Tuesday, August 30, 2011

പാതയ്ക്ക് പതയില്ല ,
പുഴ പതയും . 
പാതയ്ക്ക് പൊടിയുണ്ട് , 
പുഴയില്‍ പൊടി അലിയും...

മദാമ വെളുത്തത് ,
മദയാന കറുത്തത് .
മാനത്തിന് നീല  നിറം,
ഭൂമിയില്‍ മാനത്തിന് നിറമില്ല..

Monday, August 29, 2011

ഒരു ഗുസ്തിക്കഥ

    ( വര്‍ഷങ്ങള്‍ക്കു മുന്‍പ് വായിച്ച ഒരു അനുഭവ കഥയാണ്...

          മലയാള സിനിമയിലെ ഹാസ്യസാമ്രാട്ട് ,അതുല്യനടന്‍ ശ്രീ. അടൂര്‍ഭാസി എഴുതിയതാണ്..
        കഥയില്‍ കഥാപാത്രമായി മലയാള സിനിമയിലെ നിത്യവസന്തം  ശ്രീ.പ്രേംനസീറും  ഉണ്ട്...
രണ്ടു പേര്‍ക്കും പ്രണാമം അര്‍പ്പിച്ചുകൊണ്ട് എന്റേതായ ശൈലിയില്‍ ഞാന്‍ സൃഷ്ടിക്കുന്ന കഥാപാത്രങ്ങളുമായി ഈ കഥയെ പുനര്‍ജനിപ്പിക്കുന്നു . 
       മൂലകഥയുടെ അവകാശം ശ്രീ.അടൂര്‍ ഭാസിക്ക് തന്നെയാണ്)

                 വേനല്‍ അവധിയെത്താന്‍ കാത്തിരിക്കും.പിന്നെ രണ്ടു മാസം പഠിക്കാതെ കളിച്ചു നടക്കാം.പഠിക്കാന്‍ ആരും പറയുകയില്ല.ഈ കാലത്താണല്ലോ നമ്മുടെ നാട്ടിലെ മാവും പ്ലാവും കശുമാവും എല്ലാം പൂത്തു,പഴുത്തു സമ്പല്‍ സമൃദ്ധമാകുന്നത്. നാട്ടിലെ വിവിധ ക്ഷേത്രങ്ങളില്‍ ഉത്സവകാലവും അപ്പോഴാണ്‌. എന്നും ,എവിടെയെങ്കിലും ഒരു ഉത്സവം ഉണ്ടാകാതിരിക്കില്ല .ആഹാരം കഴിക്കാന്‍ പോലും തോന്നാതെ പഞ്ചായത്ത് ഗ്രൗണ്ടില്‍ വിവിധ കളികളില്‍ മുഴുകി രസിച്ചു കഴിയാന്‍ എന്ത് രസമാണ്.ചൂടും ക്ഷീണവും ഞങ്ങള്‍ കുട്ടികള്‍ക്കില്ല ..കൊയിത്ത് കഴിഞ്ഞ പാടശേഖരങ്ങള്‍ നീണ്ടു പറന്നു കിടക്കും..ഉണങ്ങി വരണ്ട വയലുകളില്‍ ഞങ്ങള്‍ ഫുഡ് ബാള്‍ കളിക്കും , ക്രിക്കറ്റ് കളിക്കും ,പട്ടം ഉണ്ടാക്കി ആകാശത്ത് പറപ്പിച്ചു രസിക്കും.അപ്പോഴെല്ലാം മനസ്സില്‍ പേടിപ്പെടുത്തുന്ന ഒരു കാര്യമുണ്ട് " പരീക്ഷാ ഫലം". അത് കൂടെയൊന്നു കടന്നുകിട്ടിയാല്‍ , ജയിച്ചെന്നറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ ഞങ്ങള്‍ ആകാശത്തോളം ഉയരത്തിലാണ്...
                    എന്റെ അമ്മയുടെ വീട് ചിറയിന്‍കീഴിലാണ് .വേനല്‍ അവധിക്കു ഞങ്ങള്‍ കുടുംബ സമേതം അവിടേക്ക് പോകും.അച്ഛന്റെ ജോലിസ്ഥലം തിരുവനന്തപുരത്താണ്.അവിടെ ഞങ്ങള്‍ വാടക വീട്ടിലാണ് താമസിക്കുന്നത്.ജോലി കഴിഞ്ഞു അച്ഛന്‍ ട്രെയിനില്‍ ചിറയിന്‍കീഴില്‍ എത്തും.അമ്മക്ക് ജോലിയില്ല  . എനിക്ക് ഒരു ചേട്ടനുണ്ട്.അയാള്‍ ഒന്‍പതാം ക്ലാസിലാണ് പഠിക്കുന്നത്. ഞാന്‍ എട്ടാം ക്ലാസിലാണ് പഠിക്കുന്നത്.ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് എനിക്ക് കൂട്ടുകാര്‍ കുറവാണ് . കളിയ്ക്കാന്‍ മൈതാനവും ഇല്ല.അത് കൊണ്ട് തന്നെ വേനല്‍ അവധി വരാന്‍ ദിവസങ്ങള്‍ എണ്ണി കാത്തിരിക്കും.ചിറയിന്‍കീഴില്‍ ക്ഷേത്രമൈതാനം ഉണ്ട്. ഗ്രൗണ്ടിനു സമീപത്തുകൂടി നീണ്ടു പോകുന്ന റയില്‍പാളം ഉണ്ട്.ചിറയിന്‍കീഴ്‌ സ്റ്റേഷനില്‍ നിര്‍ത്തുന്നതിനു വേണ്ടി മെല്ലെ നീങ്ങി വരുന്ന  ട്രെയിനുകളെ നോക്കി നില്ക്കാന്‍ എനിക്കിഷ്ട്ടമായിരുന്നു.പലപ്പോഴും ബോഗികള്‍ എണ്ണാന്‍ ശ്രമിക്കാറുണ്ട്.എന്നാല്‍ അത് പൂര്‍ത്തിയാക്കാന്‍ പറ്റാറില്ല...അതിനു മുന്‍പ് വലിയൊരു ശബ്ദത്തോടെ ട്രെയിന്‍  സ്റ്റേഷന്‍ വിടും.
                    ചിറയിന്‍കീഴില്‍ എത്തിയാല്‍ എനിക്ക് ഉത്സവകാലമാണ്.ആദ്യം പോകുന്നത് നൗഷാദിന്റെ  വീട്ടിലേക്കാണ്. നൗഷാദിന്റെ വീട് വളരെ വലുതാണ്‌. ഒരു വലിയ പുരയിടത്തില്‍ ഒരു നടുമുറ്റം. നാല് ഭാഗത്തും വലിയ വീടുകളാണ്.നൗഷാദിന്റെ ബാപ്പ വലിയ ബിസ്സിനസ്സ് കാരനും  പണക്കാരനുമാണ്. അയാള്‍ക്ക്‌ ഹോട്ടല്‍   തന്നെ 7 എണ്ണമുണ്ട്. പിന്നെ പലചരക്കുകട , ചെരുപ്പ് കട, തുണിക്കട  കൂട്ടത്തില്‍ ആയുര്‍വേദ മരുന്നുകളും വിവിധയിനം എണ്ണകളും വില്‍ക്കുന്ന ഒരു വലിയ കടയും. നൗഷാദിനു നാലു ചേച്ചിമാരാണുള്ളത്. 
                 പിന്നെ രഹസ്യമായി എനിക്കറിയാവുന്ന ഒരു കാര്യമുണ്ട്. നൗഷാദിന്റെ ബാപ്പക്ക് അവന്റെ ഉമ്മയെ കൂടാതെ രണ്ടു ഭാര്യമാര്‍ കൂടിയുണ്ട് .എനിക്കീ രഹസ്യം പറഞ്ഞുതന്നത് ഞങ്ങളുടെ കൂടെ കളിയ്ക്കാന്‍ വരുന്ന ചന്ദ്രന്‍ കുട്ടിയാണ്.മൂന്നു ഭാര്യമാരും അടുത്തടുത്തായി തന്നെയാണ് താമസം.അവര്‍ക്കും ആണും പെണ്ണുമായി മക്കള്‍ ഉണ്ട്.കൃത്യമായി എത്രപേര്‍ ഉണ്ടെന്നു അറിയില്ല.എങ്കിലും ഒന്നറിയാം.അതില്‍ ഏറ്റവും സുന്ദരി നൗഷാദിന്റെ ഉമ്മയാണ്.ഞങ്ങള്‍ കുട്ടികളുടെ കൂട്ടത്തിലും സുന്ദരന്‍ നൗഷാദ് തന്നെ.
                    ഒരു ദിവസം നൗഷാദിന്റെ വീട്ടില്‍ കുറെ കാറുകള്‍ വന്നു.എല്ലാം വലുതും പുതിയതും.ഞാനും നൗഷാദും മുറ്റത്ത്‌ കളിക്കുകയായിരുന്നു .കാറില്‍ നിന്നും കുറെ വയസ്സന്മാര്‍ ഇറങ്ങുന്നത് ഞാന്‍ ശ്രദ്ധിച്ചു.എല്ലാപേരും തൊപ്പി വച്ചിട്ടുണ്ട്.പക്ഷെ അവര്‍ ഷര്‍ട്ടിന്റെ കൈ നിവര്‍ത്തിയിട്ടിരുന്നതിനാല്‍  വിരലുകള്‍ മാത്രമേ പുറത്തു കാണാന്‍ പറ്റുമായിരുന്നുള്ളൂ .നൗഷാദിന്റെ മൂത്ത ചേച്ചിയെ എല്ലാപേരും മയിലാഞ്ചി അണിയിച്ചു ,തലയില്‍ കണ്ണാടിപോലത്തെ തുണിയിട്ട് ,കഴുത്തില്‍ നിറയെ ആഭരണങ്ങള്‍ അണിയിച്ച് , കാറില്‍ വന്നവര്‍ ഇരിക്കുന്ന മുറിയിലേക്ക് കൊണ്ട് പോയി.പുറകെ മറ്റു ചേച്ചിമാരും ,അയല്‍പക്കത്തെ ചില സ്ത്രീകളും.നൗഷാദ്  എന്റെ  അടുത്ത് ഓടിവന്നു  ചെവിയില്‍  പറഞ്ഞു  ,
          "എന്റെ താത്തയുടെ നിക്കാഹ്  നടത്താനുള്ള ആലോചന നടക്കുകയാണ്. ദേ ,ആയിരിക്കുന്നതാണ് പുതിയാപ്പ്ല."
        എനിക്ക് അവന്‍ പറഞ്ഞത് മനസിലായി.ചേച്ചിയെ കല്യാണം കഴിക്കാന്‍ പോകുന്ന ആളിനെ ഞാന്‍ നോക്കി.ഞാന്‍ നൗഷാദിനോട് പറഞ്ഞു.
                          " കൊള്ളാം ...സുന്ദരന്‍"
               രണ്ടുമാസം കഴിഞ്ഞാണ്  നിക്കാഹ് .. 
      അവിടെയെല്ലാം അത്തറിന്റെയും കോഴിബിരിയാണിയുടെയും മണം നിറഞ്ഞുനിന്നു.വന്നവര്‍ കുറച്ചു നേരം മുറിയില്‍ ഇരുന്നശേഷം ,എല്ലാപേരും പുറത്തുവന്നു , കാറുകളില്‍ കയറിപ്പോയി...പോകുന്നതിനു മുന്‍പ് നൗഷാദിന്റെ ചേച്ചിയെ വിവാഹം കഴിക്കാന്‍ പോകുന്ന ചെറുക്കന്‍ നൗഷാദിന്റെ
സമീപം വന്നു അവന്റെ നെറ്റിയില്‍  ഒരുമ്മ കൊടുത്തു.അടുത്തുനിന്ന എനിക്കും കിട്ടി ഒരുമ്മ .എനിക്ക് നാണവും സന്തോഷവും തോന്നി.എല്ലാപേരും പോയപ്പോള്‍ ഞാന്‍ നൗഷാദിനോട് ചോദിച്ചു,
                       "എന്താ അയാളുടെ പേര് ? "
             അവന്‍ എന്റെ ചെവിയില്‍ പറഞ്ഞു,
                       " മുഹമ്മദ് മനാഫ് "
                  വലിയ പണക്കാരനായിരുന്നെങ്കിലും നൗഷാദിന്റെ ബാപ്പയ്ക്ക് കലകളോട് , പ്രത്യേകിച്ച് ഗുസ്തി വളരെ ഇഷ്ടടമായിരുന്നു.മദിരാശിയിലെയും, ബോംബയിലെയും ,കേരളത്തിലെയും പേരുകേട്ട ഗുസ്തിവീരന്മാരെ സകലചിലവും നല്‍കി ,ചിറയിന്‍കീഴിലെ ക്ഷേത്രമൈതാനത്ത് വരുത്തി ഗുസ്തി പിടിപ്പിക്കുമായിരുന്നു.എല്ലാപേര്‍ക്കും കാണാന്‍  പറ്റുന്ന രീതിയില്‍ തന്നെയാണ് ഗുസ്തിമത്സരം നടത്തുന്നത്. ജയിക്കുന്ന ഗുസ്തിവീരന് പണവും ,പുത്തന്‍ വസ്ത്രങ്ങളും നല്‍കി സന്തോഷിപ്പിക്കാന്‍ നൗഷാദിന്റെ ബാപ്പ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
                  ഗുസ്തിമത്സരം നടത്തുന്നതിന് ഒരാഴ്ച മുന്‍പ് തന്നെ കാളവണ്ടിയില്‍ ഗുസ്തിവീരന്മാരുടെ ചിത്രങ്ങള്‍ ഒട്ടിച്ചു ചെണ്ടകൊട്ടി ചിറയിന്‍കീഴിലും പരിസരപ്രദേശങ്ങളിലും കറങ്ങി നാട്ടുകാരെ അറിയിക്കും. 
          അങ്ങനെ ഈ വര്‍ഷവും ഗുസ്തിമത്സരം നടത്തുന്നു.
          ഒരു ദിവസം മൈതാനത്ത് കളിച്ചുകൊണ്ടിരുന്നപ്പോള്‍ നൗഷാദിന്റെ വാപ്പ ഞങ്ങളെ വീട്ടിലേക്കു വിളിച്ചു. ഞങ്ങള്‍ വാപ്പയുടെ അടുത്തെത്തി.ഒരു പേപ്പറും പേനയും കൊണ്ട് വരാന്‍   നൗഷാദിനോട് വാപ്പ പറഞ്ഞു ,
                  " ഞാന്‍ പറയുന്നത് ഈ പേപ്പറില്‍ എഴുതണം. എന്നിട്ട് അങ്ങാടിയില്‍ പോയി വലിയ വെള്ളപേപ്പര്‍ വാങ്ങി കറുത്ത മഷിയില്‍ മുക്കി വലിയ അക്ഷരത്തില്‍ എഴുതി ചുവരില്‍ ഒട്ടിക്കണം ."
                      എന്നിട്ട് വാപ്പ പറഞ്ഞുതുടങ്ങി ,
     " ഇന്ന് വൈകുന്നേരം ശാര്‍ക്കര മൈതാനത്ത് ഗംഭീരഗുസ്തി.
      ഇത്രയും എഴുതി ചുവരുകളില്‍ ഒട്ടിച്ച ശേഷം നമ്മുടെ ഹോട്ടലില്‍ പോയി അപ്പവും കോഴിയും ആവശ്യം പോലെ കഴിച്ചോളിന്‍ "
                   ഇത്രയും പറഞ്ഞു വാപ്പ പോയി.
        ആദ്യമായാണ് ഗുസ്തിമത്സരം എഴുതാന്‍  വാപ്പ പറയുന്നത്.ഞങ്ങള്‍ക്ക് സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല.ഉടന്‍തന്നെ ഞങ്ങള്‍ അങ്ങാടിയിലേക്ക് പോയി പേപ്പറും ബ്രഷും മഷിയും വാങ്ങി.കുറെയേറെ പേപ്പറുകളില്‍ ഞങ്ങള്‍ ഭംഗിയായി എഴുതി.
             നൗഷാദിന്റെ വീട്ടിലെ ജോലിക്കാരനുമായി ചിറയിന്‍കീഴിലും പരിസരത്തും എല്ലാപേര്‍ക്കും വായിക്കാന്‍ തക്കവണ്ണം ചുമരുകളില്‍ പതിച്ചു.
           ഒരു യുദ്ധം ജയിച്ച സന്തോഷമായിരുന്നു ഞങ്ങള്‍ക്ക്.
          നൗഷാദിന്റെ വാപ്പയുടെ  ഒരു ഹോട്ടലില്‍ കയറി ഞങ്ങള്‍ അപ്പവും കോഴിയും ആവശ്യം പോലെ കഴിച്ചു...
         നൗഷാദിന്റെ വാപ്പക്ക് വലിയ സന്തോഷമായി.ഞങ്ങള്‍ ഓടിച്ചാടി വീട്ടില്‍ എത്തി.
          അല്‍പ്പസമയം കഴിഞ്ഞു കയ്യില്‍ ഒരു ചൂരല്‍വടിയുമായി നൗഷാദിന്റെ വാപ്പ ഞങ്ങളെ ഉറക്കെ വിളിച്ചു.കോപംകൊണ്ട് വിറച്ചുനില്‍ക്കുന്ന നൗഷാദിന്റെ വാപ്പയെക്കണ്ട്  ഞാനും  നൗഷാദും ഞെട്ടി.
           നൗഷാദിനെ കൈകളില്‍ പിടിച്ചു ഞെരുക്കി ,ചൂരല്‍ വടികൊണ്ട് തുടയില്‍ ആഞ്ഞടിച്ചു.
           എണ്ണാന്‍ പറ്റാത്ത അടി.എനിക്കും കിട്ടി കുറച്ച്...
           നൗഷാദ്  നിലവിളിക്കാന്‍ തുടങ്ങി.
           ഉമ്മയും താത്തമാരും ഓടിയെത്തി.
          ആര്‍ക്കും ഒന്നും മനസിലായില്ല.
          നൗഷാദിന്റെ വാപ്പയുടെ കൈയില്‍ നിന്നും ഉമ്മ വടി പിടിച്ചു വാങ്ങി ദൂരെ എറിഞ്ഞു.
           നൗഷാദിന്റെ വാപ്പയില്‍ നിന്ന് ദേഷ്യം അകന്നുപോയി.
അദ്ദേഹം ഭാര്യയോടു  സംഭവം പറയുന്നത് കേട്ട ഞാനും നൗഷാദും ഞെട്ടുകയും നാണംകൊണ്ട് ചൂളുകയും ചെയ്തു.
              ഞങ്ങള്‍ കരഞ്ഞുകൊണ്ട് വീട്ടിലെ ജോലിക്കാരനുമായി പോസ്റ്റര്‍ ഒട്ടിച്ച എല്ലാ ചുവരുകളുടെയും സമീപത്തേക്ക് ഓടി 
        നൗഷാദും ഞാനും അതിലെ വരികള്‍ ഒന്ന് കൂടി വായിച്ചു....
      
 " ഇന്ന് വൈകുന്നേരം ശാര്‍ക്കര മൈതാനത്ത്   ഗംഭീഗുരസ്തി..."

              അടിയുടെ വേദനയിലും അറിയാതെ ഞങ്ങള്‍ ചിരിച്ചുപോയി.

       ഇളിഭ്യരായ ഞങ്ങള്‍ ഒന്നൊന്നായി കീറിക്കളയാന്‍ തുടങ്ങി...