Monday, December 26, 2011

                          അയ്യപ്പ ഗാനം 4 


അലകള്‍ ഇളകുന്ന പമ്പ 
അലകടലായി ഒഴുകുന്നു ഞങ്ങള്‍ .
വ്യാസ മഹര്‍ഷിക്ക് ഭാരതമെഴുതിയ 
ശ്രീമഹാഗണപതി മുന്നില്‍ -നിന്നുടെ
ജ്യേഷ്ഠ സഹോദരനല്ലേ  ....
                                          ( അലകള്‍ ഇളകുന്ന.....)
ആകാശനീലിമ തൊട്ടു നിന്നീടുന്ന 
ആ പുണ്യ മാമല കയറും നേരം 
ഉയരുന്ന ശരണം വിളികളിലായി 
കാനനമാകെ ഉണര്‍ന്നു ,
എന്‍റെ അയ്യപ്പ സ്വാമി ഉണര്‍ന്നു .
കാനന വാസനറിഞ്ഞു എല്ലാം....
 കാനന വാസനറിഞ്ഞു....
                                                  (അലകള്‍ ഇളകുന്ന)
കല്ലും മുള്ളും മെത്തയാക്കീടുന്ന
കാട്ടു വഴികളിലൂടെ ,
ഇരുമുടിക്കെട്ടി ന്‍റെ   ശക്തിയോടെ ഞങ്ങള്‍ 
പതിനെട്ടുപടി കയറിയെത്തും, 
ഞങ്ങള്‍ അയ്യപ്പ സ്വാമിയെ കാണും .
                                                     (അലകള്‍ ഇളകുന്ന)
അഭിഷേകം കണ്ടു നിര്‍വൃതി അടയുവാന്‍ 
മനസുകള്‍ വെമ്പല്‍ കൊള്ളുന്നു 
ഹൃദയം മണികണ്നെ കാണാന്‍ കൊതിക്കുന്നു, 
ഞങ്ങളില്‍ അയ്യപ്പന്‍ പുഞ്ചിരി തൂകുന്നു  
                                                       (അലകള്‍ ഇളകുന്ന)
                അയ്യപ്പ ഗാനം 3 

ആനന്ദ ഭൈരവി രാഗത്തിലിന്നു ഞാന്‍  
ആലാപനം‌ നടത്തീടാം...  
ആയിരം സൂര്യ പ്രഭയോടെ ഞങ്ങള്‍ക്ക് 
ദര്‍ശനം നല്‍കുന്ന ധര്‍മ്മ ദേവാ 
മാമല വാഴുന്ന ദിവ്യ ദേവാ 
                                                                (  ആനന്ദ ഭൈരവി....)
സ്വാമിയേ ശരണമയ്യപ്പാ സ്വാമിയേ ശരണമയ്യപ്പാ സ്വാമിയെ ശരണമയ്യപ്പാ
സ്വാമിയേ ശരണമയ്യപ്പാ സ്വാമിയേ ശരണമയ്യപ്പാ സ്വാമിയേ ശരണമയ്യപ്പാ
               
നെയ്‌ വിളക്കെരിയുന്ന  നിന്നുടെ മുന്നില്‍ 
വെണ്ണയായുരുകുന്നു  എന്‍റെ പാപം 
ശാപ ശിലകള്‍പോല്‍  ഒഴുകി വരുന്ന - നിന്‍
പാപികളാം ഞങ്ങള്‍ക്ക് മോക്ഷമേകൂ ..
                                                                  ആനന്ദ ഭൈരവി....)
സ്വാമിയേ ശരണമയ്യപ്പാ സ്വാമിയേ ശരണമയ്യപ്പാ സ്വാമിയെ ശരണമയ്യപ്പാ
സ്വാമിയേ ശരണമയ്യപ്പാ സ്വാമിയേ ശരണമയ്യപ്പാ സ്വാമിയേ ശരണമയ്യപ്പാ

മാനത്ത് തെളിയുന്ന ദിവ്യ ദീപം 
കാണുവാന്‍ ദേവര്‍കള്‍  കാത്തു നില്‍ക്കും   
അതിലൂടെ  ഞങ്ങളും കാണുന്നു നിന്നുടെ
അനശ്വര ചൈതന്യ  ദിവ്യ രൂപം 
മകര ജ്യോതിസ്സായ  ദിവ്യ ദീപം 
                                                                ആനന്ദ ഭൈരവി....)

               

Thursday, December 15, 2011

ഒരു വനയാത്ര


          ആകാശത്തിനു ചുവപ്പുനിറമായിരുന്നു...
         താഴ്വാരത്തില്‍ മഞ്ഞു കട്ടപിടിച്ചു ഇരുട്ടു പരന്നപൊലെയും ..
         പക്ഷികള്‍ നിശബ്ദരായിരിക്കുന്നു..
         കാടിനു മൂകത..
        അകലെ കാടിനുള്ളില്‍ ആദിവാസിക്കുടിലുകള്‍..
മഞ്ഞു പാളികല്‍ക്കിടയിലൂടെ പുകച്ചുരുളുകള്‍ ആകാശത്തേക്ക് ഉയരുന്നു.
ആദിവാസിക്കുടിലുകളില്‍  ആഹാരം പാചകം ചെയ്യുന്നതായിരിക്കും..
                                     യാത്ര തുടര്‍ന്നു.....
  മുന്നില്‍ കാടിനെ അറിയുന്ന ആദിവാസി ...! പിന്നില്‍ ഞങ്ങള്‍..!
             അഗസ്ത്യര്‍ വനത്തി ലേക്കുള്ള  യാത്രയായിരുന്നു അത്..
പുരാണ കഥയിലെ സപ്ത ഋഷി മാരില്‍ ഒരാളാണ് അഗസ്ത്യ മുനി. അദ്ദേഹം തപസ്സു ചെയ്ത മല ആയതുകൊണ്ടാണ് ഇതിനു അഗസ്ത്യര്‍ മല എന്ന് പേര് വരാന്‍ കാരണം .വൈവിധ്യമാര്‍ന്ന സസ്യജന്ത് ജാലങ്ങലാലും ഔഷധ  സസ്യങ്ങളലും  അനുഗ്രഹിതമാണ് ഈ  മല. 
             മനസ്സിലാകാത്ത ഭാഷയില്‍ ആദിവാസി യുവാവ്‌ കാടിനേയും ,കാട്ടു മൃഗങ്ങളേയും കുറിച്ച് എന്തൊക്കെയോ പറയുന്നുണ്ട്.എല്ലാം കേള്‍ക്കുന്നില്ല.എങ്കിലും അയാളെ നിരാശനാക്കാതെ  ഞങ്ങള്‍ മൂളിക്കൊണ്ട് പിന്നാലെ നടന്നു..അത് അയാള്‍ക്ക് ആവേശമായി..
 കറുമ്പന്‍ കാണി - അതായിരുന്നു ആ ആദിവാസി യുവാവിന്‍റെ പേര്.
  പൊട്ടന്‍ കാണി എന്ന് നാട്ടുകാര്‍ വിളിക്കും. 
              യാത്രക്കിടയില്‍ അയാള്‍ കാട്ടു മുയലിനെയും ,കുരങ്ങന്മാരെയും ,മാന്‍പേട കൂട്ടത്തെയും കാണിച്ചു തന്നു.പക്ഷെ അയാള്‍ പറഞ്ഞതുപോലെ കരടിയെയോ ,പുലി യേയോ ഒന്നും കണ്ടില്ല.ഞങ്ങളെ ഭയപെടുത്താന്‍ തട്ടിവിട്ട നുണകളാണ് അതെന്നു മനസ്സിലായി.
             അയാള്‍ ഇടയ്ക്ക് കയ്യില്‍ കരുതിയിരുന്ന വാറ്റു ചാരായം കുടിക്കുന്നുണ്ടായിരുന്നു.ഞങ്ങള്‍ അയാള്‍ക്ക് മുന്തിയ ഇനം സിഗരറ്റുനല്‍കി.അയാള്‍ അത് ആവേശത്തോടെ വാങ്ങി കത്തിച്ചു വലിച്ചു.പകരമായി അയാള്‍ ഞങ്ങള്‍ക്ക് കയ്യിലെ തോല്‍ സഞ്ചിയില്‍ ഉണ്ടായിരുന്ന തേന്‍ കുടിക്കാന്‍ തന്നു.ആ കാട്ടു തേനിന്റെ രുചി വായില്‍ നിറഞ്ഞു നിന്നു.അയാള്‍ പിന്നീട് തേന്‍ ചേര്‍ത്ത വാറ്റുചാരായവും ഞങ്ങള്‍ക്ക് തന്നു.ഞങ്ങളുടെ തല്ചോറീലും ലഹരി കത്തി പിടിച്ചു.
             അയാള്‍ക്ക് വഴി തെറ്റിയിട്ടില്ലെന്നു അറിയാമായിരുന്നു. കാരണം അയാള്‍ കാടിന്റെ സന്തതിയാണ്‌.
           ഇപ്പോള്‍ ഞങ്ങള്‍ വനത്തിനുള്ളില്‍ കൂടുതല്‍ എത്തികഴിഞ്ഞു.ചുറ്റുമുള്ള ഭംഗികള്‍ ആസ്വദിച്ച് ഞങ്ങള്‍ നടന്നു...
           ആകാശത്തിലെ   സൂര്യന് തിളക്കമില്ലായിരുന്നു .
മരചില്ലകളിലൂടെ കാണുന്ന സൂര്യന് കറ്പ്പ് നിറ മായി തോന്നി.
           ഞങ്ങള്‍ ക്ഷീണിച്ചു.
അയാള്‍ ഉയര്‍ന്നതും പരന്നതുമായ ഒരു വലിയ പാറയില്‍ ഇരുന്നു. കൂടെ ഞങ്ങളും..
           വിശപ്പ്‌ ഞങ്ങളില്‍ പടര്‍ന്നു കയറി.
          അയാള്‍ തലച്ചുമടായി കൊണ്ട് നടന്ന വലിയ തുണികെട്ട് അഴിച്ചു. അതില്‍ നിറയെ കപ്പയും അരിയും നാടന്‍ വാറ്റു ചാരായത്തിന്റെ കുപ്പികളും ആയിരുന്നു. 
         പാറയുടെ താഴെ തെളിനീര്‍ നിറഞ്ഞു ഒഴുകുന്ന വീതിയുള്ള ഒരു അരുവി.ദൂരെ  മീന്‍മുട്ടി എന്ന വെള്ളച്ചാട്ടം കാണാം.അവിടെ പോകാന്‍ അയാള്‍ അനുവദിച്ചില്ല. അയാള്‍ കെട്ടിനുള്ളില്‍ നിന്ന് വലിയൊരു പാത്രവുമെടുത്ത്‌ അരുവിയുടെ സമീപത്തേക്ക് പോയി  .ഞങ്ങള്‍ നോക്കിയിരുന്നു. അയാളുടെ ജോലി എല്ലാം  അടുക്കും ചിട്ടയോടും കൂടിയതായിരുന്നു.
            ചെറിയ പാറ കല്ലുകള്‍ കൊണ്ട് വന്നു അടുപ്പ് ഉണ്ടാക്കി. ഉണങ്ങിയ മരച്ചില്ലകള്‍ ഒടിച്ച് അയാള്‍ വിറകാക്കി .കയ്യില്‍ ഉണ്ടായിരുന്ന ഒരു വലിയ കത്തി കൊണ്ട് കപ്പ ചുരണ്ടുകയും ,കലത്തിലെ വെള്ളത്തിലിട്ടു കഴുകി വൃത്തിയാക്കി ,അടുപ്പിനുള്ളില്‍ വച്ച് തീ കത്തിച്ചു.അയാള്‍ ആഹാരം പാചകം ചെയ്യാന്‍ തുടങ്ങി.
              ഇപ്പോള്‍ അയാള്‍ സംസാരിക്കുന്നില്ല. 
ഞങ്ങള്‍ മൊബൈല്‍ കാമറയില്‍ കാടിന്റെ ഭംഗി പകര്‍ത്തി കൊണ്ടിരുന്നു . അയാള്‍ പാറയില്‍ ആകാശംനോക്കി മലര്‍ന്നു  കിടന്നു.
              ഞങ്ങളോടൊപ്പം ജോലി ചെയുന്ന രാമകൃഷ്ണന്‍ നായരും കുറച്ചു നാട്ടുകാരായ സുഹൃത്തുകളും യാത്രയില്‍ കൂടെ ഉണ്ട്. രാമകൃഷ്ണന്‍ നായര്‍(അണ്ണന്‍)  8 വര്ഷം മുന്‍പ് ജോലിയില്‍ നിന്നും വിരമിച്ചു.അയാള്‍ക്ക് ധാരാളം സമ്പത്തുണ്ട്.ഞാന്‍ അയാള്‍ക്ക് സ്വന്തം 'അനുജന്‍ ' ആണ്. ഞങ്ങളോടൊപ്പം കൂടിയാല്‍ അണ്ണന്      ചെറുപ്പമാണ് . മരുതമലയിലാണ്‌ അദ്ദേഹത്തിന്റെ വീട്..അതും ഒരു വനപ്രദേശം ആണ്  .
            അണ്ണന്‍ ആദിവാസിയെ സഹായിച്ചു കൂടെ തന്നെ ഉണ്ട് .
  കറുമ്പന്‍ ഞങ്ങളെ കൈകൊട്ടി വിളിച്ചു ..അരുവിയില്‍ പോയി കുളിച്ചു വരാന്‍ പറഞ്ഞു.ഞങ്ങള്‍ കൂട്ടത്തോടെ അരുവില്‍യിലിറങ്ങി നീന്തി തുടിച്ചു കുളിക്കാന്‍  തുടങ്ങി.
           അരുവിക്ക്‌ അപ്പുറം വലിയ പാറയും ഇടതൂര്‍ന്ന  വനവും കാണാമായിരുന്നു. ഞങ്ങളുടെ ക്ഷീണമൊക്കെ അകന്നു, തികച്ചും ഉന്മേഷ വാന്മാരായി .
            ഞങ്ങള്‍ കുളിക്കുന്നതിനിടെ അണ്ണനും കറുമ്പന്‍ കാണിയും കപ്പ പുഴുങ്ങുകയും ,കഞ്ഞിയും തേങ്ങ ചട്നിയും തയ്യാറാക്കുകയും ചെയ്തിരുന്നു. 
            കാട്നുള്ളില്‍ വളര്‍ന്നു പടര്‍ന്നു നിന്ന ഏതോ ചെടിയുടെ വലിയ ഇലകള്‍ നിരത്തി അവര്‍ കപ്പ അതില്‍ വിളമ്പി. കപ്പയില്‍ നിന്ന് ചൂടുള്ള ആവി ഉയര്‍ന്നു പൊങ്ങി. 
                       ആഹാരത്തിന് നല്ല സ്വാദ്..!! 
 ഉണക്ക മത്സ്യം തീയില്‍ ചുട്ടെടുത്തത് വളരെ രുചികരമായിരുന്നു.
                      ഞങ്ങള്‍  ആവശ്യത്തിലേറെ കഴിച്ചു. 
                      ഞങ്ങള്‍ വാച്ചില്‍ നോക്കി. 
                      സമയം ഉച്ച കഴിഞ്ഞു 2  മണി. 
                     വനം ഇരുട്ടിലകുന്നു.
                     അര്‍ദ്ധ രാത്രിയുടെ പ്രതീതി.. !
 എങ്കിലും ഞങ്ങള്‍ക്ക് എല്ലാം കാണാമായിരുന്നു. 
                  അലപനേരം കൂടി  അവിടെ വിശ്രമിച്ച ശേഷം ഞങ്ങള്‍ യാത്ര തുടര്‍ന്നു.
               വേരുകളില്‍ ചവുട്ടി ഞങ്ങള്‍ തൂക്കായ മല കയറാന്‍ തുടങ്ങി.മലയുടെ മുകള്‍ ഭാഗം ആകാശത്ത് മുട്ടി നില്‍ക്കുന്നതായി തോന്നി.തണുപ്പ് ഞങ്ങള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
               ചിലര്‍ രണ്ടു ഷര്‍ട്ട്‌കള്‍ വരെ ധരിച്ചിരുന്നു. എത്ര ദൂരം പിന്നിട്ടു എന്നറിയില്ല. ദൂരത്തെ പറ്റി  കറുമ്പനും വല്യ അറിവൊന്നും ഇല്ല. 
                 വിശാലവും പരന്നതുമായ ഒരു സ്ഥലത്ത്  ഞങ്ങളെത്തി. അവിടെ ഇടതൂര്‍ന മരങ്ങള്‍ ഇല്ലായിരുന്നു. അവിടം വരണ്ട മണല്‍ പ്രദേശം ആണ്. ഞങ്ങള്‍ ബാഗുകള്‍ നിലത്തു വച്ച് ചുറ്റും കൂടിയിരുന്നു. കറുമ്പന്‍ കാടിന്റെ കഥകള്‍ പലതും പറയുന്നുണ്ടായിരുന്നു. 
               ഇപ്പോള്‍ ആകാശത്തിനു ഇളം നീല നിറം തന്നെയാണ്. സൂര്യ പ്രകാശം അവിടമാകെ പരന്നിരുന്നു.
                  സമയം നാലു മണി കഴിഞ്ഞിരുന്നു. 
                 കറുമ്പന്‍ കാണി കട്ടന്‍ ചായ ഇടാന്‍ തുടങ്ങി.
   അയാള്‍ക്ക്‌ കാടു വീടുപോലെയാണ് എന്ന് ഞങ്ങള്‍ക്ക് തോന്നി.
             ചൂട് ചായ നെഞ്ജിനുള്ളില്‍  കൂടി ഒഴുകി ..
           മഞ്ഞിന്റെ ചീളുകള്‍ വ്യാപിച്ചിരുന്ന ശരീരത്തിന് അത് സുഖം പകര്‍നു.
             കാട്ടിലെ കാറ്റിനു ഏലത്തിന്‍റെയും ഗ്രാമ്പുവിന്‍റെയും മണമുണ്ടായിരുന്നു. കറുമ്പന്‍ പറയുന്നുണ്ടായിരുന്നു, അടുത്ത മലയില്‍ ഏലവും ,ഗ്രാമ്പുവും  കൃഷി ചെയുന്നുന്ടെന്ന കാര്യം ..
             "കാട്ടിനുള്ളില്‍ തണുപ്പിനു ശക്തി കൂടും " അണ്ണന്‍ പറയുന്നത് കേട്ടു.
               അല്പസമയത്തിനു ശേഷം വീണ്ടും യാത്ര തുടര്‍ന്നു.
  "അഗസ്ത്യാര്‍ മല എത്താറായിരിക്കണ്",കറുമ്പന്‍ കാണിയുടെ ശബ്ദം.
                  ഞങ്ങള്‍ക്ക് അതിയായ സന്തോഷം  തോന്നി. 
അയാള്‍ അപ്പോഴും വാറ്റു ചാരായം കുടിക്കുന്നുണ്ടായിരുന്നു..
തണുപ്പില്‍ ചാരായത്തിനു ലഹരി പോരെന്നാണ് അയാളുടെ പരാതി .
                അഗസ്ത്യര്‍ മലയുടെ ചോട്ടില്‍ ഞങ്ങള്‍ എത്തി. 
                മുന്നില്‍ ആകാശം മുട്ടെ വളര്‍ന്നു അഗസ്ത്യര്‍ മല. 
ചുവട്ടില്‍ ചുറ്റിനും ഇടതൂര്‍ന കുറ്റി ചെടികള്‍. ഞങ്ങള്‍ ബാഗുകള്‍ സുരക്ഷിതമായി അല്പം അകലെ കൂട്ടി ഇട്ടു. കറുമ്പന്‍ കാണി അയാളുടെ വലിയ  തുണികെട്ടും സമീപം വച്ചു. മലകയറാന്‍ ഞങ്ങള്‍ തയ്യാറെടുത്തു. 
                          മുന്നിലായി കറുമ്പന്‍ കാണി..
                          ഏറ്റവും പിന്നില്‍ അണ്ണന്‍. 
ഞങ്ങള്‍ക്ക് വല്ലാത്ത ഒരു ആവേശം ഉണ്ടായി. ഒരു മണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ മലയുടെ മുകളില്‍ എത്തി .സൂര്യന്‍ ചുവന്നു തുടുത്തു  പടിഞ്ഞാറെ ചക്രവാളത്തില്‍ സമുദ്രത്തിനോട്  അടുക്കാന്‍ തുടങ്ങുന്നു. 
                 ഞങ്ങളെ മറച്ചു കൊണ്ട് മേഘം ഒരു പഞ്ഞികെട്ട് പോലെ പറന്നു നടന്നു. 
                     അസഹ്യമായ തണുപ്പ് ഞരമ്പുകളെ പോലും മരവിപ്പിക്കുന്നുണ്ടായിരുന്നു.
 ഇപ്പോള്‍ ഞങ്ങള്‍ക്ക് കറുമ്പന്റെ തേന്‍ കലര്‍ത്തിയ വാറ്റു ചാരായം അത്യാവശ്യമായി  തോന്നി. പക്ഷെ അത് മലയുടെ അടിവാരത്ത് ഉപേക്ഷിച്ചിട്ടായിരുന്നു  മല കയറിയത്. ഞങ്ങള്‍  മലയുടെ മുകളില്‍ നിന്ന് നാലുപാടും കണ്ണോടിച്ചു..
                ഇതുവരെ കാണാത്ത ആനന്ദം കണ്ണിനും മനസിനും.
            ഇവിടെ  നിന്നാല്‍ ലോകം മുഴുവനും കാണാം എന്ന് തോന്നി. മലയുടെ തെക്ക്   കിഴക്കായി തമിഴ്നാടിന്റെ ഭാഗം കാണാം. 
       കണ്ണെത്താ ദൂരത്തു മിന്നാമിനുങ്ങിന്‍ കൂട്ടം വെളിച്ചം വീശും പോലെ നഗരം .


പുരാണ കഥയിലെ  മഹാമാമുനിയുടെ  ചെറിയൊരു  വിഗ്രഹം മലയുടെ ഏറ്റവും മുകളിലുണ്ട്.   ഞങ്ങള്‍ ഭക്തി പൂര്‍വ്വം അവിടെ തൊഴുതു പ്രാര്‍ത്ഥിക്കുകയും ഈ പുണ്യമലയില്‍ എത്താന്‍ കഴിഞ്ഞതില്‍ ഹൃദയ പൂര്‍വ്വം സന്തോഷിക്കുകയും ചെയ്തു . 
                          മല ഇറങ്ങാന്‍ തുടങ്ങി.
     ഇപ്പോള്‍ ആകാശത്ത് പൂര്‍ണ ചന്ദ്രന്‍ പ്രകാശിച്ചു നില്‍ക്കുന്നുണ്ട്. ആ പ്രകാശം ഞങ്ങള്‍ക്ക് വഴികാട്ടി ആയി.
                      ഞങ്ങള്‍ അഗസ്ത്യ മല ഇറങ്ങി. 
      വഴിയിലെവിടെയോ ഏലം ഉണക്കാനുള്ള ഒരു പുര ഉള്ളതായി കറുമ്പന്‍ കാണി പറഞ്ഞു. ഞങ്ങള്‍ അവിടേക്ക് പോയി. പറഞ്ഞത് സത്യമായിരുന്നു. നല്ല ഒരു ഷെഡ്‌ .കറുമ്പന്‍ കാണി അവിടെ വച്ച് ആഹാരം പാചകം ചെയ്യാന്‍ തുടങ്ങി..ഞങ്ങള്‍ അയാളുടെ കരവിരുത് നോക്കി ഇരുന്നു. ഇതിനിടെ ഞങ്ങള്‍ തേന്‍ കലര്‍ത്തിയ നാടന്‍ ചാരായം  കുടിക്കാന്‍  ആരംഭിച്ചു. 
                     എല്ലാപേരും ആഹാരം കഴിച്ചു. ആ സമയം കറുമ്പന്‍  ഷെഡിന്     മുന്നില്‍ വിറകു കൂട്ടി തീയിട്ടു തണുപ്പകറ്റി.ആന വരാതിരിക്കാന്‍ വേണ്ടിയാണ് അതെന്നാണ്‌ അയാള്‍ പറഞ്ഞത്.എവ്ടെയോക്കെയോ നിന്നു കാട്ടു മൃഗങ്ങളുടെ കരച്ചില്‍ കേള്‍കുന്നുണ്ടായിരുന്നു. വളരെ ക്ഷീണിതരായിരുന്ന ഞങ്ങള്‍ വേഗം ഉറങ്ങി പോയി. 
                    രാവിലെ തന്നെ മടക്ക യാത്ര ആരംഭിച്ചു.
                    ആകാശം  മേഘാവൃതമായിരുന്നു. 
മഞ്ഞിന് ശക്തി വളരെ കുറവായിരുന്നു. മഴപെയ്യും എന്നാണ് ലക്ഷണമെന്നു  കറുമ്പന്‍ പറഞ്ഞു.അത് ശരിയായിരുന്നു, ചെറിയൊരു കാറ്റും ,ചാറ്റല്‍ മഴയും വന്നെത്തി. മഴയില്‍ വനയാത്ര രസകരമായി തോന്നി. 
                                    പെട്ടെന്ന് ...
   കറുമ്പന്‍ കാണി മുന്നില്‍ പോവുകയായിരുന്നു.
                     അയാള്‍ സ്തബ്ദനായി നിന്നു....... 
                  അയാള്‍ കൈ കൊണ്ട്  നില്ക്കാന്‍ അറിയിച്ചു.
                       നിശബ്ദരാകാനും ..!!!
                       ഞങ്ങള്‍ നിശബ്ദരായി..
               അപ്പോഴാണ് ഞങ്ങളും ആ കാഴ്ച കണ്ടത് ..
                       കാട്ടാനക്കൂട്ടം .....
ശ്വാസം അടക്കി പിടിച്ചു കൊണ്ട് ഞങ്ങള്‍ മരത്തിന്‍റെ  മറവുകളില്‍ ഒളിച്ചുനിന്നു. ഒരാഴ്ചയോളം പ്രായം വരുന്ന 2 ആന ക്കുട്ടികളും ആ കൂട്ടത്തിലുണ്ടായിരുന്നു. ആന തന്നെയാണ് പ്രധാന പ്രശ്നമെന്ന് കറുമ്പന്‍ പറയുന്നുണ്ടായിരുന്നു. 
                ഭയ ചകിതരായി ഞങ്ങള്‍ ആനക്കൂട്ടം  പോകാന്‍ കാത്തു നിന്നു..മറ്റുവഴികള്‍ സഞ്ചാരയോഗ്യമല്ലാത്തതിനാല്‍   കാത്തു നില്‍ക്കുകയെ തരമുള്ളൂ. 
                  വളരെ ശക്തിയായി മഴ പെയ്യാന്‍ തുടങ്ങി..ഉരുള്‍ പൊട്ടല്‍ ഉണ്ടാകാനുള്ള സാധ്യതയെപ്പറ്റി  കറുമ്പന്‍ പറഞ്ഞത് കേട്ട് ഞങ്ങള്‍ തരിച്ചു നിന്നു പോയി. ജീവിതം ഇവിടെ  തീര്‍ന്നു  എന്ന് ഞങ്ങള്‍ എല്ല പേരും ഉറപ്പിച്ചു. 
                         ആനകൂട്ടം പോയിട്ടില്ല .
                         മഴയ്ക്കും ശക്തി കൂടി..
        ഇടിയും മിന്നലും ഭയങ്കരമായി തുടര്‍ന്നു. കാട് ഇരുണ്ട് കറുത്ത് ,വഴിപോലും തിരിച്ചറിയാന്‍ പറ്റാതെ മലവെള്ളം കുത്തി ഒഴുകി. 
                എല്ലാരും മനസ്സുരുകി ദൈവത്തെ പ്രാര്‍ത്ഥിച്ചു. 
ശരീരം ആസകലം നനഞ്ഞ ഞങ്ങള്‍ കിടു കിടാ വിറക്കാന്‍ തുടങ്ങി.                           തണുപ്പും ഭയവും ഞങ്ങളെ തളര്‍ത്തി. 
                   നേരം ഇരുട്ടി തുടങ്ങി..
     കൃത്യമായ സമയം അറിയാന്‍ കഴിയുന്നില്ല. ഞങ്ങളുടെ കൈയിലെ ഫോണുകള്‍ മഴ നനഞ്ഞു പ്രവര്‍ത്തന രഹിതവുമായി. സമയം ഇഴഞ്ഞു നീങ്ങി. എന്ത്  ചെയ്യണമെന്നു ആര്‍കും അറിയില്ല. പരസ്പരം സംസാരിക്കാന്‍ പോലും ആകുന്നില്ല. ആകാശത്ത് ഇരുട്ടു കൂടി വന്നു. 
                          മണിക്കൂറുകള്‍ കഴിഞ്ഞു.. 
          മഴയുടെ ശക്തി കുറഞ്ഞു വരുന്നതായി തോന്നി. ആര്‍ത്തുലച്ചു   കുത്തി ഒഴുകിയ വെള്ളത്തിന്റെ ശബ്ദവും കുറഞ്ഞു വരുന്നുണ്ട്. 
 എന്തും വരട്ടെ എന്ന് വിചാരിച്ചു ഞങ്ങള്‍ പോകാനൊരുങ്ങി. കാട്ടു ചെടികള്‍ കൈകൊണ്ടു വകഞ്ഞു മാറ്റി യാത്ര തുടര്‍ന്നു . ഞങ്ങളില്‍ പലര്‍ക്കും  ഉരുണ്ടു വീണു മുറിവുകള്‍ പറ്റി.
                കറുമ്പന്‍ കാണി പതുക്കെ ഈറകാടിനു സമീപം നടന്നു. 
              കുറച്ചു സമയം അയാളെ ഇരുട്ടില്‍ കാണാതായി. 
                അയാള്‍ തിരികെ എത്തി. 
     ആന ക്കൂട്ടം പൊയ് കഴിഞ്ഞെന്നുള്ള  അയാളുടെ വാക്ക് കേട്ട് ഞങ്ങള്‍ ഉറക്കെ ദൈവത്തെ വിളിച്ചു പ്രാര്‍ത്ഥിച്ചു. വനത്തില്‍ നിന്നു പുറത്തു കടന്നു. പലരില്‍ നിന്നും നെടുവീര്‍പ്പുണര്‍ന്നു . 
     ജീവിതം തിരിച്ചു കിട്ടിയ സന്തോഷത്തില്‍  ഞങ്ങള്‍ വാറ്റു ചാരായം മതിയാവോളം കുടിച്ചു. 
                     പഴയ ഒരു വീട്ടില്‍ രാത്രി കഴിച്ചു കൂട്ടി. 
   മടക്ക യാത്രക്ക് തയ്യാറായി. തലേന്നു സംഭവിച്ചത് ഒരു സ്വപ്നം പോലെ തോന്നി;ഒപ്പം ഭയവും. 
                     ഒരിക്കലും മറക്കാനാകാത്ത
                           "ഒരു വനയാത്ര.........".
                       കാട് സുന്ദരമാണ് ..
പക്ഷെ അപകടകാരിയുമാണ് എന്ന സത്യം ഞങ്ങള്‍ മനസ്സിലാക്കി. 


    മഹാമഹര്‍ഷി  അഗസ്ത്യ മുനിക്ക്‌ പ്രണാമം ......

Sunday, December 11, 2011

                          ദൈവത്തിന്‍റെ കണക്കുപുസ്തകം 
 ( ഇത് കഥയല്ല . സംഭവമാണ്.... എന്‍റെ അമ്മുമ്മ പറഞ്ഞു തന്ന സംഭവകഥകളില്‍ ഒന്ന് , അല്‍പ്പംകൂടി ഭാവനയില്‍ എഴുതി സദയം സമര്‍പ്പിക്കുന്നു...അമ്മുമ്മയുടെ ഓര്‍മ്മയ്ക്ക്‌ മുന്നില്‍ ഇത് സമര്‍പ്പിക്കുന്നു...)
            ഞങ്ങളുടെ നാട്ടിലെ പഴയ തറവാടുകളില്‍ പേരും പ്രശസ്തിയും ഉള്ള രണ്ടു വലിയ കുടുംബക്കാരാണ് പാലവിളക്കാരും , തച്ചന്‍വിളക്കാരും . പാലവിള വീട്ടിലെ രാഘവന്‍നായരുടെ അച്ഛന്‍ മാര്‍ത്താണ്ടന്‍ പിള്ളയും ,തച്ചന്‍വിള വീട്ടിലെ ലക്ഷ്മണന്‍ ആശാരിയുടെ അപ്പന്‍ നാണു മേസ്തിരിയും തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ജോലിക്കാരായിരുന്നു.രാജാവിന്‍റെ നിഴലായി രാഘവന്‍നായരുടെ അച്ഛനുണ്ടെങ്കില്‍ , കൊട്ടാരത്തിലെ ഏതു ചടങ്ങിനും ഒഴിച്ചുകൂടാന്‍ കഴിയാത്ത ആളായിരുന്നു ലക്ഷ്മണന്‍ ആശാരിയുടെ അപ്പന്‍ . 
            കൊട്ടാരത്തിലെ ഇവരുടെ സത്യസന്ധമായ ജോലി രാജാവിനെ സന്തോഷിപ്പിക്കുകയും ,വാര്‍ധക്യത്തിന്‍റെ ബുദ്ധിമുട്ട് മനസിലാക്കിയ യുവ രാജാവ് അവര്‍ക്ക് വേണ്ടുന്ന പണവും ,സ്വത്തും നല്‍കുകയും,ജോലികളില്‍ നിന്ന് പിരിഞ്ഞു പോകാന്‍ അനുവദിക്കുകയും ചെയ്തു.
               അവിടെത്തന്നെ ജോലിയുണ്ടായിരുന്ന ഞങ്ങളുടെ അപ്പുപ്പന്‍   കുഞ്ഞന്‍ പിള്ളക്ക് രാജാവിന്‍റെ അന്ത : പുരത്തിലായിരുന്നു   ജോലി . മഹാരാജാവിന്‍റെ ശയന മുറിയിലെ കിടക്ക ഒരുക്കലാണ് പ്രധാന ജോലി.
             ഒരിക്കല്‍ മഹാരാജാവ്  ഇല്ലാതിരുന്ന ദിവസം പതിവ് പോലെ മുറി വൃത്തിയാക്കിയ  അപ്പുപ്പന്‍ മഹാരാജാവിന്‍റെ കിടക്കയില്‍ കയറിക്കിടന്നു .
          ഞെട്ടിയുണര്‍ന്ന അപ്പുപ്പനു മുന്‍പില്‍ മഹാരാജാവ് !!!!!
അപ്പുപ്പന്‍ വല്ലാതെ ഭയന്നു. പക്ഷെ ഒന്നും സംഭവിച്ചില്ല.... രാജാവ് വളരെ നല്ലവനായിരുന്നു.
           അദ്ദേഹം മറ്റുള്ളവരെപ്പോലെ അപ്പുപ്പനെയും പാരിതോഷികങ്ങള്‍ നല്‍കി പറഞ്ഞയച്ചു...
            കൊട്ടാരത്തില്‍ നിന്ന് പിരിഞ്ഞു പോയ രാഘവന്‍ നായരുടെ അച്ഛനും ലക്ഷ്മണന്‍ ആശാരിയുടെ അപ്പനും പിന്നീടു വളരെ കുറച്ചു വര്‍ഷങ്ങള്‍ മാത്രമേ ജീവിച്ചിരുന്നുള്ളൂ.
         പാലവിളയിലെ രാഘവന്‍ നായര്‍ ഒറ്റ മകനാണ്.അയാള്‍ക്ക്‌ കൊട്ടാരത്തില്‍ ജോലി കൊടുക്കാമെന്നു ഉത്തരവുണ്ടായിട്ടും അത് വേണ്ടാന്നു വച്ചു.അയാള്‍ക്ക്‌ അത് ഇഷ്ടമല്ലായിരുന്നു . 
              ആരോഗ്യക്കുറവു കാരണം ലക്ഷ്മണന്‍ ആശാരിയും കൊട്ടാരത്തിലെ ജോലി വേണ്ടാന്നു വച്ചു.
               ലക്ഷ്മണന്‍ ആശാരിക്കു സഹോദരങ്ങള്‍ അഞ്ചു പേര്‍ കൂടെ ഉണ്ടായിരുന്നു.അതില്‍ നാലുപേര്‍ പെണ്ണുങ്ങളായിരുന്നു.അപ്പന് കൊട്ടാരത്തില്‍ നിന്ന് കൊടുത്ത പണവും സ്വത്തും അയാള്‍ തുല്യമായി വീതിച്ച് ,  നാല് സഹോദരിമാരെയും നല്ല രീതിയില്‍ വിവാഹം കഴിച്ചയച്ചു.ഒരു വിഹിതം അയാളും എടുത്തിരുന്നു.അയാള്‍ സ്വസമുദായത്തില്‍ നിന്ന് തന്നെ ഒരു പാവപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചു.
               പാലവിള വീട്ടിലെ രാഘവന്‍നായര്‍ ദൂരെയുള്ള ഒരു സ്ഥലത്ത് നിന്നും മറ്റൊരു ജന്‍മിയുടെ ഒരേയൊരു മകളെ വിവാഹം കഴിച്ച് , നാട്ടിലെ ഏറ്റവും വലിയ ജന്‍മിയായി മാറി.അയാളുടെ വിവാഹശേഷമാണ് പെട്ടന്നൊരാശയം അയാളുടെ മനസ്സിലുണ്ടായത്.
              ഏറെ സ്വത്തുന്ടെങ്കിലും ഒരു തൊഴില്‍ !!!!!
                    ഒരു കച്ചവടം തുടങ്ങിയാലോ?? 
         ഒരു പലചരക്ക് കട -ആദ്യം അതാണ്‌ മുന്നില്‍ തെളിഞ്ഞത്.
പിന്നെയൊട്ടും താമസിച്ചില്ല....അയാള്‍ കച്ചവടം തുടങ്ങാന്‍ തീരുമാനിച്ചു.
            എന്നാല്‍ കൊട്ടാരത്തില്‍ നിന്ന് പതിച്ചുകിട്ടിയ ഭൂമിയില്‍ ഒന്നും തന്നെ വാഹനങ്ങള്‍ കടന്നു പോകുന്ന പൊതുനിരത്തുകളില്‍ ഇല്ലായിരുന്നു . അത് അയാളെ വളരെ നിരാശനാക്കി.എങ്കിലും അയാള്‍ ആശ കൈവിട്ടില്ല.
        പെട്ടന്നാണ് അല്‍പ്പം അകലെയാണെങ്കിലും ലക്ഷ്മണന്‍ ആശാരിയുടെ റോഡരികിലുള്ള നീണ്ട വരിക്കടകളുടെ കാര്യം ഓര്‍മ്മയിലെത്തിയത്.ഒട്ടും താമസിച്ചില്ല.അയാള്‍ നേരെ ലക്ഷ്മണന്‍ ആശാരിയുടെ അടുത്തെത്തി.വലിയ കൂട്ടുകാരല്ലെങ്കിലും  ,അവര്‍ വളരെ പരിചയമുള്ളവരാണ് .അവരുടെ അച്ഛന്‍മാര്‍ കൂട്ടുകാര്‍ ആയിരുന്നല്ലോ...
             രാഘവന്‍നായരുടെ ആവശ്യം കേട്ട ലക്ഷ്മണന്‍ ആശാരി രണ്ടു മുറിക്കടകള്‍ വാടകയ്ക്ക് നല്‍കാം എന്ന് സമ്മതിച്ചു.രാഘവന്‍നായര്‍ക്കു വളരെ സന്തോഷമായി.അങ്ങനെ രാഘവന്‍നായര്‍ കച്ചവടം തുടങ്ങി.കച്ചവടം പൊടിപൊടിച്ചു.നാട്ടിലെ ഏറ്റവും വലിയ കട.രാഘവന്‍നായര്‍ കൂടുതല്‍ കൂടുതല്‍ പണക്കാരനായി.പക്ഷെ ലക്ഷ്മണന്‍ ആശാരി ക്രമേണ ദാരിദ്രത്തിലേക്ക് വീഴാന്‍ തുടങ്ങി . 
              സഹോദരിമാരെ വിവാഹം കഴിപ്പിച്ചയപ്പിച്ചത് പോലെ അയാള്‍ രണ്ടു പെണ്മക്കളെയും വിവാഹം കഴിപ്പിച്ചയച്ചു.മിച്ചമുള്ള സ്വത്ത് ഏഴു ആണ്‍മക്കള്‍ക്കും കൊടുക്കാന്‍ തീരുമാനിച്ചു.അപ്പോഴാണ്‌ അയാള്‍ ആ കാര്യം അറിയുന്നത്.അയാളോ മറ്റു മക്കളോ അറിയാതെ ഏറ്റവും ഇളയ മകന്‍ അരവിന്ദന്‍ അന്യമതത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. വളരെ രഹസ്യമായിട്ടാണ് ആ വിവാഹം നടന്നത്.അത് ലക്ഷ്മണന്‍ ആശാരിയെ കൊപാകുലനാക്കുകയും ,അയാള്‍ ആ മകന് ഒരു തരി ഭൂമിപോലും നല്‍കാതെ എല്ലാം മറ്റു മക്കള്‍ക്ക്‌ എഴുതിക്കൊടുക്കുകയും ചെയ്തു..
                ഇതറിഞ്ഞ അരവിന്ദന്‍ യാതോരെതിര്‍പ്പും കാണിച്ചില്ലെന്നു   മാത്രമല്ല ,അയാള്‍ അപ്പനെ കൂടുതല്‍ ഇഷ്ട്ടപ്പെടുകയും ചെയ്തു.അയാള്‍ അപ്പന്‍റെ സ്വത്ത് ആഗ്രഹിച്ചിരുന്നില്ല. അയാള്‍ സ്വന്തമായൊരു മോട്ടോര്‍  മെക്കാനിക് വര്‍ക്ക് ഷോപ്പ്  തുടങ്ങി - ജീവിതം മുന്നോട്ടു പോയി.
               ആയിടക്കാണ്‌ നാട്ടില്‍ രൂക്ഷമായ ഭകഷ്യക്ഷാമം ഉണ്ടായത്.ലക്ഷ്മണന്‍ ആശാരി രോഗിയായി മാറിയിരുന്നു.എല്ലാ മാസവും കൃത്യം ഒന്നാം തിയതി തന്നെ വാടക കൊടുക്കുന്ന ആളാണ്‌ രാഘവന്‍ നായര്‍.
              വാടക കിട്ടാന്‍ ഇനിയും മൂന്നു ദിവസം കൂടെ കഴിയണം.അത് വരെ കഴിക്കാന്‍ ചോറിനു അരിയില്ല.എന്നാല്‍ വീട്ടിലെ പട്ടിണി രൂക്ഷമായപ്പോള്‍ ലക്ഷ്മണന്‍ ആശാരി തന്‍റെ ഒരു മകനോട്‌ രാഘവന്‍നായരുടെ  കടയില്‍ നിന്ന് അരി വാങ്ങി വരാന്‍ പറഞ്ഞയച്ചു
              മകന്‍ കടയിലെത്തി .അരി ചോദിച്ചു.രാഘവന്‍ നായര്‍ ചാക്കില്‍ അരി അളന്നു കൊടുത്തു.
           " രൂപ ഇല്ല ..വാടകയില്‍ നിന്ന് എടുത്തോളു ..." എന്ന് കേട്ടതും രാഘവന്‍ നായര്‍ക്ക്‌ പെട്ടന്ന് ദേഷ്യം വരികയും ,കൊടുത്ത അരിയും ചാക്കും തിരിച്ചു പിടിച്ചു വാങ്ങി ,അരിക്കടയിലെ ചാക്കില്‍ തട്ടിയിട്ട് , ചാക്ക് ചുരുട്ടി പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു.
           ദു: ഖിതനായ മകന്‍ കാലിയായ ചാക്കുമായി വീട്ടിലേക്കു പോയി.
സംഭവം കേട്ട ലക്ഷ്മണന്‍ ആശാരി ഒന്നും മിണ്ടിയില്ല.അയാള്‍ക്ക്‌ ഒന്നും മിണ്ടാന്‍ ശക്തിയില്ലായിരുന്നു.സ്വതവേ ശാന്തസ്വഭാവമായിരുന്നു ലക്ഷ്മണന്‍ ആശാരിക്ക്‌. അയാള്‍ക്ക്‌ ആരോടും പിണക്കമില്ല..അയാളോടും എല്ലാപേരും അങ്ങനെതന്നെ.
               വാടക കിട്ടാന്‍ ഇനിയും മൂന്നു ദിവസം കഴിയണം.
 അയല്‍പക്കത്തുള്ളവര്‍ അയാള്‍ക്ക്‌ ചോറ് വയ്ക്കാന്‍ അരി കൊടുത്തു സഹായിച്ചു.
          ആറാം  തിയതിയായിട്ടും രാഘവന്‍നായര്‍  വാടക കൊണ്ട് വന്നില്ല.
         എല്ലാം കൃത്യമായി കണക്കു നോക്കി ചെയ്യുന്ന രാഘവന്‍നായരുടെ കണക്കു പുസ്തകം തെറ്റി..
                          തെറ്റിയതല്ല......തെറ്റിച്ചു....
രാഘവന്‍ നായരുടെ കണക്കു പുസ്തകത്തിനു മേല്‍ " ദൈവത്തിന്‍റെ കണക്കു പുസ്തകം "വീണു......
                    അയാളുടെ കഷ്ടകാലം അവിടെത്തുടങ്ങി.
      തീരെ അവശനെങ്കിലും ,രാവിലെത്തന്നെ ലക്ഷ്മണന്‍ ആശാരി മക്കളുടെ സഹായത്തോടെ കടയുടെ മുന്നില്‍ എത്തി.
                     രാഘവന്‍ നായര്‍ കട തുറന്നിരുന്നില്ല..
         അല്‍പ്പനേരം കഴിഞ്ഞു .രാഘവന്‍ നായര്‍ എത്തി.
കടയുടെ പൂട്ട്‌ തുറക്കാന്‍ ലക്ഷ്മണന്‍ ആശാരി അനുവദിച്ചില്ല എന്നുമാത്രമല്ല ,കട ഇന്നുതന്നെ ഒഴിഞ്ഞുതരണമെന്ന് ആവശ്യപ്പെട്ട് കടയുടെ മുന്നില്‍ ഇരുപ്പുറപ്പിച്ചു.
     സംഭവം അറിഞ്ഞ നാട്ടുകാര്‍ രാഘവന്‍ നായരെ കുറ്റപ്പെടുത്തുകയും , ലക്ഷ്മണന്‍ ആശാരിയെ സമാധാനിപ്പിക്കുകയും ചെയ്തു .അങ്ങനെ രാഘവന്‍ നായര്‍ക്ക്‌ കട ഒഴിഞ്ഞുപോകേണ്ടി വന്നു.
                  അതിനുശേഷം വീട്ടിലും രാഘവന്‍നായര്‍ക്ക് സ്വസ്ഥത ഇല്ലാതെയായി.മാന്യമായി ജീവിക്കാന്‍ പഠിപ്പിച്ച രാഘവന്‍നായരെ മക്കളും വെറുത്തു...ഇതിനിടയില്‍ അയാളുടെ ഭാര്യയും മരിച്ചു പോയിരുന്നു.അങ്ങനെ രാഘവന്‍ നായര്‍ ഒറ്റപ്പെട്ടു.മക്കള്‍ക്ക്‌ അയാളോട് സ്നേഹമില്ലായിരുന്നു... പണം - അതായിരുന്നു അവര്‍ക്ക് ആവശ്യം.
                 എങ്കിലും മക്കളുടെ മുന്നില്‍ തോല്‍ക്കണോ ,അവരുടെ കീഴില്‍ ജീവിക്കാനോ അയാള്‍ ഇഷ്ട്ടപ്പെട്ടില്ല.അതായിരുന്നു അയാളുടെ സ്വഭാവം.അയാള്‍ സ്വന്തം ജീവിതത്തെ വിധിക്ക് വിട്ട്  കാത്തിരുന്നു. അയാള്‍ വിധിയില്‍ വിശ്വസിച്ചിരുന്നു....
                         വര്‍ഷങ്ങള്‍ ചിലത് കടന്നു...
                രോഗിയായിരുന്ന ലക്ഷ്മണന്‍ ആശാരി മരിച്ചു..
 അയാളുടെ മരണം അരവിന്ദനെ ആരും അറിയിച്ചില്ല..അത് കൊണ്ട് തന്നെ അരവിന്ദന്‍ വന്നില്ല.
          ഭാര്യ നേരത്തെ മരിച്ച രാഘവന്‍ നായരെ മക്കള്‍ പൂര്‍ണ്ണമായും കൈവിട്ടു. അച്ഛനെ വേണ്ടെങ്കിലും അച്ഛന്‍ പറഞ്ഞു കൊടുത്തിരുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച മക്കള്‍ പണക്കാരായി.
         ആരോടും ഒന്നും പറയാതെ ഒരു ദിവസം രാഘവന്‍ നായര്‍ വീടുവിട്ടിറങ്ങി.കുറേനാള്‍ അയാള്‍ എവിടെയോ മാറിനിന്നു.
      പിന്നെടെപ്പോഴോ കണ്ടത് രാഘവന്‍ നായര്‍ , അയാള്‍ പലചരക്കുകട ഇട്ടിരുന്ന കടയുടെ മുന്നില്‍ ,ഒരു ചെറിയ തുണിക്കെട്ടുമായി ബോധം നശിച്ചു കിടക്കുന്നതാണ് .
                       അയാളെ ആരും തിരിഞ്ഞു നോക്കിയില്ല....
                            ആരും തിരിച്ചറിഞ്ഞതില്ല.....
                       അയാള്‍ അവശനായിരുന്നു.....
  വളരെ നാള്‍ക്കു ശേഷമാണ് യാദൃശ്ചികമായി ലക്ഷ്മണന്‍ ആശാരിയുടെ മകന്‍ അരവിന്ദന്‍ ആ വഴി വന്നത്.അയാള്‍ ബോധമില്ലാതെ കിടക്കുന്ന രാഘവന്‍ നായരുടെ സമീപം എത്തി.
                   അച്ഛന്‍റെ പ്രായമുള്ള ,അച്ഛന്‍റെ പഴയ സുഹൃത്ത് എന്ന സ്നേഹം അയാളെ രാഘവന്‍ നായരെ രക്ഷപ്പെടുത്തണമെന്ന് പ്രേരിപ്പിച്ചു.അയാള്‍ രാഘവന്‍ നായരെ വീട്ടിലേക്കു കൊണ്ട് പോയി.കുറെ  ദിവസം കഴിഞ്ഞിട്ടും ആരും രാഘവന്‍ നായരെ അന്വേഷിച്ചു വന്നില്ല.പക്ഷെ അരവിന്ദന്‍ അയാള്‍ക്ക്‌ ഒരു കുറവും വരുത്തിയില്ല.അവിടെ രാഘവന്‍ നായര്‍ക്ക്‌ സന്തോഷമായിരുന്നു.അയാള്‍ കഴിഞ്ഞ കാര്യങ്ങള്‍ ഓര്‍മ്മിക്കുകയും , മാപ്പ് ചോദിക്കുകയും  ചെയ്തു.തന്‍റെ മക്കളെപ്പോയിക്കണ്ട് ഒന്നും പറയരുതെന്ന് അയാള്‍ അരവിന്ദനോട് പ്രത്യേകം പറഞ്ഞു..
                  ആറേഴു മാസത്തിനു ശേഷം അസുഖം ബാധിച്ചു രാഘവന്‍ നായര്‍  മരിച്ചു.ആരും അന്വേഷിച്ചു വരാത്തതിനാല്‍ അരവിന്ദന്‍ മരണത്തിനു മുന്‍പ് തന്നെ അടുത്തുള്ള പോലീസ്സ്റ്റേഷനില്‍ എല്ലാ വിവരങ്ങളും കാണിച്ചു റിപ്പോര്‍ട്ട് കൊടുത്തിരുന്നു.
                       പോലീസ് എത്തി.മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ നിര്‍ദേശം നല്‍കി.
                  അപ്പോഴാണ്‌ രാഘവന്‍ നായരുടെ കട്ടിലിനു സമീപം  ആ തുണിക്കെട്ട് മറ്റുള്ളവര്‍ കണ്ടത്.എല്ലാപേരുടെയും സാന്നിധ്യത്തില്‍ ആ തുണിക്കെട്ട് പോലീസ് അഴിച്ചു. 
                  മുഷിഞ്ഞ ഒരു നീണ്ട കവര്‍ അതില്‍ വച്ചിരുന്നു.അത് ഭദ്രമായി ഒട്ടിച്ചിരുന്നു.പോലീസ് അത് പൊട്ടിച്ചു.എല്ലാപേരെയും ഞെട്ടിച്ചു കൊണ്ട് ആ കവറിനകത്തു രണ്ടു ലക്ഷം രൂപയുടെ ചെക്കും ,അത് ആര്‍ക്ക് ,എങ്ങനെ നല്‍കണം എന്ന ഒരു വില്‍പത്രവും  .....
        എല്ലാപേരും കേള്‍ക്കാനായി  പോലീസ് വില്‍പത്രം വായിച്ചു.
      
   " എന്‍റെ മരണം എവിടെ വച്ചു സംഭവിച്ചാലും ,അത് ആരുടെയെങ്കിലും വീട്ടില്‍ വച്ചാണെങ്കില്‍ ,ഇത് അവര്‍ക്ക് കൊടുക്കണം.അതല്ല ,റോഡില്‍ കിടന്നാണെങ്കില്‍ അനാഥാലയത്തിനു നല്‍കാന്‍ വേണ്ടി മാത്രം ഈ തുക ഉപയോഗിക്കുക..മറ്റാര്‍ക്കും ഈ തുകയില്‍  യാതൊരു അവകാശവുമില്ല.എന്‍റെ മക്കള്‍ക്ക്‌ ഒരു രൂപ പോലും കൊടുക്കരുത്.അവര്‍ക്കുള്ള കണക്കു ഞാന്‍ നേരത്തെ  തീര്‍ത്തതാണ്. "
                                                         എന്ന്   (ഒപ്പ് )
 വീണ്ടും ഒരിക്കല്‍ കൂടെ  രാഘവന്‍ നായരുടെ കണക്കുപുസ്തകം നാട്ടുകാര്‍ വായിച്ചു കേട്ടു.                                                                              
                 ആ പണം നല്ലവനായ അരവിന്ദനു വേണ്ടി ദൈവം മറ്റൊരു കണക്കുപുസ്തകത്തിലൂടെ നല്‍കുകയായിരുന്നു.
                  ആരുടെതാണ് യഥാര്‍ത്ഥ കണക്കുപുസ്തകം...
       " ദൈവത്തിന്‍റെയോ - അതോ - രാഘവന്‍നായര്‍ വിശ്വസിച്ചിരുന്ന വിധിയുടെതോ..."
                  കുറച്ചു നാള്‍ നാട്ടുകാര്‍ തമ്മില്‍ പറഞ്ഞു നടന്നു......


      

Monday, December 5, 2011

                      അയ്യപ്പ ഗാനം 2 

എത്ര കണ്ടാലും മതിവന്നിടാത്തൊരു  ,
സത്യസ്വരൂപന്‍റെ  ദിവ്യ രൂപം ..
ഹരിവരാസനം പാടിയുറക്കവേ  ,  
ഇട നെഞ്ചില്‍ നിന്നെന്തോ പറന്നു പോയ്‌..
ഞാന്‍ ഇടറുന്ന കണ്‍ഠവുമായി നോക്കിനിന്നു...
                                                ( എത്ര കണ്ടാലും...)
എന്നുമാ പാദങ്ങളില്‍  ചുംബിച്ചുറങ്ങുവാന്‍ ,  
കര്‍പ്പൂരമാക്കി നീ മാറ്റിടേണേ ....
എന്‍റെ ഈ ജീവിതം പുഷ്പ്പങ്ങളാക്കി നീ ,
നിന്‍ തിരുമാറില്‍ ചാര്‍ത്തിടേണേ ...
                                                 എത്ര കണ്ടാലും...)
നെയ്‌ പോലുരുകുന്ന മനസുള്ള ദേവദേവന്‍ ,
വില്ലാളി വീരനായ ഹരിഹരപുത്രനല്ലേ...
പന്തള രാജന്‍ വളര്‍ത്തിയ നിന്നുടെ -
ചൈതന്യമുള്ളോരീ പുണ്യ ഭൂമി ,
കാണുവാന്‍ ഈ ജന്‍മം മതിയാകുമോ...
നിന്നെ കണ്ടു മതിയാകാന്‍ നമുക്കാകുമോ ....                                                      
                                                 എത്ര കണ്ടാലും...)                                 അയ്യപ്പ ഗാനം...
   
ഇരുമുടിക്കെട്ടുമായ് ,ശരണം വിളിയുമായി ,
സന്നിധാനത്തു ഞങ്ങള്‍ എത്തീടുമ്പോള്‍...
പുണ്യമാം ദര്‍ശനം നല്‍കി നീ അനുഗ്രഹിക്കുന്നു ,
തെറ്റുകളെല്ലാം പൊറുത്തിടുന്നു ...
ഞങ്ങളെ രക്ഷകനായി നീ നോക്കിടുന്നു...
                                         (ഇരുമുടിക്കെട്ടുമായ് )

പതിനെട്ടുമല കേറി നടന്നു വരാതെ നാം  
പതിനെട്ടുപടി കേറി സായൂജ്യമണയുന്നു...
ലക്ഷങ്ങള്‍ ആയിരം ഒഴുകിയെത്തുമ്പോള്‍ 
ഒരു ദര്‍ശനത്തില്‍ നീ ഞങ്ങളെ കാണുന്നു...
                                         ( ഇരുമുടിക്കെട്ടുമായ് )
ആത്മാവില്‍ അഗ്നിയും പരിവേതനങ്ങളുമായ് ,
ഞങ്ങള്‍ നിന്‍  ചാരേ അണഞ്ഞിടുമ്പോള്‍ ...
ശരണം വിളി മാത്രം നല്‍കുന്ന ഞങ്ങളെ , 
സാന്ത്വനിപ്പിക്കുന്നു  നിന്‍റെ നോട്ടം...
ആ ചാരിതാര്‍ത്ഥ്യത്തോടെ ഞങ്ങള്‍ മലയിറങ്ങും !!! 
                                      (ഇരുമുടിക്കെട്ടുമായ് )