Friday, April 29, 2011

                               മരണത്തിനു മുന്നില്‍.......
        
       2005 
  നവംബറിലെ  ഒരു തണുത്ത പ്രഭാതം.തലേന്ന് രാത്രിയില്‍ വയറുവേദന  ഉണ്ടായിരുന്നു..അത്രകാര്യമാക്കിയില്ല.
           ഉറക്കമില്ലായിരുന്നു.
         രാവിലെ വേദന കൂടി.
         വേദന അസ്വസ്ഥമായി.
പ്രിയ സുഹൃത്തിനെ .. അല്ല... സഹോദരനെപ്പോലെ  സ്നേഹിക്കുന്ന അവനെ ഭാര്യയെകൊണ്ട് ഫോണ്‍ ചെയ്യിച്ചു.
        അവന്‍ വന്നു ,കൂടെ മറ്റൊരു സുഹൃത്തും.കാറുമായിട്ടാണ് അവര്‍ വന്നത്.  
                   വാടക കാര്‍ .
       ഞാന്‍ വേദനകൊണ്ടു പുളഞ്ഞു.
       കാറില്‍ കയറി...ആശുപത്രിയിലേക്ക്...
       കുറച്ചകലെയുള്ള സ്വകാര്യആശുപത്രിയില്‍. 
      ചികിത്സ തുടങ്ങി..
     രക്തം പരിശോധിച്ചു .മലം,മൂത്രം എന്നിവ പരിശോധിച്ചു.
      പലതരം സ്ക്യാനിംഗ്.
       ഡോക്ടര്‍ വീട്ടിലിരുന്നു ചികിത്സ പറയുന്നു.കൊച്ചുഡോക്ടര്‍ അനുസരിക്കുന്നു.    
         എനിക്ക് വേദന കൂടുന്നു....
         സമയം ഉച്ചയായി , വൈകുന്നേരമായി ,രാത്രിയായി.
         പ്രഷര്‍ പരിശോധന തകൃതിയായി നടക്കുന്നു.
         മിനിട്ടുകള്‍ കഴിയുന്തോറും പ്രഷര്‍ പരിശോധന.
         പ്രഷര്‍ കുറയുന്നു എന്നുപറയുന്നത് ഞാന്‍ കേള്‍ക്കുന്നു.
         ഞാനറിയുന്നു......എന്റെമുന്നില്‍ മരണം വരുന്നു.....
         കൊച്ചുഡോക്ടര്‍ വലിയഡോക്ടറോട് പറയുന്നു.വലിയ ഗൗരവമായി.
           എനിക്ക് മനസിലാകുന്നു.
           ഓര്‍മ്മയുണ്ട് നല്ലതുപോലെ. വേദന അതികഠിനം  .
 ഞാന്‍ പറഞ്ഞു,
         "ഡോക്ടര്‍ ,ഞാന്‍ മരിക്കുമെന്നു അറിയാമെങ്കില്‍ എന്നെ ഉടന്‍ വീട്ടിലേക്കു വിടണം.ഇവിടെക്കിടന്നു മരിക്കാന്‍ എന്നെ അനുവദിക്കരുത്..."
            ഡോക്ടര്‍ വലിയഡോക്ടറെ വിവരം അറിയിച്ചു.
           കൊച്ചുഡോക്ടര്‍ സ്നേഹത്തോടെ എന്നെ ശാസിക്കുന്നു.
           നിമിഷങ്ങള്‍ ഇഴയുന്നു..
           അവസാനം ഉത്തരവ് വന്നു.
          വീട്ടിലേക്കല്ല ...മെഡിക്കല്‍കോളേജിലേക്ക്...    
         വന്‍തുക ബില്ലടച്ചു.    
           പുറത്തു ഏതോ സിനിമയില്‍ പറഞ്ഞതുപോലെ നിലവിളിക്കുന്ന വാഹനം തയ്യാറായി.എന്നെ എടുത്തു കിടത്തി.
                മൂക്കില്‍ ഓക്സിജന്‍ ട്യൂബ് .ആരോ ഒരാള്‍ എന്റെ തലയ്ക്കല്‍ ഇരുന്നു പിടിച്ചിരിക്കുന്നു.
                നിലവിളിയോടെ വാഹനം ഓടാന്‍ തുടങ്ങി.
                  ഓര്‍മ്മ നശിച്ചിട്ടില്ല.
                  മലര്‍ന്നുകിടക്കുന്ന എനിക്ക് കാണാം .വഴിയരികിലെ കടകളിലെയും ,റോഡുകളിലെയും മിന്നുന്ന പ്രകാശം .പേരെഴുതിയ ബോര്‍ഡുകള്‍ ..
              എന്റെ മരണം ഉടനെ ഉണ്ടാകും..
                എനിക്കുറപ്പായി.
                 ഞാന്‍ ചിരിച്ചു.
          പൂമുഖത്തു വെള്ളക്കോടിയില്‍  പുതച്ചു കിടക്കുന്നു.
               തലയ്ക്കല്‍ നിലവിളക്ക് .
              ചുവട്ടില്‍, മുറിച്ച തേങ്ങയില്‍ ,എള്ളുകിഴികെട്ടി,വെളിച്ചെണ്ണയില്‍ കത്തിച്ചു വച്ചിരിക്കുന്നു.
             ചുറ്റിലും ആളുകള്‍, ബന്ധുക്കള്‍ ,അയല്‍ക്കാര്‍, സ്നേഹിതര്‍.
             ചിലര്‍ റീത്തുമായി വരുന്നു. ചിലര്‍ ഉള്ളില്‍ ചിരിക്കുന്നു. ചിലര്‍ കരയുന്നു. മറ്റുചിലര്‍ക്ക് വിഷാദഭാവം .
              രാത്രി വൈകിയാണ് മരണമെന്ന് ഞാന്‍ ഊഹിച്ചു.
              വാഹനത്തിന്റെ ശബ്ദം നിലച്ചു. മെഡിക്കല്‍കോളേജിലെ അത്യാഹിതവിഭാഗത്തിന്റെ മുന്നില്‍.
                 ഡോര്‍ തുറന്നു ,എന്നെ നാലുപേര്‍ ചുമന്നു അകത്തു കയറ്റി.ട്രോളിയില്‍ കിടത്തി.ട്രോളി നീങ്ങി.ട്രോളിയുടെ ഇരുവശത്തും കൂടെയുള്ളവര്‍.അവരും ട്രോളിയോടൊപ്പം ഓടുന്നു.
                 ഇടനാഴികകള്‍. 
               വളവുകള്‍ വ്യക്തമായി അറിയാം
              ട്രോളി ഏതോ റൂമില്‍ കയറി നിന്നു.
               ഡോക്ടര്‍മാര്‍ വന്നു.
               പരിശോധന തുടങ്ങി.
               സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ എഴുതിയ പേപ്പര്‍    കൊടുത്തു. ഡോക്ടര്‍ വായിക്കുന്നു.
                 പ്രഷര്‍ പരിശോധന.
                  വീണ്ടും സമയം നീണ്ടുപോയി.
                  നേരം പുലരുന്നില്ല.
                ഞാന്‍ ജനാലയില്‍ക്കൂടി പുറത്തേക്കു നോക്കി..
                 നല്ല നിലാവ്..ആകാശത്ത് നിറയെ നക്ഷത്രങ്ങള്‍.
                 എന്നോട് ഡോക്ടര്‍ എന്തൊക്കെയോ ചോദിക്കുന്നു.
                ഉത്തരം കൃത്യമായി കൊടുക്കുന്നു.
                എന്റെ വയര്‍ വീര്‍ത്തു വലുതായിരിക്കുന്നു.
                ഡോക്ടര്‍ വയറില്‍  ഞെക്കി.
                ചിലഭാഗങ്ങളില്‍ തൊടുമ്പോള്‍ ഞാന്‍ വേദന കൊണ്ട് പുളഞ്ഞു.
                 അവിടെയും പലതരം പരിശോധനകള്‍.
                  അവസാനം എന്നെ തണുപ്പുള്ള ഒരു മുറിയില്‍ കയറ്റി.
               എല്ലാപേരും പുറത്തേക്കുപോയി.
               ഞാന്‍ കണ്ണ് തുറന്നുനോക്കി.
                ചുറ്റിലും അനങ്ങുന്ന മനുഷ്യശരീരങ്ങള്‍. 
                 പച്ച വേഷം ധരിച്ച മനുഷ്യരൂപങ്ങള്‍ പലരോഗികളുടെയും സമീപം.മൂക്കില്‍ മാസ്ക് വച്ച് കെട്ടിയിട്ടുണ്ട്.
              ഞാന്‍ എവിടെയാണ്?
               കുറെ സമയം എടുത്തു.
              എനിക്ക് മനസിലായി. ഞാനിപ്പോള്‍ ഐ .സി. യു വില്‍ ആണ്. 
                എനിക്ക് സന്തോഷമായി.
            എനിക്ക് മരണത്തെപ്പറ്റി  നിശബ്ദമായി ചിന്തിക്കാം.ചുറ്റിലും ആരും ഇല്ല. ഇഷ്ട്ടംപോലെ എനിക്ക് മരണത്തെപ്പറ്റി ചിന്തിക്കാം.
         ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി.
        ഇതുവരെയുള്ള ജീവിതം...ദു:ഖവും  സന്തോഷവും ഇടകലര്‍ന്ന ജീവിതം...
               ആറുദിവസം ഞാന്‍ ഐ.സി.യു വില്‍ ഒറ്റയ്ക്ക് കിടന്നു.മരണത്തെ സ്വപ്നംകണ്ട് കിടന്നു.
                ഞാന്‍ മരണത്തെ സ്നേഹിക്കാന്‍ തുടങ്ങി.ഞാന്‍ ഭാര്യയെ മറന്നു.രണ്ടു മക്കളെ മറന്നു.എന്റെ അച്ഛനെയും അമ്മയെയും മറന്നു.സഹോദരങ്ങളെ മറന്നു.സ്നേഹിതന്മാരെയും ശത്രുക്കളെയും മറന്നു.
             എനിക്ക് മുന്നില്‍ മരണം മാത്രം.
             എന്നിലേക്ക്‌ കടക്കാന്‍ കാത്തു നിന്ന മരണത്തിനെ ഞാന്‍ കണ്ണുതുറന്നു നോക്കി കിടന്നു.
              പുറത്തു ഐ.സി.യു വിനു മുന്നില്‍ എന്റെ ഭാര്യ ആഹാരവും ഉറക്കവും ഇല്ലാതെ കാത്തുകിടക്കുന്നു.എന്നെ കൂട്ടാന്‍ വരുന്ന മരണത്തെ തടഞ്ഞുനിര്‍ത്താന്‍ അവര്‍ വാതിലിനു സമീപം കാത്തുകിടക്കുന്നു.
                     പലതരം പരിശോധനകള്‍ പുറത്തുനടക്കുന്നുണ്ടായിരുന്നു.എഴാം ദിവസം എന്നെ ട്രോളിയില്‍ ,ആശുപത്രിയുടെ ഇടനാഴിയിലൂടെ ഉരുട്ടിക്കൊണ്ടുപോയി.
                        "ഓപ്പറേഷന്‍ തിയറ്റര്‍ "
              അതിനുമുന്‍പില്‍ എന്റെ ഊഴം കാത്തു കിടന്നു 
                മണിക്കൂറുകള്‍ ഇഴഞ്ഞു നീങ്ങി.
              എന്റെ ഊഴം എത്തി. എന്നെ അകത്തേക്ക് കൊണ്ടുപോയി.
               തണുത്ത മുറി.
               എനിക്ക് തണുക്കുന്നുണ്ടായിരുന്നു.
               ചുറ്റിലും ഡോക്ടര്‍മാര്‍.
                വലിയ ലൈയിറ്റിനു ചുവട്ടിലെ മെത്തയില്‍ എന്നെക്കിടത്തി.
                ഡോക്ടര്‍മാര്‍ എന്റെ മുഖത്ത് പച്ചനിറമുള്ള തുണികൊണ്ട് മൂടി.ചരിച്ചു കിടത്തി.എന്റെ ശരീരത്തെ വളച്ചു കിടത്തി.നട്ടെല്ലില്‍ കനമുള്ള സൂചി കുത്തിയിറക്കി.
                നിമിഷങ്ങള്‍ക്കകം എന്റെ തലച്ചോറ് മരവിക്കാന്‍ തുടങ്ങി.എന്റെ കണ്ണുകള്‍ അടഞ്ഞു.
               മുറിയാകെ ഇരുട്ടിലായി.
                 ഞാന്‍  ഉറങ്ങി .
                ബോധം വരുമ്പോള്‍ ഞാന്‍ ഐ.സി.യു വില്‍ ആയിരുന്നു.
                 ഞാന്‍ മരിച്ചില്ല.
                 എന്റെ വയറിനെ ചുറ്റി വലിയൊരു കെട്ടുണ്ടായിരുന്നു.എനിക്ക് അനങ്ങാന്‍ പറ്റാത്ത അവസ്ഥ.
                 ഞാന്‍ മുകളിലേക്ക് നോക്കി കിടന്നു.
                   ചുറ്റുപാടും നോക്കി.
                  അവിടെയൊന്നും എന്നെ കൊണ്ടുപോകാന്‍ വന്ന മരണത്തെ കാണുന്നില്ല.
                     എനിക്കിപ്പോഴും വേദനയില്ല..
                       മരണം - എന്റെ മുന്നില്‍ കീഴടങ്ങി.
                      എന്നെ ഉപേക്ഷിച്ചു മരണം തിരികെപോയി.
                       ഞാന്‍ ചിരിച്ചു.
                       എനിക്ക് ചിരിക്കാന്‍ മാത്രമേ അറിയൂ..
                    എനിക്ക് സംഭവിച്ചത് .......
                   പിന്നീടു അത് ഡോക്ടര്‍മാര്‍ എന്നോട്  പറഞ്ഞു.
          "നിങ്ങളെ രക്ഷപ്പെടുത്താന്‍ എനിക്ക് കഴിയുമായിരുന്നില്ല.എങ്കിലും ഞാന്‍  ശ്രമിച്ചു.അതില്‍ ഈശ്വരന്‍ മാത്രമാണ് സഹായി.നിങ്ങളെ മരണത്തിനു വേണ്ട.
             അപ്പെന്‍ഡിസിറ്റിസ് താഴോട്ടു പഴുത്തു പൊട്ടി.നിങ്ങളുടെ വയറിലും ,ലിവറിലും ,മറ്റു ആന്തരാവയവങ്ങളിലും പഴുപ്പ് വ്യാപിച്ചിരുന്നു.കൂടെ ഹൃദയം പെട്ടന്ന് നിര്‍ത്തുന്ന ഒരു വൈറസും.ഓപ്പറേഷന്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥ..ഓപ്പറേഷന്‍ ചെയ്താലും ചെയ്തില്ലെങ്കിലും നിങ്ങള്‍ മരിക്കും. ഞാന്‍ എന്തു ചെയ്യണമെന്നറിയാതെ കുഴഞ്ഞു.
                      ഒടുവില്‍ നിങ്ങളുടെ ഭാര്യയോടും ബന്ധുക്കളോടും നിങ്ങളുടെ അവസ്ഥ പറഞ്ഞു മനസിലാക്കുകയും ,പ്രതീക്ഷ വേണ്ട എന്ന് തീര്‍ത്തുപറയുകയും ചെയ്തു. രണ്ടും കല്‍പ്പിച്ചു എന്റെ ഉത്തരവാദിത്വത്തില്‍ , നിങ്ങളുടെ ബന്ധുക്കളുടെ പൂര്‍ണ്ണസമ്മതത്തോടെ ഞാനത് ചെയ്തു.
                നിങ്ങളെ ഞാന്‍ ഓപ്പറെറ്റു ചെയ്തു.."
        അദ്ദേഹം പറഞ്ഞു നിര്‍ത്തി.
        ഞാന്‍ ദീര്‍ഘശ്വാസം വിട്ടു.
       അദ്ദേഹം കടന്നു പോയി.
         ഞാന്‍ ഈശ്വരനോട് നന്ദി പറഞ്ഞു കണ്ണടച്ചു കിടന്നു.
         അങ്ങനെ ഞാന്‍ വീണ്ടും ജീവിതത്തിലേക്ക് തിരികെ എത്തി.
          ഐ.സി.യു വില്‍ നിന്നും പുറത്തെത്തിയ ഞാന്‍ ആര്‍ത്തിയോടെ ജനല്‍പ്പഴുതിലൂടെ പ്രകൃതിയെ നോക്കി, എന്റെ ഭാര്യയേയും മക്കളെയും നോക്കി.
           അവര്‍ക്കും വിശ്വാസം തീരെ കുറവായിരുന്നു.
           4 മാസത്തിനു ശേഷം ഞാന്‍ വീണ്ടും കണ്ടു കണിക്കൊന്ന പൂത്തു നില്‍ക്കുന്ന വിഷുദിനത്തെ.......

                 
   
 
                
                 

Wednesday, April 27, 2011

                                       മാന്ത്രിക കുടം
          
 (ഇതിലെ കഥാപാത്രങ്ങളുടെ പേരുകള്‍ എന്റെ സ്വന്തം ഭാവനാസൃഷ്ടിയാണ്  )  
                    ഞങ്ങളുടെ നാട്ടിലെ പ്രസിദ്ധമായ ക്ഷേത്രത്തിനടുത്താണ് ചൊറിയന്‍ സഹദേവന്റെ മുറുക്കാന്‍ കട.മുറുക്കാന്‍ കടയുടെ പുറകിലാണ് മാര്‍ക്കറ്റ്.മാര്‍ക്കറ്റിനകത്ത് വിശാലമായ  ഗ്രൗണ്ട് ആണ്.ഞങ്ങള്‍ സ്കൂളില്‍ നിന്ന് വന്നാലുടന്‍ ഈ ഗ്രൗണ്ടില്‍  എത്തും .പല സംഘമായി തിരിഞ്ഞു പലതരം കളികളില്‍ ഏര്‍പ്പെടും.
             രാവിലെയും ,വൈകുന്നേരവും മാര്‍ക്കറ്റില്‍ മത്സ്യം ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ വില്പ്പനക്കെത്തും.ചില ദിവസങ്ങളില്‍ മൈതാനത്തിന്റെ ഒരു ഭാഗത്ത്‌ കന്നുകാലികളെ വില്‍ക്കുന്ന ചന്തയും കാണും.അന്ന് വിശാലമായ മാര്‍ക്കറ്റിനുള്ളില്‍  പുറംദേശത്തിലുള്ള  കന്നുകാലികളുമായി ധാരാളം ആളുകള്‍  എത്തും .കൂടുതല്‍ പാലുകിട്ടുന്ന സങ്കരയിനം പശുക്കളെ കാണാം.ഇടനിലക്കാരായി ഞങ്ങളുടെ നാട്ടിലെ ചില ആള്‍ക്കാരും കാണും.അതില്‍ പ്രധാനി കണ്ണടപ്പന്‍ തങ്കപ്പനാണ്.
                        അയാള്‍ ആ ദിവസം മടി നിറയെ പണവുമായി ,തോര്‍ത്ത്‌ ഭംഗിയായി തലയില്‍ ചുറ്റി  സന്തോഷത്തോടെ വീട്ടിലേക്കു പോകുന്നത് കാണാം.അയാള്‍ക്ക്‌ ശിങ്കിടികള്‍ ധാരാളം ഉണ്ട്.ശിങ്കിടികള്‍ എന്നു പറഞ്ഞാല്‍ പോര ,ഇന്നത്തെ രീതിയില്‍ പറഞ്ഞാല്‍ ഗുണ്ട .കാള പത്രോസ് ആണ് പ്രധാന ഗുണ്ട.കൂട്ടിനായി ചിതല് മോഹനനും ഗുണ്ടര്‍ട്ട് ശശിയും കാണും.ഇവര്‍ക്കെല്ലാം  പേരിനൊപ്പം ഇരട്ടപേരും ഉണ്ടാകും.ഈ പേരുകള്‍ പുറത്തുള്ളവര്‍ ഇടുന്നതല്ല.ഇവര്‍ തന്നെ പരസ്പ്പരം വിളിച്ചു പ്രസിദ്ധമാകുന്നതാണ് .ഇത് കേട്ട് മറ്റുള്ളവര്‍ വിളിക്കുന്നതില്‍ അവര്‍ക്ക് പരിഭവമോ പരാതിയോ ഇല്ല.  
               ചന്തമുക്ക് എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്.ചന്തമുക്കിന്റെ തുടക്കത്തില്‍  റോഡരുകിലായി  ക്ഷേത്രപ്രവേശന വിളംബര സ്തൂപം കാണാം.ചൊറിയന്‍ സഹദേവന്റെ മുറുക്കാന്‍കടപോലെ പ്രസിദ്ധമാണ് ഹനുമാന്‍ ശിവശങ്കരന്റെ ചായക്കടയും.കന്നുകാലിച്ചന്തയുള്ള ദിവസം ഹനുമാന്റെ ചായക്കടയില്‍  വലിയ തിരക്കാണ്.ഹസ്തരേഖ നോക്കി ഫലം പറയുന്നവര്‍ പുറത്തു വഴിയില്‍ നിരന്നിരിക്കും.അവരുടെ സമീപം ശബ്ദമുണ്ടാക്കി തത്തകളും. ഹനുമാന്റെ കടയില്‍ ചായ കുടിക്കാന്‍ വരുന്നവര്‍ ഹസ്തരേഖ നോക്കും. അതാണ് അവിടുത്തെ രീതി.   
                     ഒരിക്കല്‍ ഹനുമാന്‍ ശിവശങ്കരന്റെ കടയില്‍ ചായ കുടിച്ചു കൊണ്ടിരുന്ന ഇരുമ്പന്‍ ഭാസ്ക്കരപിള്ളയുടെ സമീപം തത്തയുമായി  ഹസ്തരേഖ നോക്കാന്‍ കൈനോട്ടക്കാരന്‍ വന്നു.അപ്പോള്‍ അവിടെ ഉണ്ടായിരുന്നവര്‍ വളരെ നിര്‍ബന്ധിച്ചത് കൊണ്ട് ഇരുമ്പന്‍ ഭാസ്ക്കരപിള്ള കൈനോക്കാന്‍ സമ്മതിച്ചു.അയാള്‍ ചീട്ടുകള്‍ നിരത്തി, കൂട് തുറന്നു ,തത്തയെ പുറത്തുവിട്ടു. വളരെ സന്തോഷത്തോടെ ശബ്ദമുണ്ടാക്കി തത്ത ചീട്ടുകളുടെ പുറത്തുകൂടി അങ്ങോട്ടുമിങ്ങോട്ടും പലതവണ നടന്നു.അവസാനം കൈനോട്ടക്കാരന്റെ ,നമുക്ക് മനസിലാകാത്ത ശബ്ദം  കേട്ട് ,തത്ത ഒരു ചീട്ടെടുത്ത്‌ അയാളുടെ കയ്യിലേക്ക് വച്ച് കൊടുത്ത് ,കൂട്ടിനുള്ളില്‍ കയറി.
                          അയാള്‍ ചീട്ടു തുറന്നു എല്ലാപേരെയും പൊക്കി കാണിച്ചു.എന്നിട്ട്   ഉച്ചത്തില്‍ വിളിച്ചു പറയാന്‍ തുടങ്ങി.
                             "സാക്ഷാല്‍ ഹനുമാനാണ്.സീതമ്മയെ കാണാന്‍ ലങ്കയിലേക്ക്  പറന്നു പോകുന്ന ഹനുമാന്‍."
                              പിന്നെ ആ യാത്രയുടെ കഥ തമിഴുകലര്‍ന്ന മലയാളത്തില്‍ പറയാന്‍ തുടങ്ങിയതും അയാളുടെ ശരീരത്തിലേക്ക് ഹനുമാന്‍ ശിവശങ്കരന്‍ ചൂട് വെള്ളം കോരി ഒഴിച്ചു. അയാള്‍ തത്തയും ചീട്ടുമായി പുറത്തേക്കോടി.
                  ശിവശങ്കരന്‍ ചൂടുവെള്ളം ഒഴിച്ചത് ഹനുമാന്‍ എന്ന് വിളിച്ചത് അയാളെ ആണ് എന്ന് കരുതിയാണ്.അത് സത്യമായിരുന്നു.അയാള്‍ക്ക്‌ ആ ഇരട്ടപ്പേര് ഇഷ്ടമല്ലായിരുന്നു. അയാള്‍ക്ക്‌ ഹനുമാന്റെ മുഖമായിരുന്നു.അയാള്‍ക്ക് ഒന്നുമാത്രമേ അറിയൂ ,ഹനുമാന്‍ എന്നത് കുരങ്ങന്റെ മറ്റൊരു പേരാണ് എന്നുള്ളത്.അങ്ങനെ വിളിക്കുന്നവരെ അയാള്‍ കടുത്ത ഭാഷയില്‍ തെറി വിളിക്കുമായിരുന്നു.അതുകൊണ്ടു തന്നെ അങ്ങനെ വിളിക്കുന്നത്‌ അയാള്‍ വെറുത്തിരുന്നു.
                         പിന്നീടു ഒരിക്കല്‍ ക്ഷേത്രത്തിലെ ഉത്സവത്തിന്‌ ഓട്ടന്‍തുള്ളല്‍  കാണാന്‍ ശിവശങ്കരന്‍ വന്നിരുന്നു.ഓട്ടന്‍തുള്ളലില്‍ ഹനുമാന്‍ ലങ്കയില്‍ പോയ കഥ തുള്ളല്‍കാരന്‍ ഇങ്ങനെ പാടി ,
                         "ഒന്നിന് പോയവന്‍ രണ്ടും കഴിഞ്ഞിട്ട് വെള്ളം തൊടാതിങ്ങു പോന്നു.."
                           പെട്ടന്ന് ശിവശങ്കരന്‍ സ്റ്റേജില്‍ കയറി തുള്ളല്‍കാരനെക്കേറി പിടിച്ചു.അയാളുടെ തുള്ളല്‍ കിരീടം തറയില്‍ വീണു.അവസാനം നാട്ടുകാര്‍ ഇടപെട്ട് ഒത്തുതീര്‍പ്പില്‍ എത്തിച്ചു.
                     സത്യത്തില്‍ ശിവശങ്കരന് രാമായണകഥ അറിയില്ല.ഹനുമാനെപ്പറ്റിയും അറിയില്ല.അയാള്‍ അതുകൊണ്ട് രാമായണം വാങ്ങുകയും ,തുടര്‍ച്ചയായി വായിക്കുകയും ചെയ്തു.പിന്നീടു ഒരിക്കലും ഹനുമാന്‍ എന്ന് കേട്ടാല്‍ അയാള്‍ക്ക് ദേഷ്യം വരാതെയായി.കാരണം ഹനുമാന്‍ ആരെന്നും ,അയാളുടെ കഴിവുകള്‍ എന്തെല്ലാമെന്നും  അയാള്‍ മനസിലാക്കി.
                        ഹനുമാന്‍ ശിവശങ്കരന്റെ കടയിലെ സ്ഥിരം ചായകുടിക്കാരനാണ് അപാരം ആനന്ദക്കുട്ടന്‍.ആനന്ദക്കുട്ടന്  അപാരം എന്ന പേര് കിട്ടിയതിന്റെ കഥ പറയാം.
                           ആനന്ദക്കുട്ടന്‍ നല്ലൊരു കിണറുവെട്ടുകാരനാണ്.അയാള്‍ക്ക്‌ വലിയ ശരീരമാണ്.എന്റെ അമ്മ മഹാഭാരതത്തിലെ ഭീമന്റെ കഥ പറഞ്ഞുതരുമ്പോള്‍ എന്റെ മനസ്സില്‍ തെളിയുന്നത് ആനന്ദക്കുട്ടന്റെ രൂപമാണ്.അങ്ങനെ ഞാന്‍ അയാളിലൂടെ ഭീമനെ കണ്ടിരുന്നു.കിണറുവെട്ടാനുള്ള  അയാളുടെ സാമര്‍ത്ഥ്യം നാട്ടില്‍ പ്രസിദ്ധമാണ്.പള്ളിക്കൂടം അവധിയുള്ള ദിവസങ്ങളില്‍ വീട്ടിനടുത്ത് എവിടെയെങ്കിലും കിണറുവെട്ടു   ഉണ്ടായാല്‍ അവിടെപ്പോയി ഇരിക്കാറുണ്ട്.അയാള്‍ വെട്ടിയിട്ടുള്ള കിണറുകളില്‍ ഒരെണ്ണത്തില്‍ പോലും വെള്ളം കിട്ടതെയിരുന്നിട്ടില്ല.അതു കൊണ്ടു തന്നെ അയാള്‍ക്ക്‌ ദിവസവും കിണര്‍വെട്ടു കാണും .വൈകുന്നേരങ്ങളില്‍ കുളിച്ചു അയാള്‍ ചന്തമുക്കിലെത്തും .അവിടെ വച്ചാണ് പുതിയ കിണറുകള്‍വെട്ടാന്‍ ആവശ്യപ്പെട്ടു വരുന്നവരെ അയാള്‍ കാണുന്നത്.അയാള്‍ വരുന്നതുകൊണ്ട് പലരും അവിടെ അയാള്‍ക്കായി കാത്തുനില്‍ക്കുന്നുണ്ടാകും.അയാളുടെ കയ്യില്‍  3 ബാറ്ററി ഇട്ടു കത്തിക്കുന്ന വലിയ ടോര്‍ച്ചു ലൈറ്റ് കാണും.വയലും പുഴയും കടന്നു വീട്ടിലെത്താന്‍ അയാള്‍ക്ക്‌ വെളിച്ചം ആവശ്യമാണ്.
                               ചന്തമുക്കില്‍ വൈകുന്നേരം നല്ല തിരക്കാണ്.ഹനുമാന്‍ ശിവശങ്കരന്റെ കടയിലെ റേഡിയോയില്‍  നിന്ന് വാര്‍ത്ത‍ കേള്‍ക്കാനും ,ചലച്ചിത്രഗാനം കേള്‍ക്കാനും പുറത്തെ മണല്‍നിറഞ്ഞ ഗ്രൗണ്ടില്‍ ആളുകള്‍ കൂട്ടുകൂടി നില്‍ക്കുകയും ഇരിക്കുകയും ചെയ്യുമായിരുന്നു .അതില്‍ നാട്ടിലെ ചില പ്രമാണിമാരും കാണും. അവിടെ വച്ചാണ് കൃഷി ,വിവാഹം എന്നിങ്ങനെയുള്ള  നാട്ടുകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് .വളക്കച്ചവടക്കാരും ,ബലൂണ്‍ ,ഐസ് ക്രീം എന്നിവ വില്‍ക്കുന്നവരും മൈതാനത്തില്‍  കാണും.ആകെക്കൂടി ഒരു ഉത്സവപ്രതീതി ആകും.
                      ഒരിക്കല്‍ ഒരു ജാലവിദ്യക്കാരന്‍ ചില പൊടിക്കൈ വിദ്യകളുമായി  ചന്തമുക്കില്‍ വന്നു.അയാള്‍ നൂലില്‍ നിന്ന് വടിയും ,തുണിയില്‍ നിന്ന് പ്രാവിനെയും ,അന്തരീക്ഷത്തില്‍  നിന്ന്  മധുരപലഹാരങ്ങളും സൃഷ്ടിക്കുമായിരുന്നു  .അയാള്‍ക്ക്‌ കാണികളായ ചിലര്‍ നോട്ടുമാലയും ഇടുമായിരുന്നു.അതില്‍ പിന്നെ അയാള്‍ മാസത്തില്‍ ഒരു പ്രാവശ്യം മുടങ്ങാതെ ചന്തമുക്കില്‍ എത്തും.നാട്ടുകാര്‍ അയാളുടെ വരവ്  കാത്തിരിക്കും.അയാള്‍ക്ക്‌ ചന്തമുക്ക് ഇഷ്ടമായി .ചന്തമുക്കിലെ നാട്ടു കാരെയും.
                                     ഒരു ദിവസം അയാള്‍ ഒരു ചെറിയ മണ്‍കുടം ചുവന്നതുണികൊണ്ട് മൂടിക്കെട്ടി ,കുടത്തിന്റെ വശങ്ങളില്‍ മഞ്ഞള്‍ കൊണ്ടു കുറികള്‍ തൊട്ട് ,ചുവന്ന അരളിപ്പൂഹാരം കുടത്തിന്റെ കഴുത്തില്‍ കെട്ടി,മൈതാനത്തിന്റെ മദ്ധ്യഭാഗത്ത്‌ വലിയൊരു ചുവപ്പുതുണി വിരിച്ച് , അതില്‍ പൂക്കള്‍ വിതറി ,അതിനു നടുവിലായി വച്ചിരുന്നു.അതിനു ശേഷം അയാള്‍ ആ കുടത്തിന്റെ പ്രത്യേകതകളും ,അതിന്റെ ഗുണങ്ങളും വിവരിച്ചുകൊണ്ടിരുന്നു.ഞങ്ങള്‍ ആകാംഷയോടെ ഇതെല്ലം കേട്ടുനില്‍ക്കുന്നുണ്ടായിരുന്നു.അവസാനം അയാള്‍ ഒരു വലിയ തടിക്കഷണം കുടത്തിനടുത്തു കൊണ്ടുവച്ചു.അയാള്‍ ആ തടിക്കഷണം ജാലവിദ്യകൊണ്ടു   സൃഷ്ടിച്ചതായിരുന്നു.അതിനു അയാള്‍ ഉപയോഗിച്ചത് ഒരു കറുത്തകയറായിരുന്നു.എന്നിട്ട് അയാള്‍ ഉച്ചത്തില്‍ പറയാന്‍ തുടങ്ങി ,
                  "ഈ തടിക്കഷണം കൊണ്ടു ,ഇവിടെയിരിക്കുന്ന കുടം ഒറ്റയടിക്ക് പൊട്ടിച്ചാല്‍ ,കാണത്തക്ക സമ്മാനം നല്‍കുന്നതാണ്."
                          ആളുകള്‍ പരസ്പ്പരം നോക്കി.ചിലര്‍ സംശയങ്ങള്‍ ചോദിക്കുകയും  ,കുടം തൊട്ടുനോക്കുകയും ചെയ്തു.ചിലര്‍ അതു റബ്ബര്‍കുടമാണെന്നും   ,ചിലര്‍ അതു കരിങ്കല്ലില്‍  തീര്‍ത്തതാണെന്നും അഭിപ്രായപ്പെട്ടു . ആ സംശയം എല്ലാ ജാലവിദ്യക്കാരന്‍ തീര്‍ത്തു കൊടുത്തു.എന്നിട്ടും ആരും അതു അടിച്ചുപൊളിക്കാന്‍ മുന്നോട്ടു വന്നില്ല.ആരും മുന്നോട്ടു വരാത്തതിനാല്‍ അയാള്‍ ആളുകളെ പരിഹസിച്ചു ചിരിക്കാന്‍ തുടങ്ങി.
                       ഇതെല്ലം കേട്ടു ദൂരെ മാറി നില്‍ക്കുകയായിരുന്നു ആനന്ദക്കുട്ടന്‍.അയാള്‍ക്ക്‌ തന്റെ വലിയ ശരീരത്തിനോട്‌ വെറുപ്പ്‌ തോന്നുകയും ,എന്തും വരട്ടെ എന്ന് കരുതി  കുടം   അടിച്ചു പൊട്ടിക്കുന്നതിനായി മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയും ചെയ്തു.
                      ജാലവിദ്യക്കാരന്‍ മാന്ത്രികവടി ആനന്ദക്കുട്ടന്റെ കയ്യില്‍ കൊടുത്തു.അയാള്‍ വടി വാങ്ങും മുന്‍പ് ഷര്‍ട്ട്  അഴിച്ചു ദൂരെ മണലില്‍ മടക്കി വച്ചിരുന്നു.അപ്പോള്‍ അയാളുടെ ശരീരം കാണാന്‍ നല്ല ഭംഗിയായിരുന്നു.കറുത്തു ഈട്ടിത്തടിപോലെ.
                       വടി കയ്യില്‍ വാങ്ങി അയാള്‍ ആകാശത്തേക്ക് നോക്കി കണ്ണടച്ചു .അയാള്‍ ഈശ്വരനെ പ്രാര്‍ഥിച്ചു. അതിനു ശേഷം സര്‍വ്വശക്തിയും പ്രയോഗിച്ചു അയാള്‍ കുടത്തില്‍ ആഞ്ഞടിച്ചു.അടിയുടെ ശക്തിയില്‍ മണ്‍കുടം പൊട്ടിച്ചിതറി.ആളുകള്‍ സന്തോഷം കൊണ്ടു കൈകൊട്ടുകയും ,ആനന്ദക്കുട്ടനെ  എടുത്തു പൊക്കുകയും, മൈതാനത്തിലൂടെ നടന്നു "അപാരം തന്നെ അപാരം" എന്ന് ഉറക്കെ വിളിച്ചു പറയുകയും ചെയ്തു.
                          സന്തോഷപ്രകടനതിനു ശേഷം അയാള്‍ കാണത്തക്ക സമ്മാനം വാങ്ങാന്‍ ജാലവിദ്യക്കാരന്റെ അടുത്തെത്തി.ഒറ്റയടിക്ക് തന്നെ കുടം പൊട്ടിച്ചതില്‍ ജാലവിദ്യക്കാരനും സന്തോഷമായിരുന്നു.അയാള്‍ എല്ലാപേരും കേള്‍ക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു ,
                 "നിങ്ങള്‍ കരുതും പോലെ ഇത്          മാന്ത്രികക്കുടമല്ല...............
                     ഇത് മാന്ത്രികക്കുടമല്ല .....
                     അതാ അവിടെ വില്‍ക്കാന്‍ വച്ചിരിക്കുന്ന ചട്ടിക്കടയില്‍ നിന്ന് കുറച്ചു മുന്‍പ് വാങ്ങിയതാണ്...."
                      അയാള്‍ ഇത്രയും പറഞ്ഞു  വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ സമ്മാനപ്പൊതി ആനന്ദക്കുട്ടന് നാട്ടുകാര്‍ കാണ്‍കെ  സമ്മാനിച്ചു. 
               ആനന്ദക്കുട്ടന്‍ സമ്മാനപ്പൊതി അഴിച്ചു നോക്കി.
              അയാള്‍ നാണിച്ചു പോയി.
              ഒരു പൈസയുടെ ഒരു ചെമ്പ്തുട്ട്....
             വെറും ഒരു പൈസ..(ഇന്നത്‌ നിലവില്‍ ഇല്ല)
              അതായിരുന്നു കാണത്തക്ക സമ്മാനം.
            ആളുകള്‍ ആര്‍ത്തു ചിരിക്കുകയും ആനന്ദക്കുട്ടനെ     'അപാരം ' എന്ന ഇരട്ടപ്പേരിട്ടു വിളിച്ചു ബഹുമാനിക്കുകയും ചെയ്തു..
        അന്നുമുതല്‍ അയാള്‍ 'അപാരം ആനന്ദ ക്കുട്ടനായി'
                          പിന്നീടൊരിക്കലും അയാള്‍ കുടം പൊട്ടിക്കാന്‍ പോയിട്ടില്ല.കുറച്ചു ദിവസം കഴിഞ്ഞാണ് മറ്റൊരു സത്യം പുറത്തുവന്നത്..
                          ജാലവിദ്യക്കാരനെക്കൊണ്ട് ഇത് ചെയ്യിച്ചത്  ഹനുമാന്‍ ശിവശങ്കരനായിരുന്നു.ഇതെല്ലം ഹനുമാന്‍ ശിവശങ്കരന്‍ കൂടെക്കൂടെ ചെയ്യുന്ന ചില പൊടിക്കൈകളാണ്....

                        
                             

Sunday, April 24, 2011

                 ചൊക്കനും താറാവും....

         "നമ്മുടെ നാട്ടിലെ ദുഷ്ടന്മാരായ  രണ്ടു വ്യക്തികളുടെ കഥയാകട്ടെ അടുത്തത് ....ഇവര്‍ ദുഷ്ടന്മാര്‍ മാത്രമല്ല,സാമൂഹ്യദ്രോഹികളുമാണ്.കൂടെ ജോലി ചെയ്യുന്നവരെപ്പോലും  ക്രൂരമായി വേദനിപ്പിക്കുവാനും അവരുടെ ജീവിതത്തെത്തന്നെ തകര്‍ക്കുവാനും ഇവര്‍ക്ക് യാതൊരു മടിയുമില്ല....."
                 
                 നാട്ടിലെ സബ് രജിസ്ട്രാര്‍  ഓഫിസിലെ സബ് രജിസ്ട്രാര്‍ ആണ് നാഗരാജന്‍ ആശാരി .താറാവിന്റെ ശബ്ദത്തില്‍ സംസാരിക്കുന്ന അയാളെ നാട്ടുകാര്‍ വിളിക്കുന്നത്‌ താറാവ് നാഗന്‍ എന്നാണ്.അയാള്‍ ഈ നാട്ടുകാരനല്ല.തമിഴ് കലര്‍ന്ന മലയാളം സംസാരിക്കുന്ന അയാള്‍ ഇവിടെ ഓഫിസറായി  വന്നിട്ട് കുറെ കാലമായി.രാഷ്ട്രീയ നേതാക്കളുടെയും ,ഐ .എ.എസുകാരായ ചില ഉദ്യോഗസ്ഥരുടെയും വിടുവേല  ചെയ്താണ് അയാള്‍ ഇവിടെ ഉറച്ചിരിക്കുന്നത്.എന്ത് വൃത്തികെട് നടത്തിയിട്ടാണെങ്കിലും  അയാള്‍ക്ക്‌ പണം വേണം.അതിനായി അയാള്‍ ചെയ്യാത്ത തെറ്റുകളില്ല.
                       നാട്ടിലെ എല്ലാപേര്‍ക്കും ഇയാളുടെ ദുഷ്ടത ശരിക്കും അറിയാം.പരസ്പ്പരം പാരവച്ചു തമ്മിലടിപ്പിക്കുകയാണ് അയാളുടെ ഏറ്റവും വലിയ വിനോദം.ഓഫിസില്‍ പോലും മദ്യപിച്ചെത്തുന്ന  ഇയാള്‍ സഹപ്രവര്‍ത്തകര്‍ക്കും വലിയ തലവേദനയാണ്  .ഇയാളെ എങ്ങനെയെങ്കിലും  തുരത്തണമെന്നു നാട്ടുകാര്‍ ആലോചിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി.പക്ഷെ മാര്‍ഗ്ഗം കാണാന്‍ നാട്ടുകാര്‍ക്ക് കഴിഞ്ഞില്ല.
                       കൂനിന്മേല്‍ കുരു എന്നെ പോലെയാണ് മറ്റൊരു വിപത്ത് ആ നാട്ടില്‍ വന്നത്.
                       സബ് രജിസ്ട്രാര്‍ ഓഫിസിലെ പുതിയ ശിപ്പായി നാഗപ്പന്‍ ചെട്ടിയാര്‍ .മെലിഞ്ഞു ഉണങ്ങി, കറുത്ത ആ രൂപത്തെക്കണ്ടപ്പോള്‍  തന്നെ നാട്ടുകാര്‍ വിളിച്ചു "ചൊക്കന്‍" എന്ന്. ചൊക്കന്‍ നാഗപ്പന്‍..അയാള്‍ക്ക് ചൊക്കന്റെ (കുരങ്ങിന്റെ)  മുഖം ആയിരുന്നു.
                       ചോക്കനും  താറാവിനും ഏകദേശം ഒരേ സ്വഭാവമായിരുന്നു.ജോലിയില്‍ പ്രവേശിച്ചു അധികം കഴിയാതെ തന്നെ ഇവര്‍ ഉറ്റ സുഹൃത്തുക്കളായി.ഓഫിസറും ,ശിപ്പായിയും എന്നത് ഓഫിസില്‍ മാത്രം.പ്രമാണം രജിസ്ട്രാര്‍ ചെയ്യാന്‍ വരുന്നവരില്‍ നിന്നും കൈക്കൂലിയായി ഇവര്‍ വന്‍തുകകള്‍ കൈപ്പറ്റുമായിരുന്നു.
                         ബുദ്ധിമാന്‍മാര്‍ ആയിരുന്നു ചൊക്കനും താറാവും.ഓഫിസില്‍ വച്ചു ഇവര്‍ കൈക്കൂലി വാങ്ങാറില്ല.പ്രമാണം പതിച്ചശേഷം ഓഫിസ് സമയം കഴിഞ്ഞു ,ചൊക്കന്‍ പ്രമാണം ചെയ്തവരുടെ വീട്ടില്‍ പോയി പണം കൈപ്പറ്റുകയും , അവരവരുടെ വിഹിതം പങ്കുവച്ചു എടുക്കുകയും ചെയ്യും.
                          അവധിദിവസങ്ങളില്‍ രണ്ടുപേരും ഓരോ സൈക്കിളില്‍ കയറി യാത്ര തിരിക്കും.അവരുടെ അധികാരപരിധിയില്‍ വരുന്ന പ്രദേശം മുഴുവന്‍ കറങ്ങി , സാമ്പത്തികസൗകര്യങ്ങള്‍ ഉള്ളവരുടെ വീടുകളില്‍ കയറി , വസ്തു-പ്രമാണങ്ങളിലെ എന്തെങ്കിലും കുഴപ്പങ്ങള്‍ പറഞ്ഞുണ്ടാക്കി , മദ്യം കഴിക്കാനുള്ള പണം നേടും.ഇങ്ങനെ കറങ്ങാന്‍ പോകുന്ന അവസരത്തില്‍ സര്‍ക്കാര്‍ വക പുറമ്പോക്ക് സ്ഥലങ്ങള്‍ നോക്കി വയ്ക്കും  .കുറച്ചു ദിവസം കഴിയുമ്പോള്‍ സ്ഥലത്തെ വില്ലേജ് ഓഫിസറെ സമീപിച്ചു ,പണം കൊടുത്തു ,ആ സ്ഥലം സ്വന്തം പേരിലേക്ക് മാറ്റും .ഇത് വളരെ നാളുകള്‍ കഴിഞ്ഞാണ് നാട്ടുകാര്‍ അറിയുന്നത്.
                            ഓഫിസ് ആവശ്യങ്ങള്‍ എന്ന പേരില്‍ ഇവര്‍ കൂടെക്കൂടെ ചുറ്റിക്കറങ്ങാന്‍ പോകാറുണ്ട്.  മദ്യപാനവും പെണ്‍വാണിഭവുമാണ്  ഇവന്മാരുടെ മുഖ്യ അജണ്ട.കോട്ടയം,ഇടുക്കി, തൃശൂര്‍  എന്നീ സ്ഥലങ്ങളില്‍ ഇവര്‍ കൂട്ടു കള്ളന്മാരെ സമ്പാദിച്ചിട്ടുണ്ട് . ഇവരുടെ ഭാര്യമാര്‍ക്ക് ഇതൊന്നും അറിയില്ല.
                             ഇവരുടെ പ്രവര്‍ത്തികള്‍ മനസ്സിലാക്കിയ  ഞങ്ങള്‍ ചിലര്‍ , ഇവന്മാരെ ഒന്നു പറ്റിക്കണമെന്നു ഉറച്ചു തീരുമാനിച്ചു.അതിനായി ഞങ്ങള്‍ പല തീരുമാനങ്ങളും എടുത്തു.
                   ആദ്യം ചെയ്തത് ഇതായിരുന്നു - അവര്‍ സ്ഥിരമായി പോകുന്ന വഴിയില്‍ വലിയ കുഴികള്‍ കുഴിച്ചു ,അതില്‍ പകുതിഭാഗം കുപ്പിച്ചില്ലുകളും , കള്ളിമുള്ളും കൊണ്ടിട്ട ശേഷം ,ഉണങ്ങിയ കമ്പുകള്‍ കൊണ്ട് കുഴിയുടെ മുകള്‍ഭാഗം അടച്ചു. അതിനു മുകളില്‍ ഇലകള്‍ അടുക്കി , റോഡിലെ മണ്ണ് നീക്കിയിട്ട്‌ ,സാധാരണ പോലെയാക്കി  .പെട്ടന്ന് മനസ്സിലാക്കാത്ത രീതിയിലാണ് അത് ചെയ്തത്.വഴിയുടെ അല്പം അകലെ ഞങ്ങള്‍ മാറി നിന്ന് ,മറ്റുള്ളവര്‍ വരുമ്പോള്‍ വഴിമാറിപ്പോകുവാന്‍ ഉപദേശിച്ച് കാത്തു നിന്നു. 
                        സമയം ഏഴു മണി..ദൂരെ നിന്നു രണ്ടു നിഴലുകള്‍ നടന്നു വരുന്നത് ഞങ്ങള്‍ക്ക് കാണാം.ഞങ്ങള്‍ ശ്വാസം അടക്കി ഒളിച്ചു നിന്നു.അവധിദിവസങ്ങളില്‍ മാത്രമേ അവര്‍ സൈക്കിള്‍ ഉപയോഗിക്കാറുള്ളൂ . ഇന്ന് അവര്‍ക്ക്  സൈക്കിള്‍  ഇല്ല.അവര്‍ കുഴിയുടെ സമീപം എത്താറായി. രണ്ടുപേരും കണക്കിന് മദ്യപിച്ചിട്ടുണ്ട്  .ഞങ്ങള്‍ കണ്ണുകള്‍ ഇറുക്കി അടച്ചു.
                      "അയ്യോ ....................." 
                   നിലവിളി ഉയര്‍ന്നു .ഞങ്ങള്‍ നാലുപാടും ഓടി മറഞ്ഞു.വഴിയുടെ സമീപത്തു താമസിച്ചിരുന്നവര്‍ ഓടിക്കൂടി.ചിലര്‍ ടോര്‍ച്ചു ലൈറ്റുകള്‍ മിന്നിച്ചു ആളെ മനസിലാക്കി. 
                        താറാവ് നാഗനാണ് കുഴിയില്‍ വീണത്‌.ചൊക്കന്‍ വീണില്ല.ചൊക്കനും നാട്ടുകാരും ചേര്‍ന്ന് താറാവിനെ ആശുപത്രിയില്‍ കൊണ്ട് പോയി.
                           രണ്ടു കാലുകളുടെയും അടിഭാഗത്ത്‌ കുപ്പിച്ചില്ലുകളും ,മുള്ളുകളും  കയറിയിരുന്നു.ഞങ്ങളും ഒന്നും അറിയാത്തവരെപ്പോലെ  ആശുപത്രിയില്‍ എത്തിയിരുന്നു.താറാവിന് അഞ്ചു ദിവസത്തോളം ആശുപത്രിയില്‍ കിടക്കേണ്ടി വന്നു.പിന്നീടു കുറച്ചു ദിവസം രണ്ടു കാലുകളിലും ഉണങ്ങാത്ത മുറിവുമായി താറാവു ഓഫിസില്‍ പോയി.
                            ആ സംഭവം നാട്ടില്‍ പലരും അറിഞ്ഞു.അത് ചെയ്തത് ഞങ്ങളാണെന്ന് പലരും മനസ്സിലാക്കി  .ചിലര്‍ക്ക് ഞങ്ങളോട് സ്നേഹം തോന്നി.ചിലര്‍ "ഇത്രയും വേണ്ടായിരുന്നു" എന്ന് പറഞ്ഞു.ഞങ്ങള്‍ ഇതൊന്നും അത്ര കാര്യമാക്കിയില്ല.
                        ഏതായാലും അതോടെ താറാവും ചൊക്കനും   മനസ്സിലാക്കി   ,നാട്ടില്‍ അവര്‍ക്ക് ശത്രുക്കള്‍ ഉണ്ടായിരിക്കുന്നുവെന്ന്. ഇപ്പോള്‍ ചൊക്കനും താറാവും ആ വഴി വരാറേയില്ല.എങ്കിലും രണ്ടുപേരുടെയും അതിക്രമങ്ങള്‍ ഓഫിസില്‍ തുടര്‍ന്നുകൊണ്ടേയിരുന്നു .
                     ദിവസങ്ങള്‍ പിന്നെയും കഴിഞ്ഞു.പുതിയ തന്ത്രം നടപ്പില്‍ വരുത്താന്‍  ഞങ്ങള്‍ തീരുമാനിച്ചു.
                       താറാവിന്റെ ഭാര്യ സുന്ദരിയാണ്.ചൊക്കന്റെ ഭാര്യക്ക് അത്ര സൗന്ദര്യം ഇല്ല. ഇത് ഞങ്ങള്‍ മുതലെടുക്കാന്‍ തീരുമാനിച്ചു.താറാവിന്റെ ഭാര്യക്ക് ചൊക്കനെ അത്ര ഇഷ്ട്ടമല്ല.അത് ഞങ്ങള്‍ക്ക് അറിയാമായിരുന്നു.അതുകൊണ്ട് തന്നെ ഞങ്ങള്‍ അത് ചെയ്യാന്‍ തീരുമാനിച്ചു.
                      ചൊക്കന്‍ എഴുതിയതായി ഞങ്ങള്‍ ഒരു പ്രേമലേഖനം എഴുതി , അത് താറാവിന്റെ ഭാര്യയുടെ പേരില്‍ അയച്ചു.ഞങ്ങള്‍ കത്തില്‍ പ്രത്യേകം എഴുതിയിരുന്നു ,
                         "എന്റെ കൈയ്യക്ഷരം നിങ്ങളുടെ ഭര്‍ത്താവിനു അറിയാവുന്നതിനാല്‍ ,മറ്റൊരാളിനെക്കൊണ്ടാണ് ഇത് എഴുതിച്ചത്."
                     അത് ശരിക്കും ഏറ്റു.
                    കത്ത് കിട്ടി.
                   താറാവിന്റെ ഭാര്യ കോപം കൊണ്ട് അലറി.
                    താറാവ്  ഞെട്ടി....അയാള്‍ ആ കത്തുമായി ചൊക്കന്റെ വീട്ടിലേക്കോടി.കൂടെ ഭാര്യയും...
                   ചൊക്കന്‍ വീട്ടിലില്ലായിരുന്നു.ചൊക്കന്റെ ഭാര്യ വല്ലാതെയായി.അവര്‍ക്കെന്തു ചെയ്യണം എന്നറിയില്ലായിരുന്നു.അവര്‍ ഭര്‍ത്താവിനോട് പറയാം എന്ന് പറയുകയും ,താറാവും ഭാര്യയും തിരികെ പോകുകയും ചെയ്തു.
                    ആ സംഭവം വളരെ ഒച്ചപ്പാടുണ്ടാക്കുകയും ,ഓഫിസില്‍ വച്ച് രണ്ടുപേരും വഴക്കിടുകയും  ചെയ്തു.അതിനു ശേഷം രണ്ടുപേരും പരസ്പ്പരം മിണ്ടാതെയായി.
                     ഈ സംഭവത്തിനു ശേഷം ഓഫിസിലെ കൈക്കൂലി  വാങ്ങല്‍ അല്‍പ്പം കുറഞ്ഞു.
                    പിന്നീട് അവര്‍ തമ്മില്‍ പരസ്പ്പരം പാരവയ്ക്കല്‍ തുടങ്ങി. ദിവസവും എന്തെങ്കിലും പ്രശ്നങ്ങള്‍ ഇവര്‍ക്കിടയില്‍ ഉണ്ടാകാന്‍ തുടങ്ങി.
                                  താറാവ് കമ്യൂനിസ്റ്റുകാരനാണ്.ചൊക്കന്‍ കോണ്‍ഗ്രസ്സുകാരനും .ഈ പ്രശ്നം പാര്‍ട്ടികളിലേക്ക്  വ്യാപിച്ചു.
                                പല ദിവസവും ഇവരുടെ പേരില്‍ പാര്‍ട്ടികള്‍ തമ്മില്‍ ഏറ്റുമുട്ടുകയും ,വൈകുന്നേരങ്ങളില്‍ പ്രതിഷേധ മീറ്റിങ്ങുകള്‍ നടത്തുകയും ചെയ്യുക  പതിവായി.
                                               
                        ഈ കലാപരിപാടികള്‍ വളരെ സന്തോഷത്തോടെ ഞങ്ങള്‍ ആവോളം ആസ്വദിച്ചുകൊണ്ടിരുന്നു. 
            പക്ഷെ പിന്നീടുണ്ടായ സംഭവം ഞങ്ങളെയും                വേദനിപ്പിച്ചു.... ചിന്തിപ്പിച്ചു  .....
                 ഇവരുടെ ഓഫിസിലെ ചില ഏറാന്‍മൂളികളും രണ്ടുചേരികളിലായി  നിലയുറപ്പിച്ചു.അത് അവര്‍ക്ക് ഗുണം ചെയ്തില്ല എന്നുള്ള കാര്യം പിന്നീടാണ് മനസ്സിലായത്‌ .
                പാവപ്പെട്ടവരുടെ കൈകളില്‍ നിന്നും അവര്‍ സമ്പാദിച്ച      കൈക്കൂലി വാങ്ങിയ പണമെല്ലാം ഗുണ്ടകള്‍ തീര്‍ത്തു.
               ഒരു ദിവസം ചൊക്കന്‍ എവിടെയോപോയി അല്‍പ്പം വൈകിയാണ് വന്നത്.അത് നേരത്തെ മനസ്സിലാക്കിയ താറാവ് , അയാളുടെ സംഘത്തിലുള്ളവരോട്  ചൊക്കനെ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തണമെന്ന്  ചട്ടം കെട്ടിയിരുന്നു.അവര്‍ ആ കാര്യം വളരെയധികം ഭംഗിയായി ചെയ്തു.
                              പിറ്റേന്ന് രാവിലെ നാട്ടിലുള്ളവര്‍ അറിഞ്ഞത് വളരെ ദു:ഖകരമായൊരു  വാര്‍ത്തയായിരുന്നു.
        ചൊക്കന്‍ പുഴവരമ്പില്‍ ബോധമില്ലാതെ കിടക്കുന്നു.
             തലയില്‍ മാരകമായ മുറിവുണ്ടായിരുന്നു.കൈകളിലും കാലുകളിലും നിറയെ വെട്ടുകളായിരുന്നു. ചൊക്കന്‍ മരിച്ചു എന്നാണ് നാട്ടില്‍ ആദ്യം അറിഞ്ഞത്. എന്നാല്‍ അയാള്‍ മരിച്ചിട്ടില്ലായിരുന്നു.അത് ഞങ്ങള്‍ക്ക് വലിയ ആശ്വാസം നല്‍കി.
                             പോലീസുകാര്‍ നേരെ പോയത് താറാവിന്റെ വീട്ടിലേക്കായിരുന്നു.താറാവ് താമസിച്ചിരുന്ന വാടകവീട് പൂട്ടികിടന്നിരുന്നു.
                      താറാവ്‌ രക്ഷപ്പെട്ടിരിക്കുന്നു......
                   പിന്നീട് ഒരിക്കലും താറാവ് ആ നാട്ടില്‍ വന്നിട്ടില്ല.അയാള്‍ എവിടെയാണെന്ന് ആര്‍ക്കും അറിയില്ല.
               പോലീസുകാര്‍ ഇന്നും തിരയുന്നത് ആള്‍ക്കൂട്ടത്തില്‍ താറാവിന്റെ ശബ്ദം കേള്‍ക്കുന്നുണ്ടോ എന്നാണ്.
  അയാള്‍ വരും ....എവിടെയാണെങ്കിലും...ഒരുനാള്‍ വരും ....
                കാരണം പണത്തിനും ,പാരക്കും മീതെയാണ് താറാവ്‌ നാഗരാജന്‍.
    അയാള്‍ അത്രയ്ക്ക് വൃത്തികെട്ടവനും ദുഷ്ട്ടനുമായിരുന്നു.......
    പോലിസുകാര്‍ക്കൊപ്പം ഞങ്ങള്‍ നാട്ടുകാരും അവന്റെ വരവിനായി കാത്തിരിക്കുന്നു...........
                         
                       

Friday, April 8, 2011

                                        ഓര്‍മ്മയിലൊരു നൊമ്പരം
         
              കടുത്ത വേനലില്‍ പുഴ വരണ്ടിരിക്കുന്നു.
                തൂക്കായ കരയുടെ അരികിലൂടെ നിറഞ്ഞൊഴുകിയിരുന്ന പുഴയായിരുന്നു.കാട്ടുചെടികള്‍ വളര്‍ന്നിറങ്ങിയ പുഴ. വേനലില്‍ അവ കരിഞ്ഞുണങ്ങി മണലില്‍ തളര്‍ന്നു കിടക്കുന്നു.വരണ്ട പുഴക്കപ്പുറം നീണ്ടു പരന്ന വയലുകളായിരുന്നു.അവയില്‍ മിക്കവാറും ഭാഗത്ത് തെങ്ങുകളും വാഴകളും നട്ട് കരയായി മാറിയിരിക്കുന്നു.വാഴകള്‍ കരിഞ്ഞു ഉണങ്ങി ഭൂമിയില്‍ പതിഞ്ഞു കിടക്കുന്നു.
                              അസ്തമയ സൂര്യന് സ്വര്‍ണ്ണ നിറം.അകലെ തെങ്ങിന്‍ കൂട്ടത്തിനു മുകളില്‍ അന്തിവെയിലിന്റെ തിളക്കം.പുഴക്കരയിലെ  കൈതക്കൂട്ടങ്ങളില്‍ കൈതപ്പൂക്കള്‍.ഉണങ്ങിയ കൈതപ്പൂവിന്റെ  സുഗന്ധം  കാറ്റില്‍ ഒഴുകി എത്തുന്നു.
                        വയലിനപ്പുറം  ഉയര്‍ന്ന പാറക്കുന്ന്‍ .കുന്നിനു മുകളിലെ ശിവക്ഷേത്രത്തിലെ ഭക്തിഗാനങ്ങള്‍  ഉയര്‍ന്നു കേള്‍ക്കാം.വയല്‍ വരമ്പിലൂടെ നടന്നു പോകുന്ന മനുഷ്യര്‍. അകലെ പടര്‍ന്നു നില്‍ക്കുന്ന കാഞ്ഞിരമരങ്ങളില്‍ കാക്കക്കൂട്ടത്തിന്റെ വലിയ ആരവം.കാക്കകള്‍ കൂടണയുന്ന തിരക്കില്‍..
                            ഇരുട്ട് പുഴയിലേക്കിറങ്ങി..
                പുഴവരമ്പില്‍ നിന്ന് ഊന്നുവടിയില്‍  ബലംകൊടുത്ത് മണല്‍ വിരിച്ച പുഴയിലേക്കിറങ്ങി.നീണ്ടു നിവര്‍ന്ന പുഴയിലേക്ക് ആര്‍ത്തിയോടെ നോക്കി. പല സ്ഥലത്തായി കൂട്ടിയിട്ട മണല്‍ക്കുന്നുകള്‍.അടുത്തുകണ്ട മണല്‍ക്കുന്നില്‍  ചാരിയിരുന്നു. 
                     മങ്ങിയ ഓര്‍മ്മകള്‍ തലച്ചോറിലും മനസ്സിലും ഓടിയെത്തി.ഉയരമുള്ള പുഴവരമ്പില്‍ നിന്ന് ഒഴുകുന്ന പുഴയിലേക്ക് എടുത്തു ചാടുന്ന കുട്ടികള്‍.അവരില്‍ ഒരാള്‍ ഞാനായിരുന്നില്ലേ?
                 അതെ....അതില്‍ ഒരാള്‍ ഞാന്‍ തന്നെ.
                    വര്‍ഷങ്ങള്‍ ഓര്‍മ്മയില്‍ ഇല്ല.എന്നോടൊപ്പം ഈ പുഴയില്‍ ചാടിയും  നീന്തിയും കളിച്ചവരില്‍ ഇപ്പോള്‍ എത്ര പേര്‍ ഉണ്ട് !
                     അറിയില്ല...അറിയാന്‍ ശ്രമിച്ചില്ല.
                   അവരെല്ലാം ഇപ്പോള്‍ എവിടെയാണ് ?
                    ഓരോരുത്തരെയും ഓര്‍മ്മിക്കാന്‍ ശ്രമിച്ചു.ചിലരുടെ രൂപം മനസ്സില്‍ തെളിയുന്നു.പക്ഷെ ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്ന ഒരു മുഖമുണ്ട്..
                           ഉണ്ണി....കിഴക്കുപുറത്തെ  ഉണ്ണി....
                വേറെ പേര് അവനുണ്ടായിരുന്നു.അതിപ്പോഴും അറിയില്ല.
                                ഉണ്ണി...
         അങ്ങനെയായിരുന്നു അവനെ വിളിച്ചിരുന്നത്‌..
         എന്നേക്കാള്‍ നാലുവയസ്സ് കൂടുതലായിരുന്നു. എന്നോടൊപ്പം  അവനെക്കണ്ടാല്‍ പ്രായം എനിക്കാണ് തോന്നുക. 
             വിടര്‍ന്നു തുറിച്ച കണ്ണുകള്‍ ,എപ്പോഴും ചുവന്നു കലങ്ങിയിരിക്കും.കറുത്തുതടിച്ച ചുണ്ടുകള്‍,ഒതുങ്ങാത്ത കുറ്റിത്തലമുടി ,മെലിഞ്ഞു ഉണങ്ങിയ കൈകാലുകള്‍ ,ഉറച്ച ബലമുള്ള ശരീരം ,ഘനമുള്ള  ശബ്ദം ,പല്ലുകള്‍ക്കിടയില്‍ വലിയ വിടവുകള്‍ .അതായിരുന്നു ഉണ്ണിയുടെ രൂപം. 
                    ആദ്യം കണ്ടപ്പോള്‍ എനിക്ക് ഉണ്ണിയെ പേടിയായിരുന്നു.നാട്ടില്‍ പലസ്ഥലത്ത് വച്ചു  അവനെ കാണുമ്പോഴും ഒളിച്ചു പോകാന്‍ ശ്രമിക്കാറുണ്ട്.അവനും എന്നെ ശ്രദ്ധിക്കാറില്ല.എങ്കിലും എന്നെ അവനു നന്നായി അറിയാമായിരുന്നു.എന്നോട് അവന്‍ മിണ്ടാതിരുന്നതില്‍ എനിക്ക് സന്തോഷമായിരുന്നു. 
                    ഒരു വേനലവധിയില്‍ ഞങ്ങളുടെ നാട്ടില്‍ തമിഴ് നാട്ടില്‍ നിന്നുള്ള ഒരു സംഘം ,സൈക്കിള്‍ യജ്ഞവുമായി  വന്നിരുന്നു.ഞങ്ങള്‍ സ്ഥിരമായി കളിക്കാറുള്ള പഞ്ചായത്ത് വക ഗ്രൗണ്ടില്‍.പതിനഞ്ചു ദിവസത്തോളം ഒരാള്‍ സൈക്കിളില്‍ നിന്നും പുറത്തിറങ്ങാതെ  ഗ്രൗണ്ടില്‍ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കും .ആ സംഘത്തിലെ തമാശക്കാരായ    കുറച്ചുപേര്‍ ഗുസ്തി ,ഡാന്സ്,പാട്ടിനോടൊപ്പം നൃത്തച്ചുവടുകള്‍ തുടങ്ങിയവ നടത്തി ഞങ്ങള്‍ കുട്ടികളെ രസിപ്പിക്കാറുണ്ട്.
                           ഈ ഗ്രൌണ്ടിനടുത്തായി  മത്സ്യമാര്‍ക്കറ്റാണ്.ഈ പരിപാടി കാണുന്നതിനായി മിക്കവാറും ദിവസങ്ങളില്‍ ഞാന്‍ തന്നെ മത്സ്യം വാങ്ങാന്‍ പോകുമായിരുന്നു.പലദിവസങ്ങളിലും കളി കണ്ടുനിന്നു വളരെ വൈകി വീട്ടില്‍ എത്താറുണ്ടായിരുന്നു.അമ്മയില്‍ നിന്ന് നല്ല ശിക്ഷയും കിട്ടുമായിരുന്നു.ഇരുട്ടായാല്‍ പുറത്തിറങ്ങാന്‍ പേടിയുള്ളവനായിരുന്നു ഞാന്‍.അത് കൊണ്ട് തന്നെ രാത്രിയില്‍ ഞാന്‍ ഒറ്റയ്ക്ക് ഒരു സ്ഥലത്തും പോകാറില്ലായിരുന്നു.
                              ഒരു ദിവസം സൈക്കിള്‍യജ്ഞം കണ്ടുനിന്ന ഞാന്‍ തനിച്ചായത്‌ ശ്രദ്ധിച്ചില്ല.കുറെ സമയം  കഴിഞ്ഞു ഒരാള്‍ എന്റെ തോളില്‍ പിടിച്ചു പുറകോട്ടു വലിച്ചു .ഞാന്‍ ഭയത്തോടെ തിരിഞ്ഞു നോക്കുമ്പോള്‍ ചുണ്ടില്‍ കത്തിയെരിയുന്ന ബീഡിയുമായി ഉണ്ണി.
               "ഇവിടെ നിന്നാല്‍ ഒറ്റയ്ക്ക് നീ രാത്രിയില്‍ വീട്ടില്‍ എങ്ങനെ പോകും?"
                അപ്പോഴാണ്‌ എനിക്ക് സ്ഥലകാലബോധം  ഉണ്ടായത്.എനിക്ക് എന്തെങ്കിലും പറയാന്‍ സാധിക്കും മുന്‍പ് ഉണ്ണിയുടെ ശബ്ദം വീണ്ടും കേട്ടു.
                "വരൂ,ഞാന്‍ കൊണ്ട് പോയിവിടാം."
               ഞാന്‍ ഉണ്ണിയുടെ മുഖത്തേക്ക് നോക്കി.എന്റെ തോളില്‍ പിടിച്ചു അവന്‍ നടക്കാന്‍ തുടങ്ങി.പുറകെ നിശബ്ദനായി ഭയത്തോടെ ഞാന്‍ നടന്നു.അപ്പോഴും അവന്‍ ബീഡി വലിക്കുന്നുണ്ടായിരുന്നു.
               ഇരുട്ടില്‍ ബീഡിപ്പുക വളയങ്ങളായി അന്തരീക്ഷത്തിലെ കാറ്റില്‍ അകലുന്നത് ഞാന്‍ അത്ഭുതത്തോടെ  നോക്കി നിന്നു.വീടിനു സമീപം എത്തുന്നത് വരെ ഞങ്ങള്‍ ഒന്നും സംസാരിച്ചില്ല.തിരികെ നടക്കുമ്പോള്‍ ഉണ്ണി പറയുന്നത് ഞാന്‍ കേട്ടു, 
                        "നാളെ കളി കണ്ടിട്ട്  അവിടെ നിന്നാല്‍ മതി.ഞാന്‍ വരുന്നത് വരെ.ഇതുപോലെ ഞാന്‍ കൊണ്ട് വിടാം."
                  എനിക്ക് വലിയ സന്തോഷമായി.അപ്പോള്‍ എനിക്കവനോട് സ്നേഹം തോന്നി.അപ്പോഴും എനിക്കറിയാമായിരുന്നു ,അവനു എന്നേക്കാള്‍ പ്രായം കൂടുതല്‍ ഉണ്ട് എന്ന്.   
                        അന്ന് തുടങ്ങി , ഞാനും ഉണ്ണിയും തമ്മിലുള്ള കൂട്ട്.പിന്നീട് ഞങ്ങളുടെ സൗഹൃദത്തില്‍ അവന്‍ എനിക്ക് കൂട്ടുകാരന്‍ മാത്രമായിരുന്നില്ല , ഒരു നല്ല സഹോദരന്‍ കൂടിയായിരുന്നു. 
                         അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു അവന്‍  അവന്റെ അച്ഛനോട് വഴക്കിട്ടു അമ്മയുടെ അച്ഛന്റെ അടുത്തേക്ക് വന്നത്.പരമു ആശാന്‍ എന്നായിരുന്നു അവന്റെ അപ്പുപ്പന്റെ പേര്.ആരെയും ഒന്നും പഠിപ്പിച്ചിട്ടല്ല അയാള്‍ക്ക്‌ 'ആശാന്‍' എന്ന സ്ഥാനപ്പേര് കിട്ടിയത്.
                    പരമു അതായിരുന്നു അയാളുടെ പേര്.ഏതോ രസികന്‍ ഇട്ട ഓമനപ്പേരാണ് പരമു ആശാന്‍.അയാളെ എനിക്ക് വെറുപ്പായിരുന്നു.കറുത്തുകൂനിയ  ഒരു സത്വം.ഞാന്‍ പലപ്പോഴും മനസ്സില്‍ ചിന്തിച്ചിട്ടുണ്ട് ,അയാള്‍ക്ക്‌ ഇടേണ്ട പേര് 'ദുഷ്ട്ടനാശാന്‍' എന്നായിരുന്നില്ലേ എന്ന്.
                                കൂടുതല്‍ അറിയാന്‍ തുടങ്ങിയപ്പോള്‍ മനസ്സിലായി  ,അതൊരു സത്യമായിരുന്നു എന്ന്.അയാള്‍ ഒരു ദുഷ്ട്ടനായിരുന്നു.ഭാര്യയെ ചവിട്ടിക്കൊന്ന ദുഷ്ട്ടന്‍.
                 പരമു ആശാന്‍ ജന്മിയായിരുന്നു.അയാള്‍ക്ക്‌ തെങ്ങിന്‍തോപ്പും ,നീണ്ടുപരന്ന വയലുകളും ,വാഴകളും ഉണ്ടായിരുന്നു.അയാളുടെ വീടിന്റെ മുറ്റത്തു പായ് നിറയെ കുരുമുളക് ഉണക്കാന്‍ ഇടുമായിരുന്നു.അയാള്‍ക്ക്‌ കാളകളും കലപ്പയും ഉണ്ടായിരുന്നു.
                        ഉണ്ണിയുടെ അച്ഛനും ഒരു ചെറിയ ജന്മിയായിരുന്നു. അയാള്‍ക്ക്‌ കശുമാവ് ഏറെയുള്ള ഭൂമിയുണ്ടായിരുന്നു.അത് കൊണ്ട് തന്നെ അയാള്‍ വലിയ മദ്യപാനിയുമായിരുന്നു.
                             ഉണ്ണി മൂത്തവനായിരുന്നു.ഇളയതായി നാല് സഹോദരിമാരും.നിത്യവും മദ്യപിച്ചെത്തുന്ന ഉണ്ണിയുടെ അച്ഛന്‍ അമ്മയെയും സഹോദരിമാരെയും വല്ലാതെ ഉപദ്രവിക്കുമായിരുന്നു.ഉണ്ണി അതുകൊണ്ടുതന്നെ അച്ഛനുമായി വഴക്കിടുമായിരുന്നു.
                       ഒരു ദിവസം അമിതമായി മദ്യപിച്ചെത്തിയ അച്ഛനെ ഉണ്ണി മണ്‍വെട്ടിക്കൈ കൊണ്ട് കാല്‍മുട്ടുകളില്‍ അടിച്ചു  വീഴ്ത്തി .അന്ന് രാത്രി തന്നെ  ഉണ്ണി വീട്ടില്‍ നിന്നുമിറങ്ങി.കുറെദിവസം എവിടെയൊക്കെയോ കറങ്ങി നടന്നു.അങ്ങനെയാണ് അപ്പുപ്പന്റെ വീട്ടില്‍ വന്നത്.പരമുആശാന്‍ അവനോടു ഒന്നും ചോദിച്ചില്ല  .അവന്‍ ഒന്നും പറഞ്ഞതുമില്ല.ഇപ്പോള്‍ അവന്‍ അച്ഛനെയും വീടിനെയും വെറുത്തു.
                      അങ്ങനെ അഞ്ചാം ക്ലാസ്സില്‍ തന്നെ അവന്റെ വിദ്യാഭ്യാസം കഴിഞ്ഞു. അവന്‍ ഇപ്പോള്‍ പരമു ആശാന്റെ കൃഷിക്കാരനാണ്‌.അവന്‍ നല്ല അധ്വാനിയായിരുന്നു.
                       വളരെ ഉയര്‍ന്ന ഒരേക്കറോളം വരുന്ന ഭൂമിയില്‍ പരമു ആശാന്‍ ഒരു മാടന്‍ ക്ഷേത്രം നിര്‍മ്മിച്ചിട്ടുണ്ട്.പല സ്ഥലത്തായി ചെറിയ ആല്‍ത്തറകള്‍ നിര്‍മ്മിച്ച്‌ പല ദൈവങ്ങളുടെയും പേരുകള്‍ കൊത്തി വച്ചിട്ടുണ്ട്.ഒരു വലിയ പനയുള്ളതില്‍ നിറയെ തൂക്കണാം കുരുവിക്കൂടുളാണ് .കിളികളുടെ ശബ്ദം ആല്‍ത്തരയിലെ  അന്തരീക്ഷത്തില്‍ ഇപ്പോഴും ഉണ്ടാകും.കാറ്റിന്റെ ശക്തിയില്‍ ചില കിളിക്കൂടുകള്‍ തറയില്‍ വീഴാറുണ്ട്‌.അതില്‍ ചിലതില്‍ കിളിക്കുഞ്ഞും മുട്ടയും കാണാറുണ്ട്‌.
                 ഞാന്‍ സ്കൂളില്‍ പോകുമ്പോള്‍ ഉണ്ണി വയലില്‍ എന്തെങ്കിലും ജോലി ചെയ്യുകയായിരിക്കും.ജോലി കഴിയുമ്പോള്‍ ഉണ്ണി പുഴയിലെ വെള്ളത്തില്‍ നീന്തിക്കളിക്കും.കാളകളെയും കലപ്പയും കഴുകി വൃത്തിയാക്കും.അപ്പോഴും അവന്‍ ബീഡി  വലിക്കും.ഈ പ്രായത്തിലും അവന്‍ എല്ലാപേരും കാണ്‍കെ ബീഡി വലിക്കും.ആരെയും അവനു പേടിയില്ല,ബഹുമാനമില്ല. അത് കൊണ്ട് തന്നെ പലരും അവനെ 'നിഷേധി' എന്ന് വിളിക്കാറുണ്ട്.എന്റെ വീട്ടിലും -അവനോടുള്ള കൂട്ട് വേണ്ടാ എന്ന് വിലക്കിയിട്ടുണ്ട്.അത് ഞാന്‍ കാര്യമാക്കാതെ അവനെ കൂടുതല്‍ കൂടുതല്‍ ഇഷ്ട്ടപ്പെട്ടു കൂട്ട് കൂടിയിരുന്നു.
                      എന്നെ സിനിമയ്ക്ക്  കൊണ്ട് പോകുമായിരുന്നു.അവന്റെ അപ്പുപ്പന്റെ തെങ്ങില്‍ നിന്ന് കരിക്ക് വെട്ടിത്തരുമായിരുന്നു.അവന്‍ എനിക്ക് ബീഡി തരുകയും ,ബീഡി വലിക്കാന്‍ പഠിപ്പിക്കുകയും ചെയ്തു.അങ്ങനെ ഞാനും അവനെപ്പോലെ ബീഡി വലിക്കാന്‍  തുടങ്ങി , ആരും കാണാതെ. എങ്കിലും ഞാന്‍ പഠിക്കാന്‍ സ്കൂളില്‍ പോകുമായിരുന്നു.ഞാന്‍ പഠിക്കുന്നത് ഉണ്ണിക്കു ഇഷ്ട്ടമായിരുന്നു.എനിക്ക് ബുക്കും പേനയും വാങ്ങിത്തരുമായിരുന്നു.
                        കോളേജില്‍ പോകാന്‍ തുടങ്ങിയ ശേഷം ഉണ്ണിയോടൊപ്പം വളരെ കുറച്ചു സമയമേ ചിലവഴിക്കാന്‍ പറ്റുമായിരുന്നുള്ളൂ.ഞായരാഴ്ചയിലും മറ്റുള്ള അവധി ദിവസങ്ങളിലും കൂടുതല്‍ സമയം അവനോടൊപ്പം ആയിരിക്കും.പുഴയില്‍ നിന്ന് മീന്‍ പിടിക്കാനും ,മരത്തില്‍ കയറി പൊത്തില്‍ നിന്ന് കിളിക്കുഞ്ഞിനെ പിടിച്ചു തരാനും , ഉത്സവങ്ങള്‍ക്ക് കൊണ്ട് പോകാനും ഉണ്നിയുണ്ടായിരുന്നു.
                       അവന്റെ അപ്പുപ്പന്‍ കാണാതെ തെങ്ങില്‍ നിന്ന് തേങ്ങ വെട്ടി വില്‍ക്കുമായിരുന്നു.അങ്ങനെ അവന്‍ പണം സമ്പാദിച്ചിരുന്നു.തേങ്ങ എനിക്കും തരുമായിരുന്നു.എല്ലാ വൈകുന്നേരവും അവന്‍ അലക്കിയ മുണ്ടും ഷര്‍ട്ടും ധരിച്ചു നാട്ടിലെ റോഡിലൂടെ നടന്നു ക്ഷേത്രത്തില്‍ പോകുമായിരുന്നു.അപ്പോള്‍ അവനെ കാണാനും നല്ല ഭംഗിയാണ്.
                      അവനു വിജയകുമാരി എന്ന് പേരുള്ള ഒരു കാമുകി ഉണ്ട്.എനിക്ക് അവളെ കാണിച്ചു തന്നിട്ടുണ്ട്.അവന്‍ എഴുതിയ പ്രേമലേഖനം അവള്‍ക്കു കൊടുക്കുകയും , അവള്‍ എഴുതിയത് തിരിച്ചു വാങ്ങുകയും ചെയ്യുമായിരുന്നു.
                         ഒരു ദിവസം കോളേജിനു എന്തോ കാരണത്താല്‍ അവധിയായിരുന്നു.എനിക്ക് സന്തോഷമായിരുന്നു.കാപ്പികുടി കഴിഞ്ഞു ഉണ്ണിയുടെ വീട്ടിലേക്കു ഓടുകയായിരുന്നു.അവന്റെ കൂടെ പുഴയില്‍ ചാടിക്കളിക്കാന്‍.
                അവന്‍ സ്ഥിരമായി ബീഡി വലിച്ചു ഇരിക്കാറുള്ള പുഴക്കരയിലെ തെങ്ങിന്‍തടിയില്‍  കാണുന്നില്ല.കുറെ നേരം അവിടെ നിന്നു.ദുഷ്ട്ടനായ അവന്റെ അപ്പുപ്പനോട് ചോദിക്കാന്‍ പേടിയായിരുന്നു.ഏറെസമയം നിന്നിട്ടും അവനെ കണ്ടില്ല.നിരാശനായി വീട്ടിലേക്കു നടന്നു.വൈകുന്നേരവും അവനെ കണ്ടില്ല.അടുത്ത മൂന്നുനാല് ദിവസം കോളേജില്‍ പോയതിനാല്‍ അവനെ കാണാന്‍ പറ്റിയില്ല.ഇതിനിടെ പല കൂട്ടുകാരോടും ഉണ്ണിയെപ്പറ്റി ചോദിച്ചു.ആരും അവനെ കണ്ടില്ല എന്ന് പറഞ്ഞു .എനിക്ക് സങ്കടവും സംശയവും ഉണ്ടായി. 
                           ഉണ്ണി എവിടെപ്പോയി?
                   ഒരു ഞായറാഴ്ച ഉച്ചക്ക് ഊണുകഴിച്ചുകൊണ്ടിരുന്നപ്പോള്‍ അമ്മയുടെ ശബ്ദം .
                     "ഒരു ശല്യം പോയിക്കിട്ടി."
                 സംശയത്തോടെ അമ്മയുടെ മുഖത്തോട്ടു നോക്കി.അപ്പോഴും അമ്മ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
                     "നാടുവിട്ടത് തന്നെ നല്ലത്. ഇവിടെയുള്ള ഒരുത്തനെങ്കിലും ഇനി നന്നാകും."   
                     ഉണ്ണി നാടുവിട്ടതാണോ?
                   ഉണ്ണി നാടുവിട്ടിരിക്കുന്നു.
                 അതെ.....അതാണ്‌ സത്യം.....
                  ഉണ്ണി നാടുവിട്ടിരിക്കുന്നു .....
               എനിക്ക് സഹിക്കാന്‍ പറ്റുന്നതിലും അപ്പുറമായി ആ വാര്‍ത്ത.ഊണു മതിയാക്കി ഞാന്‍ ദൂരെ പറങ്കിമാവിന്റെ ചുവട്ടിലേക്ക്‌ നടന്നു.എന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.
                    ഞാന്‍ കരഞ്ഞു.കുറെ നേരം കരഞ്ഞു.
                  ആ കാലത്ത് നമ്മുടെ നാട്ടിലെ പലരും ലോഞ്ചില്‍ കയറി പേര്‍ഷ്യയില്‍ (ഇന്നത്തെ ദുബായ്)പോകുമായിരുന്നു.അങ്ങനെ ഉണ്ണിയും പോയതാകുമോ? 
                            പലരോടും ചോദിച്ചു .ആര്‍ക്കും ഒരു വിവരവുമില്ല.
       ക്രമേണ ഉണ്ണി എന്നില്‍ നിന്നു അകലാന്‍ തുടങ്ങിയിരുന്നു.
        ഉണ്ണിയെ ഞാന്‍ മറന്നു.
        അത്ര പെട്ടന്ന് ഉണ്ണിയെ മറക്കാന്‍ പറ്റുമോ?
       ചോദ്യം സ്വയം ചോദിച്ച് ,ഇപ്പോഴും ഉത്തരം കിട്ടാതെ മനസ്സിലുണ്ട്.
          ഉണ്ണി എനിക്ക് ആരായിരുന്നു? അതിനും ഉത്തരമില്ല.
           എന്റെ വിദ്യാഭ്യാസം കഴിഞ്ഞു.സഹോദരിയുടെ വിവാഹം നടന്നു.സര്‍ക്കാര്‍ ജോലിയില്‍ നിന്നു അച്ഛന്‍ പെന്‍ഷന്‍ ആയി. 
                ഒരു ദിവസം എനിക്ക് ഒരു കവര്‍ പോസ്റ്റ്മാന്‍ കൊണ്ടുവന്നു.
                 ഉണ്ണിയുടെ കത്തായിരിക്കുമോ?
                 അവന്‍ ഇപ്പോള്‍ എവിടെയാണ്?
               ആര്‍ത്തിയോടെ കവര്‍ പൊട്ടിച്ചുവായിച്ചു.
                അത് ഉണ്ണിയുടെ കത്തല്ല.
              എനിക്ക് ജോലി കിട്ടിയ അറിയിപ്പ്...
     കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ , ഡല്‍ഹിയില്‍ , എനിക്ക് ജോലി കിട്ടി. ഞാന്‍ ഡല്‍ഹിയില്‍ എത്തി.
                       രണ്ടു വര്ഷം കഴിഞ്ഞു ,ആദ്യമായി ഞാന്‍ നാട്ടിലേക്ക് ട്രെയിന്‍ കയറി.അച്ഛനെയും ,അമ്മയെയും ,സഹോദരിമാരെയും ,നാടിനെയും കാണാന്‍ കൊതിയായി.ഉണ്ണിയില്ലാത്ത നാട്ടിലേക്ക് വരാന്‍ മനസ്സിന് മടിതോന്നി.എങ്കിലും പോയെ തീരു.ട്രെയിന്‍ എറണാകുളത്തു നിര്‍ത്തി.യാത്രക്കാര്‍ ഇറങ്ങുകയും,കയറുകയും ചെയ്തു.   
                             എന്റെ സമീപം തടിച്ചു ,വെളുത്തു കുറുകിയ ഒരു മനുഷ്യന്‍.പരസ്പ്പരം നോക്കി. കുറെ മൌനത്തിനു ശേഷം തമ്മില്‍ പരിചയപ്പെട്ടു.
                            " ബാബു "
             തിരുവനന്തപുരത്താണ് വീട്.ബോംബയിലാണ് ജോലി.
     അയാള്‍ വാചാലനായി.
                        എന്താണ് ജോലി എന്ന് ഞാന്‍ ചോദിച്ചില്ല.അയാള്‍ പറഞ്ഞതുമില്ല.നാട്ടിലും ബോംബയിലും അയാള്‍ക്ക്‌ ഒരു പേരുണ്ട്..
                            "ബോംബെ ബാബു"
                    അത് പറയുമ്പോള്‍ അയാള്‍ക്ക്‌ കൂടുതല്‍  സന്തോഷവും അഭിമാനവും തോന്നി.ആ പേര് അയാള്‍ക്ക്‌ ഇഷ്ട്ടമായിരുന്നു.
               ബോംബൈയിലെ കൊച്ചു കഥകള്‍ ,സംഭവങ്ങള്‍ അയാള്‍ നിര്‍ത്താതെ പറയാന്‍ തുടങ്ങി.എനിക്കും അതില്‍ രസം തോന്നി.കൂടുതല്‍ കേള്‍ക്കാന്‍ ഞാന്‍ അയാളെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.അയാള്‍ക്കും അത് ഇഷ്ട്ടമാണ് എന്ന് തോന്നി.
              അയാള്‍ക്ക്‌ ബോംബെ അത്രയ്ക്ക് പരിചയമായിരുന്നു.അയാള്‍ ബോംബയെ സ്നേഹിച്ചിരുന്നു.
               സംസാരത്തിനിടെ മന:പ്പൂര്‍വ്വമായി തന്നെ ഞാന്‍ ഉണ്ണിയെപ്പറ്റി ചോദിച്ചു.ഉണ്ണിയുടെ രൂപം ഞാന്‍ അയാള്‍ക്ക്‌ വിവരിച്ചു കൊടുത്തു.
               അയാള്‍ പെട്ടന്ന് സംസാരം നിര്‍ത്തി.കുനിഞ്ഞു ,അയാളുടെ കാല്‍മുട്ടില്‍ നോക്കി ഇരുന്നു.ഞങ്ങള്‍ക്കിടയില്‍ നിശബ്ധത നീണ്ടു. 
               ഞാന്‍ ചോദിച്ചത് അയാള്‍ കേട്ടില്ലേ?
              അതോ കേട്ടിട്ടും...............
                ഞാന്‍ പെട്ടന്ന് വിഷയം മാറ്റാന്‍ ശ്രമിച്ചു.അയാള്‍ പെട്ടന്ന് നിവര്‍ന്നു എന്നെ സൂക്ഷിച്ചു നോക്കി.
               അയാള്‍ പറഞ്ഞു തുടങ്ങി.....
                "ഉണ്ണി...ഉണ്ണിയെ അറിയാം.
                 പക്ഷെ ബോംബയില്‍ അയാളുടെ പേര് അതല്ല."
                  ബോംബെ ബാബു എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
             "ഉണ്ണി നാടുവിട്ടു വന്നതാണ്.ആഹാരവും വെള്ളവും കിട്ടാതെ സ്റ്റേഷന്‍ പരിസരത്ത് ബോധരഹിതനായി കിടന്ന അയാളെ ആരൊക്കെയോ ആശുപത്രിയില്‍ എത്തിച്ചു.അയാള്‍ എവിടത്തുകാരനാണെന്ന്  ആര്‍ക്കും അറിയില്ലായിരുന്നു.ആശുപത്രി വിട്ടു പുറത്ത് വന്ന അയാള്‍ ജോലി തേടി അലഞ്ഞു നടന്നു.അവസാനം റെയില്‍വേസ്റ്റേഷന്റെ അടുത്തുള്ള ഒരു വൃത്തികെട്ട ചേരിയില്‍ അഭയം തേടി.അവിടെ ടയര്‍ റിപ്പയര്‍ ചെയുന്ന ജോലി ചെയ്തു - അമിതമദ്യപാനിയായി. അവിടെയുള്ള ,അവനെക്കാള്‍ പന്ത്രണ്ടു വയസ്സോളം പ്രായക്കൂടുതലുള്ള  ഒരു വൃത്തികെട്ട സ്ത്രീയുടെ പേരിനു മാത്രം ഭര്‍ത്താവായി ചേരിയില്‍ കഴിയുന്നു.അവളുടെ അടിമയായി "
                         ഞാന്‍ നിര്‍വികാരനായി കേട്ടിരുന്നു.എനിക്ക് അയാളോട് ഒന്നും ചോദിക്കാന്‍ ശക്തിയില്ലാതായി.പിന്നീടു അയാള്‍ സംസാരിച്ചില്ല ,ഞാനും.
                     എനിക്ക് ഇറങ്ങാനുള്ള സ്ഥലം എത്തി.ഇറങ്ങാന്‍ നേരം ബോംബെ ബാബുവിനെ ഞാന്‍ നോക്കി.അയാള്‍ തലയാട്ടി.ഞാന്‍ ട്രെയിനില്‍ നിന്നും പുറത്തേക്കിറങ്ങി .പുറകില്‍ അയാളുടെ ശബ്ദം ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു.
                                "ഉണ്ണിയെ ഞാന്‍ കാണും.എന്തെങ്കിലും അവനോടു പറയണോ?"
                    ഞാന്‍ തിരിഞ്ഞു നിന്ന് അയാളെ നോക്കി.
            വേണ്ട എന്ന് തലയാട്ടി.ട്രെയിന്‍ കടന്നു പോയി.വലിയ ശബ്ദത്തോടെ...
               ഉണ്ണിയോട്  പറയാന്‍ ഒന്നും ഇല്ല എന്ന് പറഞ്ഞത് ശരിയായിരുന്നോ?ഞാന്‍ അങ്ങനെ ചെയ്തത് തെറ്റല്ലേ? വലിയ തെറ്റ്..
              എനിക്കുത്തരം ഇല്ല.ഉണ്ണിയെക്കുറിച്ച്  ചിന്തിച്ചു ഞാന്‍ സാവധാനം നടന്നു.
                അവധി കഴിഞ്ഞു ഞാന്‍ ഡല്‍ഹിയിലേക്കു വീണ്ടും പോയി.പലപ്രാവശ്യം വരികയും പോകുകയും ചെയ്തു.പിന്നീടു ഒരിക്കല്‍പ്പോലും ബോംബെ ബാബുവിനെ കാണാന്‍ കഴിഞ്ഞില്ല.ബോംബെ ബാബുവിനെ മാത്രമല്ല ....ഉണ്ണിയും......
                                            ഓര്‍മ്മയില്‍ നിന്ന് വര്‍ഷത്തിന്റെ നീളം എണ്ണി തിട്ടപ്പെടുത്തി.38 വര്ഷം കഴിഞ്ഞിരിക്കുന്നു.ഉണ്ണി ഇല്ലാത്ത 38 വര്ഷം.
                      ഡല്‍ഹിയിലെ ജോലി കഴിഞ്ഞു.എങ്കിലും എന്റെ മകളും ഭര്‍ത്താവും ഡല്‍ഹിയില്‍ ഉണ്ട്.അവരുടെ കൂടെ ഇപ്പോഴും ഡല്‍ഹിയില്‍ തന്നെ. നാട്ടില്‍ സഹോദരിമാര്‍ മാത്രം.അമ്മയും അച്ഛനും യാത്ര പറഞ്ഞു പോയി.
                         ഞാനും മകളും പേരക്കുട്ടിയും ,എന്റെ ഇളയസഹോദരിയുടെ   ചെറുമകളുടെ വിവാഹത്തില്‍ പങ്കുചേരാന്‍ എത്തിയതാണ്. 
                          എന്റെ മകള്‍ക്ക് ഒരു മകള്‍ ,അപര്‍ണ്ണ.മിടുക്കിയാണ്.ഇന്ന് രാവിലെ വിവാഹം കഴിഞ്ഞു.
                      നാട്ടിലെ പല പഴയ കൂട്ടുകാരും വിവാഹത്തിനുണ്ടായിരുന്നു.ചിലര്‍ക്ക് അറിയില്ല.ചിലര്‍ക്ക് മുഖപരിചയം ഉണ്ട്.ചിലരോട് പഴയ കഥകള്‍ പറഞ്ഞു നടന്നു ഓര്‍മ്മകള്‍ പുതുക്കി.അവിടെ വച്ചു കേട്ട കഥ എന്നെ തളര്‍ത്തി.
               ഊന്നു വടിയില്‍ ബലം പിടിച്ചു അടുത്ത് കണ്ട കസേരയില്‍ ചാരിയിരുന്നു.വിയര്‍ക്കുന്നുണ്ടായിരുന്നു.ആരൊക്കെയോ അടുത്തുനിന്നു പിടിച്ചിരിക്കുന്നു.ഒരിക്കല്‍ കൂടി കേട്ടതെല്ലാം ഓര്‍മ്മിക്കാന്‍ ശ്രമിച്ചു.
                   നാടുവിട്ട ഉണ്ണി ബോധംകെട്ടു റോഡില്‍ കിടന്നതും ,ആശുപത്രിയില്‍ കിടന്നതും ,ചേരിയില്‍ ജോലി ചെയ്തതും ,പ്രായക്കൂടുതലുള്ള  സ്ത്രീയുടെ ഭര്ത്താവായതും  ,അമിത മദ്യപാനത്തില്‍   രോഗിയായതും ,ചേരിയിലെ സ്ത്രി അടിച്ചിറക്കി വിട്ടതും ,അലഞ്ഞു തിരിഞ്ഞു അവശനായി നാട്ടില്‍ എത്തിയതും ,ആശുപത്രിയില്‍ കിടന്ന ഉണ്ണി തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ചു 6 മാസം മുന്‍പ് മരിച്ചതും ..........
                          തളര്‍ന്നുപോയി.....
                   ഈ 38 വര്‍ഷത്തിനുള്ളില്‍ ഒരിക്കല്‍പ്പോലും അവനെ കാണാന്‍ ശ്രമിക്കാത്തതില്‍ കുറ്റബോധം തോന്നി.കടുത്ത നിരാശയും ദു:ഖവും......
              നാളെ തിരിച്ചു പോകണം.ഇപ്പോള്‍ പുഴയില്‍ നല്ല നിലാവ്.
             ദൂരെ നിന്ന് ഒരാള്‍ നടന്നുവരുന്നു.കൈ ഇല്ലാത്ത ബനിയന്‍,കറുത്ത ലുങ്കി ,തോളില്‍ തോര്‍ത്ത്.
             എനിക്ക് ഇപ്പോള്‍ നല്ല പോലെ കാണാം.നിലാവില്‍ ആ രൂപം അടുത്തേക്ക് വരുന്നു.
                  ഊന്നു വടിയില്‍ പിടിച്ചു ഞാന്‍ എഴുന്നേറ്റു.നടന്നു വരുന്ന രൂപം അടുത്തെത്താറായി  .
                    അത്.... ഉണ്ണിയല്ലേ....?
                      ഉണ്ണി...... എന്റെ ഉണ്ണി....
                   ഞാന്‍  ഉറക്കെ വിളിച്ചു.
                    "ഉണ്ണി...............
                      ഉണ്ണി.............."
             പുറകില്‍ ആരോ ബലമായി പിടിക്കുന്നു.തിരിഞ്ഞു നോക്കി..
                         അപര്‍ണ്ണ...കൊച്ചുമകള്‍.
                          "ആരാ അപ്പുപ്പാ ഉണ്ണി..?ഇവിടെ ആരും ഇല്ലല്ലോ?വരൂ..പോകാം..നേരം ഒത്തിരിയായി..അപ്പുപ്പന്‍ ഇവിടെയിരുന്നു സ്വപ്നം കണ്ടതാ.."
                        അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ അപര്‍ണ്ണയുടെ പിന്നാലെ നടന്നു.ഒരിക്കല്‍ കൂടെ തിരിഞ്ഞു നോക്കാന്‍ ശക്തിയില്ല.
                     ഓര്‍മ്മയില്‍ ഒരു നൊമ്പരമായി...
                     ഉണ്ണി..അവന്‍ അവിടെ നില്‍ക്കട്ടെ ..
                    ഇനി വരുമ്പോള്‍ കാണാം...
      അവനു ഈ പുഴയും നാടും വിട്ടു എങ്ങും പോകാന്‍ കഴിയില്ല..