വാങ്ങാന്‍ ജാലവിദ്യക്കാരന്റെ അടുത്തെത്തി.ഒറ്റയടിക്ക് തന്നെ കുടം പൊട്ടിച്ചതില്‍ ജാലവിദ്യക്കാരനും സന്തോഷമായിരുന്നു.അയാള്‍ എല്ലാപേരും കേള്‍ക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു ,
                 "നിങ്ങള്‍ കരുതും പോലെ ഇത്          മാന്ത്രികക്കുടമല്ല...............
                     ഇത് മാന്ത്രികക്കുടമല്ല .....
                     അതാ അവിടെ വില്‍ക്കാന്‍ വച്ചിരിക്കുന്ന ചട്ടിക്കടയില്‍ നിന്ന് കുറച്ചു മുന്‍പ് വാങ്ങിയതാണ്...."
                      അയാള്‍ ഇത്രയും പറഞ്ഞു  വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ സമ്മാനപ്പൊതി ആനന്ദക്കുട്ടന് നാട്ടുകാര്‍ കാണ്‍കെ  സമ്മാനിച്ചു. 
               ആനന്ദക്കുട്ടന്‍ സമ്മാനപ്പൊതി അഴിച്ചു നോക്കി.
              അയാള്‍ നാണിച്ചു പോയി.
              ഒരു പൈസയുടെ ഒരു ചെമ്പ്തുട്ട്....
             വെറും ഒരു പൈസ..(ഇന്നത്‌ നിലവില്‍ ഇല്ല)
              അതായിരുന്നു കാണത്തക്ക സമ്മാനം.
            ആളുകള്‍ ആര്‍ത്തു ചിരിക്കുകയും ആനന്ദക്കുട്ടനെ     'അപാരം ' എന്ന ഇരട്ടപ്പേരിട്ടു വിളിച്ചു ബഹുമാനിക്കുകയും ചെയ്തു..
        അന്നുമുതല്‍ അയാള്‍ 'അപാരം ആനന്ദ ക്കുട്ടനായി'
                          പിന്നീടൊരിക്കലും അയാള്‍ കുടം പൊട്ടിക്കാന്‍ പോയിട്ടില്ല.കുറച്ചു ദിവസം കഴിഞ്ഞാണ് മറ്റൊരു സത്യം പുറത്തുവന്നത്..
                          ജാലവിദ്യക്കാരനെക്കൊണ്ട് ഇത് ചെയ്യിച്ചത്  ഹനുമാന്‍ ശിവശങ്കരനായിരുന്നു.ഇതെല്ലം ഹനുമാന്‍ ശിവശങ്കരന്‍ കൂടെക്കൂടെ ചെയ്യുന്ന ചില പൊടിക്കൈകളാണ്....

                        
                             

1 comment:

  1. ഇതിലെ പ്രധാന കഥാപാത്രങ്ങള്‍ മാന്ത്രികനും അപാരം എന്ന് വിളിക്കപ്പെടുന്ന യാളും ഹനുമാന്‍ ശിവ ശങ്കരനും ആണ് ..അത് കൂടാതെ തുടക്കത്തില്‍ വേറെ കുറെ പേരെ കുറിച്ച് വെറുതെ പറഞ്ഞു പോകുന്നുന്മുണ്ട് ..ചന്തമുക്ക് ചിത്രീകരിക്കാന്‍ മാത്രം വേണ്ടിയാണ് അവരെ കുറിച്ച് പറഞ്ഞതെങ്കില്‍ ആ പേരുകള്‍ ഇല്ലെങ്കിലും ഈ കഥ നന്നായി പറയാം ..കഥയില്‍ എന്താണോ പറയാന്‍ ഉദ്ദേശിച്ചത് അത് മാത്രം പറയുക ..ഇത് കാടുകയറി ..ഒരിടത്ത് തുടങ്ങി അതുമായി ബന്ധം ഇല്ലാത്ത മറ്റൊരിടത്ത് അവസാനിപ്പിച്ചു ..ഇതാണ് പ്രധാനമായി എനിക്ക് തോന്നിയത് ..
    ഇനി കഥ പറഞ്ഞ ഭാഷ പതിവുപോലെ ലളിതവും മനോഹരവും ആയി ..ഒരു സംശയം ചായക്കട എന്ന് പച്ചമലയാളത്തില്‍ എഴുതിയിട്ട് ബ്രാക്കറ്റില്‍ ടീ ഷോപ്പ് എന്നെഴുതിയത് എന്തിനാണ് ? ചായക്കട എന്താണെന്ന് അറിയാത്തവര്‍ മലയാളികളില്‍ ഉണ്ടോ ?

    ReplyDelete