Thursday, January 19, 2012

                    " വറ്റാത്ത കിണര്‍ "
ഇരുകുന്നം
അതാണ്‌ ഞങ്ങളുടെ ഗ്രാമത്തിന്‍റെ പേര്.
പേരില്‍ തന്നെ കുന്നാണെന്നു മനസിലായല്ലോ..
എന്നാല്‍ ഇരുകുന്നം -ഇരുകുന്ന്-വെറും കുന്നല്ല..
രണ്ടു കുന്നുകള്‍ -പ്രകൃതി കനിഞ്ഞ്‌ അനുഗ്രഹിച്ച സസ്യഫലനിബിഡമായ  പ്രദേശം.നീണ്ടു പരന്ന പ്രദേശമാണ് ഈ കുന്നുകള്‍- നിറയെ മനുഷ്യരും.രണ്ടു കുന്നുകള്‍ക്കുമിടയിലായി  വിശാലമായ നെല്‍പ്പാടം .കുന്നുകള്‍ക്കും,നെല്‍പ്പാടത്തിനും  തെക്കുഭാഗത്തായി ചെറിയ ഒരു കുന്നു കൂടിയുണ്ട്.അവിടെയാണ് രണ്ടു കുന്നുകളിലെയും താമസക്കാരായ ഞങ്ങളുടെ ദേവി കുടിയിരിക്കുന്ന ചെറിയ ക്ഷേത്രം.
                             പുതൂര്‍ക്കോണം ക്ഷേത്രം.
വര്‍ഷത്തില്‍ 3 ഉത്സവം ഇവിടെ ഉണ്ട്.ആദ്യം ക്ഷേത്രത്തിലെ ഉത്സവം.
                      ഇരുകുന്നം എന്നത് ഇപ്പോള്‍ രണ്ടായി മാറി.ഒരു ചെറിയ പേര് മാറ്റം.
                      ഒന്ന് - ഇരുകുന്നം 
                       മറ്റേത്- പിടയണി 
ഈ പ്രദേശത്തെ  താമസക്കാര്‍ വര്‍ഷത്തിലൊരിക്കല്‍  രണ്ടു മാസങ്ങളിലായി ദേവിയെ ആവാഹിച്ച് , നെല്‍പ്പാടത്ത് പച്ച ഓല കൊണ്ട് പന്തല്‍ കെട്ടി , കുടിയിരുത്തി ,ഉത്സവം ആഘോഷിക്കാറുണ്ട്  .പണ്ട് കാലത്ത് മൂന്നു ദിവസമായിരുന്നു ഉത്സവം.പിന്നെ അത് ഏഴ് ദിവസമായി.ഇപ്പോള്‍ പത്ത് ദിവസമാണ് ഉത്സവം.അങ്ങനെ ഒരു വര്‍ഷം ഞങ്ങള്‍ മൂന്നു മാസങ്ങളായി മുപ്പതു ദിവസം അടിച്ചു പൊളിച്ച് ഉത്സവം കൊണ്ടാടാറുണ്ട്‌.
                    എന്നാല്‍ ഞങ്ങള്‍ കുട്ടികളായിരുന്ന കാലത്ത് -ഈ ഉത്സവകാലത്താണ് പരീക്ഷ നടത്താറുള്ളത്.അത് ഞങ്ങളുടെ ഉത്സവത്തിന്‍റെ സന്തോഷത്തെ ബാധിച്ചിട്ടുണ്ട്.എങ്കിലും ഞങ്ങളുടെ നാട്ടിലെ ഉത്സവം മറക്കാന്‍ പറ്റില്ല.
      ഇത്രയും ഞങ്ങളുടെ നാടിനെപ്പറ്റി പറയാന്‍ വേണ്ടി മാത്രമാണ്.
      ഇനിയും ധാരാളം കഥകള്‍ പറയാനുണ്ട്.
     ഞങ്ങള്‍ക്ക് മാത്രമല്ല ......
   സ്വന്തം നാടിനെപ്പറ്റി വര്‍ണ്ണിക്കാന്‍ ,അഭിമാനിക്കാന്‍ ആര്‍ക്കാണ് തോന്നാത്തത്.
                      ചിലര്‍ സ്വന്തം നാടിനോടുള്ള സ്നേഹം അവരുടെ പേരുകളില്‍ കൂടി ചേര്‍ത്ത് വയ്ക്കുന്നത് അത് കൊണ്ട് തന്നെയല്ലേ?
    ഇനി കഥയിലേക്ക്‌ പോകാം..
    ഇത് വെറും കഥയല്ല..
  എന്‍റെ ജീവിതത്തില്‍ സംഭവിച്ച ഒരു ചെറിയ സംഭവം..
  അത് തോന്നലാണോ -സത്യമാണോ- എന്നെനിക്കിപ്പോഴും അറിയില്ല... 
                         എല്ലാ ആഴ്ചയും ഞായര്‍ ദിവസം ഞാന്‍ വൈകുന്നേരം പുതൂര്‍ക്കോണം ദേവി ക്ഷേത്രത്തില്‍ പോകാറുണ്ട്.അവിടെ പ്രാര്‍ഥിച്ച ശേഷം ,കുറച്ചകലെയുള്ള സിനിമാതിയറ്ററില്‍ സിനിമ കാണാന്‍ പോകും.
                     കുറച്ചു പഴക്കമുള്ള സിനിമകളാണ് അവിടെ പ്രദര്‍ശിപ്പിക്കുന്നത് .ഗ്രാമപ്രദേശമായതിനാല്‍ ഉച്ചക്ക് മൂന്നു മണിക്കും വൈകുന്നേരം ഏഴു മണിക്കും മാത്രമേ പ്രദര്‍ശനം ഉണ്ടാകുള്ളൂ.വെള്ളിയാഴ്ച മലയാളം സിനിമ തുടങ്ങിയാല്‍ ചൊവ്വാഴ്ച വരെ അതായിരിക്കും.ബുധനും വ്യാഴവും ഏതെങ്കിലും തമിഴ് സിനിമ.ചിലപ്പോള്‍ പെട്ടി മാറി ഹിന്ദിയും വരാറുണ്ട്.
                     ഷോ കഴിയുമ്പോള്‍ ഏകശേഷം പത്തുമണി കഴിയും.മിക്കവാറും ഞാന്‍ ഒറ്റയ്ക്കാകും വീട്ടിലേക്കു പോകുന്നത്.അത് കൊണ്ട് തന്നെ വയല്‍ വഴി പോകാതെ , അല്‍പ്പം ചുറ്റിയിട്ടാണെങ്കിലും റോഡുവഴി പോകും.അങ്ങനെയാണ് മിക്കവാറും ചെയ്യാറുള്ളത്.
                      എന്നാല്‍ ചിലദിവസങ്ങളില്‍ അയല്‍വാസികളായ ആരെയെങ്കിലും കണ്ടാല്‍ ഞാന്‍ അവരോടൊപ്പം വയല്‍വഴി വരാറുണ്ട്.ഇനിയും മറ്റൊരു വഴിയുണ്ട്.എന്നാല്‍ അത് അല്‍പ്പം കാട് നിറഞ്ഞതാണ്‌.ഇഴജന്തുക്കളും ഉണ്ട്.
                    ഇരുകുന്നം ഇന്നറിയുന്ന സ്ഥലത്ത് പണ്ട് നായര്‍ സമുദായക്കാരായിരുന്നു കൂടുതല്‍.പിടയണിയില്‍  ആശാരി സമുദായക്കാരും .മറ്റു ജാതിക്കാര്‍ ഉണ്ടായിരുന്നില്ല.എന്നാല്‍ ഇന്നങ്ങനെയല്ല.ഞാന്‍ താമസിക്കുന്നത് ഇരുകുന്നത്താണ്.
                          വീതിയുള്ള വയല്‍ വരമ്പിലൂടെ വന്നു കയറിയാല്‍ ഇരുകുന്നമായി മാറി.എളുപ്പമുള്ള വഴി.വയല്‍ വരമ്പ് അവസാനിക്കുന്നിടത്ത് തന്നെ ഒരു സര്‍പ്പകാവുണ്ട്.കാവില്‍ നിറയെ വന്‍ മരങ്ങളാണ്.ഉയര്‍ന്നു പടര്‍ന്നു നില്‍ക്കുന്ന ഒരു അരശു മരം കാവിനു ഇരുട്ട് പരത്തി നില്‍ക്കുന്നുണ്ട്.മരത്തില്‍ നിറയെ കൊക്കുകള്‍..
                         പകല്‍ നേരം പോലും ആ വഴി വരാന്‍ ചിലര്‍ മടിക്കും.കാറ്റില്‍ അരശു മരത്തിന്റെ ചില്ലുകള്‍ ആടി ഉലയുന്നതും , ഇലകളുടെ ശബ്ദവും ആ പ്രദേശമാകെ ശബ്ദമുഖരിതമാക്കും.ചില ദിവസങ്ങളില്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍  അവിടെ കാറ്റ് കൊള്ളാന്‍ വേണ്ടി പോകാറുണ്ട്.   
                              പലയിനം കിളികളുടെ ശബ്ദം കാവിനും പരിസരത്തിനും ഉണര്‍വേകാറുണ്ട്.നമുക്കും......
 എത്ര മണിക്കൂറുകള്‍  അവിടെ ഇരുന്നാലും മതിവരാരില്ല. കാവിനു വടക്കായി ഒരു മാടന്‍ നടയും -അതിനടുത്ത് തന്നെ ഒരു കുടുംബക്ഷേത്രവും ഉണ്ട്. അവിടെ ഭദ്രകാളിയാണ് പ്രതിഷ്ട.     
                           ശിവരാത്രി ദിവസമാണ് അവിടെ ഉത്സവം.ഉത്സവം എന്നാല്‍ ചെറിയ പൂജ.അന്ന് ഇരുകുന്നത്തെ എല്ലാ നാട്ടുകാരും പ്രായഭേതമന്യെ അവിടെ വരും.ദേവി വാളുമായി അനുഗ്രഹിച്ചു തുള്ളി നാട്ടുകാരുടെ കഷ്ട്ട നഷ്ട്ടങ്ങള്‍ വിളിച്ചു പറയും.ക്ഷേത്രത്തിന്റെ  ഉടമസ്ഥനും ഇപ്പോഴത്തെ അവകാശിയുമായ നാരായണന്‍ നായരാണ് ദേവിയുടെ അനുഗ്രഹത്താല്‍ വാളുമായി തുള്ളിയോടുന്നത്.
                                ഇലഞ്ഞിക്കല്‍ തറവാടിന്റെ ഇപ്പോഴത്തെ കാരണവര്‍ അദ്ദേഹമാണ് .ഒരു കാലത്ത് ഇരുകുന്നവും ,ഇപ്പോഴത്തെ പിടയണിയും ഈ തറവാട് വകയായിരുന്നു.പന്ത്രണ്ടോളം ആനകള്‍ ഉണ്ടായിരുന്ന വലിയ തറവാട് പിന്‍തലമുറയ്ക്ക് ഭാഗം വച്ചതും അവര്‍ വിറ്റുമുടിച്ചതുമായ 
സ്വത്തുക്കളിലാണ് ഇന്ന് കാണുന്ന നാട്ടുകാര്‍ ഉള്ളത്.
                             എത്ര കഠിനമായ വേനലിലും വറ്റാത്ത ഒരു ചെറിയകുളം സര്‍പ്പകാവിനടുത്തുണ്ട്.എത്ര നോക്കിയാലും ഒരേ അളവിലുള്ള 
ജലമാണ് അതിലുള്ളത്.എല്ലാവര്‍ക്കും അത് അത്ഭുതവും ഭയവും ഉണ്ടാക്കിയിരുന്നു.എന്നാല്‍   ഞങ്ങള്‍ കുട്ടികള്‍ അതിലൊന്നും ശ്രദ്ധിച്ചിരുന്നില്ല.എന്നാല്‍ അതിനു പിന്നില്‍ ഒരു വലിയ കഥയുണ്ട്.ആ കഥ സത്യമാണോ ,വെറും കെട്ടുകഥയാണോ എന്ന് അറിയില്ല.എങ്കിലും അത് പറയാം. 
                                   പതിവ്പോലെ ഞാന്‍ സിനിമ കാണാന്‍ പോയി .ഇടയ്ക്കിടെ വൈദ്യുതി പോയതിനാല്‍ പതിവിലും താമസിച്ചാണ് സിനിമ തീര്‍ന്നു പുറത്തിറങ്ങിയത്.പുറത്ത് വന്നപ്പോഴാണ് അറിഞ്ഞത്-
        പെരുമഴ ...
        ഇടിയും മിന്നലും..
       ഏറെ നേരം കാത്തു നിന്നു.      
      പലരും പോയിക്കഴിഞ്ഞു.തിയറ്റര്‍ ജീവനക്കാരും പോകാന്‍ തുടങ്ങുന്നു .
       സമയം പന്ത്രണ്ട്.     
മഴ നനഞ്ഞാലും വേണ്ടില്ല എന്ന് കരുതി ഞാനും പുറത്തേക്ക്  ഇറങ്ങി.
റോഡു വഴി പോകാന്‍ തോന്നിയില്ല.
വഴി അല്‍പ്പം മോശമാണെങ്കിലും പെട്ടന്ന് വീട്ടിലെത്താന്‍ 
വയല്‍ വരമ്പിലൂടെ ,സര്‍ പ്പക്കാവിന്റെ സമീപത്തു കൂടി പോകാന്‍ തീരുമാനിച്ചു. 
 ഞാന്‍ നടന്നു .
  കൂരിരുട്ട്.
  ഇടയ്ക്കിടെ മിന്നുന്ന മിന്നലില്‍ വഴി കാണാം.വയല്‍ വരമ്പ് പിന്നിട്ടു ഞാന്‍ കാവിന്റെ സമീം എത്തി.
                    പെട്ടന്ന് പിറകില്‍ ഒരു പൊട്ടിച്ചിരി കേട്ടു.
                    കൂടെ ഒരു അലര്‍ച്ചയും .
                   ആരോ എന്റെ പുറകില്‍ ഉണ്ട്.
                   ഞാന്‍ ഭയന്നു.
 എന്റെ കാലുകള്‍ വിറക്കാന്‍ തുടങ്ങി.മഴയിലും ഞാന്‍ വിയര്‍ത്തു.
                  തിരിഞ്ഞു  നോക്കാന്‍ ധൈര്യം വരുന്നില്ല.
                  എന്റെ തൊട്ടു പുറകില്‍ ചിരി മുഴങ്ങുന്നു.
                   മിന്നലിന്റെ പ്രകാശത്തില്‍ ദൂരെ ഭദ്രകാളി ക്ഷേത്രം കാണാം.
                   അങ്ങോട്ട്‌ നോക്കാനാണ് അപ്പോള്‍ തോന്നിയത്.
                    ക്ഷേത്രം അടഞ്ഞു കിടക്കുന്നു.
         മനസ്സില്‍ ഒരു നിമിഷം ,സര്‍വ്വ ദൈവങ്ങളെയും വിളിച്ചു.
                    പെട്ടന്ന് ഒന്നു തിരിഞ്ഞു.
                    എനിക്ക് വിശ്വസിക്കാനാകുന്നില്ല.....
                    പുറകില്‍ രണ്ടു പേര്‍...
                    അവര്‍ ഇപ്പോള്‍ നടക്കുന്നില്ല..
                    അലര്‍ച്ച അകന്നു പോയി. ചിരിയുടെ അലകള്‍ അകന്നു പോയി.
                    ഞാന്‍ ഓടി ..........
                   വഴി കയറ്റമേറിയതും ദുര്‍ഘടവുമായിരുന്നു ..
                   ഞാന്‍ സര്‍വ്വശക്തിയോടും കൂടി ഓടി.
 കാലുകള്‍ക്ക് വേഗത പോര.കാലിലെ ചെരുപ്പൂരി വഴിയിലെവിടെയോ തെറിച്ചു.
                          എന്നിട്ടും നിന്നില്ല.......വീട് വരെ ഓടി.....
                         വീടിനു മുന്‍പില്‍ അമ്മ ചിമ്മിനി വിളക്കുമായി കാത്തു നില്‍ക്കുന്നു.കൂടെ അച്ഛനും.എന്റെ വരവും , മുഖത്തെ ഭയവും കണ്ട് ശകാര വാക്കുകള്‍ പറയാന്‍ തുടങ്ങി.
                         ഞാന്‍ മിണ്ടിയില്ല .മിണ്ടാന്‍ എനിക്ക് ശക്തിയില്ലായിരുന്നു.
                          ഞാന്‍ ആകെ തളര്‍ന്നിരുന്നു.
                           ഞാന്‍ വരാന്തയില്‍ കയറി നിവര്‍ന്നു കിടന്നു.വസ്ത്രത്തിലൂടെ ഒഴുകിയ മഴവെള്ളം വരാന്തയില്‍ ഒഴുകാന്‍ തുടങ്ങി.എന്തോ പന്തികേടുള്ളതായി അമ്മ മനസിലാക്കി.
                         മഴയില്‍ വൈദ്യുതി തകരാറിലായി.ശക്തമായ കാറ്റില്‍ ചിമ്മിനിവിളക്ക് പല പ്രാവശ്യം അണഞ്ഞു. 
                             അമ്മ എന്നെ എഴുന്നേല്‍ക്കാന്‍ സഹായിച്ചു.തോര്‍ത്ത് കൊണ്ട് തല തുടച്ചു.നനഞ്ഞ വസ്ത്രങ്ങള്‍ മാറ്റി.
                                 ഊണുകഴിക്കാന്‍ തോന്നുന്നില്ല......വിശപ്പില്ല.....
                           തണുപ്പിലും വല്ലാത്ത ദാഹം.അമ്മ കൊണ്ട് വന്ന ചൂടുവെള്ളം ആര്‍ത്തിയോടെ കുടിച്ചു.ചൂടുവെള്ളം നെഞ്ചിലൂടെ ഒഴുകി.
                                  നിമിഷങ്ങള്‍ കഴിഞ്ഞു.
                        ഞാന്‍ എവിടെയെന്നു തിരിച്ചറിഞ്ഞു.കുറച്ചു സമയത്തിനു ശേഷം നടന്ന സംഭവം അമ്മയെ പറഞ്ഞു കേള്‍പ്പിച്ചു.അമ്മ ഒന്നും മിണ്ടിയില്ല.എങ്കിലും അമ്മയുടെ ചുണ്ടില്‍ ഒരു ചിരി തെളിഞ്ഞു  വന്നത് ഞാന്‍ കണ്ടു.
                                     അമ്മ ഊണ് വിളമ്പി.
                   അമ്മയുടെ നിര്‍ബന്ധം കൊണ്ടുതന്നെ അല്‍പ്പം ആഹാരം കഴിച്ചു.
                     ഉറക്കം വരുന്നില്ല....ഉള്ളില്‍ ഇപ്പോഴും വിറയല്‍ ഉണ്ട്.
                 പുറത്തെ മഴ നോക്കി അല്‍പ്പനേരം ഇരുന്നു.സമീപം  വെറ്റില മുറുക്കി അമ്മയും.
                                    കുറെ നേരം ആരും ഒന്നും സംസാരിച്ചില്ല.
                                   ഇതെല്ലം കണ്ടു അച്ഛനുംസമീപം ഇരുന്നു.
                       ഞാന്‍ വല്ലാതെ ഭയന്നു എന്ന് അവര്‍ക്ക് മനസിലായി.
                                    ലൈറ്റുകള്‍ തെളിഞ്ഞു..
                                    കാറ്റിന്‍റെ ശക്തി കുറഞ്ഞു.
                                    ഇപ്പോഴും എന്നില്‍ നിന്നും വിറയല്‍ വിട്ടു മാറിയിട്ടില്ല.....
                                            "ഇനി ആ വഴി വരരുത് !!!"     
                                                അമ്മയുടെ ശബ്ദം...
                                     ഞാന്‍ അമ്മയുടെ മുഖത്തേക്ക് നോക്കി.
                                  എന്നെ നോക്കി അമ്മ മെല്ലെ പറയാന്‍ തുടങ്ങി  ,
"രാത്രി ആരും ആ വഴി വരില്ല....നീ കണ്ടിട്ടുണ്ടോ -അവിടെ വെള്ളം വറ്റാത്ത ഒരു ചെറിയ കുളം ഉള്ളത്...അത് കുളമല്ല  ...കിണര്‍ ആയിരുന്നു...വളരെ ആഴമുള്ള കിണര്‍...നിനക്ക് അതെ പ്പറ്റി അറിയില്ല....
                    ഇലഞ്ഞിക്കല്‍ തറവാട്ടിലെ മുന്‍ കാരണവര്‍ക്ക്‌ ഇളയ മകളായി 'മംഗള' എന്നൊരു സുന്ദരി പെണ്‍കുട്ടി ഉണ്ടായിരുന്നു.ഇന്നത്തെ പിടയണിയില്‍ പണ്ട് താമസിച്ചിരുന്ന  'രാജപ്പന്‍ ആശാരി'യുടെ   മകന്‍ മുരുകനുമായി ആ കുട്ടി സ്നേഹത്തിലായിരുന്നു.
                     പ്രാതാപിയും അഹങ്കാരിയുമായ കാരണവര്‍ ഈ കാര്യം അറിയുകയും ,മുരുകനെ കൊല്ലാന്‍ തീരുമാനിക്കുകയും ചെയ്തു.അവരെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് അയാള്‍ തീര്‍ത്തും തീരുമാനിച്ചിരുന്നു.വേറെ പോംവഴി ഒന്നും അവര്‍ക്കിലായിരുന്നു.ഒളി ച്ചോടനും അവര്‍ക്കായില്ല.....
                    ഒരു ദിവസം നാട്ടുകാര്‍ കണ്ടത് രണ്ടു പേരും കൂടെ അമ്പലക്കിണറില്‍ ചാടി ആത്മഹത്യ ചെയ്‌തതായിരുന്നു.അഗാധമായ താഴ്ചയുള്ള ആ കിണറില്‍ ഇറങ്ങി അവരെ പുറത്തെടുക്കാന്‍ ആരും ധൈര്യപ്പെട്ടില്ല ...ഇന്നത്തെപ്പോലുള്ള സൗകര്യങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ രണ്ടു വീട്ടുകാരും  നാട്ടുകാരും പോലീസിന്‍റെ സഹായത്തോടെ  ആ കിണര്‍ മണ്ണിട്ട്‌ നികത്താന്‍ തീരുമാനിച്ചു.അങ്ങനെ ആ കിണര്‍ മൂടി....
                      പക്ഷെ ആ കിണറിലെ മണ്ണ് താഴ്ന്നു കൊണ്ടേ ഇരുന്നു.എത്ര ശ്രമിച്ചിട്ടും അത് പൂര്‍ണ്ണമായും മൂടാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല.ആ ബാക്കി നിന്ന കുഴിയില്‍ ഇപ്പോഴും ഒരേ അളവില്‍ വെള്ളം വറ്റാതെ ഉണ്ടായിരിക്കും.
                             കാലം കഴിഞ്ഞു....
                      നാട്ടുകാര്‍ പലരും ആ കഥകളൊക്കെ മറന്നു.എങ്കിലും ചിലര്‍ക്ക് രാത്രികാലങ്ങളില്‍ വരുമ്പോള്‍ ചില അനുഭവങ്ങള്‍ ഉണ്ടായതായി പലരും പറയുന്നുണ്ട്. അസ്സമയത്ത് ആ വഴി വരുന്നവര്‍ ഒരു പെണ്ണിനേയും ചെറുക്കനേയും അവിടെ കണ്ടിട്ടുണ്ടെന്നും അവര്‍ ആര്‍ത്തട്ടഹിച്ചു   വഴിയാത്രക്കാരെ ഭയപ്പെടുത്താന്‍ ശ്രമിക്കാറുണ്ടെന്നും നാട്ടുകാര്‍ക്കും അറിയാം.
                          അത് കൊണ്ട് തന്നെ ആരും രാത്രി കാലങ്ങളില്‍ ആ വഴി വരാറില്ല.പകല്‍ സമയത്തും പെണ്‍കുട്ടികളെ ആ വഴി നടക്കാന്‍ അനുവദിക്കാറില്ല.
                           പ്രത്യേകിച്ചും -വിവാഹം കഴിക്കാത്ത ചെറുപ്പക്കാരെ.....
                            അവരോടാണത്രെ  ആ കുട്ടികള്‍ക്ക് അടങ്ങാത്ത ദേഷ്യം ...."
 അമ്മ പറഞ്ഞു നിര്‍ത്തി .
ഞാന്‍ നിശ്ചലനായി കേട്ടിരുന്നു.
എനിക്കൊന്നും പറയാന്‍ നാവനങ്ങുന്നില്ല  ....
അമ്മ പറഞ്ഞത് സത്യമാണോ......അതോ........???
ആ ചോദ്യം എന്നോട് തന്നെ ചോദിച്ചു   ഞാന്‍ ഉറങ്ങാന്‍ കിടന്നു....
                        പിന്നീടൊരിക്കലും ഞാന്‍ ആ വഴി പോയിട്ടില്ല.....
      അത് കൊണ്ട് തന്നെ ഇപ്പോഴത്തെ ആ കുഴിയുടെ അവസ്ഥ എന്തെന്ന് എനിക്കറിയുകയുമില്ല....
      അറിയാന്‍ ആഗ്രഹവുമില്ല.........   !!!!!!!!!

              

Sunday, January 15, 2012


നന്മയുടെ  ലോകം
വളരെ നാളുകള്‍ക്ക് ശേഷം പെട്ടന്ന് മനസ്സില്‍ തോന്നിയതാണ്.ജോലിത്തിരക്കില്‍ വീണ്ടും ഒരിക്കല്‍ക്കൂടി അവിടെ പോകണമെന്ന ആഗ്രഹം സാധിച്ചില്ല .ഇപ്പോള്‍ അതിനു സമയം ഉണ്ട്.കാരണം ......ഇപ്പോള്‍ ജോലിയില്‍ നിന്നും പെന്‍ഷന്‍ ആയി.ഇനി എവിടെയും പോകാമല്ലോ.ആദ്യത്തെ യാത്ര അവിടേക്ക് തന്നെയാകട്ടെ.കൂട്ടിനായി എന്‍റെ പ്രിയസുഹൃത്തിനെയും കൊണ്ട് യാത്ര തിരിച്ചു.  
                                  കലാക്ഷേത്രത്തിലേക്ക്.....
                                        ' കലാക്ഷേത്രം '
                              ' അരുണ്‍ദാസിന്‍റെ  കലാക്ഷേത്രം..... '
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ട്രെയിന്‍ യാത്രയില്‍ പരിചയപ്പെട്ടതാണ് അരുണ്‍ ദാസിനെ.ആ സുഹൃത്ത് ബന്ധം ഇപ്പോഴും തുടരുന്നുണ്ട്.അന്ന് അയാളുടെ ക്ഷണം സ്വീകരിച്ചു അവിടെപ്പോയിരുന്നു.മറക്കാന്‍ കഴിയാത്ത ഒരനുഭവമായിരുന്നു.അന്ന് അയാളോട് പറഞ്ഞിരുന്നു "ഇനിയും ഞങ്ങള്‍ വരും ".മനസ്സില്‍ പറഞ്ഞിരുന്നത് അങ്ങനെയായിരുന്നില്ല. 'ഇവിടുത്തെ അന്തേവാസിയാകാന്‍ വരും എന്നായിരുന്നു.' പിന്നീടു കുറേനാള്‍ ആ വാക്കുപാലിക്കാന്‍ കഴിഞ്ഞില്ല..
ഞങ്ങള്‍ നഗരം വിട്ടു ഗ്രാമത്തിലൂടെ ,ഇടുങ്ങിയ ചെമ്മണ്‍ നിരത്തില്ലൂടെ വനത്തിലേക്ക് പ്രവേശിച്ചു.കാലം വരുത്തിയ മാറ്റം വനത്തിനുള്ളിലും കാണാം.വന്‍മരങ്ങള്‍ ഇടതൂര്‍ന്നുനിന്ന സ്ഥലങ്ങളില്‍ വെളിച്ചം വീണിരിക്കുന്നു.മരങ്ങളുടെ സ്ഥാനത്ത് ഇഞ്ചിയും ഏലവും പടര്‍ന്നു വളര്‍ന്നു നില്‍ക്കുന്നു.റോഡിനിരുവശവും നീണ്ടു പരന്ന റബ്ബര്‍ തോട്ടം.കാറ്റിനു ഇഞ്ചിയുടെയും ഏലത്തിന്‍റെയും ഗന്ധം.വഴിയോരങ്ങളില്‍ വലിയ മണിമാളികകള്‍.മാളികകളുടെ മുന്‍പില്‍ മിക്കതിലും വില കൂടിയ കാറുകള്‍.                     
                               ആകെ മാറിയിരിക്കുന്നു.
                               എങ്കിലും നഗരത്തിന്‍റെ തിരക്കില്ല.
                               ചിലഭാഗങ്ങളില്‍ ചെമ്മണ്‍ നിറത്തിന് പകരം വീതികൂടിയ ടാറിട്ട റോഡുകള്‍.പല സ്ഥലത്തും റോഡു പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു.
  അരുണ്‍ ദാസ് കാത്തു നിന്നു.അയാള്‍ ഞങ്ങളെ സ്നേഹത്തോടെ സ്വീകരിച്ചു.ഞങ്ങള്‍ 'കലാക്ഷേത്രത്തിലേക്ക് ' പ്രവേശിച്ചു.
                          'കലാക്ഷേത്രം ' കൂടുതല്‍ ഭംഗിയായിരിക്കുന്നു.
കുളിയും ഭക്ഷണവും കഴിഞ്ഞു ഞങ്ങള്‍ 'കലാക്ഷേത്രം 'ചുറ്റിക്കാണാന്‍ തുടങ്ങി.'കലാക്ഷേത്രം' ഉയര്‍ച്ചയിലേക്കാണ്.
                           'കലാക്ഷേത്രത്തെ 'പ്പറ്റി പറഞ്ഞില്ല.
                            പറയട്ടെ....................
( 'കലാക്ഷേത്രം'എന്ന പേരില്‍ ഞാന്‍ ഒരു കഥ എഴുതിയിട്ടുണ്ട്) 
             അനാഥര്‍ക്കു ആശ്വാസവും സംരക്ഷണവും നല്‍കുന്ന ഒരു സ്ഥാപനമാണ്‌.
           അരുണ്‍ ദാസിന്‍റെ അച്ഛന്‍റെ ആഗ്രഹമായി ,ഓര്‍മ്മക്കായി  .....
ല്ലാം ചുറ്റിക്കണ്ട ഞങ്ങള്‍ക്ക് വലിയ സന്തോഷമായി.അരുണ്‍ ദാസിന്‍റെ കഴിവില്‍ ഞങ്ങള്‍ക്ക് കൂടുതല്‍ അഭിമാനം തോന്നി.ഈ വനത്തിനുള്ളില്‍ ഈ സ്ഥാപനം നടത്തുന്ന അരുണ്‍ ദാസിനെ ഞങ്ങള്‍ ഹൃദയം തുറന്നു അഭിനന്ദിച്ചു.
ഞങ്ങള്‍ കേരളത്തെക്കുറിച്ചും ,ഇന്ത്യയെക്കുറിച്ചും,ലോകത്തെക്കുറിച്ചും  പലതും സംസാരിച്ചു.അരുണ്‍ ദാസിന്‍റെ അറിവിന്‍റെ മുന്‍പില്‍ ഞങ്ങള്‍ ഒന്നുമല്ല.എനിക്കയാളോട് കൂടുതല്‍ ബഹുമാനം തോന്നി.അയാള്‍ അത്രയ്ക്ക് ജ്ഞാനിയായിരുന്നു.അയാളില്‍ നിന്നും പലതും നമുക്ക് പഠിക്കാനുണ്ട് എന്ന് മനസ്സിലായി.
ഞങളുടെ സംസാരത്തിനിടയില്‍ ഞാന്‍ ആദ്യം ജോലിചെയ്ത സ്ഥലവും കടന്നു വന്നു.അരുണ്‍ ദാസിന്‍റെ അമ്മയുടെ സ്ഥലവും അവിടെയായിരുന്നു.
                          ' കല്‍പ്പറ്റ .വയനാട് '
പെട്ടന്ന് അരുണ്‍ദാസ് എന്നോട് പറഞ്ഞു ,
                    "സര്‍ ,അങ്ങ് ജോലി ചെയ്ത സ്ഥലത്തുള്ള ഒരു കുട്ടി ഇവിടെയുണ്ട്.അങ്ങ് ജോലി ചെയ്ത സ്ഥലത്തിനടുത്താണ് ആ കുട്ടിയുടെ വീടെന്നു തോന്നുന്നു.ഒന്ന് പരിചയപ്പെട്ടാലോ..."
എനിക്ക് സമ്മതമായി.ഞങ്ങള്‍ ആ കുട്ടിയെ കാണാന്‍ പോയി.
                            ആരായിരിക്കും????
                          " സര്‍,ഇതാണ് ആ കുട്ടി " 
അരുണ്‍ ദാസ് പറഞ്ഞു നിര്‍ത്തി.
                          'സുനിത'
അതായിരുന്നു അവളുടെ പേര്.ഇരുപത്തിനാല് വയസ്സായിരുന്നു സുനിതക്ക്.വെളുത്തു നീളം കൂടിയ ഒരു പെണ്‍കുട്ടി.  റ്റി .റ്റി .സി പാസായ സുനിത പത്രപ്പരസ്യത്തിലൂടെയാണ് ഇവിടെയെത്തിയത്.അരുണ്‍ ദാസ് 'കലാക്ഷേത്രത്തില്‍ ' നടത്തുന്ന ചെറിയ സ്കൂളിലെ അധ്യാപികയാണ് സുനിത.ഞാന്‍ സുനിതയുമായി സംസാരിച്ചു.
          എന്‍റെ ഓര്‍മ്മകള്‍ പതിനാറു വര്‍ഷം പുറകിലോട്ടു പോയി.
എനിക്കപ്പോള്‍ സുനിതയുടെ രൂപം മനസ്സില്‍ തെളിഞ്ഞു വരുന്നു .ഞാന്‍ സുനിതയെ ഓര്‍ക്കാന്‍ ശ്രമിച്ചു.
              ഞാന്‍ ജോലി ചെയ്തിരുന്നത് പട്ടികജാതിവികസനവകുപ്പിന്‍റെ ജില്ലാഓഫീസിലായിരുന്നു.കല്‍പ്പറ്റ ജന്ഷനില്‍ നിന്നും അല്‍പ്പം ഉള്ളിലായി രണ്ടു നിലയിലുള്ള ഒരു പഴയ കെട്ടിടത്തിലായിരുന്നു ഓഫീസ്.മുകളിലെ നാലു ചെറിയ മുറികളിലാണ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്.അതുപോലെ താഴെയും നാലുമുറികള്‍ ഉണ്ടായിരുന്നു.അവിടെ വളരെ പാവപ്പെട്ട നാലു കുടുംബവും താമസമുണ്ടായിരുന്നു.ഓഫീസ് സമയം കഴിഞ്ഞ് ജീവനക്കാര്‍ എല്ലാപേരും പോയിക്കഴിഞ്ഞാല്‍ പിന്നെ ഞാന്‍ ഒറ്റക്കായിരുന്നു.താഴെ താമസമുള്ള കുട്ടികളുടെ കളിയും ചിരിയും കരച്ചിലും കേട്ട് ഞാന്‍ ഏകനായിയിരിക്കും. 
             ഓഫീസിനു തൊട്ടടുത്ത്‌ വലിയ മതില്‍.മതിലിനപ്പുറം വിശാലമായ പുരയിടം.ഒത്തനടുക്ക് വലിയ വീട്.രണ്ടാമത്തെ നിലയില്‍ ഇരുന്നാല്‍ ആ വീടും പറമ്പും അവിടെയുള്ള താമസക്കാരേയും എനിക്ക് നന്നായിക്കാണാം.മുറ്റത്ത്  ഒന്നിലധികം കാറും ജീപ്പും കാണാം.മുഹമ്മദ്‌ അബ്ദുല്‍ റസാക്ക് റാവുത്തര്‍ . അദ്ദേഹമാണ് ആ വീടിന്‍റെ ഉടമസ്ഥന്‍. 'ഖുറാന്‍ സാഹിബ്'എന്ന ഓമനപ്പേരിലാണ് അദ്ദേഹത്തെ ആ നാട്ടുകാര്‍ സ്നേഹത്തോടെ വിളിക്കുന്നത്‌.അങ്ങനെ വിളിക്കുന്നത്‌ അദ്ദേഹത്തിനു വളരെയധികം ഇഷ്ടമായിരുന്നു. അത് കേള്‍ക്കുന്ന ഞങ്ങള്‍ക്കും....
ഖുറാന്‍ എന്ന മഹാഗ്രന്ഥം അദ്ദേഹത്തിനു കാണാപ്പാമാണ്‌.
              അദ്ദേഹത്തിനു വയനാട്ടില്‍ പല സ്ഥലങ്ങളിലായി ധാരാളം സ്വത്തുക്കളുണ്ട്.ഏലം ,ഇഞ്ചി,അടക്ക,റബ്ബര്‍ അങ്ങനെ പലതും അദ്ദേഹത്തിന്‍റെ  വസ്ത്തുക്കളില്‍ കൃഷി ചെയ്യുന്നുണ്ട്.എന്നെ പരിചയപ്പെട്ടതിനു ശേഷം അദ്ദേഹം കൃഷിയിടങ്ങള്‍ കാണാന്‍ പോകുമ്പോള്‍ അവധി ദിവസങ്ങളില്‍ എന്നെയും കൂട്ടുമായിരുന്നു.അങ്ങനെ വയനാട് ജില്ല കൂടുതല്‍ കാണാന്‍ കഴിഞ്ഞു.എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് കമുകിന്‍ തോട്ടമായിരുന്നു.
                 ഖുറാന്‍സാഹിബിന്‍റെ വീട്ടിലെ കാര്യസ്ഥനാണ് റാവുണ്ണി . അയാളുടെ ഭാര്യയും ആ വീട്ടിലെ ജോലിക്കാരിയായിരുന്നു.വളരെ ചെറുപ്പത്തില്‍ ഖുറാന്‍ സാഹിബ് തോട്ടത്തില്‍ പോയ സമയം എവിടെയോ വച്ചു കണ്ടു കൂടെക്കൂട്ടിയതാണ് റാവുണ്ണിയെ.
                        റാവുണ്ണി ബധിരനും മൂകനുമാണ്‌...
അയാള്‍ക്ക്‌ ഖുറാന്‍ സാഹിബ് സഹോദരതുല്യനാണ്.ഖുറാന്‍ സാഹിബിനും റാവുണ്ണിയെ വലിയ ഇഷ്ടമായിരുന്നു.റാവുണ്ണിക്ക് വിവാഹം നടത്തിക്കൊടുത്തതും താമസിക്കാന്‍ ഒരു വീട് നിര്‍മ്മിച്ചു കൊടുത്തതും ഖുറാന്‍ സാഹിബായിരുന്നു.
              ഖുറാന്‍ സാഹിബിനു രണ്ടു ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളും ആയിരുന്നു മക്കള്‍.എന്നും രാവിലെ ഞാന്‍ ഓഫീസിനു  പുറത്ത് വരാന്തയില്‍ പത്രം വായിച്ചിരിക്കുമ്പോള്‍ മതിലിനപ്പുറം വെളുത്തു മെലിഞ്ഞ ഒരു സുന്ദരിക്കുട്ടി എന്നെ നോക്കി ചിരിച്ചു നില്‍ക്കാറുണ്ട്.അവള്‍ എന്നോട് എന്തെങ്കിലുമൊക്കെ ചോദിച്ചു കൊണ്ട് അവിടെ കറങ്ങി ഏറെനേരം  നില്‍ക്കാറുണ്ട്.
               കുറേ ദിവസം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ വളരെ അടുത്ത കൂട്ടുകാരെപ്പോലെയായി .അവളോട്‌ ചെറിയ ചെറിയ കുശലങ്ങള്‍ ചോദിക്കാന്‍ എനിക്കിഷ്ടമായിരുന്നു .എന്‍റെ മക്കളുടെ പ്രായമുള്ള അവളെ എന്നും കാണാന്‍ താല്പ്പര്യമായിരുന്നു..ആ കൊച്ചു സുന്ദരിയാണ് സുനിത.റാവുണ്ണിയുടെ ഒരേ ഒരു മകളാണ് സുനിത.
                ആറു മാസം മാത്രമാണ് എനിക്ക് ആ ഓഫീസില്‍ ജോലി ചെയ്യാന്‍ സാധിച്ചത്.നാട്ടിലേക്ക് എനിക്ക് സ്ഥലം മാറ്റം കിട്ടി.പെട്ടന്നുള്ള സ്ഥലം മാറ്റമായതിനാല്‍ സുനിതയെ കണ്ടു പറയാന്‍ സാധിച്ചില്ല.ക്രമേണ ഞാന്‍ വയനാടിനേയും ,ഖുറാന്‍ സാഹിബിനേയും റാവുണ്ണിയേയും സുനിതയേയും മറന്നു.
              ഇതിനിടയില്‍ എപ്പോഴോ ഓഫീസ് സംബന്ധമായ ആവശ്യത്തിന് , എന്നോടൊപ്പം അവിടെ ജോലിചെയ്തിരുന്ന ടൈപ്പിസ്റ്റ് ഇവിടേയ്ക്ക് വന്നപ്പോള്‍ ചില കാര്യങ്ങള്‍ പറഞ്ഞു. 
                   ഖുറാന്‍ സാഹിബ് പെട്ടന്ന് നെഞ്ച് വേദന വന്നു മരിച്ചു പോയെന്നും ,റാവുണ്ണി കമുകില്‍ നിന്നും വീണു നട്ടെല്ലിനു ക്ഷതമേറ്റ് കിടന്നതുമൊക്കെയായ സംഭവങ്ങള്‍. കേട്ടപ്പോള്‍ വല്ലാതെ വേദനിച്ചു.അപ്പോഴും ഞാന്‍ സുനിതയെപ്പറ്റി ചോദിച്ചിരുന്നില്ല .അയാള്‍ അവളെപ്പറ്റി ഒന്നും പറഞ്ഞതുമില്ല.
                  " സര്‍ ,ഈ കുട്ടിയെ മുന്‍പ് കണ്ടിട്ടുണ്ടോ? "
     അരുണ്‍ ദാസിന്‍റെ ശബ്ദം എന്‍റെ ചെവികളില്‍ മുഴങ്ങി.ഞാന്‍ അത്ഭുതത്തോടെ അരുണ്‍ ദാസിനെ നോക്കിച്ചിരിച്ചു.സുനിത എന്നെത്തന്നെ സൂക്ഷിച്ചു നോക്കുന്നു.ഞാന്‍ പിന്നെയും സുനിതയോട്‌ സംസാരിക്കാന്‍ തുടങ്ങി.അവളുടെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു.
              "അച്ഛന്‍ വീണതിനു ശേഷം മൂന്നു വര്‍ഷം ഒരേ കിടപ്പ് കിടക്കുകയും പിന്നീടു മരിക്കുകയും ചെയ്തു.അതോടെ അമ്മ മാനസികമായി തളര്‍ന്നു.ഖുറാന്‍ സാഹിബിനെപ്പോലെ ആയിരുന്നില്ല അദ്ദേഹത്തിന്‍റെ മക്കള്‍.അദ്ദേഹത്തിന്‍റെ  മരണ ശേഷം മക്കള്‍ വസ്തുക്കള്‍ വീതം വച്ചു പല സ്ഥലത്തായി പിരിഞ്ഞുപോയി.ആരും ഞങ്ങളെ കൂട്ടിയില്ല."
                    സുനിതയുടെ കരച്ചില്‍ എന്‍റെ നെഞ്ചിനെ കീറി മുറിച്ചു.സുനിതയും അമ്മയും ഒറ്റപ്പെട്ടു.അങ്ങനെയാണ് ഒരു പത്രപ്പരസ്യത്തിലൂടെ സുനിത ഇവിടെയെത്തിപ്പെട്ടത് ...കൂടെ അമ്മയും....
                 വിധിയില്‍ വിശ്വാസമില്ലാതിരുന്ന ഞാന്‍  ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വിശ്വസിക്കുന്നു..... വിധിയെ...!!!!
                 അരുണ്‍ദാസിന്‍റെ അമ്മയോടുള്ള സ്നേഹം കൊണ്ടാണ് വയനാട്ടില്‍ നിന്നുള്ള ഒരു കുട്ടിയെത്തന്നെ അധ്യാപികയായി അയാള്‍ നിയമിക്കാന്‍ തീരുമാനിച്ചത്. ആരും ആശ്രയമില്ലാത്തവളാണെന്ന്           അറിഞ്ഞുകൊണ്ട്തന്നെയാണ് അയാള്‍ സുനിതയെ നിയമിച്ചത്.
           ആ തീരുമാനം നല്ലതായെന്നു ഇപ്പോള്‍ എനിക്കും തോന്നി...
ജീവിതത്തില്‍ ഇനി ഒരിക്കലും അവളെ കാണാന്‍ കഴിയില്ല എന്നാണ് ഞാന്‍ വിശ്വസിച്ചിരുന്നത്.അതുകൊണ്ടാണ് അവളെ കൂടുതല്‍ അറിയാനും ഓര്‍ക്കാനും  ഇഷ്ട്ടപ്പെടാതിരുന്നതും. 
                   ഓര്‍മ്മയില്‍ ദു:ഖമായി ,എനിക്ക് വേദന തരുന്ന സുനിതയെ ഞാന്‍ മന:പൂര്‍വ്വം മറക്കാന്‍ ശ്രമിക്കുകയായിരുന്നു.
                   പക്ഷെ.........
 ഇപ്പോഴിതാ എന്‍റെ മുന്‍പില്‍ വിധി അവളെ എത്തിച്ചിരിക്കുന്നു...
എനിക്ക് സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല...
പാവപ്പെട്ട ഈ പെണ്‍കുട്ടിയെയും അമ്മയെയും 'കലാക്ഷേത്ര'ത്തിന്‍റെ തിരുമുറ്റത്തുവച്ചു കണ്ടുമുട്ടിയതില്‍ ഞാന്‍ ഈശ്വരനോട് നന്ദി പറഞ്ഞു.
       ഈശ്വരന്‍ അരുണ്‍ ദാസിന്‍റെ രൂപത്തില്‍ എന്‍റെ മുന്നിലുണ്ട്.. 
                      നന്ദി !!!
ഞങ്ങള്‍ തിരിച്ചുപോകാന്‍ തുടങ്ങവേ അരുണ്‍ ദാസിന്‍റെ ശബ്ദം എന്‍റെ കാതുകളില്‍ മുഴങ്ങി,
                "സര്‍ , വരുമോ?  ഇവിടത്തെ   അന്തേവാസിയായി."
തിരിഞ്ഞുനിന്ന ഞാന്‍ ഒരിക്കല്‍ മനസ്സില്‍ പറഞ്ഞ വാക്കുകള്‍ ഉച്ചത്തില്‍ പറഞ്ഞു ,
     വരും ...തീര്‍ച്ചയായും വരും...ഉടന്‍ തന്നെ ...കാത്തിരിക്കൂ...!!!