Sunday, November 27, 2011

    'പണി ' യനും   'പണി' യും !!!! 

( 'പണി' എന്നാല്‍ ജോലി ,തൊഴില്‍ എന്നൊക്കെയാണല്ലോ അര്‍ഥം.എന്നാല്‍ 'പണി' എന്ന വാക്കിനു ഞങ്ങള്‍ തിരുവനന്തപുരത്തുകാര്‍ വേറെ കുറേ നാടന്‍ വാക്കുകളില്‍ പര്യായം ഉണ്ടാക്കിയിട്ടുണ്ട് .
           അത് 'പണി 'യാണ്  ...ആ ' പണി 'ക്ക്  'പാര ', 'ആപ്പ് ', 'ചതി ', 'സൂത്രം ', 'വേലവയ്പ്പ് ' എന്നിങ്ങനെ പല അര്‍ഥങ്ങളും ഉണ്ട്.സംഭവങ്ങളുടെയും സന്ദര്‍ഭങ്ങളുടെയും സ്വഭാവം അനുസരിച്ച് ഈ പദങ്ങള്‍ ഉപയോഗിക്കാറുണ്ട് .
           ലോകത്തിലെ എല്ലാ 'പണി'  യന്‍മാര്‍ക്കും വേണ്ടി.......) 
                     'പണി' പലവിധം.  'പണിയല്‍ 'പലവിധം.
ദേവലോകത്തും , അസുരലോകത്തും യഥേഷ്ടം വരുകയും പോകുകയും ചെയ്യുന്ന ,അതിനു സ്വാതന്ത്രമുള്ള  ,നാരദ മഹര്‍ഷി എന്ന ആദ്യ പണിയനു  നമസ്ക്കാരം .
                   മഹാഭാരതമെന്ന മഹാകാവ്യത്തില്‍ മഹാ മുനി വ്യാസന്‍ നമുക്ക് ഒരു പണിയനെ തന്നിട്ടുണ്ട്.
                  പാണ്ടു പുത്രന്‍മാരായ പാണ്ടവര്‍ക്ക് അര്‍ഹമായ രാജ്യമോ, അധികാരമോ നല്‍കാതിരിക്കാന്‍ കൗരവരിലൂടെ പണി ചെയ്ത   'ശകുനി' പണിയന്‍.
                   നമ്മുടെ ആദികാവ്യം രാമായണത്തില്‍ മഹാനായ വാല്മീകി മഹര്‍ഷിയും ഒരു പണിയത്തിയെ തന്നിട്ടുണ്ട്.
                  ശ്രീരാമചന്ദ്രന്‍റെ പട്ടാഭിഷേകം മുടക്കി ,കാട്ടില്‍ അയക്കാനും , ഭരതനെ രാജാവാക്കാനും ,കൈകേയിക്കു  'പണി' പറഞ്ഞു കൊടുത്ത 'മന്ഥര ' എന്ന പണിയത്തി..
                  കൗരവരിലെ മൂത്തവന്‍ ദുര്യോധനനും ,രാമായണത്തിലെ ലങ്കാതിപതി രാവണനും ,ഉപകഥാപാത്രങ്ങളായ ദുശ്ശാസനനും, കീചകനും, ബകനും , ജരാസന്ധനും ഒക്കെ വ്യക്തിത്ത്വമുള്ള 'പണിയന്‍' മാരായിരുന്നു.
     കലിയുഗത്തിലും അത് പോലെയുള്ള 'പണിയന്‍'മാരുണ്ടായിരുന്നു.
     എന്നാല്‍ ഈ 'പണി'യന്‍  അവര്‍ക്കൊക്കെ ഒരപമാനമായിരുന്നു. 
     വീരപ്പനും ,ബിന്‍ ലാദനും, പേരെടുത്തു പറയാന്‍ പറ്റാത്ത രീതിയിലുള്ള മുംബയിലെ ഒട്ടനവധി അധോലോകനായകന്‍മാരും പല തരത്തിലുള്ള  'പണിയന്‍' മാരാണ്.
                ഇനിയുമുണ്ട് നാട്ടില്‍ അനേകം 'പണി'യന്‍മാര്‍.
     എന്‍റെ പ്രിയസുഹൃത്തിന്‍റെ ഓഫീസിലുമുണ്ട് ഒരു 'പണിയന്‍'.   
                     കാലിനു നീളക്കുറവുള്ളത് കൊണ്ട് മുടന്തി നടക്കുന്ന ശകുനിപ്പണിയനും ,മുതുകില്‍ മുഴ വളര്‍ന്നു കൂനിപ്പോയ മന്ഥരപ്പണിയത്തിക്കും   കൂടി ഈ കലിയുഗത്തില്‍ ഒരു പുത്രന്‍ ജനിച്ചിരുന്നെങ്കില്‍ ആ പുത്രനാണ് എന്‍റെ സ്നേഹിതന്‍റെ  ഓഫീസില്‍ പണിചെയ്യുന്ന  ' പണിയന്‍'..
                      ഭരണസിരാകേന്ദ്രമായ നമ്മുടെ സ്വന്തം സെക്രട്ടേറിയേറ്റിലും
കുറേ പണിയന്‍മാര്‍ ഉണ്ട്.അതിലൊരു പണിയനാണ് ഈ 'പണിയന്‍' . അവര്‍ ജീവിക്കാന്‍ വേണ്ടി പണി ചെയുന്നു. പക്ഷെ ഈ പണിയന്‍ 'പണി' കൊടുക്കാന്‍ വേണ്ടി പണിചെയ്യുന്നു.
                 പാലാഴി മഥനം ചെയ്തു കിട്ടിയ അമൃത് കഴിക്കാത്തത് കൊണ്ടായിരിക്കണം -ദേവന്‍മാരുടെയും അസുരന്‍മാരുടെയും   പോലെയല്ല നമ്മുടെ 'പണിയ'ന്‍റെ ശരീര പ്രകൃതി.
                  അകാല വാര്‍ധക്യം ബാധിച്ചവനെപ്പോലെയാണ് കാഴ്ച്ചയില്‍ ഈ 'പണിയന്‍'.അതോ -സ്വന്തം ജനനസര്‍ട്ടിഫിക്കെറ്റിലും 'പണി' നടത്തിയിട്ടാണോ എന്നറിയില്ല. 
                    നമ്മുടെ 'പണിയ'ന്‍റെ ശബ്ദത്തിനു രാത്രികാലങ്ങളില്‍ വെള്ളക്കെട്ടുകളില്‍ നിന്നുയരുന്ന മാക്രിയുടെ (തവളയുടെ) ശബ്ദമാണ്.അത്കൊണ്ട്തന്നെ 'പണിയന്‍' എവിടെനിന്ന് സംസാരിച്ചാലും പെട്ടന്ന് തിരിച്ചറിയാന്‍ കഴിയും.       
                  മഹാഭാരതമെന്ന മഹാകാവ്യത്തിലെ മറ്റൊരു പ്രധാനകഥാപാത്രമാണല്ലോ 'ശിഖണ്ടി ' എന്ന പണിയന്‍.
           ആ ശിഖണ്ടി പോലും ഈ 'പണിയന്‍'ന്‍റെ മുന്നില്‍ ഒന്നുമല്ല.
        ലോകത്ത്  ഇനിയുമുണ്ട് 'പണിയ 'ന്‍റെ അവതാരങ്ങള്‍.
അവരെ നിങ്ങള്‍ തന്നെ 'പണിയനു 'മായി താരതമ്യംചെയ്തു കൊള്ളൂ...
           ഈ 'പണിയന്‍ 'വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ പണിക്കു വന്നതാണ്.കൃത്യമായി ഓഫീസിലെത്തുന്ന 'പണിയ'നു പ്രത്യേക പണിയൊന്നും തന്നെയില്ല. 'പണിയന്‍' ജോലി ചെയ്യുന്ന വകുപ്പിലെ എല്ലാ സെക്ഷനിലും ,വന്നാലുടന്‍ ഒരു ഓട്ടപ്രദക്ഷിണമാണ് .അതാണ്‌ ആദ്യത്തെ പണി.വൈകുന്നേരം പോക്കറ്റിലിടാനുള്ള ചില്ലറ ഒപ്പിക്കാനുള്ള 'പണി'യും ഇതിനിടയില്‍  'പണി'യും.ഉച്ചക്ക് ഊണിനായുള്ള 'പണി' ഒപ്പിക്കുകയാണ് അടുത്ത പണി.
                    ഇതിനിടയിലാണ് മറ്റുള്ളവര്‍ക്ക് എന്ത് 'പണി' കൊടുക്കാം എന്നാലോചിച്ചു വീണ്ടും കറങ്ങി നടക്കുന്നത്.സ്വന്തം സെക്ഷനില്‍ പണി ഇല്ലാത്തതു കൊണ്ട് , മറ്റു സെക്ഷനില്‍ ചെന്ന് പണി ചെയ്തു കൊണ്ടിരിക്കുന്നവരെ പണി ചെയ്യാന്‍ സമ്മതിക്കാതെ ചില്ലറ 'പണി'യുമായി  അവിടെ കൂടും. അവര്‍ക്ക് കൂടുതല്‍ 'പണി' കൊടുക്കാന്‍ വേണ്ടി 'പണി' തുടങ്ങും.
              ഏറ്റവും വിചിത്രം - ഏതു പാര്‍ട്ടിയുടെ ഭരണം വന്നാലും ഈ 'പണിയന്‍' അവരോടൊപ്പം കാണും.ആ പണിയും ഈ 'പണിയ'ന്‍റെ ഒരു പണിയാണ്.അത് ചിലര്‍ മനസിലാക്കിയിട്ടുണ്ട് എങ്കിലും 'പണിയ'നെതിരെ 'പണി' പണിയാന്‍ ആരും മിനക്കെടാറില്ല .
              പണം ,മദ്യം ,പെണ്ണ് എന്നിവയാണ് 'പണിയ'ന്‍റെ ഇഷ്ടവിഭവങ്ങള്‍ .ചില പെണ്ണുങ്ങള്‍ക്ക്‌ 'പണിയന്‍' ജീവനാണ്.മറ്റുചിലര്‍ക്ക് 'പണിയ'നെ കാണുന്നത് പോലും വെറുപ്പാണ്. 'പണിയ'ന് ഇഷ്ടമുള്ളവര്‍ക്ക് തല്ക്കാലം 'പണി' കൊടുക്കാറില്ല.
             "ചുക്ക് ചേരാത്ത കഷായം ഉണ്ടോ" എന്ന ചൊല്ലുപോലെ 'പണിയന്‍' അറിയാത്ത ഒരു കാര്യവും ഡിപ്പാര്‍ട്ടുമെന്റ്റില്‍ ഇല്ല.
            എല്ലാ സെക്ഷനിലും 'പണിയന്‍ 'ചെല്ലും ,ഇടപെടും.
വളരെ മാന്യന്‍മാരായ ചിലര്‍ മേലുദ്യോഗസ്ഥര്‍ ഈ 'പണിയ'ന്‍റെ വലയില്‍ ഉണ്ട്. കിട്ടുന്നതില്‍ പങ്ക് 'പണിയന്‍' അവര്‍ക്കും കൂടെ കൊടുക്കുമെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്.
                     മദ്യം 'പണിയ'ന്‍റെ ഇഷ്ടപാനീയമാണ്.
മദ്യപിച്ചുകഴിഞ്ഞാലോ, പരമകൂറയാണ്....തറയാണ്‌...കുഴിത്തറയാണ്.
             'പണിയ'ന്‍റെ ഈ പരാക്രമങ്ങള്‍ കാണാന്‍ വേണ്ടി ചിലര്‍ ആ 'പണി' 'പണിയ 'ന് കൊടുക്കും.
               വെറുപ്പുള്ളവര്‍ക്ക് നേരിട്ട് 'പണിയന്‍ ' 'പണി' കൊടുക്കാറില്ല.
ഒളിപ്പോരു  പണിയാണ് ഇവിടെ ചെയ്യുന്നത്.
               കള്ളം ,നുണ ,കാലുവാരല്‍ തുടങ്ങിയ 'പണി ' വളരെ ഭംഗിയായി പണിയാന്‍ 'പണിയ'ന് അറിയാം.ഒരു കൂട്ടം ശത്രുക്കള്‍ ഈ 'പണി'യന് 'പണി'കൊടുക്കാന്‍ തക്കംപാര്‍ത്തു നടക്കുന്നുണ്ട്.പക്ഷെ ഒരു 'പണി'യും 'പണിയ'നോട് നടക്കില്ല.കാരണം 'പണിയന്‍' ചാണക്യനാണ് .
                 ഏതു ഓഫീസറായാലും 'പണിയന്‍' അവരെയെല്ലാം പേരുപറഞ്ഞു മാത്രമേ വിളിക്കാറുള്ളൂ.സ്വന്തം അച്ഛനെയും പേരു പറഞ്ഞു വിളിക്കും  എന്ന് രസികന്‍മാര്‍ പറയാറുണ്ട്‌.
           ഞാനാണ് വലിയവന്‍ എന്നുള്ള അഹങ്കാരം 'പണിയ'നുണ്ട് .
പെന്‍ഷന്‍ പറ്റിപ്പോയ കുറേ വൃത്തികെട്ട 'പണിയന്‍'മാര്‍ ഈ 'പണിയ'നെ സഹായിക്കാന്‍ പിന്നിലുണ്ട്.അവന്മാര്‍ക്കും ഈ 'പണിയന്‍' ഷെയര്‍ കൊടുക്കും.
                ശമ്പളത്തിന് പുറമേ കിമ്പളം വേണ്ടുവോളം കിട്ടുന്നതിനാല്‍ 'പണിയന്‍' കുറേ ഗുണ്ടകളെ കൂടെ കൊണ്ട് നടക്കുന്നുണ്ട്.
                അങ്ങനെ കലിയുഗത്തിന്‍റെ ശാപമായി , സെക്രട്ടേറിയേറ്റിന്‍റെ അന്തകാനായി ,കൂടെ പണിചെയുന്നവര്‍ക്ക് നല്ല 'പണി ' കൊടുത്തുകൊണ്ടിരിക്കുന്ന ,പണി ചെയ്യാതെ 'പണി 'യുമായി കറങ്ങി നടക്കുന്ന 'പണിയ'ന്   'പണി ' കൊടുക്കാന്‍ ദൈവത്തിനു മാത്രമേ കഴിയൂ.അങ്ങനെയെങ്കിലും ഒരു 'പണി'  'പണിയ'ന് കിട്ടാന്‍ വേണ്ടി എന്‍റെ സ്നേഹിതന്‍ ഉള്‍പ്പെടെയുള്ളവര്‍ കാത്തിരിക്കുന്നു.
               കിട്ടും ........'പണിയ'ന്  'പണി'
  ലങ്കാതിപതി രാവണന് കിട്ടിയതുപോലെ  !
  ശകുനിക്കും ,മന്ഥരക്കും കിട്ടിയതുപോലെ !
 ദുര്യോധനനും ,ദുശ്ശാസ്സനനും കിട്ടിയതുപോലെ !
 ബകനും ,ജരസന്ധനും,കീചകനും കിട്ടിയതുപോലെ ! 
 വീരപ്പനും , ബിന്‍ലാദനും   കിട്ടിയതുപോലെ  !
                'പണിയ'ന്‍റെ   'പണി'    കിട്ടിയ എന്‍റെ സ്നേഹിതന്‍ ഉള്‍പ്പെടെ ഉള്ളവര്‍ അതിനായി  കാത്തിരിക്കുന്നു...



   


                     
                      
                         

      



                 
                       



4 comments:

  1. പണിക്കുറവൊന്നും കാണാന്‍ കഴിയാത്ത ഒരു നല്ല രചന.
    സമര്‍ത്ഥമായി,വളരെ രസകരമായി അത് എല്ലാവര്‍ക്കുമിട്ടു പണിതു.അഭിനന്ദനങ്ങള്‍ .

    ReplyDelete
  2. വളരെ നന്ദി സുഹൃത്തേ....ഇനിയും പ്രോത്സാഹിപ്പിക്കുക...

    ReplyDelete
  3. രചന ഹാസ്യമാണെങ്കിലും ഇത് പോലുള്ളവര്‍ നാട്ടിനെ നശിപ്പിക്കുന്നു. അവര്‍ സമുദായത്തെ ദുഷിപ്പിക്കുന്നു. ഇത്തരക്കാര്‍ നാടിനു ശാപമാണ്.

    നല്ല രചന. പക്ഷെ അവരോടുള്ള ദേഷ്യം നുരഞ്ഞു പൊന്തി വരുന്നു. അതാണ് താങ്കള്‍ ഉദ്ദേശിച്ചത് എങ്കില്‍ പൂര്‍ണ്ണമായി വിജയിച്ചിരിക്കുന്നു.

    ReplyDelete
  4. നന്ദി..... വളരെ നന്ദി....

    ReplyDelete