Sunday, March 20, 2011

മുഴക്കോല്‍

(സുശീലന്‍ പറഞ്ഞ കഥ -വേലു ആശാരിയുടെ മാത്രം കഥ..നല്ല
വരായ,സത്യസന്ധരായ മറ്റുള്ള ആശാരിമാരെ വേദനിപ്പിക്കാന്‍ വേണ്ടിയല്ല..
അവര്‍ക്കായി ഞാനിത് സമര്‍പ്പിക്കുന്നു......) 
                   
                         എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്താണ് വസന്തന്‍. ഇപ്പോള്‍ അവന്‍ ദുബായില്‍ ആണ്  .
എന്റെയും അവന്റെയും കുട്ടിക്കാലം വളരെ രസകരമായിരുന്നു.
അവനു സ്നേഹമുള്ള ഒരു അമ്മയുണ്ടായിരുന്നു.
അവന്റെ അച്ഛന്റെ പേര് ഗോപാലന്‍ എന്നായിരുന്നു.
പക്ഷെ നാട്ടില്‍ അയാളെ ഗോപാലന്‍ കണ്ട്രാക്ക് എന്നാണ് അറിയപ്പെട്ടിരുന്നത്.
വെള്ളമുണ്ടും,അരക്കയ്യന്‍ വെള്ള ഷര്‍ട്ടുമാണ് അയാളുടെ പ്രിയപ്പെട്ട വേഷം.
വെട്ടിത്തിളങ്ങുന്ന വെണ്മയുള്ള ഒരു തോര്‍ത്ത്‌ അയാളുടെ ഇടതു തോളില്‍ സദാ സമയവും ഉണ്ടാകും.
മുറുക്കി ചുവന്ന ചുണ്ട്,ചുവന്നു തുടുത്ത കവിളുകള്‍,പുറകില്‍ കഷണ്ടി കയറിയ തല,
 സദാ കലങ്ങി ചുവന്ന കണ്ണുകള്‍,അടുത്തുവരുമ്പോള്‍ ചാരായത്തിന്റെ ഗന്ധം.ഇതായിരുന്നു ഗോപാലന്‍ കണ്ട്രാക്ക്.
                            എന്റെ അച്ഛന്‍ വാങ്ങിയ എഴുപത്തി നാല് സെന്‍റ്  പുരയിടം വൈരമലയുടെ മുകളില്‍ ആയിരുന്നു.അത്രയും വസ്തുവിന് അച്ഛന്‍ നല്‍കിയ വില നാലായിരത്തി അഞ്ഞൂറ് രൂപയായിരുന്നു.പുരയിടം നിറയെ കശുമാവുകളായിരുന്നു..ഞങ്ങളുടെ വസ്തുവില്‍ മാത്രമല്ല-വൈരമലയില്‍ കൂടുതലും കശുമാവുകള്‍ ആയിരുന്നു.വേനല്‍ കാലങ്ങളില്‍ കശുമാവ് മാങ്ങ ഞങ്ങള്‍ മതിയാവോളം കഴിക്കുമായിരുന്നു. 
                              അച്ഛന് കപ്പ കൃഷി ചെയുവാനായിരുന്നു ഇഷ്ടടം.അതുകൊണ്ട് തന്നെ എല്ലാ കശുമാവും വില്‍ക്കാന്‍ തീരുമാനിച്ചു.മരങ്ങള്‍ വില്‍ക്കുന്നതിനായ അയല്‍വാസി  കൃഷ്ണന്‍ കുട്ടിയോട് അച്ഛന്‍ പറയുകയും അയാള്‍ ഗോപാലന്‍ കണ്ട്ട്രാക്കിനെ വരുത്തുകയും ചെയ്തു.അയാള്‍ മരങ്ങള്‍ നടന്നു നോക്കി,അവസാനം അച്ഛനോട് വില പറഞ്ഞു അവയെല്ലാം വിലക്കു വാങ്ങുകയും ചെയ്തു.
                  പിറ്റേന്ന് തന്നെ മരങ്ങള്‍ വെട്ടി നീക്കാന്‍ ഗോപാലന്‍ കണ്ട്ട്രാകും  കൂടെ അയാളുടെ ജോലിക്കാരും വന്നു.അങ്ങനെയാണ് ഞാന്‍ അയാളെ ആദ്യം കണ്ടതും പരിചയപ്പെട്ടതും. ജോലിക്കാര്‍ക്കൊപ്പം അയാളും പണി എടുത്തിരുന്നു.ഉച്ചക്ക് അയാളുടെ മകന്‍ ചോറ് കൊണ്ട് വരും.അയാള്‍ നല്ല അദ്ധ്വാനി ആയിരുന്നു. എന്റെ അതെ പ്രായം ഉള്ളവനാണ് അയാളുടെ മകന്‍ വസന്തന്‍.അന്ന് മുതല്‍ ഞങ്ങള്‍ കൂട്ടുകാരായി.വസന്തന്റെ അച്ഛന് പല വിധ കച്ചവടങ്ങളും ഉണ്ടായിരുന്നു. ഉണ്ടായിരുന്നു.തടിക്കച്ചവടം,ഫര്‍ണിച്ചര്‍ ,കരിക്കച്ചവടം...
അതിനായി അയാള്‍ നാട്ടിലെ ബസും ലോറിയും കടന്നു പോകുന്ന വീതിയുള്ള റോഡിനു സമീപം വസ്തു വാങ്ങുകയും അതിനകത്ത് വലിയൊരു കട പണിയുകയും ചെയ്തിരുന്നു.സ്കൂള്‍ വിട്ടു വന്നാല്‍ വസന്തന്റെ ജോലി ഇവിടെയാണ്‌.വിറകു കച്ചവടം.അവനന്റെ അച്ഛന്റെ കടയില്‍ ഭംഗിയുള്ള മേശ ,കസേര, കട്ടില്‍, അലമാര.. എന്നിവ പണിചെയ്തു വില്‍ക്കാന്‍ വച്ചിട്ടുണ്ടായിരിക്കും.ഇവ പണിയുന്നതിലെക്കായി നാലഞ്ചു ആശാരിമാരെ സ്ഥിരമായി ജോലി ചെയുവാന്‍ നിയമിച്ചിരുന്നു.അയാള്‍ക്കുനല്ല രീതിയില്‍ കച്ചവടം ഉണ്ടായിരുന്നു.
                                 ഞങ്ങള്‍ കൂട്ടുകാര്‍ ആയതിനു ശേഷം എപ്പോഴും ഞാന്‍ വസന്തന്റെ കടയില്‍ ഉണ്ടായിരിക്കും. ചില ദിവസങ്ങളില്‍ അമിതമായി ചാരായം കുടിച്ചു വസന്തന്റെ അച്ഛന്‍ ബോധം ഇല്ലാതെ കടയില്‍ കിടക്കാറുണ്ട്.ആ സമയങ്ങളില്‍ ഞാന്‍ അവിടെ പോകാറില്ല.ചാരായം കുടിച്ചു കിടക്കുന്ന കണ്ട്ട്രാക്കിനെ എനിക്ക് പേടിയായിരുന്നു.
മദ്യപിക്കാത്ത സമയം എന്നെ കണ്ടാല്‍ സ്നേഹത്തോടെ ചെവില്‍ പിടിക്കുകയും 
കപ്പലണ്ടി മുട്ടായി വാങ്ങി തരുകയും ചെയും.മദ്യപാനി ആയിരുന്നെങ്കിലും വസന്തന്റെ അച്ഛന്‍ പാവം ആയിരുന്നു.അവനെ പോലെ അയാള്‍ എന്നെയും ഇഷ്ടപ്പെട്ടിരുന്നു.
ഞങ്ങള്‍ക്ക് സിനിമ കാണാനും ചായക്കടയില്‍ നിന്ന് ദോശ തിന്നാനും അയാള്‍ സന്തോഷത്തോടെ പൈസ തരുമായിരുന്നു.അതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് അയാളെ വളരെ ഇഷ്ടമായിരുന്നു.
                      വസന്തന്റെ അച്ഛന്റെ കടയില്‍ ജോലി ചെയുന്ന   ആശാരിമാരില്‍ ഒരാളിന്റെ പേര് സുശീലന്‍ എന്നായിരുന്നു.സുശീലന്‍ ഏഴാം ക്ലാസുവരെ ഞങ്ങളോടൊപ്പം പഠിച്ചിരുന്നവന്‍ ആണ്.പിന്നെ പഠിത്തം  നിര്‍ത്തി.അവന്റെ അപ്പന്റെ അപ്പനോടൊപ്പം (അപ്പുപ്പന്‍)
പണിക്കു പോകാന്‍ തുടങ്ങി.അവന്റെ അച്ഛന്‍ ടൈഫോയിഡ്   വന്നു പെട്ടന്ന് മരിച്ചുപോയിരുന്നു.അംഗ സംഘ്യ കൂടുതല്‍ ഉള്ള സുശീലന് അങ്ങനെയാണ് പണിക്കു പോകേണ്ടി വന്നത്.കുറെ നാള്‍ അപ്പുപ്പനോടൊപ്പം പണിക്കു പോയ അവന്‍ ഇപ്പോള്‍ വസന്തന്റെ കടയില്‍ ആണ് ജോലി ചെയുന്നത്.വളരെ ഭംഗിയായി ജോലി ചെയുന്ന അവനെ വസന്തന്റെ അച്ഛന് വളരെ ഇഷ്ടമായിരുന്നു.സുശീലന്‍ മേശയും കട്ടിലും പണിയുമ്പോള്‍ ഞങ്ങള്‍ അത് നോക്കി അവന്റെ  അടുത്ത് ഇരിക്കും. ഞങ്ങള്‍ അവന്റെ അടുത്ത് ഇരിക്കുന്നതിനായി ചില നുണ കഥകള്‍ പറഞ്ഞു തരും.
                                   അങ്ങനെ ഒരു ദിവസം ഞങ്ങള്‍ക്ക് അവന്റെ വലിയ അപ്പുപ്പന്റെ കഥ പറഞ്ഞു തന്നു.ആ കഥയാണ്‌ ഇത്..
                                            സുശീലന്റെ വലിയ അപ്പുപ്പന്റെ പേര് "വേലു ആശാരി" എന്നായിരുന്നു.അയാള്‍ക്ക്‌ പല സ്ഥലത്തായി മൂന്നു ഭാര്യമാര്‍ ഉണ്ടായിരുന്നു.അതില്‍ ഒരു ഭാര്യ നായര്‍ സ്ത്രീ ആയിരുന്നു.വേലു ആശാരിക്കു ജ്യോതിഷം അറിയാം.പുതിയ വീടിനു സ്ഥാനം കാണാനും ബാത ഒഴുപ്പിക്കാനുള്ള മന്ത്രവാദം ചെയ്യാനും അയാള്‍ക്ക്‌ അറിയാം.അത് പോലെ തന്നെ മറ്റുള്ളവരെ തട്ടിച്ചു പണം സമ്പാതിക്കാനും മിടു മിടുക്കന്‍ ആയിരുന്നു.കാവി വേഷം അണിഞ്ഞു രുദ്രാക്ഷ മാലയും ധരിച്ചു സന്യാസി വേഷത്തിലാണ് അയാള്‍ നാട്ടില്‍ നടക്കുന്നത്.എല്ലാപേരും "സ്വാമി" എന്ന് വിളിക്കുന്നതാണ് ഇഷ്ടമെങ്കിലും ആരും  അങ്ങനെ വിളിക്കാറില്ല.മന്ത്രവാദങ്ങള്‍ കൂടുതലും നടത്തുന്നത് വളരെ ദൂരെ ദേശങ്ങളില്‍ ആണ്.അത് കൊണ്ട് തന്നെ വേലുസ്വാമിയുടെ പക്കല്‍ ധാരാളം പണം ഉണ്ട്.നാട്ടിലുള്ള അയാളുടെ കൂട്ടത്തില്‍ ഉള്ളവര്‍ ചാരായം കുടിക്കുമ്പോള്‍ അയാള്‍ വില കൂടിയ വിദേശ മദ്യമാണ് കുടിക്കുന്നത്.അയാള്‍ ഷാപ്പുകളില്‍ കയറി ചാരായം കുടിക്കില്ല.അയാളുടെ മൂന്നു ഭാര്യമാരുടെയും വീടുകളില്‍ കുടിക്കുന്നതിലേക്കായി വിദേശ മദ്യമാണ് വാങ്ങി വച്ചിരിക്കുന്നത് .അവിടങ്ങളില്‍ പോയി ഇഷ്ടംപോലെ കുടിക്കും.അയാള്‍ ഒരു കള്ളസ്വാമി ആയിരുന്നു.
               സുശീലന്‍ കഥ പറഞ്ഞു കൊണ്ടിരുന്നു.ഒരിക്കല്‍ കാട്ടിലെ ശങ്കരപ്പിള്ളയുടെ മകള്‍ക്ക് വീട് വയ്ക്കണം.
 "കാട്ടില്‍വീട്" എന്നത് ശങ്കരപ്പിള്ളയുടെ വീട്ടുപേരാണ്‌ .സ്ഥാനം കാണാനും,വാതിലും ജനലും ഉണ്ടാക്കുവാനും വേലു ആശാരിയെയാണ് വിളിച്ചത്.അന്ന് അയാള്‍ക്ക്‌ ചെറുപ്പമായിരുന്നു.
അന്ന് അയാള്‍ക്ക്‌ കാവിവേഷം ഇല്ലായിരുന്നു.ലുങ്കിയും ബനിയനും ആയിരുന്നു വേഷം .വീടിനു സ്ഥാനം കണ്ടു.തടിപണി തുടങ്ങി.വേലു ആശാരിയുടെ കൂടെ ചെറുപ്പക്കാരായ അഞ്ചു പേര്‍  ഉണ്ടായിരുന്നു.
തിരക്കിട്ട പണി.വേലു ആശാരി അധികം പണി ചെയില്ല. പണി ചെയ്യിക്കലാണ് പണി.അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ കാട്ടിലെ ശങ്കരപ്പിള്ളയുടെ മകളുടെ വീടുപണി പൂര്‍ത്തിയായി.കാട്ടിലെ ശങ്കരപ്പിള അത് വരെയുള്ള വേലു ആശാരിയുടെ പണിക്കൂലി കൂട്ടിനോക്കി.അധികപ്പറ്റാണ്.പന്ത്രണ്ടു ആയിരം രൂപ വേലു ആശാരി അധികപ്പറ്റിയിരിക്കുന്നു.പറ്റിയിരിക്കുകയല്ല-പറ്റിച്ചിരിക്കുന്നു..അതാണ്‌ ശരി. ശങ്കരപ്പിള്ള വേലു ആശാരിയുടെ മുഖത്തേക്ക് നോക്കി.വേലു ആശാരി വളരെ സങ്കടത്തോടെ പറഞ്ഞു,
                     "   അധികപ്പറ്റായ തുക ഇപ്പോള്‍ എന്റെ കൈവശം തരാന്‍ ഇല്ല.
    അത് കൊണ്ട് ഈ മുഴക്കോല്‍ ഇവിടെ പണയമായി വയ്ക്കണം.
   ഞാന്‍ രൂപ കൊണ്ട് വന്നു തരുമ്പോള്‍ തിരികെ തന്നാല്‍    മതി.
   ഇത് ഒരാശാരിയുടെ ജീവിതത്തിന്റെ എല്ലാം ആണ്." 
( ജോലി ചെയുന്ന സ്ഥലത്ത് നിന്നും അപ്പോള്‍ മാത്രം ഉണ്ടാക്കി എടുക്കുന്ന ഒരു അളവുകോല്‍ മാത്രമാണ് ഈ മുഴക്കോല്‍ എന്ന് സുശീലന്‍ പറഞ്ഞിട്ടുണ്ട്..)    
           അയാള്‍   പറഞ്ഞു നിര്‍ത്തി.ശങ്കരപ്പിള്ളക്ക് മറുപടി ഒന്നും പറയാന്‍ കഴിഞ്ഞില്ല.അങ്ങനെയൊന്നും വേണ്ടായെന്നു ശങ്കരപ്പിള്ള പറയുന്നതിന് മുന്‍പ് വീണ്ടും വേലു ആശാരി പറയാന്‍ തുടങ്ങി,
                  "പറ്റില്ല എന്നും വേണ്ടാ എന്നും മാത്രം പറയരുത്.പണി കഴിഞ്ഞു അധികപ്പറ്റ് വാങ്ങി പോകുന്നത് 
ആശാരിമാര്‍ക്ക് പാപം ആണ്.ഞങ്ങളുടെ തൊഴിലിനു അങ്ങനെ ഒരു ദോഷം വരാതെ ഇരിക്കാനാണ്  അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഇങ്ങനെ ചെയുന്നത്.."
              കാട്ടിലെ ശങ്കരപ്പിള അത്  വിശ്വസിക്കുകയും ,വേലു ആശാരിയോടു കൂടുതല്‍ ഇഷ്ടം തോന്നുകയും ചെയ്തു. വേലു ആശാരി എത്ര നല്ലവനാണ്.  പോകാന്‍ നേരം  വേലു ആശാരി ശങ്കരപ്പിള്ളയോടു ഒരു അപേക്ഷ സമര്‍പ്പിച്ചു,
                    അയാള്‍  പറഞ്ഞത് അനുസരിക്കാം എന്ന് ശങ്കരപ്പിള ഉറപ്പു കൊടുത്തു.വേലു ആശാരി വളരെ സന്തോഷത്തോടെ തിരിച്ചു പോയി  .മുപ്പതു ദിവസത്തോളം ശങ്കരപ്പിള്ള   വേലു ആശാരി പറഞ്ഞത് പോലെ ചെയ്തു.മുപ്പത്തിഒന്നാം ദിവസം വേലു ആശാരി പറഞ്ഞത്പോലെ പണവുമായി വന്നു. അയാള്‍ ബഹുമാനത്തോടെ ശങ്കരപ്പിള്ളയുടെ മുന്‍പില്‍ പണപ്പൊതി വച്ചുനീട്ടി.പണം കൈപ്പറ്റിയ   ശങ്കരപ്പിള മുഴക്കോല്‍ എടുക്കാന്‍ അകത്തേക്ക് പോയ്‌.വേലു ആശാരി സന്തോഷത്തോടെ കാത്തുനിന്നു.
                     കുറെ കഴിഞ്ഞു ശങ്കരപ്പിള്ള വാടിയ മുഖവുമായി കടന്നു വന്നു.അയാളുടെ കൈയില്‍ മുഴക്കോല്‍ ഇല്ലായിരുന്നു.എന്തുപറയണം എന്ന് അറിയാതെ ശങ്കരപ്പിള്ള വിഷമിച്ചു.വേലു ആശാരിയുടെ ശബ്ദം ശങ്കരപ്പിള്ളയെ ചിന്തയില്‍ നിന്നും ഉണര്‍ത്തി.
                        "എന്റെ മുഴക്കോല്‍ എവിടെ?"
  അതിനുള്ള മറുപടി ശങ്കരപ്പിള്ള പറഞ്ഞു,
                       "വേലു ആശാരി ക്ഷമിക്കണം.എന്റെ പക്കല്‍ തന്ന മുഴക്കോല്‍ ചിതല്‍ എടുത്തു നശിച്ചു പോയി.എനിക്ക് തരാനുള്ള ഈ രൂപ കൊണ്ട് പുതിയ ഒരെണ്ണം വാങ്ങിക്കോളൂ..ഇനിയും രൂപ വേണമെങ്കില്‍ തരാം.. എനിക്ക് രൂപ വേണ്ടാ...."
         വേലു ആശാരി ഉള്ളില്‍ ചിരിക്കുകയായിരുന്നു.വേലു ആശാരി ആഗ്രഹിച്ചത്‌ പോലെ തന്നെ സംഭവിച്ചു.ശങ്കരപ്പിള്ള ആ രൂപ തിരിച്ചു കൊടുത്തു.മുഴക്കോല്‍ നഷ്ടപെട്ട വേദന മുഖത്ത് വരുത്തി രൂപ വാങ്ങി  വേലു ആശാരി സ്ഥലം വിട്ടു.തിരികെ പോകുമ്പോള്‍  അയാള്‍ മനസ്സില്‍ പറയുന്നുണ്ടായിരുന്നു....
                         പച്ചമണ്ണില്‍  ചാണകം മെഴുകി ഉണങ്ങിയ മുഴക്കോല്‍ വച്ച് വൈക്കോല്‍ വിതറി വെള്ളം ഒഴിച്ചാല്‍  എന്താണ് സംഭവിക്കുക?
                                 ചിതല്‍ എടുക്കും....
                  അതല്ലേ സത്യം .അത് സത്യമായിരുന്നു. 
    വേലു ആശാരി ആഗ്രഹിച്ചതും സംഭവിച്ചതും അതായിരുന്നു ....
                                ചിതല്‍ എടുക്കും...........
   ബുദ്ധിമാനായിരുന്നു വേലു ആശാരി.
    കഥ പറഞ്ഞു  സുശീലന്‍ ഉറക്കെയുറക്കെ ചിരിച്ചു....
     ഇപ്പോള്‍  കള്ളനായ  വേലു ആശാരിയും സത്യസന്ധനായ ഗോപാലന്‍ കണ്ട്രാകും ഈ ലോകത്ത് ഇല്ല.....
           
      പുതിയ കഥകളുമായി സുശീലന്‍  ഇപ്പോള്‍ അബു ദാബിയില്‍  ജീവിക്കുന്നു...........
                              
      


                  

3 comments:

 1. കഥ കൊള്ളാം ..പക്ഷെ പറഞ്ഞ രീതി യില്‍ എന്തോ ഒരു പാകപ്പിഴ ..വസന്തനിലും അവന്റെ അച്ഛനിലും കൂടി പറഞ്ഞു തുടങ്ങിയ കഥ അവരെയെല്ലാം വിട്ടു സുശീലനിലെക്കും അയാള്‍ പറഞ്ഞ കഥയിലേക്കും കൊണ്ട് വന്നതാണ് കുഴപ്പമായതെന്ന് തോന്നുന്നു .രണ്ടും രണ്ടു വിശേഷമായി രണ്ടാവസരത്തില്‍ പറയാമായിരുന്നു ...

  ReplyDelete
 2. സുശീലനില്‍ നിന്നും കഥകള്‍ കേള്‍ക്കാന്‍ വസന്തന്റെ അച്ഛന്റെ കടയില്‍ പോകേണ്ടിവരും.അവിടെ സ്വതന്ത്രമായി ഇരിക്കാനും കഥകള്‍ കേള്‍ക്കാനും അവന്റെ അച്ഛന്റെ അനുവാദം വേണം.അതിനായി അവരുമായി ഉള്ള എന്റെ ബന്ധത്തെ അവതരിപ്പിക്കുന്നതിനാണ് വസന്തനെയും അച്ഛനെയും പരിചയപ്പെടുത്തിയത്..അവരിലൂടെ ഞാന്‍ ഈ കഥയില്‍ എത്തി.അതാണ്‌ സത്യം.

  ഇത് എന്റെ പ്രിയപ്പെട്ട ബ്ലോഗ്‌ സുഹൃത്തുക്കള്‍ മനസിലാക്കണം.തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ ഞാന്‍ കൂടുതല്‍ സന്തോഷവാനാണ്.അതാണ്‌ എനിക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം.

  നന്ദി .........സഹകരിക്കുക...

  ReplyDelete
 3. ഇമ്മാതിരി പറ്റിക്കൽ സും ഉണ്ടല്ലേ..

  കൊള്ളാം...

  ‘“അവന്റെ അച്ഛന്‍ ടൈഫോയിഡ് വന്നു പെട്ടന്ന് മരിച്ചുപോയിരുന്നു.അംഗ സംഘ്യ കൂടുതല്‍ ഉള്ള സുശീലന് അങ്ങനെയാണ് പണിക്കു പോകേണ്ടി വന്നത്“

  ഇവിടെ അംഗ സംഖ്യ എന്നത് ഉദ്ധേശിച്ചത് അവന്റെ കുടുംബത്തിന്റെയാണോ....എന്തോ ഒരു കല്ല് കടിയുണ്ടല്ലോ ഇവിടെ...
  ഒന്ന് ശ്രദ്ധിക്കുമല്ലോ
  എല്ലാ ആശംസകളും നേരുന്നു

  ReplyDelete