Sunday, November 27, 2011

    'പണി ' യനും   'പണി' യും !!!! 

( 'പണി' എന്നാല്‍ ജോലി ,തൊഴില്‍ എന്നൊക്കെയാണല്ലോ അര്‍ഥം.എന്നാല്‍ 'പണി' എന്ന വാക്കിനു ഞങ്ങള്‍ തിരുവനന്തപുരത്തുകാര്‍ വേറെ കുറേ നാടന്‍ വാക്കുകളില്‍ പര്യായം ഉണ്ടാക്കിയിട്ടുണ്ട് .
           അത് 'പണി 'യാണ്  ...ആ ' പണി 'ക്ക്  'പാര ', 'ആപ്പ് ', 'ചതി ', 'സൂത്രം ', 'വേലവയ്പ്പ് ' എന്നിങ്ങനെ പല അര്‍ഥങ്ങളും ഉണ്ട്.സംഭവങ്ങളുടെയും സന്ദര്‍ഭങ്ങളുടെയും സ്വഭാവം അനുസരിച്ച് ഈ പദങ്ങള്‍ ഉപയോഗിക്കാറുണ്ട് .
           ലോകത്തിലെ എല്ലാ 'പണി'  യന്‍മാര്‍ക്കും വേണ്ടി.......) 
                     'പണി' പലവിധം.  'പണിയല്‍ 'പലവിധം.
ദേവലോകത്തും , അസുരലോകത്തും യഥേഷ്ടം വരുകയും പോകുകയും ചെയ്യുന്ന ,അതിനു സ്വാതന്ത്രമുള്ള  ,നാരദ മഹര്‍ഷി എന്ന ആദ്യ പണിയനു  നമസ്ക്കാരം .
                   മഹാഭാരതമെന്ന മഹാകാവ്യത്തില്‍ മഹാ മുനി വ്യാസന്‍ നമുക്ക് ഒരു പണിയനെ തന്നിട്ടുണ്ട്.
                  പാണ്ടു പുത്രന്‍മാരായ പാണ്ടവര്‍ക്ക് അര്‍ഹമായ രാജ്യമോ, അധികാരമോ നല്‍കാതിരിക്കാന്‍ കൗരവരിലൂടെ പണി ചെയ്ത   'ശകുനി' പണിയന്‍.
                   നമ്മുടെ ആദികാവ്യം രാമായണത്തില്‍ മഹാനായ വാല്മീകി മഹര്‍ഷിയും ഒരു പണിയത്തിയെ തന്നിട്ടുണ്ട്.
                  ശ്രീരാമചന്ദ്രന്‍റെ പട്ടാഭിഷേകം മുടക്കി ,കാട്ടില്‍ അയക്കാനും , ഭരതനെ രാജാവാക്കാനും ,കൈകേയിക്കു  'പണി' പറഞ്ഞു കൊടുത്ത 'മന്ഥര ' എന്ന പണിയത്തി..
                  കൗരവരിലെ മൂത്തവന്‍ ദുര്യോധനനും ,രാമായണത്തിലെ ലങ്കാതിപതി രാവണനും ,ഉപകഥാപാത്രങ്ങളായ ദുശ്ശാസനനും, കീചകനും, ബകനും , ജരാസന്ധനും ഒക്കെ വ്യക്തിത്ത്വമുള്ള 'പണിയന്‍' മാരായിരുന്നു.
     കലിയുഗത്തിലും അത് പോലെയുള്ള 'പണിയന്‍'മാരുണ്ടായിരുന്നു.
     എന്നാല്‍ ഈ 'പണി'യന്‍  അവര്‍ക്കൊക്കെ ഒരപമാനമായിരുന്നു. 
     വീരപ്പനും ,ബിന്‍ ലാദനും, പേരെടുത്തു പറയാന്‍ പറ്റാത്ത രീതിയിലുള്ള മുംബയിലെ ഒട്ടനവധി അധോലോകനായകന്‍മാരും പല തരത്തിലുള്ള  'പണിയന്‍' മാരാണ്.
                ഇനിയുമുണ്ട് നാട്ടില്‍ അനേകം 'പണി'യന്‍മാര്‍.
     എന്‍റെ പ്രിയസുഹൃത്തിന്‍റെ ഓഫീസിലുമുണ്ട് ഒരു 'പണിയന്‍'.   
                     കാലിനു നീളക്കുറവുള്ളത് കൊണ്ട് മുടന്തി നടക്കുന്ന ശകുനിപ്പണിയനും ,മുതുകില്‍ മുഴ വളര്‍ന്നു കൂനിപ്പോയ മന്ഥരപ്പണിയത്തിക്കും   കൂടി ഈ കലിയുഗത്തില്‍ ഒരു പുത്രന്‍ ജനിച്ചിരുന്നെങ്കില്‍ ആ പുത്രനാണ് എന്‍റെ സ്നേഹിതന്‍റെ  ഓഫീസില്‍ പണിചെയ്യുന്ന  ' പണിയന്‍'..
                      ഭരണസിരാകേന്ദ്രമായ നമ്മുടെ സ്വന്തം സെക്രട്ടേറിയേറ്റിലും
കുറേ പണിയന്‍മാര്‍ ഉണ്ട്.അതിലൊരു പണിയനാണ് ഈ 'പണിയന്‍' . അവര്‍ ജീവിക്കാന്‍ വേണ്ടി പണി ചെയുന്നു. പക്ഷെ ഈ പണിയന്‍ 'പണി' കൊടുക്കാന്‍ വേണ്ടി പണിചെയ്യുന്നു.
                 പാലാഴി മഥനം ചെയ്തു കിട്ടിയ അമൃത് കഴിക്കാത്തത് കൊണ്ടായിരിക്കണം -ദേവന്‍മാരുടെയും അസുരന്‍മാരുടെയും   പോലെയല്ല നമ്മുടെ 'പണിയ'ന്‍റെ ശരീര പ്രകൃതി.
                  അകാല വാര്‍ധക്യം ബാധിച്ചവനെപ്പോലെയാണ് കാഴ്ച്ചയില്‍ ഈ 'പണിയന്‍'.അതോ -സ്വന്തം ജനനസര്‍ട്ടിഫിക്കെറ്റിലും 'പണി' നടത്തിയിട്ടാണോ എന്നറിയില്ല. 
                    നമ്മുടെ 'പണിയ'ന്‍റെ ശബ്ദത്തിനു രാത്രികാലങ്ങളില്‍ വെള്ളക്കെട്ടുകളില്‍ നിന്നുയരുന്ന മാക്രിയുടെ (തവളയുടെ) ശബ്ദമാണ്.അത്കൊണ്ട്തന്നെ 'പണിയന്‍' എവിടെനിന്ന് സംസാരിച്ചാലും പെട്ടന്ന് തിരിച്ചറിയാന്‍ കഴിയും.       
                  മഹാഭാരതമെന്ന മഹാകാവ്യത്തിലെ മറ്റൊരു പ്രധാനകഥാപാത്രമാണല്ലോ 'ശിഖണ്ടി ' എന്ന പണിയന്‍.
           ആ ശിഖണ്ടി പോലും ഈ 'പണിയന്‍'ന്‍റെ മുന്നില്‍ ഒന്നുമല്ല.
        ലോകത്ത്  ഇനിയുമുണ്ട് 'പണിയ 'ന്‍റെ അവതാരങ്ങള്‍.
അവരെ നിങ്ങള്‍ തന്നെ 'പണിയനു 'മായി താരതമ്യംചെയ്തു കൊള്ളൂ...
           ഈ 'പണിയന്‍ 'വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ പണിക്കു വന്നതാണ്.കൃത്യമായി ഓഫീസിലെത്തുന്ന 'പണിയ'നു പ്രത്യേക പണിയൊന്നും തന്നെയില്ല. 'പണിയന്‍' ജോലി ചെയ്യുന്ന വകുപ്പിലെ എല്ലാ സെക്ഷനിലും ,വന്നാലുടന്‍ ഒരു ഓട്ടപ്രദക്ഷിണമാണ് .അതാണ്‌ ആദ്യത്തെ പണി.വൈകുന്നേരം പോക്കറ്റിലിടാനുള്ള ചില്ലറ ഒപ്പിക്കാനുള്ള 'പണി'യും ഇതിനിടയില്‍  'പണി'യും.ഉച്ചക്ക് ഊണിനായുള്ള 'പണി' ഒപ്പിക്കുകയാണ് അടുത്ത പണി.
                    ഇതിനിടയിലാണ് മറ്റുള്ളവര്‍ക്ക് എന്ത് 'പണി' കൊടുക്കാം എന്നാലോചിച്ചു വീണ്ടും കറങ്ങി നടക്കുന്നത്.സ്വന്തം സെക്ഷനില്‍ പണി ഇല്ലാത്തതു കൊണ്ട് , മറ്റു സെക്ഷനില്‍ ചെന്ന് പണി ചെയ്തു കൊണ്ടിരിക്കുന്നവരെ പണി ചെയ്യാന്‍ സമ്മതിക്കാതെ ചില്ലറ 'പണി'യുമായി  അവിടെ കൂടും. അവര്‍ക്ക് കൂടുതല്‍ 'പണി' കൊടുക്കാന്‍ വേണ്ടി 'പണി' തുടങ്ങും.
              ഏറ്റവും വിചിത്രം - ഏതു പാര്‍ട്ടിയുടെ ഭരണം വന്നാലും ഈ 'പണിയന്‍' അവരോടൊപ്പം കാണും.ആ പണിയും ഈ 'പണിയ'ന്‍റെ ഒരു പണിയാണ്.അത് ചിലര്‍ മനസിലാക്കിയിട്ടുണ്ട് എങ്കിലും 'പണിയ'നെതിരെ 'പണി' പണിയാന്‍ ആരും മിനക്കെടാറില്ല .
              പണം ,മദ്യം ,പെണ്ണ് എന്നിവയാണ് 'പണിയ'ന്‍റെ ഇഷ്ടവിഭവങ്ങള്‍ .ചില പെണ്ണുങ്ങള്‍ക്ക്‌ 'പണിയന്‍' ജീവനാണ്.മറ്റുചിലര്‍ക്ക് 'പണിയ'നെ കാണുന്നത് പോലും വെറുപ്പാണ്. 'പണിയ'ന് ഇഷ്ടമുള്ളവര്‍ക്ക് തല്ക്കാലം 'പണി' കൊടുക്കാറില്ല.
             "ചുക്ക് ചേരാത്ത കഷായം ഉണ്ടോ" എന്ന ചൊല്ലുപോലെ 'പണിയന്‍' അറിയാത്ത ഒരു കാര്യവും ഡിപ്പാര്‍ട്ടുമെന്റ്റില്‍ ഇല്ല.
            എല്ലാ സെക്ഷനിലും 'പണിയന്‍ 'ചെല്ലും ,ഇടപെടും.
വളരെ മാന്യന്‍മാരായ ചിലര്‍ മേലുദ്യോഗസ്ഥര്‍ ഈ 'പണിയ'ന്‍റെ വലയില്‍ ഉണ്ട്. കിട്ടുന്നതില്‍ പങ്ക് 'പണിയന്‍' അവര്‍ക്കും കൂടെ കൊടുക്കുമെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്.
                     മദ്യം 'പണിയ'ന്‍റെ ഇഷ്ടപാനീയമാണ്.
മദ്യപിച്ചുകഴിഞ്ഞാലോ, പരമകൂറയാണ്....തറയാണ്‌...കുഴിത്തറയാണ്.
             'പണിയ'ന്‍റെ ഈ പരാക്രമങ്ങള്‍ കാണാന്‍ വേണ്ടി ചിലര്‍ ആ 'പണി' 'പണിയ 'ന് കൊടുക്കും.
               വെറുപ്പുള്ളവര്‍ക്ക് നേരിട്ട് 'പണിയന്‍ ' 'പണി' കൊടുക്കാറില്ല.
ഒളിപ്പോരു  പണിയാണ് ഇവിടെ ചെയ്യുന്നത്.
               കള്ളം ,നുണ ,കാലുവാരല്‍ തുടങ്ങിയ 'പണി ' വളരെ ഭംഗിയായി പണിയാന്‍ 'പണിയ'ന് അറിയാം.ഒരു കൂട്ടം ശത്രുക്കള്‍ ഈ 'പണി'യന് 'പണി'കൊടുക്കാന്‍ തക്കംപാര്‍ത്തു നടക്കുന്നുണ്ട്.പക്ഷെ ഒരു 'പണി'യും 'പണിയ'നോട് നടക്കില്ല.കാരണം 'പണിയന്‍' ചാണക്യനാണ് .
                 ഏതു ഓഫീസറായാലും 'പണിയന്‍' അവരെയെല്ലാം പേരുപറഞ്ഞു മാത്രമേ വിളിക്കാറുള്ളൂ.സ്വന്തം അച്ഛനെയും പേരു പറഞ്ഞു വിളിക്കും  എന്ന് രസികന്‍മാര്‍ പറയാറുണ്ട്‌.
           ഞാനാണ് വലിയവന്‍ എന്നുള്ള അഹങ്കാരം 'പണിയ'നുണ്ട് .
പെന്‍ഷന്‍ പറ്റിപ്പോയ കുറേ വൃത്തികെട്ട 'പണിയന്‍'മാര്‍ ഈ 'പണിയ'നെ സഹായിക്കാന്‍ പിന്നിലുണ്ട്.അവന്മാര്‍ക്കും ഈ 'പണിയന്‍' ഷെയര്‍ കൊടുക്കും.
                ശമ്പളത്തിന് പുറമേ കിമ്പളം വേണ്ടുവോളം കിട്ടുന്നതിനാല്‍ 'പണിയന്‍' കുറേ ഗുണ്ടകളെ കൂടെ കൊണ്ട് നടക്കുന്നുണ്ട്.
                അങ്ങനെ കലിയുഗത്തിന്‍റെ ശാപമായി , സെക്രട്ടേറിയേറ്റിന്‍റെ അന്തകാനായി ,കൂടെ പണിചെയുന്നവര്‍ക്ക് നല്ല 'പണി ' കൊടുത്തുകൊണ്ടിരിക്കുന്ന ,പണി ചെയ്യാതെ 'പണി 'യുമായി കറങ്ങി നടക്കുന്ന 'പണിയ'ന്   'പണി ' കൊടുക്കാന്‍ ദൈവത്തിനു മാത്രമേ കഴിയൂ.അങ്ങനെയെങ്കിലും ഒരു 'പണി'  'പണിയ'ന് കിട്ടാന്‍ വേണ്ടി എന്‍റെ സ്നേഹിതന്‍ ഉള്‍പ്പെടെയുള്ളവര്‍ കാത്തിരിക്കുന്നു.
               കിട്ടും ........'പണിയ'ന്  'പണി'
  ലങ്കാതിപതി രാവണന് കിട്ടിയതുപോലെ  !
  ശകുനിക്കും ,മന്ഥരക്കും കിട്ടിയതുപോലെ !
 ദുര്യോധനനും ,ദുശ്ശാസ്സനനും കിട്ടിയതുപോലെ !
 ബകനും ,ജരസന്ധനും,കീചകനും കിട്ടിയതുപോലെ ! 
 വീരപ്പനും , ബിന്‍ലാദനും   കിട്ടിയതുപോലെ  !
                'പണിയ'ന്‍റെ   'പണി'    കിട്ടിയ എന്‍റെ സ്നേഹിതന്‍ ഉള്‍പ്പെടെ ഉള്ളവര്‍ അതിനായി  കാത്തിരിക്കുന്നു...



   


                     
                      
                         

      



                 
                       



Saturday, November 19, 2011

                കാവിലമ്മയും 
                             ശാപവും ശപഥവും !!!!


( എന്നോടൊപ്പം ജോലി ചെയ്യുന്ന ജയകുമാര്‍ ഫലിതപ്രിയനും ,നാടക നടനുമാണ്.വിശ്രമവേളകളില്‍ ഞങ്ങള്‍ രസകരങ്ങളായ കൊച്ചു കൊച്ചു സംഭവങ്ങള്‍ പറഞ്ഞു രസിക്കാറുണ്ട്.അവന്‍റെ  മുത്തശ്ശിയുടെ മുത്തശ്ശിയാണ് ഈ കഥയിലെ  'കാവിലമ്മ ' എന്ന് വിളിക്കുന്ന കൊച്ചുപാര്‍വതിക്കുട്ടിയമ്മ.ജയകുമാറിനെ കാവിലമ്മക്ക് വലിയ ഇഷ്ടമായിരുന്നു .ജയകുമാറിന് തിരിച്ചും......)


                     കൊച്ചുപാര്‍വതിക്കുട്ടിയമ്മ മരിച്ചു.
നൂറ്റിഏഴാമത്തെ വയസ്സിലായിരുന്നു മരണം.കൃത്യമായ പ്രായം എത്രയാണെന്ന് ആര്‍ക്കും അറിയില്ല.കൊച്ചുപാര്‍വതിക്കുട്ടിയമ്മ മരിക്കുമ്പോഴും നല്ല ആരോഗ്യവതിയായിരുന്നു .എങ്കിലും അവസാന രണ്ടുവര്‍ഷം അവരെ മറവി രോഗം ബാധിച്ചിരുന്നു .ആറടിപ്പൊക്കവും അതിനൊത്ത വണ്ണവുമുള്ള കൊച്ചുപാര്‍വതിക്കുട്ടിയമ്മ അതിസുന്ദരിയായിരുന്നു.മരിക്കുമ്പോഴും അവരുടെ വായില്‍ നിറയെ പല്ലുകളുണ്ടായിരുന്നു . തലയില്‍ നിറയെ വെളുത്ത പഞ്ഞിക്കെട്ടു പോലെ തലമുടിയുള്ള കൊച്ചുപാര്‍വതിക്കുട്ടിയമ്മയുടെ ശരീരത്തിന്‍റെ നിറവും വെളുത്തതായിരുന്നു.
                    മക്കളും ചെറുമക്കളും നാട്ടുകാരും അവരെ വിളിക്കുന്നത്‌ 'കാവിലമ്മ 'എന്നാണ്.ആറുതലമുറകളിലെ മക്കളെ  കണ്ടതിനു ശേഷമാണ് അവര്‍ ഈ ലോകത്ത് നിന്ന് യാത്രയായത്.കാവിലമ്മക്ക് ഏഴു മക്കളായിരുന്നു.മൂന്നു പെണ്ണും നാല് ആണും.ഏഴാമത്തെ കുട്ടിയെ അഞ്ചു മാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് അവരുടെ ഭര്‍ത്താവ് രാമകൃഷ്ണ പിള്ള മരിച്ചത്.അയാള്‍ക്ക്‌ ബ്രിട്ടീഷ് പട്ടാളത്തിലായിരുന്നു ജോലി.അയാള്‍ ഇന്ത്യാക്കാരനായിരുന്നെങ്കിലും ബ്രിട്ടീഷുകാരന്‍റെ സ്വഭാവം ആയിരുന്നു.
                       സ്വാതന്ത്രസമര പോരാട്ടത്തിനിടെ ബംഗാളില്‍ വച്ചാണ് അയാള്‍ സമര സേനാനികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.അയാളുടെ ശവശരീരം നാട്ടില്‍ കൊണ്ട് വന്നില്ലായിരുന്നു .കാവിലമ്മ ഏഴാമത് പ്രസവിച്ചത് ആണ്‍കുട്ടിയെയായിരുന്നു  .അതുകൊണ്ട് തന്നെ അവര്‍ ആ മകന് ഭര്‍ത്താവിന്‍റെ പേര് നല്‍കി -രാമകൃഷ്ണന്‍.   
             ആയിടക്കു നാട്ടിലെ ചിലര്‍ പട്ടാളത്തില്‍നിന്ന് നാട്ടിലേക്ക് എത്തിയപ്പോള്‍ പറയുന്നുണ്ടായിരുന്നു  , കാവിലമ്മയുടെ ഭര്‍ത്താവ് ബംഗാളില്‍ ജീവിച്ചിരിപ്പുണ്ട് എന്ന് .പക്ഷെ കാവിലമ്മ അതൊന്നും വിശ്വസിച്ചില്ല.ജീവിച്ചിരിപ്പുണ്ടെങ്കില്‍ അയാള്‍ വരും കാരണം....അയാള്‍ക്ക്‌ കൊച്ചുപാര്‍വതിക്കുട്ടിയമ്മയെ വളരെ ഇഷ്ടമായിരുന്നു ....അതു പോലെ അവരെ അയാള്‍ക്ക്  ഭയവുമായിരുന്നു.
                 കാവിലമ്മ വലിയ സ്വത്തുകാരിയാണ്.തെങ്ങിന്‍ തോപ്പുകള്‍ ,വയലുകള്‍ അങ്ങനെ ധാരാളം സ്വത്തുക്കളുടെ ഉടമ.ആ അഹങ്കാരം അവര്‍ക്കുണ്ടായിരുന്നു.ഭര്‍ത്താവ് ദൂരെ സ്ഥലത്തായിരുന്നതിനാല്‍ വീട്ടുഭരണം അവര്‍ക്കായിരുന്നു.മക്കള്‍ക്ക്‌ അച്ഛനേക്കാളും ഭയം കൊച്ചുപാര്‍വതിക്കുട്ടിയമ്മയെയായിരുന്നു.ധാരാളം മുറികളുള്ള ഒരു വലിയ ഓടിട്ട വീടായിരുന്നു അവര്‍ക്കുണ്ടായിരുന്നത്.മിക്കവാറും മുറികളില്‍ വലിയ പത്തായങ്ങള്‍ ഉണ്ടായിരുന്നു.അതിനകത്ത് നിറയെ നെല്ല് നിറച്ചിരുന്നു.ഒരിക്കലും കൊച്ചുപാര്‍വതിക്കുട്ടിയമ്മയുടെ വീട്ടില്‍ ആഹാരത്തിനു മുട്ട് ഉണ്ടായിട്ടില്ല .ഉണ്ടാകുകയും ഇല്ല..ചില ചില്ലറ സാധനങ്ങള്‍ മാത്രം പുറത്ത് നിന്നും വാങ്ങിയാല്‍ മതി.
                ഏതു കാലാവസ്ഥയിലും വറ്റാത്ത നീരുറവയുള്ള ഒരു വലിയ കുളം അവരുടെ വലിയ വീടിന്‍റെ പിന്നില്‍ ഉണ്ട്.അതില്‍ നിറയെ തടിച്ച മത്സ്യങ്ങള്‍ ഉണ്ടായിരുന്നു.ആ കുളത്തില്‍ നിന്ന് മീന്‍ പിടിക്കാന്‍ പ്രത്യേക കൂലിക്കാരനുണ്ടായിരുന്നു.അതുകൊണ്ടു തന്നെ കാവിലമ്മയുടെ വീട്ടില്‍ എന്നും മത്സ്യക്കറിയുണ്ടായിരിക്കും.
                 കൊച്ചുപാര്‍വതിക്കുട്ടിയമ്മയുടെ വീട്ടിലെ കോഴികള്‍ എത്രയുണ്ട് എന്നു എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയില്ല.അതുപോലെ പശുക്കള്‍ ,കാളകള്‍ ,എരുമകള്‍ .ആടുകള്‍ തുടങ്ങി എല്ലാം എണ്ണമില്ലാതെ ഉണ്ടായിരുന്നു.ഇതെല്ലം സംരക്ഷിക്കാന്‍ വേണ്ടുവോളം ജോലിക്കാരുമുണ്ട്. സ്വന്തം മക്കളെക്കാളും ചെറുമക്കളെക്കാളും കാവിലമ്മക്ക് വിശ്വാസവും സ്നേഹവും അവരുടെ വീട്ടിലെ ജോലിക്കാരോടാണ്.അവര്‍ വിശ്വസ്തരും അധ്വാനികളുമായിരുന്നു .അവരോട് കാവിലമ്മക്ക് വലിയ സ്നേഹമായിരുന്നു...അവര്‍ക്ക് കാവിലമ്മ ഈശ്വരതുല്യവും..
              കൊച്ചുപാര്‍വതിക്കുട്ടിയമ്മയുടെ മക്കളുടെയും ചെറുമക്കളുടെയും വിവാഹം കഴിയുമ്പോള്‍ത്തന്നെ വിശാലമായ പുരയിടത്തില്‍ പുതിയ പുതിയ വീടുകള്‍ ഉയര്‍ന്നു വരും.എങ്കിലും ഭക്ഷണവും മറ്റു കാര്യങ്ങളുമൊക്കെ കൊച്ചുപാര്‍വതിക്കുട്ടിയമ്മയുടെ വീട്ടില്‍ നിന്ന് തന്നെയാണ്.ആ അവകാശം അവര്‍ ആര്‍ക്കും വിട്ടുകൊടുക്കില്ല. 
                   നിശ്ചയദാര്‍ഡ്യവും, മുന്‍കോപവും അവര്‍ക്ക് ജന്മനാ ഉള്ളതാണ്.അതു മക്കള്‍ക്കും മരുമക്കള്‍ക്കും ചെറുമക്കള്‍ക്കും നല്ലതുപോലെ അറിയാം. അവരുടെ കടുത്ത ചിട്ടയും നിര്‍ബന്ധങ്ങളും നാട്ടുകാര്‍ക്കും അറിയാം.കൊച്ചുപാര്‍വതിക്കുട്ടിയമ്മ ഒരിക്കലും ബ്ലൗസ് ഉപയോഗിച്ചിട്ടില്ല .പഴയ വസ്ത്ര രീതിയില്‍ കസവ് മുണ്ട് നെഞ്ചില്‍ ഉടുത്തു (മുലക്കച്ച) നടക്കും. അതാണവര്‍ക്കിഷ്ടം.പുറത്തുപോകുമ്പോള്‍ വീതിയുള്ള കസവ് നേര്യത് ഭംഗിയായി ചുറ്റിയുടുക്കും.ഉറങ്ങാന്‍ മുറിയില്‍ കയറിയാല്‍ വാതിലുകള്‍ ഭദ്രമായി അടച്ചിടും .എന്നാല്‍ ഒരു ജനല്‍ സദാ തുറന്നിരിക്കും..
             കൊച്ചുപാര്‍വതിക്കുട്ടിയമ്മ വലിയ ഈശ്വര  വിശ്വാസിയാണ്.ഇഷ്ടദൈവം പരമശിവനാണ്.നിത്യവും രാവിലെ നാലുമണിക്ക് കൊച്ചുപാര്‍വതിക്കുട്ടിയമ്മ  ഉണരും.ഉടന്‍ കുളിയാണ്.പുതിയതോ ,അലക്കിയതോ ആയ വസ്ത്രങ്ങള്‍ മാത്രമേ ദിവസവും ഉപയോഗിക്കുകയുള്ളൂ. കുളികഴിഞ്ഞയുടന്‍ അടുത്തുള്ള ക്ഷേത്രത്തിലേക്ക് പോകും.ആരെയും കൂടെ വരാന്‍ അവര്‍ നിര്‍ബന്ധിക്കാറില്ല.എന്നാലും കൊച്ചുപാര്‍വതിക്കുട്ടിയമ്മയുടെ സ്നേഹം പിടിച്ചുപറ്റാന്‍ ചില ചെറുമക്കള്‍ , വല്യ താല്പ്പര്യമില്ലെങ്കിലും കൂടെപ്പോകാറുണ്ട്.ക്ഷേത്രത്തില്‍ നിന്നും തിരികെ വരുമ്പോള്‍ മാത്രമാകും വീട്ടിലെ മറ്റുള്ളവര്‍ ഉറക്കമുണരുന്നത്.
                   എല്ലാപേരും രാവിലെ കുളിച്ചു വസ്ത്രം മാറിയിരിക്കണം എന്നത് കൊച്ചുപാര്‍വതിക്കുട്ടിയമ്മക്ക് നിര്‍ബന്ധമാണ്‌.തലയില്‍ പുരട്ടിക്കുളിക്കാനുള്ള എണ്ണ അവര്‍ തന്നെ ഓരോരുത്തരുടെ കൈകളില്‍ പകര്‍ന്നു കൊടുക്കും.അതുകഴിഞ്ഞാല്‍ മാത്രമേ ചായ പോലും കൊടുക്കാന്‍ അവര്‍ അനുവദിക്കുകയുള്ളു. ഈ സ്വഭാവങ്ങള്‍ ഉണ്ടെങ്കിലും അവര്‍ ധര്‍മ്മിഷ്ടയായിരുന്നു .സഹായം ചോദിച്ചു വരുന്ന ആരെയും അവര്‍ നിരാശരാക്കി വിടാറില്ല.
കൊച്ചുപാര്‍വതിക്കുട്ടിയമ്മയുടെ മുണ്ടിന്‍റെ തുമ്പില്‍ എപ്പോഴും ഒരു താക്കോല്‍ക്കൂട്ടം ഭദ്രമായി കെട്ടിയിട്ടിരിക്കും. ആര്‍ക്കും അവരറിയാതെ ഒരു സാധനവും എടുക്കാനോ ,കടത്ത്തിക്കൊണ്ടുപോകാണോ കഴിയില്ല.
  
അങ്ങനെ കൊച്ചുപാര്‍വതിക്കുട്ടിയമ്മ അവിടെ റാണിയായിത്തന്നെയാണ്   ജീവിച്ചിരുന്നത്..
                   ഇതൊക്കെയാണെങ്കിലും കൊച്ചുപാര്‍വതിക്കുട്ടിയമ്മക്ക് രഹസ്യമായി ഒരു സ്വഭാവദൂഷ്യമുണ്ടായിരുന്നു.നിത്യവും രാത്രി ഊണ് കഴിക്കുന്നതിനു മുന്‍പ് അല്‍പ്പം മദ്യം ആരുമറിയാതെ അകത്താക്കിയിരിക്കും...
 വെട്ടിരുമ്പ് പത്രോസ്  അത്  കൊച്ചുപാര്‍വതിക്കുട്ടിയമ്മയെ ആരുമറിയാതെ ഏല്‍പ്പിക്കാറുണ്ട്...അവരുടെ ഭര്‍ത്താവ് രാമകൃഷ്ണപിള്ളയാണ് മദ്യം കുടിക്കാന്‍ അവരെ പഠിപ്പിച്ചത്.
                 വാര്‍ധക്യസഹജമായ അസുഖത്താലും ,രോഗത്താലും അവരുടെ മൂന്നു മക്കളും ആറു ചെറുമക്കളും ,അവര്‍ മരിക്കുന്നതിനു മുന്‍പുതന്നെ മരണപ്പെട്ടിരുന്നു.ഇപ്പോഴും നൂറില്‍ കുറയാത്ത അംഗ സംഖ്യയുള്ള വലിയ ഒരു കുടുംബമാണ് കാവിലമ്മയുടേത്. 
                  പുതു തലമുറയിലെ ചില ചെറുമക്കള്‍ക്ക്‌ അവരുടെ ഈ ഭരണം അത്ര ഇഷ്ടമല്ല.ആദ്യമൊക്കെ അവര്‍ പ്രതിഷേധിച്ചു.പക്ഷെ കൊച്ചുപാര്‍വതിക്കുട്ടിയമ്മയോട് ഒരു കളിയും നടപ്പില്ല എന്ന് കണ്ടു അവരെല്ലാം പിന്‍ വലിഞ്ഞു.
                  ഏറ്റവും ഇളയമകന്‍ രാമകൃഷ്ണന്‍റെ ഒരു മകന്‍ ഉദയന്‍ അല്‍പ്പം തന്‍റേടിയും ദുര്‍നടപ്പുക്കാരനുമായിരുന്നു.അവന്‍ കൂട്ടുകാരുമൊത്ത് കൊച്ചുപാര്‍വതിക്കുട്ടിയമ്മയുടെ അകലെയുള്ള വസ്തുക്കളിലെ തെങ്ങില്‍ നിന്ന് തേങ്ങ അടത്ത് രഹസ്യമായി കച്ചവടം ചെയ്യുമായിരുന്നു. ഇത് കൊച്ചുപാര്‍വതിക്കുട്ടിയമ്മ അറിയുകയും ,അവനെ പോലീസില്‍ പലപ്രാവശ്യം പരാതി കൊടുത്തു ,പിടിപ്പിച്ചു പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ട്.എങ്കിലും അയാള്‍ വീണ്ടും വീണ്ടും ആ പ്രവര്‍ത്തി തുടര്‍ന്നിരുന്നു.അതുകൊണ്ട് തന്നെ അയാള്‍ക്ക്‌ കാവിലമ്മയെ വെറുപ്പായിരുന്നു.
               ഒരിക്കല്‍ അവര്‍ അവനെ ശപിച്ചു,
 "നീ ഒരുകാലത്തും ഗുണം പിടിക്കില്ല...ഒന്നും നീ നീണാള്‍ അനുഭവിക്കില്ല"
          ആ ശാപം അങ്ങനെ അയാളോടൊപ്പം ഉണ്ടായിരുന്നു.പക്ഷെ അയാള്‍ അതൊന്നും കാര്യമാക്കിയില്ല.
            ഒരു ദിവസം അയാള്‍ കൊച്ചുപാര്‍വതിക്കുട്ടിയമ്മയോട് കുറച്ചു രൂപ ആവശ്യപ്പെട്ടു.അതു അയാള്‍ക്ക്‌ പേര്‍ഷ്യയില്‍ പോകാനായിരുന്നു.അവര്‍ കൊടുത്തില്ല.
          കൊച്ചുപാര്‍വതിക്കുട്ടിയമ്മയുടെ താക്കോല്‍ മോഷ്ടിച്ച് ,മുറി തുറന്നു പണമെടുക്കാന്‍ അയാള്‍ പല പ്രാവശ്യം ശ്രമിച്ചു.....
                                 നടന്നില്ല......
                    അയാള്‍ക്ക്‌ വാശിയായി..
           അതിനുള്ള വഴിയാലോചിച്ചു അയാള്‍ നടന്നു.
 അയാള്‍ കൊച്ചുപാര്‍വതിക്കുട്ടിയമ്മയുടെ വീട്ടിലെ വൈദ്യുതി കണക്ഷന്‍ ഫ്യൂസ് ഊരിമാറ്റി.  വീട് പൂര്‍ണ്ണമായും ഇരുട്ടിലായി.  
                 രാത്രി കൊച്ചുപാര്‍വതിക്കുട്ടിയമ്മ ഉറങ്ങാന്‍ മുറിയില്‍ കയറവേ അയാള്‍ പിന്നിലൂടെ എങ്ങിനെയോ മുറിയില്‍ കയറി ഒളിച്ചിരുന്നു.പുലരുന്നത് വരെ അയാള്‍ പത്തായത്തിനു പുറകില്‍ കിടന്നു.
                 കൃത്യം നാലുമണിക്ക് തന്നെ കൊച്ചുപാര്‍വതിക്കുട്ടിയമ്മ ക്ഷേത്രത്തില്‍ പോകാന്‍ ഉണരുകയും ,പതിവുപോലെ പോകുകയും ചെയ്തു.ആ സമയം അയാള്‍ അവിടെയെല്ലാം പരതി  കൊച്ചുപാര്‍വതിക്കുട്ടിയമ്മയുടെ മാല മോഷ്ടിച്ച് , മുറിതുറക്കുന്നതും നോക്കി കാത്തിരുന്നു. 
              കൊച്ചുപാര്‍വതിക്കുട്ടിയമ്മ തിരികെ വന്നു.. 
                                  മുറി തുറന്നു..
              വീണ്ടും പുറത്തിറങ്ങി ..പിന്നില്‍ അയാളും.. 
ഇത് അവര്‍ അറിഞ്ഞിരുന്നില്ല.ജനലുകള്‍ കുറവായിരുന്ന വീട്ടിനകം ഇരുട്ടിലായിരുന്നു .
          കുറച്ചുദിവസം കഴിഞ്ഞ്  ഉദയന്‍ പേര്‍ഷ്യയില്‍ പോയി.അതോടെ അയാളുടെ ശല്യം തീര്‍ന്നു.കൊച്ചുപാര്‍വതിക്കുട്ടിയമ്മക്ക് ആശ്വാസമായി.
     കുറച്ചുനാള്‍ക്കുശേഷം എന്തോ ആവശ്യത്തിനു അവര്‍ മാല നോക്കി. 
                                കാണുന്നില്ല!!!!!!
                  അവര്‍ക്ക് മനസിലായി..ഉദയന്‍ തന്നെയാകും മാല മോഷ്ടിച്ചതെന്ന്...അവര്‍ ഉദയനാണ് അതു ചെയ്തതെന്ന് ആരോടും പറഞ്ഞില്ല.എന്നാല്‍ എല്ലാപേരും കേള്‍ക്കെ പറഞ്ഞു,
                   " നാളെ മുതല്‍ പത്ത് ദിവസം തുടര്‍ച്ചയായി ഞാന്‍ ഈ മുറ്റത്ത് പൊങ്കാല ഇടും.അതിനകം മാല എടുത്തവന്‍ എന്‍റെ മുന്നില്‍ വന്നില്ലെങ്കില്‍ .......ഞാന്‍ ഒരു ദൈവത്തിലും വിശ്വസിക്കില്ല..എന്‍റെ ജീവിതം അവസാനിപ്പിക്കും.. "
                         ശപഥം കേട്ട് എല്ലാപേരും ഞെട്ടി.
         കൊച്ചുപാര്‍വതിക്കുട്ടിയമ്മ പൊങ്കാല  ഇടാന്‍ തുടങ്ങി...
        പത്താം ദിവസം അവര്‍ പൊങ്കാലയിട്ടു നില്‍ക്കുമ്പോള്‍ ,നാട്ടിലെ വലിയ സ്വര്‍ണ്ണപ്പണിക്കാരന്‍ ചിന്നസ്വാമിയുടെ മകന്‍ മുരുകേശന്‍ അവിടേക്ക് കയറി വന്നു.കയറിയിരിക്കാന്‍ കൈകാണിച്ച്,കൊച്ചുപാര്‍വതിക്കുട്ടിയമ്മ പൊങ്കാല ഇട്ടു തീര്‍ന്നു.കയറിവന്ന അവരോടു മുരുകേശന്‍ കഥകള്‍ പറഞ്ഞു ,
                    " എന്‍റെ അപ്പന് 3000 രൂപയ്ക്കു ഇവിടുത്തെ മകന്‍ ഉദയന്‍ കൊടുത്തതാണ് ഈ മാല."
      അയാള്‍  മാല  കൊച്ചുപാര്‍വതിക്കുട്ടിയമ്മ യുടെ നേര്‍ക്ക് വച്ചുനീട്ടി..
  "അപ്പന്‍ പ്രത്യേകം പറഞ്ഞിരുന്നു ,എന്‍റെ അപ്പന് പറ്റിയ ഒരു തെറ്റാണ്. ക്ഷമിക്കണം.അപ്പന്‍ ഇപ്പോള്‍ സുഖമില്ലാതെ കിടക്കുകയാണ്."
              കൊച്ചുപാര്‍വതിക്കുട്ടിയമ്മ ഒന്നും മിണ്ടിയില്ല.അയാള്‍ തിരികെ പോകാന്‍ തുടങ്ങവേ അവര്‍ നില്ക്കാന്‍ പറഞ്ഞിട്ട് ,അകത്തേക്ക് കയറിപ്പോയി.
             പുറത്ത് വന്ന അവര്‍ 3000 രൂപയും ഏകദേശം ദിവസത്തിലെ പലിശയും കൊടുത്തു മുരുകേശനെ സന്തോഷത്തോടെ യാത്രയാക്കി.
             ഉദയന്‍ ഗള്‍ഫില്‍ നിന്ന് വന്‍തുകകള്‍ നാട്ടില്‍ അയച്ചുകൊണ്ടിരിക്കുന്നു.അയാള്‍ നാട്ടില്‍ വലിയ ഒരു വീടിന്‍റെ പണി നടത്തി , അതു പൂര്‍ത്തിയാക്കി.
            ഗ്രഹപ്രവേശനനാളിനു ഇനി മൂന്നുദിവസം  കൂടിയുണ്ട്.
         അയാള്‍  കൊച്ചുപാര്‍വതിക്കുട്ടിയമ്മയെ ക്ഷണിക്കാന്‍ വന്നെങ്കിലും അവര്‍ക്ക് അവനെ തിരിച്ചറിയാന്‍ പറ്റിയില്ല. 
          ഗ്രഹപ്രവേശനത്തിനു ബന്ധുക്കളെ ക്ഷണിക്കാന്‍ പോകവേ ,അയാള്‍ ഓടിച്ചിരുന്ന കാര്‍ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ച്‌,അയാള്‍ ദാരുണമായി കൊല്ലപ്പെട്ടു.....
      കൊച്ചുപാര്‍വതിക്കുട്ടിയമ്മയുടെ ശാപം അയാളെ കീഴ്പ്പെടുത്തി.
     പക്ഷെ മറവി രോഗം ബാധിച്ച കൊച്ചുപാര്‍വതിക്കുട്ടിയമ്മ ഇതൊന്നും അറിഞ്ഞിരുന്നില്ല.അവരുടെ ഓര്‍മ്മകള്‍ എന്നെന്നേക്കുമായി നഷ്ട്ടപ്പെട്ടിരുന്നു.
                   കൊച്ചുപാര്‍വതിക്കുട്ടിയമ്മയുടെ മരണത്തിനുശേഷം അവരുടെ പെട്ടി തുറന്ന മക്കള്‍ അത്ഭുതപ്പെട്ടുപോയി ...
             ഓരോ മക്കള്‍ക്കും ,ചെറുമക്കള്‍ക്കും വീട്ടുജോലിക്കാര്‍ക്കും വരെ കൃത്യമായി വസ്തുക്കള്‍ പ്രമാണം ചെയ്തുവച്ചിരുന്നു.
           അതില്‍ ഒരാളിന് മാത്രം അവര്‍ ഒന്നും എഴുതിവച്ചിരുന്നില്ല...
                      അത് ' ഉദയനാ ' യിരുന്നു  .........!!!!!!!!!!
                  




          

  


                          

Monday, November 14, 2011


                 അഷിത കരയുന്നു ....... 
                                   ഞാനും !!!

 (എന്‍റെ ജീവിതവുമായി ബന്ധപെട്ട ചില അനുഭവങ്ങളും അറിവുകളും ചുറ്റും നടക്കുന്ന സംഭവങ്ങളും കഥ പോലെ  എഴുതുന്നു......)
                  
             ഇന്ന് അഷിതയുടെ  വിവാഹമാണ് . ചുവന്ന കല്യാണ സാരി ചുറ്റി ,തലയില്‍ നിറയെ പൂ ചൂടി ,ആവശ്യത്തിനു മാത്രം സ്വര്‍ണ വളകളും  മാലകളും അണിഞ്ഞു നില്‍ക്കുന്ന അഷിതയെ കാണാന്‍ കൂടുതല്‍ ഭംഗി ആയിരിക്കുന്നു . സര്‍ക്കാര്‍  സര്‍വീസില്‍ ജോലിയുള്ള  ഗോപീ കൃഷ്ണന്‍ ആണ് വരന്‍.അയാള്‍ പാലക്കാട്ടുകാരനാണ് . വലിയ സുന്ദരനല്ലെങ്കിലും , ഗോപി അഷിതക്ക് യോഗ്യനാണെന്ന് എനിക്ക് തോന്നി. 
                   വിവാഹസമയം അടുക്കാറായി.എല്ലാപേരും നല്ല തിരക്കിലാണ്. എന്‍റെ വീടിനു കുറച്ചടുത്തുള്ള  ദേവി ക്ഷേത്രത്തിലാണ് വിവാഹം.ക്ഷേത്രത്തിന്‍റെ  വടക്കുഭാഗത്ത്‌ നാഗരുകാവ് .കാവിനു സമീപം ഉയര്‍ന്നു പടര്‍ന്നു നില്‍കുന്ന ആല്‍മരം.ആല്‍മരത്തിനു   ചുറ്റും കരിങ്കല്‍ തിട്ട. ഞാന്‍ തിരക്കില്‍ നിന്നും അകന്ന്,തിട്ടയുടെ  മുകളില്‍ കയറി ഇരുന്നു. ഇവിടെ ഇരുന്നാല്‍ കല്യാണ മണ്ഡപവും ക്ഷേത്രത്തിലെ ദേവിയേയും അഷിതയേയും   കാണാം.
                          അഷിതയെ പറ്റി നിങ്ങളോട് പറയട്ടെ.......!
                    ഞാന്‍ താമസിക്കുന്നത് കുറേ മുറികളുള്ള ഒരു പഴയ ഓടിട്ട വീട്ടിലാണ്‌. എന്‍റെ വീടിന്‍റെ  പണിക്കു വേണ്ടിയാണ് സുധാകരന്‍ വന്നത്. അയാള്‍ക്ക് വിദ്യാഭ്യാസം കുറവായിരുന്നു.ആദ്യമൊക്കെ അവനെന്നെ 'സാറെ' എന്ന് വിളിച്ചിരുന്നു.വളരെ അടുത്ത ശേഷം എന്നെ  ' അണ്ണാ ' എന്ന് വിളിച്ചുതുടങ്ങി. അതെനിക്കിഷ്ടടമായിരുന്നു. എല്ലാ  ജോലികള്‍ക്കും സുധാകരന്‍ പോകും. അവന്‍ സ്ഥിരമായി ജോലിക്ക് പോകുന്ന ഒരു ലേഡി ഡോക്ടര്‍ ഉണ്ട് ,ഡോ. ഷീബ ജോണ്‍ .    
                   ഡോക്ടര്‍ ഷീബ ജോണ്‍ ഗ്യിനകൊലോജ്യ്സ്റ്റ്  ആണ്.അവര്‍ക്ക് നഗരത്തിനു അല്പം അകലെ , കായലിന്‍റെ കരയിലായി വലുതും ഭംഗി ഉള്ളതുമായ വീട്ഉണ്ട്. സുധാകരനെ  ഡോക്ടര്‍ക്ക്‌ വിശ്വാസമായിരുന്നു.സത്യഭാമ ഡോക്ടറുടെ വീട്ടിലെ ജോലിക്കാരിയാണ്.തമിഴ് കലര്‍ന്ന മലയാളം സംസാരിക്കുന്ന ഒരു  കറുത്ത സുന്ദരി.
                   ഡോ.ഷീബ ജോണ്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ രോഗിയായി വന്ന ഒരു തമിഴന്‍റെ  മകളാണ് സത്യഭാമ.ആശുപത്രിയില്‍ വച്ച് അവളുടെ അച്ഛന്‍ മരിച്ചു പോയി. അനാഥയായ സത്യഭാമയെ ഡോക്ടര്‍ വീട്ടിലേക്കു കൂട്ടിക്കൊണ്ടു  വന്നു.സുധാകരന് സത്യഭാമയെ ഇഷ്ടമായി.സത്യഭാമാക്കും സുധാകരനോട് ഇഷ്ടമുണ്ടായിരുന്നു .സുധാകരന്‍ വിഷയം ഡോക്ടറുടെ ശ്രദ്ധയില്‍ പെടുത്തി.ഡോക്ടര്‍ക്കും അത് ഇഷ്ടമായിരുന്നു.. ഡോക്ടറുടെ അനുവാദത്തോടെ അവര്‍ വിവാഹിതരായി.വീട്ടുകാര്‍ക്ക് ഇഷ്ടമല്ലാത്ത വിവാഹമായതിനാല്‍ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ സുധാകരനും സത്യഭാമാക്കും അവന്‍റെ വീട്ടില്‍ നിന്നു ഇറങ്ങേണ്ടി വന്നു.
                     അങ്ങനെയെയാണ് എന്‍റെ വീട്ടില്‍ അവര്‍ വാടകയ്ക്ക് താമസമാക്കിയത്. കുട്ടികളില്ലാതിരുന്ന അവര്‍ക്ക് എന്‍റെ മക്കളെ വലിയ ഇഷ്ടമായിരുന്നു.ചില ദിവസങ്ങളില്‍ അവര്‍  ഡോക്ടര്‍ ഷീബ ജോണിന്‍റെ  വീട്ടില്‍ പോകാറുണ്ടായിരുന്നു. 
                     ഒരു ഞായറാഴ്ച ഊണ് കഴിഞ്ഞു ഞാന്‍ മയക്കത്തിലായിരുന്നു..  സുധാകരന്‍ താമസിക്കുന്ന  മുറിയില്‍ നിന്നും ഒരു കൊച്ചു കുഞ്ഞിന്‍റെ  കരച്ചില്‍ കേട്ടു.ഞാന്‍ ഭാര്യയോടു അതെപ്പറ്റി ചോദിക്കാന്‍ തുടങ്ങവേ സുധാകരനും ഭാര്യയും    ഒരു കുഞ്ഞുമായി എന്‍റെ അടുത്തെത്തി ..
                      വെള്ളത്തുണിയില്‍ പൊതിഞ്ഞ ഒരു ചോരകുഞ്ഞ്....!!!
 ഞാന്‍ അവരെ അത്ഭുതത്തോടെ നോക്കി. അവരുടെ മുഖത്ത് നിറഞ്ഞ സന്തോഷം. ഏതോ ഒരു സ്ത്രീ ആശുപത്രിയില്‍ ഉപേക്ഷിച്ച പെണ്‍കുഞ്ഞിനെ  ഡോക്ടര്‍ ഷീബ അവരെ ഏല്‍പ്പിക്കുകയായിരുന്നു.
                      അങ്ങനെ സുധാകരന്‍റെ മുറിയിലും ഒരു കുഞ്ഞിന്‍റെ  ശബ്ദം കേട്ടു തുടങ്ങി.അവര്‍ വളരെ സന്തോഷത്തിലാണ്.
                  ഒരു ദിവസം സുധാകരന്‍ എന്നോട് ചോദിച്ചു ,
                  "എന്‍റെ മകള്‍ക്ക് ഒരു പേര് പറഞ്ഞു തരുമോ?".
ഒരു ചെറുപുഞ്ചിരിയോടെ ഞാന്‍ ഓര്‍ത്തു  'എന്‍റെ മകള്‍ക്ക് ' ..... 
അവന്‍ എത്ര സന്തോഷത്തോടെയാണ് അത് ചോദിച്ചത്! അവനില്‍ അപ്പോള്‍ ഞാന്‍ കണ്ടത് സംതൃപ്തനായ ഒരു അച്ഛനെ ആയിരുന്നു. ആയിടക്കു ഞാന്‍ വായിച്ച ഒരു കഥയിലെ സമ്പന്നയായ നായികയുടെ പേര് പെട്ടെന്ന് ഓര്‍മ വന്നു.
                                   "അഷിത" 
            "നിന്‍റെ  മകളെ അഷിത എന്ന് വിളിച്ചോളൂ"
എന്‍റെ മക്കളോടൊപ്പം കളിയ്ക്കാന്‍ ഇപ്പോള്‍ അഷിതയും ഉണ്ട്. അഷിത സംസാരിക്കാന്‍ തുടങ്ങി..സ്കൂളില്‍ പോകാന്‍ തുടങ്ങി....അവള്‍ എന്നെ വിളിക്കുന്നത്  'ഡാഡി അങ്കിള്‍ ' എന്നാണ്.അതെനിക്കിഷ്ടടമായിരുന്നു .പഠിക്കാന്‍ അവള്‍ മിടുക്കിയാണ്.എനിക്കും അവള്‍ മകളെ പോലെയാണ്.
                     ഒരിക്കല്‍ സുധാകരന്‍ എന്നോട് ചോദിച്ചു അഷിതയെന്ന പേര്  ഏതു ജാതിയില്‍ പെടുമെന്ന് .ഞാനൊരു വലിയ കള്ളം പറഞ്ഞു.
              "അഷിത എന്ന വാക്കിനര്‍ഥം ജാതിയില്ലാത്തവള്‍  എന്നാണ്". 
അവനതു വിശ്വസിച്ചു.ഞങ്ങളുടെ വാത്സല്യം കണ്ടിട്ടാകാം അവള്‍ എന്നോട്  ചോദിച്ചു,        
           "ഞാന്‍ ശരിക്കും  നിങ്ങളില്‍  ആരുടെ മകളാണ് ?".. 
ഞങ്ങള്‍ ഒരുമിച്ചു പറഞ്ഞു 
               "ഞങ്ങളുടെ മകളാണ് നീ"..
       ഒരു ദിവസം വീടിനു മുന്നില്‍ ഒരു നീല കാര്‍ വന്നുനിന്നു.അതില്‍ നിന്നും രണ്ടു  സ്ത്രീകള്‍ പുറത്തിറങ്ങി.അവര്‍ എന്‍റെ പേര് ചോദിച്ചു.ഞാന്‍ അവരെ അകത്തേക്ക് ക്ഷണിച്ചു. സുധാകരന്‍ പറഞ്ഞു തന്ന രൂപത്തിന്‍റെ  അറിവില്‍ അതില്‍ ഒരാള്‍ ഡോക്ടര്‍ ഷീബ ജോണ്‍ ആണെന്ന് മനസിലായി.അവര്‍ കൂടെ വന്ന സ്ത്രീയെ എനിക്ക് പരിചയപ്പെടുത്തി .
          "സര്‍,ഇതാരാണെന്ന് അറിയാമോ?         
             അഷിതയുടെ അമ്മയാണ്....
         ഇവരാണ് അഷിതയെ പ്രസവിച്ചു കടന്നു കളഞ്ഞ സ്ത്രീ-  സോറി ,സ്ത്രീ അല്ല...പെണ്‍കുട്ടി...."
ഞാന്‍  അവരെ അത്ഭുതത്തോടെ നോക്കി. തലമുടെ ക്രാപ്പ്   ചെയ്തിരിക്കുന്നു . ചുണ്ടില്‍ ചുവന്ന  ലിപ്സ്ടിക് ,കഴുത്ത് ഇറുകിയ പച്ചക്കല്ല്  നെക്ക്ലസ്,പച്ച സാരി, തലമുടിക്ക്  ചെമ്പന്‍ നിറം. 
            ഞാന്‍ സൂക്ഷിച്ചു നോക്കി.അവര്‍ എന്നോട് സംസാരിക്കാന്‍ തുടങ്ങി..
   "എന്‍റെ പേര് മരിയ തോമസ്‌ ..ഇപ്പോള്‍ ഭര്‍ത്താവുമൊത്ത്  അമേരിക്കയിലാണ് . ഞങ്ങള്‍ ഇവിടെ  വന്ന കാര്യം ദയവു ചെയ്തു ആരോടും പറയരുത്. അഷിതയെ സ്കൂളില്‍ പോയി ഞാന്‍ കണ്ടിരുന്നു. ഡോക്ടറുടെ കൂട്ടുകാരിയായിട്ടാണ് എന്നെ പരിച്ചയപ്പെടുത്തിയത് . അവള്‍ ഇവടെ വളരട്ടെ.എനിക്കവളെ ഒരിക്കലും കൊണ്ട് പോകാനാവില്ല.അവളെ നല്ലപോലെ പഠിപ്പിക്കണം.അതിനുള്ള തുക ഞാന്‍ താങ്കളെ ഏല്പിക്കുന്നു". 
        അവര്‍ ഹാന്‍ഡ്‌ ബാഗ്‌ തുറന്നു ഒരു ചെക്ക്‌ എന്‍റെ നേര്‍ക്ക് നീട്ടി.
               "അവളുടെ കാര്യങ്ങള്‍ക്ക് പണം ആവശ്യമായി  വന്നാല്‍ ഞാന്‍ അത് നിങ്ങളുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിക്കാം.എന്താവശ്യമുണ്ടെങ്കിലും എന്നെ അറിയിക്കാന്‍ മടിക്കരുത്.പഠിച്ചുകൊണ്ടിരുന്നപ്പോള്‍ എനിക്ക് പറ്റിയ തെറ്റായിരുന്നു അഷിത.അയാള്‍ എന്നെ ചതിച്ചതല്ല.വിവാഹം കഴിക്കാന്‍ സന്നദ്ധനായിരുന്നു. വിധി.....അതാണ് സംഭവിച്ചത്.ബൈക്ക്  കൊക്കയിലേക്ക് മറിഞ്ഞു മരിക്കുകയായിരുന്നു. ബെന്നി...പാവമായിരുന്നു.ഞാന്‍ പ്രസവിച്ചു ഓടിപോയതല്ല.എന്‍റെ കുഞ്ഞിനെ സുരക്ഷിതമായ കൈകളില്‍ ഏല്പിച്ചു പോവുകയായിരുന്നു." 
            അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
എനിക്ക് എല്ലാം ഒരു സ്വപ്നം പോലെ തോന്നി. ഞാന്‍ വായിച്ച കഥയിലെ സമ്പന്നയായ അഷിതയായി നമ്മുടെ അഷിതയും. കാറില്‍ കയറും മുന്‍പ് അവരെന്നോട് പറഞ്ഞു ,
          "എന്‍റെ മകള്‍ക് താങ്കള്‍ ഇട്ട പേര് എനിക്ക് വളരെ ഇഷ്ടമായി".
     അവര്‍ തന്ന ചെക്ക്  ഞങ്ങള്‍ അഷിതയുടെ  പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചു.വീണ്ടും അഷിതയുടെ പേരില്‍ പണം വന്നുകൊണ്ടിരുന്നു.ഇക്കാര്യങ്ങളെല്ലാം ഞാന്‍ സുധാകരനോട് പറഞ്ഞു.അഷിത ഒരിക്കലും ഇതൊന്നും അറിയരുതെന്ന് ഞാന്‍ പ്രത്യേകം പറഞ്ഞിരുന്നു.ഇക്കാര്യങ്ങളൊന്നും സത്യഭാമക്ക്  അറിയില്ലായിരുന്നു.
     എന്‍റെ വീട്ടിനടുത്ത് തന്നെ സുധാകരന്‍ ‍ ഒരു വീട് വാങ്ങി താമസം മാറി.അഷിത കൂടുതല്‍ സമയവും ഞങ്ങളുടെ കൂടെ തന്നെ ആയിരുന്നു...
                    "ഇവടെ വന്നിരിക്കയാണോ? 
വിവാഹത്തിന് സമയമായി.. അങ്ങോട്ടുപോകാം . "      
 പുറകില്‍ സുധാകരന്‍റെ  ശബ്ദം.
   ഞാന്‍ എഴുനേറ്റു.
ഞാന്‍ ഓര്‍മ്മയിലെ കഥ പറഞ്ഞു നിര്‍ത്തുന്നു.
സുധാകരന് പിറകെ വിവാഹമണ്ഡപത്തിലേക്ക് നടന്നു..
           വിവാഹം കഴിഞ്ഞു.
          കുറേപേര്‍ പോയിക്കഴിഞ്ഞു.
         അഷിത പോകാന്‍ ഒരുങ്ങുന്നു.
       ഓരോരുത്തരോടും അവള്‍ യാത്രപറയുന്നു .
       എന്‍റെ അടുത്ത്  അവള്‍ എത്തി...
      എന്‍റെ കാലുകളില്‍ തൊട്ടു വന്ദിച്ചു എഴുന്നേല്‍ക്കവേ,    അവള്‍ എന്‍റെ ചെവിയില്‍ പതുക്കെ  പറഞ്ഞു,
    എനിക്ക് മാത്രം കേള്‍ക്കാം.............
   " ഡാഡി അങ്കിള്‍ , എന്നെ എടുത്തു വളര്‍ത്തിയതാണ്..അല്ലേ ? ഇത്രയുംനാള്‍ എല്ലാപേരും എന്നോട്  അത് ഒളിച്ചു വച്ചിരുന്നു. 
      എനിക്കറിയാം, നിങ്ങള്‍ക്കെല്ലാം   എന്നോട് വളരെ  സ്നേഹമായിരുന്നു  .അനാഥയായിപ്പോകുമായിരുന്ന എനിക്ക് ഒരു നല്ല ജീവിതം തന്ന എന്‍റെ അച്ഛനോടും അമ്മയോടും ഡാഡി അങ്കിളിനോടും നന്ദി പറയുന്നത് തെറ്റാണെന്നെനിക്കറിയാം.മറ്റൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല ..എന്‍റെ  അച്ഛനും അമ്മയും എല്ലാം നിങ്ങളെല്ലാമാണ് .... ".
                 പൊട്ടിക്കരഞ്ഞു  കൊണ്ട് അഷിത എന്‍റെ നെഞ്ചിലേക്ക്  ചാഞ്ഞു .
ഞാന്‍ അവളെ  എന്‍റെ മാറിലേക്ക്‌ ചേര്‍ത്ത് ആശ്വസിപ്പിക്കാന്‍ ശ്രമിക്കവേ........
എനിക്കും കണ്ണീരടക്കാന്‍ കഴിഞ്ഞില്ല. ...
ഞാനും കരഞ്ഞു പോയി ...........
                       അഷിത കരയുന്നു.......
                                                      ഞാനും....!!!!!
                                               

Sunday, November 6, 2011

ഹംസക്കോയയും ; ദുരന്ത ദിവസവും !!!!!

   ഹംസക്കോയ 
             ഞങ്ങള്‍ നാട്ടുകാര്‍ അയാളെ 'കോയ സാബ്‌ 'എന്ന് വിളിക്കും.
അയാള്‍ക്ക് ഞങ്ങള്‍ അങ്ങനെ വിളിക്കുന്നതാണ് ഇഷ്ടം .ഹംസക്കോയ ഞങ്ങളുടെ നാട്ടുകാരനല്ല.ഇരുപത്തി രണ്ടു  വര്‍ഷം മുന്‍പ് അയാള്‍ ഈ നാട്ടില്‍ എത്തിയത് നബീസയെ നിക്കാഹു ചെയ്യാന്‍ വേണ്ടിയായിരുന്നു.ഇപ്പോള്‍ അയാള്‍ ഞങ്ങളുടെ നാട്ടുകാരനാണ്.
               നബീസയുടെ വാപ്പക്ക് മീന്‍ കച്ചവടമായിരുന്നു.ഒരിക്കല്‍ നബീസയുടെ വാപ്പ , കൊല്ലത്ത് നീണ്ടകരയില്‍ മീന്‍ പിടിക്കുന്നതും ,കച്ചവടം നടത്തുന്നതും കാണാന്‍ വെറുതെ ഒന്നുപോയി.ആ യാത്രയില്‍ അയാള്‍ അവിടെ മീന്‍ കച്ചവടം നടത്തുന്ന സുലൈമാനുമായി പരിചയപ്പെടാന്‍ ഇടയായി.ആ പരിചയപ്പെടല്‍ നീണ്ടു പോകുകയും ,പരസ്പ്പരം കുടുംബ കഥകള്‍ പറഞ്ഞു  അവര്‍ വളരെ അടുത്ത സ്നേഹിതന്‍ മാര്‍ ആകുകയും ചെയ്തു.ആ സ്നേഹം അവസാനം നബീസയുടെ വിവാഹത്തില്‍ ചെന്നെത്തി.
             സുലൈമാന്‍റെ ഏഴുമക്കളില്‍ നാലമത്തവനാണ് ഹംസക്കോയ.സുലൈമാന് നബീസയെ ഇഷ്ട്ടപ്പെട്ടു.അയാള്‍ അവളെ മകന്‍റെ ബീവിയാക്കാന്‍ തീരുമാനിക്കുകയും ,ഹംസക്കോയയെ കൊണ്ട് നിക്കാഹു നടത്തുകയും ചെയ്തു.
                 ഹംസക്കൊയക്ക്‌ അക്കാലത്തു സ്ഥിരമായി ജോലിയില്ലായിരുന്നു .അയാള്‍ വീടിനടുത്തുള്ള വില്ലേജ്ഓഫീസില്‍ ചെറിയ ചെറിയ ജോലികള്‍ ചെയ്തു ഉപജീവനം  നടത്തുകയായിരുന്നു .നല്ലവനും പാവപ്പെട്ടവനുമായ ഹംസക്കോയയെ വില്ലേജ് ഓഫീസിലെ ജീവനക്കാര്‍ക്ക് വലിയ വിശ്വാസവും സ്നേഹവുമായിരുന്നു.
                  ആദ്യമൊക്കെ ഓഫീസിലെ ജീവനക്കാര്‍ക്ക് പുറത്തുപോയി ചായ വാങ്ങിക്കൊടുക്കലായിരുന്നു പണി.പിന്നെ കുറെദിവസം കഴിഞ്ഞപ്പോള്‍ അയാളെ ഓഫീസ് തൂത്തുവരാനും ,ഓഫീസ് തുറക്കുവാനും അടക്കുവാനുമുള്ള ജോലി ഏല്‍പ്പിച്ചു.അക്കാലത്തു പി.എസ് .സി . വഴിയല്ലാതെയും ജോലി സ്ഥിരപ്പെടുത്തുന്ന സമ്പ്രദായം ഉണ്ടായിരുന്നു.ആ ഭാഗ്യം ഹംസക്കൊയയ്ക്കും കിട്ടി.നബീസയെ വിവാഹം കഴിച്ച ശേഷമായിരുന്നു ജോലി സ്ഥിരപ്പെടുത്തിക്കിട്ടിയത് .അത് കൊണ്ടു തന്നെ അതിന്‍റെ ഭാഗ്യം നബീസയ്ക്കാണ് കിട്ടിയത് .ഇപ്പോള്‍ അയാള്‍ സര്‍ക്കാര്‍ ജീവനക്കാരനാണ്.വില്ലേജ് ഓഫീസിലെ ഫുള്‍ ടൈം പ്യൂണ്‍.   
                സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും അങ്ങനെ ഹംസക്കൊയക്കും കിട്ടിത്തുടങ്ങി.അയാളും ,നബീസയും വളരെ സന്തോഷിച്ചു.ഇപ്പോഴും അയാള്‍ നാട്ടിലെ വില്ലേജ് ഓഫീസില്‍ തന്നെയാണ് ജോലി ചെയുന്നത്..അവരുടെ മൂന്ന് പെണ്മക്കളും സന്തോഷിച്ചു.
    അവര്‍ സന്തോഷിക്കട്ടെ !!! അത് ഞങ്ങള്‍ക്കും സന്തോഷമാണ്....കാരണം ഹംസക്കോയ നല്ലവനാണ്.
     ഹംസക്കോയ വലിയ സുന്ദരനല്ല...സുന്ദരനല്ല എന്നല്ല, ഒട്ടും കാണാന്‍ ഭംഗിയുള്ള ആളായിരുന്നില്ല..എന്നാല്‍ അയാള്‍ക്ക് ഒരു നല്ല മനസ്സുണ്ട്  .നന്‍മ നിറഞ്ഞ മനസ്സ് .നിസ്ക്കാരത്തഴമ്പുള്ള വീതിയുള്ള നെറ്റി ,ഉണങ്ങി മെലിഞ്ഞ കറുത്ത രൂപം,വലിയ ചെവികള്‍.പല്ലുകള്‍ക്കിടയിലെ വിടവുകള്‍ വളരെ വലുതായിരുന്നു. കഷണ്ടി കയറിയ തല.കറുത്ത തടിച്ച ചുണ്ട്.അയാളുടെ കണ്ണുകള്‍ ചെറുതും തിളക്കമുള്ളതുമായിരുന്നു.
             ഇടുങ്ങിയ തോളുകളില്‍ നീളമുള്ള കൈകള്‍.ഹംസക്കൊയയുടെ വിരലുകള്‍ പത്തിനും ഒരേ നീളമായിരുന്നു.അത് അയാളുടെ പ്രത്യേകതയായിരുന്നു.കോളറുള്ള വെള്ള ജുബ്ബയും ,വെള്ള ഒറ്റമുണ്ടുമായിരുന്നു ഹംസക്കൊയയുടെ വേഷം.അയാളുടെ എല്ലാ ജുബ്ബയും വളരെ നീളമുള്ളവയാണ്‌ .അയാള്‍ വെളുത്ത വേഷം ഇഷ്ടപ്പെട്ടിരുന്നു.ഹംസക്കോയ ഒരേ സമയം ബീഡി വലിക്കുകയും വെറ്റില മുറുക്കുകയും ചെയ്യുമായിരുന്നു.
                ചില അവധി ദിവസങ്ങളില്‍  'കോയ സാബ് 'ഞങ്ങളോടൊപ്പം കൂടുമായിരുന്നു .അയാള്‍ ഫലിതം കലര്‍ന്ന കഥകള്‍ പറയും .അത് ഞങ്ങള്‍ക്ക് കേള്‍ക്കാന്‍ വലിയ താല്പ്പര്യമായിരുന്നു.
              ഹംസക്കൊയയുടെ കൂട്ടുകാരന്‍ അധികം പഴക്കമില്ലാത്ത ഒരു സൈക്കിള്‍ ആണ്.എപ്പോഴും അയാള്‍ ആ സൈക്കിളില്‍ യാത്ര ചെയ്യാന്‍ താല്പ്പര്യപ്പെട്ടിരുന്നു.സൈക്കിള്‍ ഇല്ലാത്ത കോയ സാബിനെ ഞങ്ങള്‍ കണ്ടിട്ടില്ല.അങ്ങനെ ദിവസവും ഹംസക്കോയ സ്വന്തം സൈക്കിളില്‍ പേട്ട റെയില്‍വേ സ്റ്റേഷനില്‍ എത്തി ,സൈക്കിള്‍ അവിടെ പൂട്ടി വച്ച് ,ട്രെയിനില്‍ ജോലി സ്ഥലത്ത് പോകും .അയാള്‍ ട്രെയിനില്‍ യാത്ര ചെയ്യാന്‍ സീസണ്‍ ടിക്കെറ്റ് എടുത്തു വച്ചിട്ടുണ്ട്.അയാള്‍ ദിവസവും ജോലിക്ക് പോകുന്ന സ്വഭാവക്കാരനാണ് .അയാള്‍ അനാവശ്യമായി ലീവ് എടുത്തു സര്‍ക്കാറിനെ വിഷമിപ്പിക്കാറില്ല.അതും അയാള്‍ക്കുള്ള ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് ആണ് .
                           ഇനി പറയുന്നതാണ് സംഭവകഥ...
          എന്നത്തേയും പോലെ അന്നും കോയ സാബ് ജോലിക്ക് പോകാന്‍  സൈക്കിളില്‍ വീട്ടില്‍ നിന്ന് യാത്ര തിരിച്ചു ,സ്റ്റേഷനില്‍ എത്തി.ദിവസവും സൈക്കിള്‍ വയ്ക്കുന്ന സ്ഥലത്ത് സൈക്കിള്‍ വച്ച് അയാള്‍ ട്രെയിനില്‍ കയറി.അല്‍പസമയം കഴിഞ്ഞു ട്രെയിന്‍ സ്റ്റേഷനില്‍ നിന്നും യാത്ര തിരിച്ചു.പതിനഞ്ചു മിനിറ്റ് കഴിഞ്ഞു ,കോയ സാബിന് സമീപം ടി.ടി.ആര്‍ എത്തി ,സീസണ്‍ ടിക്കറ്റ്‌ ആവശ്യപ്പെട്ടു.അപൂര്‍വ്വം ദിവസങ്ങളിലെ ടി.ടി.ആര്‍ കോയ സാബിനടുത്ത്  വരാറുള്ളു.സാബ്‌ പേഴ്സില്‍ നിന്നും ടിക്കറ്റ്‌ എടുത്തു ടി.ടി.ആറിനു കൊടുത്തു. ടി.ടി.ആറിന്‍റെ മുഖം ചുളുങ്ങുന്നതും ,കണ്ണുകള്‍ തുറന്നു തുറിച്ചു പുറത്തേക്കു വരുന്നതും കോയ സാബ് കണ്ടു.അയാള്‍ ആകെ അമ്പരന്നു.
                  ടി.ടി.ആറിന്‍റെ ശബ്ദം കോയയുടെ കാതില്‍ എത്തി.
   സീസണ്‍ ടിക്കെട്ടിന്‍റെ കാലാവധി കഴിഞ്ഞിട്ട്  26 ദിവസം കഴിഞ്ഞിരിക്കുന്നു.
                 കോയ സാബ് എന്തെങ്കിലും മറുപടി പറയുന്നതിന് മുന്‍പ് അയാളുടെ മുന്നിലേക്ക്‌ 600  രൂപയുടെ പിഴ അടക്കേണ്ട രസീപ് നീണ്ടു  വന്നു. വിറയ്ക്കുന്ന കൈകളോടെ അയാള്‍ അത് വാങ്ങി.രൂപ എണ്ണി നോക്കി ടി.ടി.ആര്‍ അടുത്ത ബോഗിയിലേക്കു പോയി.കോയക്ക് വളരെ വിഷമമായി .അയാളുടെ മനസ് വല്ലാതെ വേദനിച്ചു.അയാളുടെ   ജീവിതത്തിലെ ആദ്യത്തെ ഓര്‍മ്മപ്പിശകിനു കിട്ടിയ ശിക്ഷ.
                 അയാള്‍ ടി.ടി.ആര്‍ നല്‍കിയ രസീതുമായി അടുത്ത ബോഗിയിലേക്കു പോയി.അവിടെ അയാളോടൊപ്പം സ്ഥിരമായി യാത്ര ചെയ്യുന്ന ചിലര്‍ ചീട്ടു കളിക്കുന്നുണ്ടായിരുന്നു.കൊയയേയും അവര്‍ ചീട്ടു കളിയ്ക്കാന്‍ ക്ഷണിച്ചു.മനസ്സിന്‍റെ പിരിമുറുക്കം തീര്‍ക്കാന്‍ കോയ അവരോടൊപ്പം കൂടി.കളിയില്‍ രസം പിടിച്ചു അവര്‍ ചീട്ടുകളി തുടര്‍ന്നു.
                  വണ്ടി സ്റ്റേഷനില്‍ നിര്‍ത്തി.
                 ചീട്ടുകളിയുടെ രസത്തില്‍ അവര്‍ അതൊന്നും അറിഞ്ഞില്ല.
                  റെയില്‍വേ പോലീസ് ആ ബോഗിയില്‍ കയറി.
                  വണ്ടി സ്റ്റേഷനില്‍ നിന്ന് നീങ്ങി.
                   ചീട്ടു കളിച്ചവരെ കയ്യോടെ പിടിച്ചു.കോയക്കും കിട്ടി 250  രൂപയുടെ ഒരു രസീത്. 
        രണ്ടാമതും കിട്ടിയ ശിക്ഷ അയാളെ എന്ത് നിലയില്‍ എത്തിച്ചു എന്ന് പ്രത്യേകം പറയണ്ടല്ലോ?
        രൂപകൊടുത്തു പിന്നെയും അയാള്‍ മൗനിയായി ബോഗിയിലൂടെ നടക്കാന്‍ തുടങ്ങി.ബോഗികള്‍ മൂന്നോ നാലോ കടന്ന് അയാള്‍ അടുത്തുള്ള ബോഗിയിലെ ബാത്ത് റൂമില്‍ കയറി മൂത്രമൊഴിച്ചു.പുറത്തു വന്ന അയാള്‍ ആകെ തളര്‍ന്നിരുന്നു.അയാള്‍ക്ക്‌ വിഷമം സഹിക്കാന്‍ കഴിയുന്നില്ല.മനസിന്‍റെ വിഷമം തീര്‍ക്കാന്‍ അയാള്‍ ജുബ്ബയുടെ പോക്കറ്റില്‍  നിന്ന് ഒരു ബീഡി എടുത്തു. ബീഡി അയാള്‍ ചുണ്ടില്‍ വച്ച് തീ കൊളുത്തി.
                   അതാ വരുന്നു....
വീണ്ടും റെയില്‍വേ പോലീസ്..വീണ്ടും കിട്ടി 100  രൂപയുടെ ശിക്ഷ.
            അതും കൊടുത്തു അയാള്‍ ഇറങ്ങേണ്ട സ്റ്റേഷന്‍ നോക്കി വാതിലിനു പുറത്തേക്കു നോക്കിനിന്നു  .പുറത്തേക്കു ചാടിയാലോ എന്നുപോലും കോയ ചിന്തിച്ചു.മക്കളെയും ഭാര്യയേയും അപ്പോള്‍ ഓര്‍ത്തു.
                  വണ്ടി അയാള്‍ക്ക് ഇറങ്ങേണ്ട സ്റ്റേഷനില്‍ എത്തി.ഓഫീസില്‍    എത്തി.ആകെ വിഷമിച്ചിരുന്ന അയാള്‍ മൗനിയായിരുന്നു .കാരണം തിരക്കിയ ജീവനക്കാര്‍ അയാളെ ആശ്വസിപ്പിച്ചു.
                  അന്ന് ഓഫീസിലെ ജോലിക്കിടയിലും അയാള്‍ക്ക് അബദ്ധങ്ങള്‍ ഉണ്ടായി.പതിവിലും നേരത്തെ അയാള്‍ ഓഫീസില്‍ നിന്നും ഇറങ്ങി , സ്റ്റേഷനിലെ ബഞ്ചില്‍ അയാള്‍ മണിക്കൂറുകള്‍ ഇരിക്കുകയും ,അല്‍പ്പനേരം ഉറങ്ങുകയും ചെയ്തു.
                     അയാള്‍ക്ക്‌ പോകേണ്ട ട്രെയിന്‍ എത്തി.അതിനു മുന്‍പ് തന്നെ അയാള്‍ ഓഫീസില്‍ നിന്ന് കടം വാങ്ങിയ രൂപകൊണ്ട് സീസണ്‍ ടിക്കറ്റ്‌ പുതുക്കിയിരുന്നു.
                    ട്രെയിനില്‍ കയറുന്നതിനു മുന്‍പ് തന്നെ അയാള്‍  പോക്കറ്റില്‍   കിടന്ന ബീടിപ്പൊതി ദൂരേക്ക്‌ വലിച്ചെറിഞ്ഞിരുന്നു.പിന്നീട് ഒരിക്കലും കോയ സാബ് ബീഡി വലിച്ചിട്ടില്ല.
                യാത്ര തുടര്‍ന്നു.കൂട്ടുകാര്‍ ചീട്ടു കളിയ്ക്കാന്‍ ക്ഷണിച്ചു.കോയ സാബ് പോയില്ല.
                    ചീട്ടു കളി അയാള്‍ വെറുത്തു...
                 അയാള്‍ എന്നെന്നേക്കുമായി ചീട്ടു കളി മതിയാക്കി.
                 അയാള്‍ നാട്ടിലെത്തി.
                  വീട്ടിലേക്കു പോകുവാന്‍ സൈക്കിള്‍ എടുക്കുവാന്‍ ധൃതിയില്‍  നടന്നു.
      സൈക്കിള്‍ വച്ച സ്ഥലത്ത്  കാണുന്നില്ല ...!!!          
     അയാള്‍ പരിസരം മുഴുവന്‍ പരതിനോക്കി....കണ്ടില്ല....
     അയാള്‍ക്ക്‌ ശരീരം തളരുന്നതായി തോന്നി.
  പോക്കറ്റില്‍ തപ്പി നോക്കി, സൈക്കിള്‍ താക്കോല്‍ കാണുന്നില്ല..
    അയാള്‍ക്ക്‌ ഒന്നും ഓര്‍മ്മിക്കുവാന്‍ ശക്തിയില്ല.
    എന്ത് സംഭവിച്ചു ????!!!!
    സൈക്കിള്‍ സ്റ്റാന്‍ഡില്‍ വച്ച് പൂട്ടാന്‍ മറന്നു പോയത് എത്ര ആലോചിച്ചിട്ടും അയാള്‍ക്ക്‌ ഓര്‍മ്മ വരുന്നില്ല....
   എന്തു സംഭവിച്ചു എന്നു സ്വയം  ചോദിച്ചു  കൊണ്ടു അയാള്‍ ബസ്‌ കയറി വീട്ടില്‍ എത്തി.
  അന്ന് കോയ സാബിന്‍റെ വീട്ടില്‍ ആരും ഒന്നും സംസാരിച്ചില്ല .
എല്ലാവരും ആ നശിച്ച ദിവസത്തെ ശപിച്ചു കൊണ്ടു ഉറങ്ങാന്‍ കിടന്നു.
എത്രയോ വര്‍ഷം കൊണ്ടു യാത്ര ചെയ്ത കോയക്ക് ഇത് പോലെ ഒരു ദുരന്ത ദിവസം ഉണ്ടായിട്ടില്ല..
                മാസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ കൊയസാബിനു ഒരു പഴയ സൈക്കിള്‍ വാങ്ങിക്കൊടുത്തു...
     കാരണം......
    സൈക്കിള്‍ ഇല്ലാത്ത കോയ സാബിനെ കാണാന്‍ ഞങ്ങള്‍ക്ക് ഇഷ്ട്ടമല്ല.കോയ സാബ് പൂര്‍ണ്ണനാകണമെങ്കില്‍ സൈക്കിള്‍ വേണം.
      അത് ഞങ്ങള്‍ നാട്ടുകാരുടെ ഒരു അവകാശമാണ്...ആഗ്രഹമാണ്.
     കോയ സാബ് ഇപ്പോഴും സൈക്കിളില്‍ ജോലിക്ക് പോകുന്നു.
     അത് ഞങ്ങള്‍ സന്തോഷത്തോടെ കാണുന്നു...