Thursday, March 31, 2011

                           നിര്‍ഗന്ധപുഷ്പം

 (സ്വന്തം ജീവിതത്തെ ഗൗരവമായി കാണാതെ അകാലത്തില്‍     കൊഴിഞ്ഞുപോയ എന്റെ സഹോദര തുല്യനായ "മാഹീന്‍"ന്റെ ഓര്‍മ്മക്കുമുന്പില്‍ ഞാനിത് സമര്‍പ്പിക്കുന്നു.) 

                മാലിദ്വീപില്‍ വച്ചാണ് അവനെ അവസാനമായി കണ്ടത്.ഉദ്ദേശം ഇരുപത്തി എട്ടു വര്ഷം മുന്‍പ് അവന്‍ നാടു വിട്ടതാണ്.
                                  മാഹീന്‍ അന്‍വര്‍ ഹുസൈന്‍ 
 അതായിരുന്നു അവന്റെ പേര്.ഞങ്ങള്‍ അവനെ "നീഗ്രോ മാഹീന്‍"   എന്നാണ് വിളിക്കുന്നത്‌.
                     മാഹീന്‍ പാവപ്പെട്ടവനായിരുന്നു.അവനു അഞ്ചു വയസ്സുള്ളപ്പോള്‍ അവന്റെ ബാപ്പ മരിച്ചുപോയിരുന്നു.അയാള്‍ക്ക്‌ കടുത്ത ശ്വാസം മുട്ടല്‍ രോഗമായിരുന്നു.ബാപ്പയുടെ മരണ ശേഷം അവന്റെ ഉമ്മയെ മറ്റൊരാള്‍ നിക്കാഹു ചെയ്തു.ഇക്കാര്യമൊന്നും ഞാന്‍ അവനോടു ചോദിച്ചിട്ടില്ല  .പക്ഷെ എനിക്ക് അവനെയും അവന്റെ ഉമ്മയേയും ഉമ്മയുടെ ഉമ്മയേയും ഇളയ രണ്ടു സഹോദരിമാരെയും അറിയാമായിരുന്നു.
                             മാഹീന്റെ ഉമ്മ അവരുടെ അകന്ന ബന്ധത്തിലുള്ള  ഒരു വലിയ പണക്കാരന്റെ വീട്ടിലെ ജോലിക്കാരിയായിരുന്നു.മാഹീന്റെ ഉമ്മയുടെ ഉമ്മയും പണ്ടുമുതലേ അവിടെ ജോലിക്ക് നിന്നിട്ടുളതാണ്.മാഹീന്റെ ഉമ്മയെ രണ്ടാമത് നിക്കാഹു കഴിച്ച ആള്‍ ഒരു ഫയല്‍മാന്‍ (ഗുസ്തിക്കാരന്‍)ആയിരുന്നു.അയാള്‍ ഈ നാട്ടുകാരന്‍  അല്ല.വടക്കേഇന്ത്യയില്‍  എവിടെയോ ഉള്ള ഒരു പട്ടാണി മുസ്ലിം ആയിരുന്നു .അയാള്‍ ഉറുദു സംസാരിക്കുന്നവനും തടിയനുമായിരുന്നു. 
                                    മാഹീന്‍ കറുത്തിരുണ്ടവന്‍  ആയിരുന്നു.അവന്റെ മുടി നീഗ്രോയുടേത്  പോലെ ചുരുണ്ടതും കറുത്തതും ഇടതൂര്ന്നതുമായിരുന്നു.അവന്റെ ചെവികള്‍ വലുതും കനമുള്ളവയുമാണ്.അങ്ങനെയാണ് അവനെ ഞങ്ങള്‍ "നീഗ്രോ മാഹീന്‍" എന്ന് വിളിക്കാന്‍ തുടങ്ങിയത്.
                                        സ്കൂളില്‍ പോകാന്‍ മാഹീന് ഇഷ്ട്ടമല്ലായിരുന്നു .അഥവാ അവന്‍ സ്കൂളില്‍ പോയാല്‍ തന്നെ ഒപ്പം പഠിക്കുന്ന കുട്ടികളെ കാരണമില്ലാതെ ഉപദ്രവിക്കുമായിരുന്നു.കുട്ടികള്‍ക്ക്  അവനെ ഭയമായിരുന്നു.അത് കൊണ്ട് തന്നെ പല ദിവസങ്ങളിലും മാഹീനിനെ അധ്യാപകര്‍ ക്ലാസിനു പുറത്ത് ഇറക്കിവിടുമായിരുന്നു.അവനെ തിരികെ ക്ലാസില്‍ കയറ്റി ഇരുത്തുവാന്‍ വീട്ടുകാര്‍ താല്പര്യം കാണിച്ചിരുന്നില്ല..അങ്ങനെ ആയതു കൊണ്ടാവണം എട്ടാം ക്ലാസില്‍ വച്ച് തന്നെ പഠിത്തം നിര്‍ത്തി.അവന്റെ ഉമ്മ ജോലി ചെയുന്ന വീട്ടിലെ പണക്കാരന്റെ ഒരേ ഒരു മകന്റെ മേല്‍നോട്ടം ഏല്പിക്കുകയും അങ്ങനെ അവന്‍ കറങ്ങി നടക്കുകയും ചെയ്തു.അത് അവനെ കൂടുതല്‍ നാശത്തിലേക്ക് തള്ളി വിടുകയായിരുന്നു.മദ്യപാനം,പുകവലി(കഞ്ചാവ് ഉള്‍പടെ)തുടങ്ങിയ എല്ലാ ദുസ്സ്വഭാവങ്ങളും അവന്‍ പഠിച്ചു.
                                   ഒരു ദിവസം അവന്റെ ഉമ്മ എന്നോട് അവനെപ്പറ്റി കുറെ പരാതികള്‍ പറയുകയും ഏതെങ്കിലും പരിചയമുള്ള വര്‍ക്ക്ഷോപ്പില്‍ അവനെ നിര്‍ത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.അങ്ങനെ എനിക്ക് പരിചയമുള്ള ഒരു സുഹൃത്ത് അടുത്തുള്ള ഒരു വര്‍ക്ക്ഷോപ്പില്‍ സ്‌പ്രേ പെയിന്റിംഗ് ജോലി പഠിക്കുവാന്‍ കൂടെ നിര്‍ത്തുകയും ചെയ്തു.പക്ഷെ അത് മാഹീന് ഇഷ്ട്ടമായിരുന്നില്ല .എങ്കിലും അവന്‍ മനസില്ലാ മനസോടെ അവിടെ പോയി.കുറച്ചു ദിവസം കഴിഞ്ഞാണ് ഞാന്‍ അറിയുന്നത് അവന്‍ പഠിക്കുന്നത് സ്‌പ്രേ പെയിന്റിംഗ് അല്ല  എന്നും  സ്കൂട്ടറും ബൈക്കും കാറും പണിയാണ് ചെയുന്നതെന്നും.എങ്കിലും അത് എല്ലാപേര്‍ക്കും ഇഷ്ട്ടമായി.അവന്റെ ഉമ്മക്ക് അവനെ വലിയ ഇഷ്ട്ടമായിരുന്നു.എന്നാല്‍ അവനെ അങ്ങനെ സ്നേഹിക്കാന്‍ ഗുസ്തിക്കാരന്‍ ഭര്‍ത്താവു അനുവദിച്ചിരുന്നില്ല.അതില്‍ അവര്‍ക്ക് വലിയ വിഷമമുണ്ടായിരുന്നു.
                                 പെട്ടന്നൊരു ദിവസം മാഹീനെ കാണാതായി.അവന്റെ ഉമ്മ കരഞ്ഞുകൊണ്ട്‌ എന്നോട് അവനെ കാണാനില്ല എന്ന കാര്യം പറഞ്ഞു. 
                                       ഞാന്‍ ഒന്നും പറഞ്ഞില്ല.അവന്‍ നാടുവിട്ടത് തന്നെ നല്ലത്.ഞാന്‍ മനസ്സില്‍ പറഞ്ഞു.
                                  അവന്‍ നാടുവിട്ടത്തില്‍ അവന്റെ മറ്റു കൂട്ടുകാര്‍ക്കും വലിയ ദു:ഖമൊന്നും ഉണ്ടായിരുന്നില്ല.
                         അവന്റെ ഉമ്മയുടെ രണ്ടാമത്തെ ഭര്‍ത്താവ് അവനെ വല്ലാതെ ഉപദ്രവിച്ചിരുന്നു.അവന്‍ നാടുവിട്ടതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത്‌ അയാളായിരുന്നു.
                               പിന്നീട് പല ദിവസങ്ങളിലും അവന്റെ ഉമ്മയെ ഞാന്‍ കാണാറുണ്ടായിരുന്നു.ഒരിക്കല്‍ പോലും അവനെപ്പറ്റി ചോദിക്കാന്‍ എനിക്ക് തോന്നിയില്ല .ഞാന്‍ മന:പ്പൂര്‍വം ചോദിക്കാത്തതായിരുന്നു..
                    എന്റെ നാട്ടില്‍ ആ കാലത്ത് ഫോറിന്‍ സാധനങ്ങള്‍ (ഇപ്പോള്‍ ചൈനയില്‍ നിന്നുള്ള സാധനങ്ങള്‍ ഉള്ളത് പോലെ)ധാരാളമായി കച്ചവടം ചെയുന്നുണ്ടായിരുന്നു  .കച്ചവടക്കാര്‍ ഇതിനു ഇട്ട പേര് 'പേര്‍ഷ്യന്‍ സാധനം'എന്നാണ്.പലതരം വാസനയുള്ള സ്പ്രേ,പൌഡര്‍ ,ക്രീമുകള്‍,ചാര്‍ജ് ചെയ്യാനുള്ള ടോര്‍ച്ച് ,വാച്ച്,സിഗരറ്റുകള്‍,മുന്തിയ ഇനം വിദേശമദ്യം,പലതരം തുണിത്തരങ്ങള്‍,പല തരം ടേപ്പ് റിക്കാര്‍ഡറുകള്‍ അങ്ങനെ ധാരാളം സാധനങ്ങള്‍ വാങ്ങാന്‍ കിട്ടുമായിരുന്നു(അക്കാലത്ത് മൊബൈല്‍ ഫോണ്‍ ഇല്ലായിരുന്നു..) 
                                      ഒരു ദിവസം എന്റെ വീട്ടിനു കുറച്ചു അകലെയായി പുതുതായി താമസിക്കാന്‍ വന്ന ആള്‍ ഫോറിന്‍ സാധനം കച്ചവടം ചെയുന്ന ആളാണെന്നു അറിഞ്ഞു .അയാളെ സമീപിച്ചു ഒരു വാച്ച് വാങ്ങാന്‍ ഞാന്‍ തീരുമാനിച്ചു.പലദിവസം പോയിട്ടും അയാളെ കാണാന്‍ പറ്റിയില്ല.രാത്രി വളരെ വൈകി വരുകയും,വെളുപ്പിന് സ്ഥലം വിടുകയും ചെയുന്ന അയാളുടെ, മകള്‍ എന്നോടൊപ്പം കോളേജില്‍ പഠിക്കുന്ന കാര്യം,അയാളുടെ വീട്ടില്‍ പോയപ്പോഴാണു അറിയാന്‍ കഴിഞ്ഞത്.അത് എനിക്ക് വളരെ ഗുണം ചെയ്തു.
                              ഒരു ദിവസം എന്നെ കാണാന്‍ ഒരാള്‍ പുറത്ത് വന്നതായി അമ്മ പറഞ്ഞു.ഞാന്‍ ആരെന്നു അറിയാതെ ആകാംഷയോടെ വാതില്‍ തുറന്നു .പെട്ടന്ന് തന്നെ ആളിനെ എനിക്ക് മനസിലായി.റുഖിയായുടെ ബാപ്പ ആയിരുന്നു അത്.വാച്ചിനായി റുഖിയായുടെ വീട്ടില്‍ ചെന്നപ്പോള്‍ ഈ മുഖമുള്ള ഫോട്ടോ ചുമരില്‍ കണ്ടിരുന്നു.അയാള്‍ ചിരിച്ചു കൊണ്ട് എന്റെ കൈകള്‍ കൂട്ടിപ്പിടിച്ചു.
            "മോള്‍ടെ കൂടെ പഠിക്കുന്ന ആളല്ലേ?അവള്‍ പറഞ്ഞു,വാച്ചിന് വന്ന കാര്യം.ഇതാ മോന് വാച്ച്  ..ഇഷ്ട്ടമായോ?ഇല്ലെങ്കില്‍ വേറെ തരാം.."
                    അയാളുടെ ചിരിക്കു ഒരു ഭംഗിയുണ്ടായിരുന്നു.
                   എനിക്ക് സന്തോഷമായി  .എന്ത് പറയണം എന്ന് അറിയാതെ ഞാന്‍ പരുങ്ങി.അപ്പോഴും അയാള്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.ഞാന്‍ അതൊന്നും ശ്രദ്ധിച്ചില്ല .എനിക്കയാളെ ഇഷ്ട്ടമായി.അപ്പോഴും എന്റെ നോട്ടം വാച്ച് ഇരിക്കുന്ന കവറിലായിരുന്നു.അയാള്‍ എന്റെ കയില്‍ വാച്ചു വച്ച് തിരിച്ചു നടന്നു.പെട്ടന്നാണ് എനിക്ക് കുറ്റബോധം ഉണ്ടായത്.റുഖിയായുടെ വാപ്പയോടു  ഒന്ന് ഇരിക്കാന്‍ പോലും പറഞ്ഞില്ല.വാച്ചിന് എത്ര രൂപയായി എന്നും ചോദിച്ചില്ല  .എന്നെ ഓര്‍മ്മയില്‍ നിന്നും ഉണര്‍ത്തിയത് അമ്മയുടെ ശബ്ദം ആയിരുന്നു.
              "എന്താ നീ അയാളെ അകത്തേക്ക് വിളിക്കാത്തത് ?"
         എനിക്ക് എന്തെങ്കിലും പറയാന്‍ സാധിക്കും മുന്‍പ് അയാള്‍ പുറത്ത് റോഡില്‍ ഇറങ്ങിയിരുന്നു.
                        ഞാന്‍ വാച്ചിന്റെ കവര്‍ പൊളിച്ചു.സീകോ 5 ന്റെ നീല ഡയല്‍ ഉള്ള  വലിയ വാച്ച്.അതെന്റെ വലിയ ആഗ്രഹമായിരുന്നു.ഞാന്‍ ആഗ്രഹിച്ചതിലും കൂടുതല്‍ നല്ലത് .എന്റെ അമ്മാവന്റെ കൈയിലും സീകോ 5 ന്റെ ഇത് പോലെയുള്ള വാച്ച് ഉണ്ട്.അന്നേ തോന്നിയ ആഗ്രഹമായിരുന്നു.എനിക്കു സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല.അന്ന് പതിവിലും നേരത്തെ ഞാന്‍ കോളേജില്‍ പോകാന്‍ ഇറങ്ങി.വാച്ച് കെട്ടിക്കോണ്ടുപോകാന്‍ വേണ്ടിയാണെന്ന്  വീട്ടിലെ എല്ലാപേര്‍ക്കും അറിയാമായിരുന്നു.അവര്‍ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു..
                                 കോളേജില്‍ വച്ച് വാച്ച് ഇഷ്ട്ടപ്പെട്ട കാര്യവും ,എത്ര രൂപയാണ് എന്നുള്ളതും ചോദിക്കാന്‍ മനസ്സില്‍ ഉറപ്പിച്ചാണ് പോയത്.
               ദൂരെ വച്ച് തന്നെ റുഖിയായെ കണ്ടു.കൂടെ മൂന്നു നാല് കൂട്ടുകാരികളും ഉണ്ടായിരുന്നു.അടുത്തെത്തിയപ്പോള്‍ റുഖിയ എന്നെ കാണാത്ത ഭാവത്തില്‍ കടന്നു പോയി.ഞാന്‍ വിഷണ്ണനായി.
                    അടുത്ത കുറച്ചു ദിവസം റുഖിയായെ കോളേജില്‍ കണ്ടില്ല.അവള്‍ കാറിലാണ് കോളേജില്‍ പോകുന്നതും വരുന്നതും.അവള്‍ക്കായി മാത്രം ഒരു ഫീയറ്റ്  പത്മിനികാര്‍ ഉണ്ടായിരുന്നു.അതിനായി ഒരു വയസ്സന്‍ ഡ്രൈവറും.
                   റുഖിയ വലിയ പണക്കാരിയായിരുന്നു .അവള്‍ക്കു മറ്റു സഹോദരങ്ങളും ഇല്ലായിരുന്നു .ഒരു ദിവസം കോളേജ് വിട്ടു ഞാന്‍ നടന്നു വരുകയായിരുന്നു.പെട്ടന്ന് എന്റെ സമീപം ഒരു കാര്‍ വന്നു നിന്നു.
                    അത് റുഖിയായുടെ കാര്‍ ആയിരുന്നു.പുറകിലെ സീറ്റില്‍ അവളും കൂട്ടുകാരിയും.എന്നോട് കയറാന്‍ ആവശ്യപ്പെട്ടു.അനുസരണയുള്ള കുട്ടിയെപ്പോലെ ഞാന്‍ മുന്‍സീറ്റില്‍ കയറി.കുറെ സമയം ആരും ഒന്നും സംസാരിച്ചില്ല.എന്ത് പറയണം എന്ന് അറിയാതെ ഞാന്‍ പുറത്തേക്ക് നോക്കി കാഴ്ചകള്‍ കണ്ടിരുന്നു.
                              "വാപ്പക്ക് ഒന്ന് കാണണം."റുഖിയായുടെ ശബ്ദം കാതില്‍ മുഴങ്ങി.പുറകിലേക്ക് നോക്കാതെ ഞാന്‍ തലയാട്ടി.അവള്‍ അത് കണ്ടുവോ..അറിയില്ല.
                                 വാച്ചിന്റെ രൂപക്കായിരിക്കും.ഞാന്‍ മനസ്സില്‍ വിചാരിച്ചു.പിന്നീട് ആരും ഒന്നും മിണ്ടിയില്ല.എന്റെ വീടിനു മുന്നില്‍ വണ്ടി നിന്നു.ഞാന്‍ ഇറങ്ങി.അവര്‍ക്ക് എന്റെ വീട് നേരത്തെ തന്നെ  അറിയാമായിരുന്നു എന്ന് എനിക്ക് മനസിലായി.
                          അധികം സംസാരിക്കാത്ത സ്വഭാവമാണ് റുഖിയായ്ക്ക്  എന്ന് പിന്നീട് അറിഞ്ഞു. 
                     ഞാന്‍ റുഖിയായുടെ വാപ്പയെ കാണാന്‍ പോയി.എന്നെ അകത്തേക്ക് ക്ഷണിച്ചു.ഞാന്‍ കയറി സോഫില്‍ ഇരുന്നു.രൂപ എത്രയെന്നറിയില്ലെങ്കിലും  കുറച്ചു കരുതിയിരുന്നു.
                                മുഹമ്മദ്‌ ഹനീഫ-അതായിരുന്നു റുഖിയായുടെ വാപ്പയുടെ പേര്.
                    അയാള്‍ക്ക്‌ എന്റെ പേര് അറിയാമായിരുന്നു.എന്റെ പേര് വിളിച്ചു തന്നെ അയാള്‍ ചോദിച്ചു  .
                            "വാച്ച് ഇഷ്ട്ടപ്പെട്ടോ?"
 ഇഷ്ട്ടപ്പെട്ടു എന്ന ഭാവത്തില്‍ ഞാന്‍ തലയാട്ടി.
                                 അയാള്‍ക്ക്‌ അപ്പോള്‍ കൂടുതല്‍ സന്തോഷമുണ്ടായതായി  എനിക്ക് തോന്നി.
                         "വാച്ചിന്റെ വില......."
ഞാന്‍ പറയാന്‍ തുടങ്ങവേ അയാള്‍ എന്റെ ചോദ്യം  മുന്‍കൂട്ടി മനസിലാക്കിയത് പോലെ പറഞ്ഞു,
                    "എനിക്ക് നിങ്ങള്‍ മകനെപ്പോലെയാണ്.എന്റെ സന്തോഷത്തിനുള്ള ഒരു ചെറിയ സംഭാവനയായി അത് കണക്കാക്കണം.നിങ്ങള്‍ രൂപയോന്നും തരണ്ട.നിങ്ങള്ക്ക് അത് ഇഷ്ട്ടപ്പെട്ടത്തില്‍ എനിക്ക് വളരെ സന്തോഷമുണ്ട്".അയാള്‍ നിര്‍ത്താതെ പറയുന്നുണ്ടായിരുന്നു.
                     റുഖിയ ചായ കൊണ്ട് വന്നു.ഞാന്‍ വാങ്ങി കുടിക്കാന്‍ തുടങ്ങവേ അയാള്‍ വീണ്ടും പറയാന്‍ തുടങ്ങി.
                    "ഇപ്പോള്‍ നിങ്ങളെ കാണണം എന്ന് പറഞ്ഞത് മറ്റൊരു കാര്യം പറയാനാണ്.എനിക്ക് ഫോറിന്‍ സാധനങ്ങള്‍ വില്‍ക്കുന്നതാണ് ജോലി.കേരളത്തില്‍ പല സ്ഥലത്തും അതിനായി തൊഴിലാളികളെ നിര്‍ത്തിയിട്ടുണ്ട്.പലസ്ഥലങ്ങളിലും എനിക്ക് വലിയ ഷോപ്പുകളും ഉണ്ട്.ഞാന്‍ മാലിയില്‍  നിന്നാണ് സാധങ്ങള്‍ കൊണ്ട് വരുന്നത്.ഒരു മാസത്തില്‍ കുറഞ്ഞത്‌ നാല് തവണയെങ്കിലും  അതിനായി മാലിയിലേക്ക് പോകും.ഞാന്‍ മാത്രമല്ലേ,എന്നോടൊപ്പം ആറേഴുപേര്‍    കാണും.അവരെല്ലാം ഞാന്‍ വാങ്ങുന്ന സാധങ്ങള്‍ കൊണ്ട് വരാന്‍ വരുന്നതാണ്.നിങ്ങള്ക്ക് താല്‍പ്പര്യം ഉണ്ടെങ്കില്‍ ഞാന്‍ കൊണ്ട് പോകാം.എല്ലാ ചിലവുകളും എന്റെതാണ്.സാധനങ്ങള്‍ സുരക്ഷിതമായി ഇവിടെ എത്തിച്ചു കഴിഞ്ഞാല്‍ ഓരോരുത്തര്‍ക്കും ഞാന്‍ ചെറിയ ശമ്പളം നല്‍കും.ഞാന്‍ നിങ്ങളെ എന്റെ മകനെപ്പോലെ കരുതിക്കൊണ്ട് പോകാം.നിങ്ങള്ക്ക് മാലിദ്വീപ് കാണുകയും ചെയ്യാം.എന്താ..?സമ്മതമാണോ?ആലോചിച്ചു പറഞ്ഞാല്‍ മതി"  
                           അയാള്‍ ഒറ്റ ശ്വാസത്തില്‍ ഇത്രയും പറഞ്ഞു നിര്‍ത്തി.
                    ഞാന്‍ ചായകുടി കഴിഞ്ഞു എന്ത് പറയണമെന്ന് അറിയാതെ മുകളിലേക്ക് നോക്കി ഇരുന്നു.ചായ കുടിച്ചു കഴിയുന്നത്‌ വരെ അയാള്‍ എന്നെ നോക്കിയില്ല.അതെനിക്ക് വലിയ ആശ്വാസമായിരുന്നു. 
                                 "വീട്ടില്‍ പറഞ്ഞു അറിയിക്കാം"എന്ന് പറഞ്ഞു ഞാന്‍ അവിടെ നിന്നും ഇറങ്ങി.വീട്ടില്‍ നിന്നും അനുവാദം കിട്ടുമോ?                        
                      മനസ്സില്‍ മാലിദ്വീപായിരുന്നു.ആദ്യമായി വിമാനത്തില്‍ കയറുന്നതും സ്വപ്നം കണ്ടു ഞാന്‍ വീടിലെത്തി.അറിയാവുന്ന ഈശ്വരന്മാരെയെല്ലാം മനസ്സില്‍ വിളിച്ചു പ്രാര്‍ഥിച്ചു, അനുവാദം കിട്ടാന്‍.അമ്മയില്‍ നിന്നും ആദ്യം എതിര്‍പ്പ്  ഉണ്ടായെങ്കിലും കാര്യം പറഞ്ഞു മനസിലാക്കിയപ്പോള്‍ അമ്മയുടെ സമ്മതം കിട്ടി.അച്ഛന്‍ ദൂരെ ജോലിസ്ഥലത്ത് ആയതിനാല്‍ ആ കാര്യം എളുപ്പമായി. 
                  അങ്ങനെ ഞാന്‍ മാലിദ്വീപില്‍ പോകാം എന്ന് ഹനീഫയോടു പറഞ്ഞു.
                          ഹനീഫക്ക് സന്തോഷമായി.
                    അങ്ങനെയാണ് ആദ്യമായി വിമാനത്തില്‍ ഞാന്‍ മാലിദ്വീപില്‍ എത്തുന്നത്.
                  മാലിദ്വീപ് ഒരു വ്യാപാര കേന്ദ്രമാണ്.ചെറുതും വലുതുമായ കുറെ ദ്വീപുകള്‍.
                        പിന്നീട് പല പ്രാവശ്യവും മാലിയില്‍ വന്നു.ഓരോ പ്രാവശ്യം പോയിവരുമ്പോഴും എനിക്ക് ഇഷ്ട്ടമുള്ള സാധങ്ങള്‍ ഹനീഫ തരുമായിരുന്നു  .ആദ്യമൊക്കെ ഞാന്‍ കൂലി വേണ്ട എന്ന് പറഞ്ഞിരുന്നെങ്കിലും അയാള്‍ അത് സമ്മതിച്ചിരുന്നില്ല  .ജോലിക്ക് കൂലി കൊടുക്കുന്ന അയാള്‍ തൊഴിലാളികളെ വളരെ ഇഷ്ട്ടപ്പെട്ടിരുന്നു.
                       അങ്ങനെയാണ് മാലിയിലെ ഷോപ്പുകളില്‍ നിന്നു സാധനങ്ങള്‍ വാങ്ങി നടക്കവേ മാഹീനെ കണ്ടുമുട്ടിയത്‌.എനിക്ക് അത്ഭുതവും സന്തോഷവും തോന്നി.
                  അവന്‍ വല്ലാതെ തടിച്ചിരുന്നു.കണ്ണുകള്‍ക്ക്‌ കടും ചുവപ്പ് നിറമായിരുന്നു.കഷണ്ടി കയറിയ തല,വലിയ ചെവി കൂടുതല്‍  കറുത്തിരുന്നു.അലസമായി അവന്‍ വസ്ത്രം ധരിച്ചിരുന്നു.
                    എന്നെ അവന്‍ പെട്ടന്ന് മനസിലാക്കി.എന്നെ ആദ്യം കണ്ടതും പേര് വിളിച്ചതും അവന്‍ തന്നെയായിരുന്നു.റുഖിയായുടെ വാപ്പയും അവനെ ഇതിനു മുന്‍പ് പല പ്രാവശ്യം മാലിയില്‍ വച്ച് കണ്ടിട്ടുണ്ടത്രേ. ഇപ്പോഴാണ് അവന്‍ നാട്ടുകാരനാണെന്ന് ഹനീഫക്കും മനസിലായത്.അവനോടൊപ്പം ചായ കുടിച്ചു അന്ന് പിരിഞ്ഞു.പോകുന്നതിനു മുന്‍പ് അവന്‍ താമസിക്കുന്ന ഹോട്ടലിന്റെ പേര് പറഞ്ഞിരുന്നു.
                              പിന്നീട് പലപ്രാവശ്യം പോയപ്പോഴും അവനെ കണ്ടിരുന്നു.നാട്ടിലെ ചില വിശേഷങ്ങള്‍ അവന്‍ ഇങ്ങോട്ട് ചോദിക്കാതെ  തന്നെ ഞാന്‍ പറഞ്ഞു.അത് കേള്‍ക്കാന്‍ താല്‍പ്പര്യം ഇല്ലാത്തതുപോലെ  അവന്‍ കേള്‍ക്കുമായിരുന്നു.
                     അവന്റെ ഉമ്മയുടെ ഉമ്മ മരിച്ചുപോയതും, ഒരു സഹോദരിയെ നല്ലവനായ ഒരു ചെറുപ്പക്കാരന്‍ സ്ത്രീധനം ഒന്നും ആവശ്യപ്പെടാതെ നിക്കാഹു ചെയ്തതും ,വയസ്സായ ഉമ്മ ഇപ്പോഴും ജോലിക്ക് പോകുന്നതും ഉമ്മയുടെ രണ്ടാമത്തെ ഭര്‍ത്താവ് നാടുവിട്ടു പോയതും ഞാന്‍ പലപ്പോഴായി അവനോടു പറഞ്ഞിരുന്നു.ഒരിക്കല്‍ പോലും അവന്‍ നാടിനെയോ ഉമ്മയെയോ പറ്റി  ഇങ്ങോട്ട് ചോദിച്ചിട്ടില്ല.അവന്‍ നാട് വിട്ടു പോകാനുള്ള കാരണം എന്റെ വളരെ നിര്‍ബന്ധത്തിനു ശേഷമാണ് പറയാന്‍ തുടങ്ങിയത്.
                            അത് പറയാന്‍ അവനു വലിയ താല്പര്യം ഇല്ലായിരുന്നു.എങ്കിലും അവന്‍ പറഞ്ഞു...
                    അവന്റെ അമ്മയെ രണ്ടാമത് കല്യാണം കഴിച്ച ആള്‍ ദുഷ്ട്ടനും മധ്യപാനിയുമായിരുന്നു.അയാള്‍ അവനെയും ഉമ്മയും വല്ലാതെ ഉപദ്രവിച്ചിരുന്നു.അവനെ വീട്ടില്‍ നിന്നും ഇറക്കി വിട്ടില്ലെങ്കില്‍ ഉമ്മയെ കൊന്നുകളയും എന്നും അയാള്‍ ഭീഷണിപ്പെടുത്തി.അങ്ങനെയാണ് അവന്‍ നാട് വിട്ടത്.
                                  മദ്രാസില്‍ പല സ്ഥലത്തും കറങ്ങി നടന്നു.പട്ടിണി കിടന്നു.അവസാനം ഒരു കാര്‍ വര്‍ക്ക്ഷോപ്പില്‍ ഒരു ജോലി കിട്ടി.അവിടെ അവന്‍ ഒരു നല്ല തൊഴിലാളിയായി,കൂടുതല്‍ ജോലി പഠിച്ചു. 
                            ആയിടക്കാണ്‌ മലേഷ്യയില്‍ നിന്നും വന്ന ഒരു യാത്രാബോട്ടിന്റെ എഞ്ചിന്‍ കേടായത്.അതിന്റെ എഞ്ചിന്‍ കേടുപാടുകള്‍ തീര്‍ക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. മദ്രസിലുള്ള പലരും പണിതു നോക്കി,ശരിയായില്ല .അങ്ങനെയാണ് ആരോ പറഞ്ഞറിഞ്ഞു അവര്‍ മാഹീനെ സമീപിച്ചത്.
                                 അവന്‍ വളരെ നിസ്സാരമായി എഞ്ചിന്‍ നന്നാക്കിക്കൊടുക്കുകയും അതില്‍ തൃപ്തരായ അവര്‍ അവനെ മലേഷ്യയിലേക്ക് കൊണ്ടുപോയി അവരുടെ കമ്പനിയില്‍ സ്ഥിരമായി ജോലി കൊടുക്കുകയും ചെയ്തു.
                                              ഇപ്പോള്‍ അവനു ലോകത്ത് ആകെയുള്ളത് പണം മാത്രമാണ്.അത് ചെലവ് ചെയ്തു സുഖിക്കാനാണ് മാലിയില്‍ വരുന്നത്.
                                  ഉമ്മയോടും സഹോദരിമാരോടും അവനു പരിഭവമില്ല.പക്ഷെ എന്തുകൊണ്ടോ അവന്‍ അവരെ മറക്കാന്‍ ശ്രമിക്കുന്നു.      
                           മാലിയില്‍ വച്ച് മാഹീനെ കണ്ട കാര്യം  ഞാന്‍ ആരോടും പറഞ്ഞില്ല.
                           പിന്നീടും പല പ്രാവശ്യം ഞാന്‍ ഹനീഫയോടൊപ്പം മാലിയില്‍ പോയി.മാഹീനെ കാണാന്‍ സാധിച്ചില്ല  .മാഹീന്‍ താമസിച്ചിരുന്ന ഹോട്ടലില്‍ പോയി അന്വേഷിച്ചു.അവന്‍ താമസിച്ചിരുന്ന മുറി അടഞ്ഞുകിടന്നിരുന്നു.
                  പക്ഷെ,ഈ യാത്രയില്‍ മാഹീനെ കാണമെന്നത്  ഒരു പ്രധാന ആവശ്യമായിരുന്നു.
                   വളരെ പ്രധാനപ്പെട്ട  രണ്ടു കാര്യങ്ങള്‍ അവനോടു പറയണം.
                      അവന്റെ ഉമ്മ മരിച്ചു പോയി.....
                    വിവാഹം കഴിക്കാത്ത രണ്ടാമത്തെ സഹോദരിയെ ആരും ആശ്രയമില്ലത്തതിനാല്‍ "യത്തീം ഖാന" യിലേക്ക് കൊണ്ടുപോയിരുന്നു.
                                അവനെ കണ്ടിട്ടുള്ള മാലിയിലെ ചില സ്ഥലങ്ങളില്‍ ഞങ്ങള്‍ കറങ്ങിനടന്നു.ആര്‍ക്കും വ്യക്ത്തമായി ഒന്നും അറിയില്ല.
                                 എങ്ങനെയും അവനെ കണ്ടു പിടിക്കണം.ഞാന്‍ ഹനീഫയോടു പറഞ്ഞു.അയാള്‍ക്കും അതില്‍ സന്തോഷമായിരുന്നു.
                          അവന്‍ സ്ഥിരമായി മദ്യപിക്കാന്‍ പോകുന്ന ഒരു വിദേശ  മദ്യഷാപ്പ് (ബാര്‍) തൊട്ടടുത്ത ഒരു ചെറിയ ദ്വീപില്‍ ഉള്ളതായി അറിയാം.ഒരിക്കല്‍ അവനോടൊപ്പം അവിടെ പോയിരുന്നു.
                 അവിടെപ്പോകുന്ന കാര്യം ഹനീഫയോടു ഞാന്‍ പറഞ്ഞില്ല.ഒറ്റയ്ക്ക് തന്നെ പോകാന്‍ തീരുന്മാനിച്ചു.
                   രാവിലെ തന്നെ അവിടെ എത്തി.
                      ബാറിനുള്ളില്‍ തിരക്ക് കുറവായിരുന്നു.അവിടുത്തെ ജീവനക്കാരില്‍ കൂടുതലും ചീനക്കാര്‍ ആയിരുന്നു.അവര്‍ക്ക് മാഹീനെ അറിയാമെന്നു എനിക്ക് തോന്നി.
                                   ബാറിന്റെ ഉടമസ്ഥന്‍ എന്നെ അയാളുടെ മുറിയിലേക്ക് വിളിച്ചു.അയാളും ചീനക്കാരനായിരുന്നു.
                                   ഞാന്‍  അയാളുടെ പുറകെ നടന്നു.
                                   വിശാലമായ മുറി.
                       എന്നോട് ഇരിക്കാന്‍ പറഞ്ഞു .ഞാന്‍ കസേരയില്‍ ഇരുന്നു.അയാള്‍ എന്നോട് ഒന്നും സംസാരിച്ചില്ല.
               പെട്ടന്ന് അയാള്‍ ഫോണില്‍ നമ്പര്‍ കുത്തി ആരോടോ സംസാരിക്കാന്‍ തുടങ്ങി.ചൈനീസ്‌ ഭാഷയില്‍ സംസാരിക്കുന്നതിനിടയില്‍ കയറിവന്ന  വികൃതമായ ഇംഗ്ലീഷ്  വാക്കുകള്‍ ഞാന്‍ ശ്രദ്ധിച്ചു.
                               എന്തോ കുഴപ്പമുണ്ട് എന്ന് എനിക്ക് അയാളുടെ സംസാരത്തില്‍ നിന്ന് മനസിലായി.
                                           എങ്കിലും ഞാന്‍ അയാളോട് ഒന്നും ചോദിച്ചില്ല.സംസാരം ശ്രദ്ധിക്കാത്തത് പോലെ ഞാന്‍ മുറിയാകെ നോക്കിയിരുന്നു. 
                       അല്‍പസമയം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഇരിക്കുന്ന മുറിയിലേക്ക് രണ്ടു പേര്‍ കടന്നു വന്നു.അവരുടെ ഷര്‍ട്ടിന്റെ വലതുഭാഗത്ത് "പോലീസ്" എന്ന് എഴുതിയ ഒരു തുണിക്കഷ്ണം തുന്നി ചേര്‍ത്തിരുന്നു. 
                       കടന്നു വന്നവരില്‍ ഒരാള്‍  തമിഴില്‍ എന്നോട് സംസാരിക്കാന്‍ തുടങ്ങി.അയാള്‍ പറഞ്ഞതില്‍ ചിലത് എനിക്ക് മനസിലായി. 
                     ഒരു ദിവസം ചീനക്കാരന്റെ ബാറില്‍ അടിപിടി ഉണ്ടായി.ബാറിലെ ഒരു തൊഴിലാളി ആ സംഘടനത്തില്‍ കൊല്ലപ്പെട്ടു.അഞ്ചുപേര്‍ ഉള്ള സംഘത്തില്‍ മാഹീനുമുണ്ടായിരുന്നു.മദ്യപിച്ചു അബോധാവസ്ഥയിലായ മാഹീനെ പോലീസ് പിടി കൂടി.മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു.അവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഇപ്പോഴും നടക്കുകയാണ്. 
                                    ഇപ്പോള്‍ മാഹീനെ അന്വേഷിച്ചു വന്ന എന്നെ അവര്‍ ഓടി രക്ഷപെട്ടവരില്‍ ഒരാള്‍ ആയി കരുതിയാണ് പോലീസിനെ വിളിച്ചത്.        
               എനിക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു.
                   എങ്കിലും ഞാന്‍ അറിയാവുന്ന ഭാഷയില്‍ അവരോടു മാലിയില്‍ വന്ന കഥ പറഞ്ഞു.അവരുടെ സമ്മതത്തോടെ ഹനീഫയെ ഞാന്‍ ഫോണ്‍ ചെയ്തു വരുത്തി.   
               എന്റെ എല്ലാ രേഖകളും ഹനീഫ അവരെ കാണിച്ചു.
           ഞാന്‍ നിരപരാധിയാണ് എന്ന് അവര്‍ക്ക് ബോദ്ധ്യമായി ..
            ഹനീഫക്ക് ചീനഭാഷ സംസാരിക്കാന്‍ അറിയാം.
അയാള്‍ ബാറിന്റെ ഉടമസ്ഥനുമായി എന്തൊക്കെയോ സംസാരിച്ചു.
     ചീനക്കാരനും പോലീസുകാരും പറഞ്ഞ കാര്യങ്ങള്‍ ഹനീഫ എന്നോട് പറഞ്ഞു.
         മാഹീനെ  വധശിക്ഷക്ക് വിധിച്ചു.
         ജയിലിലായ മാഹീന്‍ ആത്മഹത്യ ചെയ്തു..
         ഞാന്‍ ആകെ തളര്‍ന്നുപോയി.
         മാഹീന്‍ നിരപരാധിയായിരുന്നോ?
         ഉത്തരമില്ലാത്ത ആ ചോദ്യം എന്നില്‍ അവശേഷിച്ചു..
     അതിനുത്തരം കണ്ടെത്താന്‍ ഞാന്‍ ആഗ്രഹിച്ചില്ല,ശ്രമിച്ചില്ല.
     മാഹീന്‍ ആത്മഹത്യ ചെയ്തു....
           ഞങ്ങളെ പോലീസുകാര്‍ സ്റ്റെഷനിലേക്ക്  കൊണ്ടു പോയി.അവിടെ സൂക്ഷിച്ചിരുന്ന പെട്ടികള്‍ ഞങ്ങളെ ചൂണ്ടിക്കാട്ടി അതില്‍ ഒട്ടിച്ചിരുന്ന കാര്‍ഡില്‍ എഴുതിയത് വായിക്കാന്‍ ആവശ്യപ്പെട്ടു.
               ഞങ്ങള്‍ വായിച്ചു.
       എന്റെ പേര് അതില്‍  എഴുതിയിരിക്കുന്നു.കൂടെ ഇത്രയും.......
          "എന്റെ ഉമ്മയെ ഏല്‍പ്പിക്കണം"
  ഞാന്‍ പോലീസുകാരുടെ മുഖത്തേക്ക് നോക്കി..
      അവിടെയിരിക്കുന്ന പെട്ടികള്‍ എന്നെ തുറിച്ചു നോക്കുന്നത് പോലെ തോന്നി.
            പോലീസുകാര്‍ അവ എന്നെ രേഖാമൂലം ഏല്‍പ്പിച്ചു..
              ആ പെട്ടികള്‍ തുറന്നു നോക്കിയാ എനിക്ക് മനസിലായി,അവന്‍ ഉമ്മയെയും സഹോദരിമാരെയും ഉള്ളില്‍ ഒരുപാട് സ്നേഹിച്ചിരുന്നു.അതിനുള്ള തെളിവുകള്‍ ആ പെട്ടിയില്‍ ഞാന്‍ കണ്ടു.
             മാലിയില്‍ നിന്നും  തിരികെ പോരുമ്പോള്‍ ആ പെട്ടികള്‍ എന്നോടൊപ്പം ഉണ്ടായിരുന്നു.
                അവന്റെ ഉള്ളിലെ സ്നേഹം ആരും അറിഞ്ഞില്ല .അവനെ ആരും സ്നേഹിച്ചില്ല. 
                 അവന്റെ സ്നേഹത്തിന്റെ സുഗന്ധം ആരും അറിഞ്ഞില്ല.
                 അവന്‍ ഒരു നിര്‍ഗന്ധപുഷ്പ്പമായിരുന്നു....
                 ആ പെട്ടികള്‍ ഞാന്‍ അവന്റെ സഹോദരിമാരെ ഏല്‍പ്പിച്ചു.
                അവരോടു  മാഹീനെപ്പറ്റി ഒന്നും പറഞ്ഞില്ല.
               എന്തിനു പറയണം?
              അവര്‍ ഒന്നും അറിയണ്ട...............ഒന്നും..........
             പിന്നീട് ഒരിക്കലും ഞാന്‍ ഹനീഫയോടൊപ്പം    മാലിയിലേക്ക് പോയിട്ടില്ല...പോകാന്‍ തോന്നിയില്ല ...
          അവന്റെ സ്നേഹത്തിന്റെ സുഗന്ധം ഞാന്‍ അറിഞ്ഞു.............
          ഞാന്‍ മാത്രം..........

മറ്റുള്ളവര്‍ക്ക് അവന്‍ ഒരു നിര്‍ഗന്ധപുശ്പ്പം  മാത്രമായിരുന്നു..............
                     
           
   
                        
                            
                      
                                         
                                               
       
                              
                                      

Tuesday, March 29, 2011

ലാക്ഷേത്രം 

(അനാഥര്‍ക്ക് ആശ്വാസവും സംരക്ഷണവും നല്‍കുന്ന ഭൂമിയിലെ എല്ലാ അനാഥാലയങ്ങള്‍ക്കും വേണ്ടി ഈ "ലാക്ഷേത്രം"സമര്‍പ്പിക്കുന്നു...)

വൈകുന്നേരം നാല് മണിയോടെ ഞങ്ങള്‍ കാറ്റാടിക്കുന്നിലെത്തി .നഗരത്തില്‍ നിന്നും എണ്‍പത്  കിലോമീറ്ററോളം   അകലെയാണ് കാറ്റാടിക്കുന്ന് .
മുപ്പതു കിലോമീറ്റര്‍ ‍കഴിയുമ്പോള്‍ തന്നെ കാട് തുടങ്ങിയിരുന്നു.കാട്ടുപാതയിലൂടെ ഉള്ള യാത്ര അല്പം കഠിനമായിരുന്നു.എന്നോടൊപ്പം അടുത്ത സുഹൃത്തുക്കളും  ഉണ്ടായിരുന്നു.

 എന്നോട് പറഞ്ഞത് പോലെ തന്നെ അരുണ്‍ദാസ്   കാത്തുനിന്നിരുന്നു.അയാളുമായി ഞങ്ങള്‍ "സുദര്‍ശന്‍ കലാക്ഷേത്ര" ത്തില്‍ എത്തി.വിശാലമായ വളപ്പില്‍ നിറയെ ഭംഗിയുള്ള ചെറിയ കെട്ടിടങ്ങള്‍.ഞാന്‍ അരുണ്‍ദാസിനെ  സുദര്‍ശന്‍ കലാക്ഷേത്രത്തെ പറ്റിയും പറയാം.

ബാഗ്ലൂരില്‍   നിന്നും തിരുവനന്തപുരത്തെക്കുള്ള  യാത്രയിലാണ് ഞാന്‍ അരുണ്‍ദാസിനെ പരിചയപ്പെട്ടത്‌.ട്രെയിന്‍ പുറപ്പെട്ടു അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ അരുണ്‍ദാസ് എന്‍റെ സമീപം അയാളുടെ സീറ്റില്‍ വന്നിരിക്കുകയും ,പരിചയപ്പെടുകയും ചെയ്തു.അയാള്‍ വിവിധ ആവശ്യങ്ങള്‍ക്കായി വന്നതായിരുന്നു.ഞങ്ങള്‍ വളരെ നാളത്തെ പരിചയം പോലെ സംസാരിക്കുകയും,പരസ്പരം കഥകള്‍ പറഞ്ഞു രസിക്കുകയും ചെയ്തു.

തിരുവനന്തപുരം സ്റ്റേഷനില്‍ എത്തി.ഫോണ്‍ നമ്പറുകള്‍ പരസ്പരം വാങ്ങി യാത്ര പറഞ്ഞുപിരിഞ്ഞു.അയാളെ കൂട്ടികൊണ്ടുപോകാന്‍ സ്റ്റേഷനില്‍ കാറുമായി ഡ്രൈവര്‍ ഉണ്ടായിരുന്നു.അരുണ്‍ദാസിനെ എനിക്ക് മറക്കാന്‍ പറ്റിയില്ല.അയാള്‍ വാചാലനായിരുന്നു.അയാള്‍ക്ക്‌ പലതിനെ പറ്റിയും അഗാധമായ അറിവ് ഉണ്ടായിരുന്നു.ഞാന്‍ അയാളില്‍ തികഞ്ഞ ഒരു സുഹൃത്തിനെ കണ്ടു.വ്യക്തികളെ പെട്ടന്ന് മനസിലാക്കാന്‍ അയാള്‍ക്ക്‌ കഴിവുണ്ട് എന്ന് എനിക്ക് തോന്നി.

പിന്നീട് പല ദിവസങ്ങളിലും ഞങ്ങള്‍ പരസ്പരം ഫോണ്‍ ചെയ്യുമായിരുന്നു .അപ്പോഴെല്ലാം അയാള്‍ ആവശ്യപ്പെടുന്ന ഒരു കാര്യം ഉണ്ടായിരുന്നു.ഞാന്‍ അയാളുടെ ഗ്രാമത്തില്‍ ചെല്ലണം. കാറ്റാടിക്കുന്ന് കാണാന്‍.അങ്ങനെയാണ് ഞാനും സുഹൃത്തും കാറ്റാടിക്കുന്നില്‍ എത്തുന്നത്.

ഗ്രാമം എന്ന് പറയുന്നതിനേക്കാള്‍ വനം എന്ന് പറയുന്നതാകും ശരി.ശരിക്കും ഒരു വനപ്രദേശം തന്നെയാണ്.
         
ഞങ്ങളുടെ യാത്രയില്‍ കുറേ ദൂരം പിന്നിട്ടപ്പോള്‍ തന്നെ ജനവാസം കുറയുന്നതായി അനുഭവപ്പെട്ടു.പിന്നെ തൂക്കായ മലകളും,പാറക്കൂട്ടങ്ങളും കാണാന്‍ തുടങ്ങി.കൂട്ടമായി കുരങ്ങുകള്‍ കാട്ടുപാതയില്‍ പലയിടത്തും ഉണ്ടായിരുന്നു.അഗാധമായ കുഴികളും അവിടെ ഉയര്‍ന്നു വളര്‍ന്നു നില്‍ക്കുന്ന കാട്ടുമരങ്ങളും. ഇങ്ങനെയൊക്കെ  ഞാന്‍ കണ്ടിട്ടുള്ളത് ശബരിമലയില്‍ പോയപ്പോഴാണ്.പലപ്പോഴും എന്‍റെ ചിന്തയില്‍ ശബരിമലയുടെ സാദൃശ്യം തോന്നിച്ചു.അരുണ്‍ദാസ് പ്രത്യേകം     
പറഞ്ഞിരുന്നു.സന്ധ്യക്ക്‌ മുന്‍പ് എത്തുന്ന രീതിയില്‍ യാത്ര തിരിക്കണമെന്ന്.ഉയര്‍ന്ന പാറക്കെട്ടുകളില്‍ നിന്നും കുത്തിയൊഴുകി താഴോട്ടു പതിക്കുന്ന ചെറിയ വെള്ളച്ചാട്ടങ്ങള്‍ പലഭാഗത്തും കാണാമായിരുന്നു.ഞങ്ങള്‍ മയിലിനെയും മാനിനേയും കണ്ടു.

കാടും,കടലും,ആനയും,വിമാനവും എത്ര കണ്ടാലും മതിയാവില്ല എന്ന സത്യം ഞാന്‍ ഓര്‍ത്തു.കാട് എന്നും എനിക്ക് ഒരു അത്ഭുതമാണ്.എത്ര കണ്ടാലും മതി വരാത്ത കാടിന്റെ സൗന്ദര്യം എനിക്ക് ഇഷ്ടമാണ്  .എവിടെയും പക്ഷികളുടെ കളകളാരവം മുഴങ്ങി കേള്‍ക്കാം.തണുത്ത കാറ്റ്.ഔഷധസസ്യങ്ങളെ തഴുകി വരുന്ന കാറ്റിനു കാടിന്റെ മണമാണ്.

കുളിയും കാപ്പികുടിയും കഴിഞ്ഞു ഞങ്ങള്‍ പുറത്തേക്കിറങ്ങി.അരുണ്‍ദാസിന്റെ വീട് വളരെ വലുതാണ്‌.വീടെന്നു പറഞ്ഞാല്‍ പോരാ,ഒരു