Friday, April 29, 2011

                               മരണത്തിനു മുന്നില്‍.......
        
       2005 
  നവംബറിലെ  ഒരു തണുത്ത പ്രഭാതം.തലേന്ന് രാത്രിയില്‍ വയറുവേദന  ഉണ്ടായിരുന്നു..അത്രകാര്യമാക്കിയില്ല.
           ഉറക്കമില്ലായിരുന്നു.
         രാവിലെ വേദന കൂടി.
         വേദന അസ്വസ്ഥമായി.
പ്രിയ സുഹൃത്തിനെ .. അല്ല... സഹോദരനെപ്പോലെ  സ്നേഹിക്കുന്ന അവനെ ഭാര്യയെകൊണ്ട് ഫോണ്‍ ചെയ്യിച്ചു.
        അവന്‍ വന്നു ,കൂടെ മറ്റൊരു സുഹൃത്തും.കാറുമായിട്ടാണ് അവര്‍ വന്നത്.  
                   വാടക കാര്‍ .
       ഞാന്‍ വേദനകൊണ്ടു പുളഞ്ഞു.
       കാറില്‍ കയറി...ആശുപത്രിയിലേക്ക്...
       കുറച്ചകലെയുള്ള സ്വകാര്യആശുപത്രിയില്‍. 
      ചികിത്സ തുടങ്ങി..
     രക്തം പരിശോധിച്ചു .മലം,മൂത്രം എന്നിവ പരിശോധിച്ചു.
      പലതരം സ്ക്യാനിംഗ്.
       ഡോക്ടര്‍ വീട്ടിലിരുന്നു ചികിത്സ പറയുന്നു.കൊച്ചുഡോക്ടര്‍ അനുസരിക്കുന്നു.    
         എനിക്ക് വേദന കൂടുന്നു....
         സമയം ഉച്ചയായി , വൈകുന്നേരമായി ,രാത്രിയായി.
         പ്രഷര്‍ പരിശോധന തകൃതിയായി നടക്കുന്നു.
         മിനിട്ടുകള്‍ കഴിയുന്തോറും പ്രഷര്‍ പരിശോധന.
         പ്രഷര്‍ കുറയുന്നു എന്നുപറയുന്നത് ഞാന്‍ കേള്‍ക്കുന്നു.
         ഞാനറിയുന്നു......എന്റെമുന്നില്‍ മരണം വരുന്നു.....
         കൊച്ചുഡോക്ടര്‍ വലിയഡോക്ടറോട് പറയുന്നു.വലിയ ഗൗരവമായി.
           എനിക്ക് മനസിലാകുന്നു.
           ഓര്‍മ്മയുണ്ട് നല്ലതുപോലെ. വേദന അതികഠിനം  .
 ഞാന്‍ പറഞ്ഞു,
         "ഡോക്ടര്‍ ,ഞാന്‍ മരിക്കുമെന്നു അറിയാമെങ്കില്‍ എന്നെ ഉടന്‍ വീട്ടിലേക്കു വിടണം.ഇവിടെക്കിടന്നു മരിക്കാന്‍ എന്നെ അനുവദിക്കരുത്..."
            ഡോക്ടര്‍ വലിയഡോക്ടറെ വിവരം അറിയിച്ചു.
           കൊച്ചുഡോക്ടര്‍ സ്നേഹത്തോടെ എന്നെ ശാസിക്കുന്നു.
           നിമിഷങ്ങള്‍ ഇഴയുന്നു..
           അവസാനം ഉത്തരവ് വന്നു.
          വീട്ടിലേക്കല്ല ...മെഡിക്കല്‍കോളേജിലേക്ക്...    
         വന്‍തുക ബില്ലടച്ചു.    
           പുറത്തു ഏതോ സിനിമയില്‍ പറഞ്ഞതുപോലെ നിലവിളിക്കുന്ന വാഹനം തയ്യാറായി.എന്നെ എടുത്തു കിടത്തി.
                മൂക്കില്‍ ഓക്സിജന്‍ ട്യൂബ് .ആരോ ഒരാള്‍ എന്റെ തലയ്ക്കല്‍ ഇരുന്നു പിടിച്ചിരിക്കുന്നു.
                നിലവിളിയോടെ വാഹനം ഓടാന്‍ തുടങ്ങി.
                  ഓര്‍മ്മ നശിച്ചിട്ടില്ല.
                  മലര്‍ന്നുകിടക്കുന്ന എനിക്ക് കാണാം .വഴിയരികിലെ കടകളിലെയും ,റോഡുകളിലെയും മിന്നുന്ന പ്രകാശം .പേരെഴുതിയ ബോര്‍ഡുകള്‍ ..
              എന്റെ മരണം ഉടനെ ഉണ്ടാകും..
                എനിക്കുറപ്പായി.
                 ഞാന്‍ ചിരിച്ചു.
          പൂമുഖത്തു വെള്ളക്കോടിയില്‍  പുതച്ചു കിടക്കുന്നു.
               തലയ്ക്കല്‍ നിലവിളക്ക് .
              ചുവട്ടില്‍, മുറിച്ച തേങ്ങയില്‍ ,എള്ളുകിഴികെട്ടി,വെളിച്ചെണ്ണയില്‍ കത്തിച്ചു വച്ചിരിക്കുന്നു.
             ചുറ്റിലും ആളുകള്‍, ബന്ധുക്കള്‍ ,അയല്‍ക്കാര്‍, സ്നേഹിതര്‍.
             ചിലര്‍ റീത്തുമായി വരുന്നു. ചിലര്‍ ഉള്ളില്‍ ചിരിക്കുന്നു. ചിലര്‍ കരയുന്നു. മറ്റുചിലര്‍ക്ക് വിഷാദഭാവം .
              രാത്രി വൈകിയാണ് മരണമെന്ന് ഞാന്‍ ഊഹിച്ചു.
              വാഹനത്തിന്റെ ശബ്ദം നിലച്ചു. മെഡിക്കല്‍കോളേജിലെ അത്യാഹിതവിഭാഗത്തിന്റെ മുന്നില്‍.
                 ഡോര്‍ തുറന്നു ,എന്നെ നാലുപേര്‍ ചുമന്നു അകത്തു കയറ്റി.ട്രോളിയില്‍ കിടത്തി.ട്രോളി നീങ്ങി.ട്രോളിയുടെ ഇരുവശത്തും കൂടെയുള്ളവര്‍.അവരും ട്രോളിയോടൊപ്പം ഓടുന്നു.
                 ഇടനാഴികകള്‍. 
               വളവുകള്‍ വ്യക്തമായി അറിയാം
              ട്രോളി ഏതോ റൂമില്‍ കയറി നിന്നു.
               ഡോക്ടര്‍മാര്‍ വന്നു.
               പരിശോധന തുടങ്ങി.
               സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ എഴുതിയ പേപ്പര്‍    കൊടുത്തു. ഡോക്ടര്‍ വായിക്കുന്നു.
                 പ്രഷര്‍ പരിശോധന.
                  വീണ്ടും സമയം നീണ്ടുപോയി.
                  നേരം പുലരുന്നില്ല.
                ഞാന്‍ ജനാലയില്‍ക്കൂടി പുറത്തേക്കു നോക്കി..
                 നല്ല നിലാവ്..ആകാശത്ത് നിറയെ നക്ഷത്രങ്ങള്‍.
                 എന്നോട് ഡോക്ടര്‍ എന്തൊക്കെയോ ചോദിക്കുന്നു.
                ഉത്തരം കൃത്യമായി കൊടുക്കുന്നു.
                എന്റെ വയര്‍ വീര്‍ത്തു വലുതായിരിക്കുന്നു.
                ഡോക്ടര്‍ വയറില്‍  ഞെക്കി.
                ചിലഭാഗങ്ങളില്‍ തൊടുമ്പോള്‍ ഞാന്‍ വേദന കൊണ്ട് പുളഞ്ഞു.
                 അവിടെയും പലതരം പരിശോധനകള്‍.
                  അവസാനം എന്നെ തണുപ്പുള്ള ഒരു മുറിയില്‍ കയറ്റി.
               എല്ലാപേരും പുറത്തേക്കുപോയി.
               ഞാന്‍ കണ്ണ് തുറന്നുനോക്കി.
                ചുറ്റിലും അനങ്ങുന്ന മനുഷ്യശരീരങ്ങള്‍. 
                 പച്ച വേഷം ധരിച്ച മനുഷ്യരൂപങ്ങള്‍ പലരോഗികളുടെയും സമീപം.മൂക്കില്‍ മാസ്ക് വച്ച് കെട്ടിയിട്ടുണ്ട്.
              ഞാന്‍ എവിടെയാണ്?
               കുറെ സമയം എടുത്തു.
              എനിക്ക് മനസിലായി. ഞാനിപ്പോള്‍ ഐ .സി. യു വില്‍ ആണ്. 
                എനിക്ക് സന്തോഷമായി.
            എനിക്ക് മരണത്തെപ്പറ്റി  നിശബ്ദമായി ചിന്തിക്കാം.ചുറ്റിലും ആരും ഇല്ല. ഇഷ്ട്ടംപോലെ എനിക്ക് മരണത്തെപ്പറ്റി ചിന്തിക്കാം.
         ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി.
        ഇതുവരെയുള്ള ജീവിതം...ദു:ഖവും  സന്തോഷവും ഇടകലര്‍ന്ന ജീവിതം...
               ആറുദിവസം ഞാന്‍ ഐ.സി.യു വില്‍ ഒറ്റയ്ക്ക് കിടന്നു.മരണത്തെ സ്വപ്നംകണ്ട് കിടന്നു.
                ഞാന്‍ മരണത്തെ സ്നേഹിക്കാന്‍ തുടങ്ങി.ഞാന്‍ ഭാര്യയെ മറന്നു.രണ്ടു മക്കളെ മറന്നു.എന്റെ അച്ഛനെയും അമ്മയെയും മറന്നു.സഹോദരങ്ങളെ മറന്നു.സ്നേഹിതന്മാരെയും ശത്രുക്കളെയും മറന്നു.
             എനിക്ക് മുന്നില്‍ മരണം മാത്രം.
             എന്നിലേക്ക്‌ കടക്കാന്‍ കാത്തു നിന്ന മരണത്തിനെ ഞാന്‍ കണ്ണുതുറന്നു നോക്കി കിടന്നു.
              പുറത്തു ഐ.സി.യു വിനു മുന്നില്‍ എന്റെ ഭാര്യ ആഹാരവും ഉറക്കവും ഇല്ലാതെ കാത്തുകിടക്കുന്നു.എന്നെ കൂട്ടാന്‍ വരുന്ന മരണത്തെ തടഞ്ഞുനിര്‍ത്താന്‍ അവര്‍ വാതിലിനു സമീപം കാത്തുകിടക്കുന്നു.
                     പലതരം പരിശോധനകള്‍ പുറത്തുനടക്കുന്നുണ്ടായിരുന്നു.എഴാം ദിവസം എന്നെ ട്രോളിയില്‍ ,ആശുപത്രിയുടെ ഇടനാഴിയിലൂടെ ഉരുട്ടിക്കൊണ്ടുപോയി.
                        "ഓപ്പറേഷന്‍ തിയറ്റര്‍ "
              അതിനുമുന്‍പില്‍ എന്റെ ഊഴം കാത്തു കിടന്നു 
                മണിക്കൂറുകള്‍ ഇഴഞ്ഞു നീങ്ങി.
              എന്റെ ഊഴം എത്തി. എന്നെ അകത്തേക്ക് കൊണ്ടുപോയി.
               തണുത്ത മുറി.
               എനിക്ക് തണുക്കുന്നുണ്ടായിരുന്നു.
               ചുറ്റിലും ഡോക്ടര്‍മാര്‍.
                വലിയ ലൈയിറ്റിനു ചുവട്ടിലെ മെത്തയില്‍ എന്നെക്കിടത്തി.
                ഡോക്ടര്‍മാര്‍ എന്റെ മുഖത്ത് പച്ചനിറമുള്ള തുണികൊണ്ട് മൂടി.ചരിച്ചു കിടത്തി.എന്റെ ശരീരത്തെ വളച്ചു കിടത്തി.നട്ടെല്ലില്‍ കനമുള്ള സൂചി കുത്തിയിറക്കി.
                നിമിഷങ്ങള്‍ക്കകം എന്റെ തലച്ചോറ് മരവിക്കാന്‍ തുടങ്ങി.എന്റെ കണ്ണുകള്‍ അടഞ്ഞു.
               മുറിയാകെ ഇരുട്ടിലായി.
                 ഞാന്‍  ഉറങ്ങി .
                ബോധം വരുമ്പോള്‍ ഞാന്‍ ഐ.സി.യു വില്‍ ആയിരുന്നു.
                 ഞാന്‍ മരിച്ചില്ല.
                 എന്റെ വയറിനെ ചുറ്റി വലിയൊരു കെട്ടുണ്ടായിരുന്നു.എനിക്ക് അനങ്ങാന്‍ പറ്റാത്ത അവസ്ഥ.
                 ഞാന്‍ മുകളിലേക്ക് നോക്കി കിടന്നു.
                   ചുറ്റുപാടും നോക്കി.
                  അവിടെയൊന്നും എന്നെ കൊണ്ടുപോകാന്‍ വന്ന മരണത്തെ കാണുന്നില്ല.
                     എനിക്കിപ്പോഴും വേദനയില്ല..
                       മരണം - എന്റെ മുന്നില്‍ കീഴടങ്ങി.
                      എന്നെ ഉപേക്ഷിച്ചു മരണം തിരികെപോയി.
                       ഞാന്‍ ചിരിച്ചു.
                       എനിക്ക് ചിരിക്കാന്‍ മാത്രമേ അറിയൂ..
                    എനിക്ക് സംഭവിച്ചത് .......
                   പിന്നീടു അത് ഡോക്ടര്‍മാര്‍ എന്നോട്  പറഞ്ഞു.
          "നിങ്ങളെ രക്ഷപ്പെടുത്താന്‍ എനിക്ക് കഴിയുമായിരുന്നില്ല.എങ്കിലും ഞാന്‍  ശ്രമിച്ചു.അതില്‍ ഈശ്വരന്‍ മാത്രമാണ് സഹായി.നിങ്ങളെ മരണത്തിനു വേണ്ട.
             അപ്പെന്‍ഡിസിറ്റിസ് താഴോട്ടു പഴുത്തു പൊട്ടി.നിങ്ങളുടെ വയറിലും ,ലിവറിലും ,മറ്റു ആന്തരാവയവങ്ങളിലും പഴുപ്പ് വ്യാപിച്ചിരുന്നു.കൂടെ ഹൃദയം പെട്ടന്ന് നിര്‍ത്തുന്ന ഒരു വൈറസും.ഓപ്പറേഷന്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥ..ഓപ്പറേഷന്‍ ചെയ്താലും ചെയ്തില്ലെങ്കിലും നിങ്ങള്‍ മരിക്കും. ഞാന്‍ എന്തു ചെയ്യണമെന്നറിയാതെ കുഴഞ്ഞു.
                      ഒടുവില്‍ നിങ്ങളുടെ ഭാര്യയോടും ബന്ധുക്കളോടും നിങ്ങളുടെ അവസ്ഥ പറഞ്ഞു മനസിലാക്കുകയും ,പ്രതീക്ഷ വേണ്ട എന്ന് തീര്‍ത്തുപറയുകയും ചെയ്തു. രണ്ടും കല്‍പ്പിച്ചു എന്റെ ഉത്തരവാദിത്വത്തില്‍ , നിങ്ങളുടെ ബന്ധുക്കളുടെ പൂര്‍ണ്ണസമ്മതത്തോടെ ഞാനത് ചെയ്തു.
                നിങ്ങളെ ഞാന്‍ ഓപ്പറെറ്റു ചെയ്തു.."
        അദ്ദേഹം പറഞ്ഞു നിര്‍ത്തി.
        ഞാന്‍ ദീര്‍ഘശ്വാസം വിട്ടു.
       അദ്ദേഹം കടന്നു പോയി.
         ഞാന്‍ ഈശ്വരനോട് നന്ദി പറഞ്ഞു കണ്ണടച്ചു കിടന്നു.
         അങ്ങനെ ഞാന്‍ വീണ്ടും ജീവിതത്തിലേക്ക് തിരികെ എത്തി.
          ഐ.സി.യു വില്‍ നിന്നും പുറത്തെത്തിയ ഞാന്‍ ആര്‍ത്തിയോടെ ജനല്‍പ്പഴുതിലൂടെ പ്രകൃതിയെ നോക്കി, എന്റെ ഭാര്യയേയും മക്കളെയും നോക്കി.
           അവര്‍ക്കും വിശ്വാസം തീരെ കുറവായിരുന്നു.
           4 മാസത്തിനു ശേഷം ഞാന്‍ വീണ്ടും കണ്ടു കണിക്കൊന്ന പൂത്തു നില്‍ക്കുന്ന വിഷുദിനത്തെ.......

                 
   
 
                
                 

No comments:

Post a Comment