Friday, April 1, 2011

                                     സ്നേഹഗാഥ 
       
                     "പാച്ചന്‍ തെങ്ങില്‍ നിന്നും വീണു...".
              ഭാര്യയുടെ ശബ്ദം കേട്ട് ഉറക്കത്തില്‍ നിന്നും ഞാന്‍  ചാടി എഴുന്നേറ്റു പുറത്തേക്കിറങ്ങി .
             പുറത്ത് റോഡില്‍ ചിലര്‍ അങ്ങോട്ടുമിങ്ങോട്ടും ധൃതിയില്‍  പോകുന്നു.
           ഇപ്പോള്‍ ഞാന്‍ പാച്ചന്റെ വീടിനു അല്പം അകലെയായി വാടകയ്ക്ക് താമസിക്കുകയാണ്.
             ഭാര്യ പറഞ്ഞത് ആദ്യം എനിക്ക് വിശ്വാസം വന്നില്ല.  
              കാരണം-
        ഇന്ന് ഏപ്രില്‍ ഒന്നാണ്...
         തിരികെ വീട്ടിലേക്കു കയറാന്‍ തുടങ്ങവേ പുറകില്‍ നിന്ന് ആരോ വിളിച്ചു പറയുന്നു.
                       "പാച്ചന്‍ തെങ്ങില്‍ നിന്നും വീണു.ആശുപത്രിയിലേക്ക്  കൊണ്ട് പോയി...." 
                   എന്റെ അയല്‍വാസിയും സുഹൃത്തുമായ അഭിലാഷിനെ വിളിക്കാന്‍ ഫോണ്‍ എടുക്കാനായി ഞാന്‍ അകത്തേക്ക് പോയി.
  ഫോണ്‍ ചെയ്തു.
                 അഭിലാഷിന്റെ ശബ്ദം കാതില്‍ മുഴങ്ങി..
                "പാച്ചന്‍ മരിച്ചു......"
              അഭിലാഷ് ആശുപത്രിയില്‍ നിന്നാണ് വിളിക്കുന്നത്‌.
                            ഞാന്‍ വിശ്വസിച്ചു...
               ഏപ്രില്‍ ഫൂള്‍ അല്ല...അത് സത്യമായിരുന്നു.......
                        പാച്ചന്‍ മരിച്ചിരിക്കുന്നു....
 രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഏപ്രില്‍ ഒന്നാണ് ഇന്ന്.......
           ഞാന്‍ പാച്ചനെ കുറിച്ച് ഓര്‍മ്മിക്കാന്‍ ശ്രമിക്കുകയാണ്.
           പാച്ചന്‍ ആരാണ് ?
            എനിക്ക് പറയാന്‍ പാച്ചനുമായുള്ള ബന്ധം എന്താണ്..
         അയാള്‍ മരിച്ചതില്‍ എനിക്ക് ദു:ഖമുണ്ടോ ??
            അതോ സന്തോഷമോ?
           അത് അറിയാന്‍ ഞാന്‍ പാച്ചനെ പറ്റി പറയാം.
          പാച്ചന്‍ എനിക്ക് ആരായിരുന്നു?
          പത്തുവയസ്സുള്ള എന്റെ കുട്ടിക്കാലം.അന്ന് പാച്ചനെ എനിക്ക് ഭയമായിരുന്നു.അകലെവച്ച് പോലും അയാളെ കണ്ടാല്‍ ഞാന്‍ ഓടിഒളിക്കും.
                        വീട്ടില്‍ കൂടുതല്‍ കുസൃതികാട്ടിയാല്‍ എന്റെ അമ്മുമ്മ എന്നെ ഭയപ്പെടുത്താന്‍ പറയുമായിരുന്നു,
                "അതാ പാച്ചന്‍ വരുന്നു.ഞാന്‍ ഇപ്പോള്‍ ഇങ്ങോട്ട് വിളിക്കും.."
                      ചില അനാവശ്യനിര്‍ബന്ധത്തിനു വേണ്ടി കരയുമ്പോള്‍ അമ്മുമ്മ ആവര്‍ത്തിക്കും,
                    "ഇപ്പോള്‍ പാച്ചനെ വിളിക്കും"
                   അങ്ങനെ കളിക്കുമ്പോഴും ചിരിക്കുമ്പോഴും ഉറങ്ങുമ്പോഴും എനിക്ക് മുന്നില്‍ അയാളുടെ രൂപം ഉണ്ടായിരുന്നു.
             പാച്ചനു അറിയാത്ത തൊഴില്‍ ഇല്ല.പാറചുമക്കാനും  ,സിമെന്റ് ചാക്ക് ലോറിയില്‍ നിന്ന് ചുമന്നു വീടുകളില്‍ എത്തിക്കാനും  (പാച്ചനു സൈക്കിള്‍  ഇല്ലായിരുന്നു) അയാള്‍ക്ക്‌ മടിയില്ലായിരുന്നു.ഏതുജോലിക്ക് ആര് വിളിച്ചാലും അയാള്‍ തയ്യാര്‍.
              പാച്ചന്‍ മദ്യപാനിയായിരുന്നു.
                ഞാന്‍ അയാളെ കാണുമ്പോഴെല്ലാം അയാള്‍ മദ്യത്തിന്റെ ലഹരിയില്‍ ആയിരിക്കും.അയാളെ മനസിലാക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല.അയാളുടെ പൂര്‍വ്വചരിത്രം എനിക്കറിയില്ല.
                       അയാള്‍ ഒരു വലിയ ഗുണ്ടയായിരുന്നു.
                  ആര്‍ക്കു വേണ്ടിയും കൂലിക്ക് തല്ലാന്‍ പോകും.
                    അയാള്‍ തല്ലിയിട്ടുള്ളവരെ കാണുമ്പോള്‍ എനിക്ക് അത്ഭുതമായിരുന്നു .  കാരണം- പാച്ചനു പൊക്കമില്ലായിരുന്നു.
                      ആരുകണ്ടാലും പാച്ചന്‍ ഒരു ഗുണ്ടയാണെന്നു പറയില്ല. 
                      സത്യത്തില്‍ അയാള്‍ ഗുണ്ടയാണോ?
                    പാച്ചനു ഒരു ഗുണ്ടയുടെ മുഖമല്ലായിരുന്നു.
                     അയാള്‍ക്ക് വെളുത്ത നിറമാണ്.
                   പാച്ചന്‍ സുന്ദരനാണ്...
                    എന്നിട്ടും അയാള്‍ ഗുണ്ടയായി.............
             ഒരിക്കല്‍ എന്റെ അപ്പുപ്പന് ഉച്ചക്ക് ചോറുമായി (അപ്പുപ്പന്‍ വീടിനു കുറച്ചകലെ ഉള്ള  വയലില്‍ ജോലി ചെയുകയായിരുന്നു) വയല്‍ വരമ്പിലൂടെ നടന്നു പോകവേ ,പെട്ടന്ന് എതിരേ പാച്ചന്‍ നടന്നു വരുന്നു.
                     എനിക്ക് കണ്ണില്‍ ഇരുട്ട് കയറി.ഓടാന്‍ ശക്തിയില്ല.ഭൂമി വട്ടം കറങ്ങുന്നതായി എനിക്ക് തോന്നി.
                                  എന്റെ നെഞ്ചില്‍ നിന്നും ജീവന്‍ പറന്നു പോകുന്നത് ഞാന്‍ അറിഞ്ഞു .
                       വീതികുറഞ്ഞ  വയല്‍ വരമ്പില്‍ ഞെരുങ്ങി ഞങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും നീങ്ങി.   
                  പാച്ചന്റെ കാലുകള്‍ നിലത്തു ഉറയ്ക്കുന്നില്ലായിരുന്നു.അയാളുടെ ശരീരത്തിലും ശ്വാസത്തിനും മദ്യത്തിന്റെ തീഷ്ണ ഗന്ധം.. 
                  പെട്ടന്ന് പാച്ചന്റെ ശബ്ദം എന്റെ കാതില്‍ മുഴങ്ങി.
             "നീ കുഞ്ഞന്പിള്ളമാമന്റെ ചെറുമകനാണ് ,അല്ലേ ?
               ഞാന്‍ തിരിഞ്ഞു നിന്നു.എന്റെ നാവു പൊങ്ങിയില്ല.അതെ എന്ന ഭാവത്തില്‍ ഞാന്‍ തലയാട്ടി.
                   "എന്താ നിന്റെ പേര്?"
                     ഞാന്‍ വിറയലോടെ പേര് പറഞ്ഞു.
                    "സ്കൂള്‍ അടച്ചു അല്ലേ? ഇനി രണ്ടു മാസം കളിച്ചു നടക്കാമല്ലോ..."
                    അയാള്‍ ചിരിച്ചു കടന്നു പോയി..
               അയാളുടെ വെളുത്ത മുഖം വെയില്‍ കൊണ്ട് കൂടുതല്‍ ചുവന്നിരുന്നു..
                    ഈശ്വരാ...........ഞാന്‍ അറിയാതെ വിളിച്ചു..
            അപ്പുപ്പനോട് ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു.
             അപ്പുപ്പന്‍ ചിരിച്ചു.
           "അവന്‍ നല്ലവനാണ്...പാവമാണ്...നമ്മളെ അവന്‍ ഒന്നും പറയില്ല..മോന്‍ അവനെ പേടിക്കണ്ട.."
           അപ്പുപ്പന്‍ പറഞ്ഞത് സത്യമായിരുന്നു.
               അതിനു ശേഷം എനിക്ക് പാച്ചനെ പേടിയില്ലായിരുന്നു.എല്ലാപേരും കാണാന്‍ വേണ്ടി ഞാന്‍ പാച്ചന്റെ സമീപത്തൂടെ ധൈര്യത്തോടെ  നടന്നു പോകുമായിരുന്നു..
              അയാളെ നോക്കി ചിരിക്കാന്‍ ശ്രമിക്കുമായിരുന്നു.
           അമ്മുമ്മ ഇപ്പോള്‍ പാച്ചന്റെ പേര് പറഞ്ഞു എന്നെ പേടിപ്പെടുത്താറില്ല.
                  എങ്കിലും അടിപിടിയും മദ്യപാനവുമായി  പാച്ചന്റെ ജീവിതം മുന്നോട്ടുപോയി.
               പാച്ചന്‍ ഒരു ദളിത്‌ യുവതിയെ  തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചു.
                     പാച്ചനെ ആരോ ഒളിച്ചിരുന്ന് വെട്ടി.
               ഇപ്പോള്‍ തലയില്‍ പന്ത്രണ്ടു തയ്യലുമായി ആശുപത്രിയില്‍ കിടക്കുന്നു.
                       പാച്ചന്‍ കൂലിപ്പണി നിര്‍ത്തി.
               ഇപ്പോള്‍ നാട്ടിലെ ഒരു വലിയ ജന്മിയുടെ 'ഡ്രില്ലര്‍ '  ഓടിക്കുന്ന ഡ്രൈവര്‍ ആണ്.
                    ഇങ്ങനെ ഓരോ വാര്‍ത്തയും ഞാന്‍ ശ്രദ്ധയോടെ കേള്‍ക്കാറുണ്ട്.
        പാച്ചനെപ്പറ്റി എന്ത് കേള്‍ക്കുന്നതും എനിക്കിഷ്ട്ടമാണ്. 
        എനിക്ക് പാച്ചനോട് ഇപ്പോള്‍ വലിയ സ്നേഹമാണ്.
       എന്റെ മനസ്സില്‍ അയാള്‍ വളരുകയായിരുന്നു.
      
     വര്‍ഷങ്ങള്‍ കഴിഞ്ഞു.എന്റെ സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞു.മുന്നോട്ടു പഠിക്കാന്‍ നിവര്ത്തിയില്ല.കുടുംബഭാരം കാരണം ഞാന്‍ ഇപ്പോള്‍ നാട്ടിലെ ഒരു സ്കൂളിന്റെ മുന്നില്‍ മുറുക്കാന്കട നടത്തുകയാണ്. 
             സ്കൂളില്‍ എല്ലാ വര്‍ഷവും നടത്താറുള്ള തിരഞ്ഞെടുപ്പ് അടുത്തു.സ്കൂളിന്റെ പരിസരം വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിതോരണങ്ങള്‍ കൊണ്ട് നിറഞ്ഞു. കൂടെ ചെറിയ ചെറിയ സംഘര്‍ഷങ്ങളും.
                         സ്കൂളിലെ  എസ്.എഫ് .ഐ യുടെ നേതാവാണ്‌ ധര്‍മ്മരാജന്‍.
                   ആ വര്ഷം ധര്‍മ്മരാജന്‍ ജയിച്ചു.
                   വിജയാഘോഷം കഴിഞ്ഞു എല്ലാപേരും പിരിഞ്ഞുപോയി.
      സമയം ഉച്ച കഴിഞ്ഞു രണ്ടുമണി.
     ഞാന്‍ ഊണുകഴിഞ്ഞു കടയ്ക്കുപുറത്ത്  നില്‍ക്കുകയായിരുന്നു.
        ധര്‍മ്മരാജന്‍ അകലെ നിന്നും ഓടിവരുന്നത്‌ ഞാന്‍ കണ്ടു. അവന്‍ ഒറ്റക്കായിരുന്നു.
               പുറകെ വാളും കത്തിയുമായി കുറെപേര്‍.    
                 അവന്‍ ഓടി എന്റെ സമീപം എത്തി.
            എന്താണ് കാര്യം എന്ന് അന്വേഷിക്കും മുന്‍പ് തന്നെ അവന്‍  എന്റെ കടക്കുള്ളിലേക്കു കയറി ,അലമാരയുടെ പുറകില്‍ ഒളിച്ചു നിന്നു.ഞാനും അവനോടൊപ്പം കടയിലേക്ക് കയറി.അകത്തു നിന്നും ധര്മ്മരാജന്റെ അടക്കിപ്പിടിച്ച ശബ്ദം ഒരു കരച്ചിലായി എന്റെ ചെവിയിലെത്തി.
                           "ചേട്ടാ ..........അവര്‍ എന്നെ കൊല്ലും..എന്നെ അവര്‍ക്ക് വിട്ടുകൊടുക്കരുതേ......."
                            വാളും കത്തിയുമായി വന്നവര്‍ കടയുടെ മുന്നില്‍ നിന്നു.ഞാന്‍ എന്ത് ചെയ്യണമെന്നു അറിയാതെ ശ്വാസമടക്കിപ്പിടിച്ചു നിന്നു.എനിക്കെന്തു ചെയ്യണമെന്നു ഒരു രൂപവുമില്ല.
                    വന്നവരുടെ സംഘത്തിന്റെ മുന്നില്‍ വലിയൊരു വാളുമായി പാച്ചന്‍. 
              എനിക്ക് തലകറങ്ങുന്നത് പോലെ തോന്നി.
      "അവന്‍ എവിടെ ?അവനെ പുറത്തേക്ക്  ഇറക്കി വിടൂ.."
                പാച്ചന്‍ അലറുകയായിരുന്നു.
              എന്റെ കൈകാലുകള്‍ വിറച്ചു.
              ഞാന്‍ പാച്ചനെ നോക്കി.
            അയാളുടെ മുഖം ചുവന്നിരുന്നു.
           കണ്ണുകള്‍ കലങ്ങി ചുവന്നു തുറിച്ചു നിന്നു.
        ലുങ്കിമാത്രം ഉടുത്തിരുന്ന  അയാളുടെ അര്‍ദ്ധനഗ്നശരീരത്തില്‍ നിന്നും വിയര്‍പ്പു ഒഴുകുന്നുണ്ടായിരുന്നു .
                             അന്നുവരെ പാച്ചന്‍ എന്ന് മാത്രം  വിളിച്ചിരുന്ന ഞാന്‍ അയാളെ ആദ്യമായി "ചേട്ടാ"എന്നു വിളിച്ചു.
                   അയാള്‍ എന്റെ ശബ്ദം  ശ്രദ്ധിക്കാതെ കടയുടെ ഉള്ളിലേക്ക് കയറാന്‍  തുടങ്ങി.
              ഞാന്‍ ധൈര്യം വീണ്ടെടുത്തു.എന്തും വരട്ടെ എന്നു ഉള്ളില്‍  ഉറപ്പിച്ചു പാച്ചന്റെ കൈകളില്‍ പിടിച്ചു നിര്‍ത്തി.
                      "എന്റെ കടയില്‍ കയറി അഭയം തേടിയവനാണ് അവന്‍.നിങ്ങള്‍ അവനെ എന്തെങ്കിലും ചെയ്യുന്നതിന്  മുന്‍പ് എന്നെ എന്തു വേണമെങ്കിലും ചെയ്തോളു.ഞാന്‍ അവനെ പുറത്തിക്കിയാല്‍            നിങ്ങള്‍ എന്തുചെയ്യുമെന്ന് എനിക്കറിയാം.പിന്നെ ഞാന്‍ ജീവിച്ചിരുന്നിട്ട് അര്‍ഥമില്ല..അവനു എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാല്‍ പിന്നീടുള്ള എന്റെ ജീവിതം  സമാധാനത്തോടെയുള്ളതായിരിക്കില്ല.നിങ്ങള്ക്ക് അവനില്‍ നിന്നും എന്തു അറിയണമെങ്കിലും അത്  പറഞ്ഞു തരാന്‍  ഞാന്‍ അവനോടു പറയാം.
അവനെ ഒന്നും ചെയ്യരുത്.അവനുവേണ്ടി ഞാന്‍ നിങ്ങളുടെ കാലു പിടിക്കാം."
                 പാച്ചന്‍ എന്നെ രൂക്ഷമായി നോക്കി.അയാള്‍ കാലുകള്‍ പുറകിലോട്ടു വച്ചു.
               അപ്പോഴും പാച്ചനു പുറകില്‍ നില്‍ക്കുന്നവര്‍ ഉറക്കെ അലറുന്നുണ്ടായിരുന്നു.
                  " അവനെ ഇറക്കി വിടൂ...അവന്റെ കണക്കു തീര്‍ക്കട്ടെ..."
                പാച്ചന്‍ തിരിഞ്ഞു നിന്നു എല്ലാപേരോടും നിശബ്തരാകാന്‍  ആവശ്യപ്പെട്ടു.
                          എല്ലാപേരും നിശബ്തരായി.
 പാച്ചന്‍ എന്നോടായി പറഞു,
   "അവനെ ഇറക്കി വിടൂ.ഒന്നും ചെയ്യില്ല....ഞാനാണ് പറയുന്നത് ." 
        എനിക്ക് പാച്ചനെ വിശ്വാസമായിരുന്നു.
        ഞാന്‍ ധര്‍മ്മരാജനെ പുറത്തേക്ക് കൊണ്ട് വന്നു.
         പാച്ചന്‍ അവനോടു എന്തൊക്കെയോ ചോദിച്ചു.
                 അവന്‍ വിറക്കുണ്ടായിരുന്നു.
              എങ്കിലും എല്ലാ ചോദ്യങ്ങള്‍ക്കും അവന്‍ മറുപടി പറഞ്ഞു.
            രണ്ടു ദിവസം മുന്‍പ് പാച്ചന്റെ സംഘത്തിലുള്ള ചിലരെ  എസ്.എഫ് .ഐ ക്കാര്‍ മര്‍ദ്ദിച്ചിരുന്നു.അവര്‍ എവിടെ എന്നു യാതൊരു അറിവുമില്ല.എന്നാല്‍ ധര്‍മ്മരാജന് അറിയാം.അത്  അറിയുവാന്‍  വേണ്ടിയാണ് പാച്ചന്‍ വന്നത്.
                  സമയം ഇഴഞ്ഞു നീങ്ങി.
              പാച്ചന്‍ എന്നെ ഒന്നുകൂടെ നോക്കി..വന്നവരുമായി അദ്ദേഹം തിരികെ പോയി.
                 എനിക്ക് ജീവന്‍ തിരിച്ചു കിട്ടി.
                 എനിക്ക് മാത്രമല്ല,ധര്മ്മരാജനും..
               ഇപ്പോള്‍ എനിക്ക് കിട്ടിയ ജീവിതം പാച്ചന്‍ അനുവദിച്ചു തന്നതാണ്.
              ആ പാച്ചനാണ് തെങ്ങില്‍ നിന്നും വീണു മരിച്ചത്.
               എനിക്ക് ഇപ്പോഴും സങ്കടമോ,സന്തോഷമോ ഇല്ല..
               എനിക്ക് പാച്ചനെ ഇഷ്ട്ടമായിരുന്നു .
           രണ്ടു വര്‍ഷത്തിനു മുന്‍പുള്ള ഒരു ഏപ്രില്‍ ഒന്നിനാണ് പാച്ചന്‍ മരിച്ചത്...
              പാച്ചനു മൂന്നു മക്കളുണ്ടായിരുന്നു.
             പാച്ചന്റെ ഭാര്യ ഇപ്പോള്‍ രോഗിയാണ്.
                    പാച്ചന്റെ മൂത്ത മകളെ അന്യമതത്തില്‍ പെട്ട ഒരു ചെറുപ്പക്കാരന്‍ വിവാഹം കഴിച്ചു.
               ഒരു അവധി ദിവസം ഞാന്‍ വീട്ടില്‍ ഇരിക്കവേ ,പാച്ചന്റെ ഭാര്യയും രണ്ടുപെന്മക്കളും എന്റെ  അടുത്തേക്ക് വന്നു.ഞാനവരെ വീട്ടിനകത്ത് കയറ്റി ഇരുത്തി.
                   പാച്ചന്റെ ഭാര്യ വളരെ ക്ഷീണിതയും രോഗിയുമുണ്ടായിരുന്നു.അയാളുടെ  മരണശേഷം വീട്ടില്‍ ദാരിദ്രമാണ്.പലദിവസങ്ങളിലും അവര്‍  പട്ടിണിയിലാണ്.മക്കള്‍ക്ക്‌ എന്തെങ്കിലും ചെറിയജോലി വാങ്ങി കൊടുക്കാന്‍ സഹായിക്കണം.വേറെ  ഒരു നിവര്‍ത്തിയും ഇല്ല.അതിനായാണ് അവര്‍ വന്നത്.
                "ഞാന്‍ ശ്രമിക്കാം" എന്നു മാത്രം പറഞ്ഞു അവരെ യാത്രയാക്കി.
                  എന്റെ  മനസ്സില്‍ പാച്ചന്റെ രൂപം തെളിഞ്ഞു നിന്നു.
                പാച്ചനു എന്നെ ഇഷ്ട്ടമായിരുന്നില്ലേ?
                 ഞാന്‍ അന്നുണ്ടായ സംഭവം ഒരിക്കല്‍ കൂടെ ഓര്‍മ്മിച്ചു.. .
                എന്നെ രക്ഷിച്ചവനല്ലേ അയാള്‍ ...?
               തീര്‍ച്ചയായും..
               തീര്‍ച്ചയായും.. പാച്ചനു എന്നെ ഇഷ്ട്ടമായിരുന്നു.
             അല്ലെങ്കില്‍ അന്ന് ആ ആവേശത്തില്‍ എന്റെ ജീവന്‍ പാച്ചനു എടുക്കാമായിരുന്നു.
                അയാള്‍ അത് ചെയ്തില്ല.
           അയാള്‍ക്ക്‌ വേണ്ടി ഞാന്‍ എന്തെങ്കിലും ചെയ്യണ്ടേ? 
               പാച്ചന്റെ ഭാര്യയേയും മക്കളെയും രക്ഷിക്കണം എന്നു എനിക്ക് തോന്നി.
                                    ആരോട് പറയാന്‍?
        എനിക്ക് അറിയാവുന്ന പലരെയും ഞാന്‍ ഓര്‍മ്മിക്കാന്‍ ശ്രമിച്ചു. പലരുടെയും രൂപങ്ങള്‍ എന്റെ ഓര്‍മ്മയിലൂടെ കടന്നു പോയി.
                   പെട്ടന്നാണ് എന്റെ മനസ്സില്‍ ആ രൂപം തെളിഞ്ഞത്.
                                    'ധര്‍മ്മരാജന്‍...'
                എന്നെപ്പോലെ,പാച്ചനില്‍ നിന്നും ജീവിതം 
                        തിരികെ കിട്ടിയ  - ധര്‍മ്മരാജന്‍ ........
               അന്നത്തെ സംഭവത്തിനു ശേഷം ധര്‍മ്മരാജന് എന്നോട്  അതിയായ സ്നേഹവും ബഹുമാനവും ആണ്. 
          അവനിപ്പോള്‍ വലിയ പണക്കാരനാണ്.
          അവനിപ്പോള്‍ രാഷ്ട്രീയക്കാരനല്ല, 
         പഴയ കമ്മ്യുനിസ്ട്ടുകാരനുമല്ല  ....
         കൂടുതലും നടന്നു പോകാറുള്ള എന്നെ പലപ്പോഴും അവന്റെ വാഹനത്തില്‍ കയറ്റി എനിക്ക് പോകേണ്ട സ്ഥലത്ത് കൊണ്ടുവിടാറുണ്ട്.
        എപ്പോള്‍ കണ്ടാലും അവന്‍ എന്നോടും അപ്പോള്‍ കൂടെ ഉള്ളവരോടും പറയുമായിരുന്നു,
                     "എന്റെ ജീവന്‍ രക്ഷിച്ച ആളാണ്‌- എന്റെ കാണപ്പെട്ട ദൈവമാണ്..."
                      ധര്‍മ്മരാജന്‍  ഇപ്പോള്‍  വലിയ ബിസ്സിനസ്സുകാരനാണ്.
              അയാള്‍ സ്വന്തമായി അച്ചാര്‍ കമ്പനി നടത്തുകയാണ്.
         ഒരിക്കല്‍ അവന്‍ എന്നോട് അതിനെപ്പറ്റി പറഞ്ഞിരുന്നു.കൂട്ടത്തില്‍ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അറിയിക്കാന്‍ മടിക്കണ്ട എന്നും..
           അന്‍പതോളം ജോലിക്കാര്‍ (സ്ത്രീകളും പെണ്‍കുട്ടികളും)അവിടെ ജോലി ചെയുന്നു.
            ഇരുപത്തിയാറു ഇനത്തില്‍ പരം അച്ചാറുകളും വിവിധതരം ജാമുകളും അവന്‍ സ്വന്തമായി നിര്‍മ്മിച്ച്‌ പുറത്ത് വിതരണം ചെയുന്നു.അവനെ കാണാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു...
              ഞാന്‍ അവനെ കാണാന്‍ പോയി.
             പാച്ചന്റെ കഥയും മക്കളുടെ ദുരിതവും വിശദമായി പറഞ്ഞു...
             ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട അവനു അവരെ സഹായിക്കാന്‍ സന്തോഷമായിരുന്നു.
           എന്തു സഹായം ചെയ്യാനും ധര്‍മ്മരാജന്‍ തയ്യാറായിരുന്നു.
            അവന്‍ അവര്‍ക്ക് അവിടെ ജോലി കൊടുത്തു..
             

                രണ്ടു വര്ഷം കഴിഞ്ഞുള്ള ഏപ്രില്‍ ഒന്ന്.....
                ഞാന്‍ പാച്ചനെ ഓര്‍മ്മിക്കുന്നു ...
                ഇന്ന് മാത്രമല്ല ...........എന്നും................
            

              
                 
                       

             
               
               
              
                      
                             
             
                
        
                                          
    

No comments:

Post a Comment