Saturday, November 19, 2011

                കാവിലമ്മയും 
                             ശാപവും ശപഥവും !!!!


( എന്നോടൊപ്പം ജോലി ചെയ്യുന്ന ജയകുമാര്‍ ഫലിതപ്രിയനും ,നാടക നടനുമാണ്.വിശ്രമവേളകളില്‍ ഞങ്ങള്‍ രസകരങ്ങളായ കൊച്ചു കൊച്ചു സംഭവങ്ങള്‍ പറഞ്ഞു രസിക്കാറുണ്ട്.അവന്‍റെ  മുത്തശ്ശിയുടെ മുത്തശ്ശിയാണ് ഈ കഥയിലെ  'കാവിലമ്മ ' എന്ന് വിളിക്കുന്ന കൊച്ചുപാര്‍വതിക്കുട്ടിയമ്മ.ജയകുമാറിനെ കാവിലമ്മക്ക് വലിയ ഇഷ്ടമായിരുന്നു .ജയകുമാറിന് തിരിച്ചും......)


                     കൊച്ചുപാര്‍വതിക്കുട്ടിയമ്മ മരിച്ചു.
നൂറ്റിഏഴാമത്തെ വയസ്സിലായിരുന്നു മരണം.കൃത്യമായ പ്രായം എത്രയാണെന്ന് ആര്‍ക്കും അറിയില്ല.കൊച്ചുപാര്‍വതിക്കുട്ടിയമ്മ മരിക്കുമ്പോഴും നല്ല ആരോഗ്യവതിയായിരുന്നു .എങ്കിലും അവസാന രണ്ടുവര്‍ഷം അവരെ മറവി രോഗം ബാധിച്ചിരുന്നു .ആറടിപ്പൊക്കവും അതിനൊത്ത വണ്ണവുമുള്ള കൊച്ചുപാര്‍വതിക്കുട്ടിയമ്മ അതിസുന്ദരിയായിരുന്നു.മരിക്കുമ്പോഴും അവരുടെ വായില്‍ നിറയെ പല്ലുകളുണ്ടായിരുന്നു . തലയില്‍ നിറയെ വെളുത്ത പഞ്ഞിക്കെട്ടു പോലെ തലമുടിയുള്ള കൊച്ചുപാര്‍വതിക്കുട്ടിയമ്മയുടെ ശരീരത്തിന്‍റെ നിറവും വെളുത്തതായിരുന്നു.
                    മക്കളും ചെറുമക്കളും നാട്ടുകാരും അവരെ വിളിക്കുന്നത്‌ 'കാവിലമ്മ 'എന്നാണ്.ആറുതലമുറകളിലെ മക്കളെ  കണ്ടതിനു ശേഷമാണ് അവര്‍ ഈ ലോകത്ത് നിന്ന് യാത്രയായത്.കാവിലമ്മക്ക് ഏഴു മക്കളായിരുന്നു.മൂന്നു പെണ്ണും നാല് ആണും.ഏഴാമത്തെ കുട്ടിയെ അഞ്ചു മാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് അവരുടെ ഭര്‍ത്താവ് രാമകൃഷ്ണ പിള്ള മരിച്ചത്.അയാള്‍ക്ക്‌ ബ്രിട്ടീഷ് പട്ടാളത്തിലായിരുന്നു ജോലി.അയാള്‍ ഇന്ത്യാക്കാരനായിരുന്നെങ്കിലും ബ്രിട്ടീഷുകാരന്‍റെ സ്വഭാവം ആയിരുന്നു.
                       സ്വാതന്ത്രസമര പോരാട്ടത്തിനിടെ ബംഗാളില്‍ വച്ചാണ് അയാള്‍ സമര സേനാനികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.അയാളുടെ ശവശരീരം നാട്ടില്‍ കൊണ്ട് വന്നില്ലായിരുന്നു .കാവിലമ്മ ഏഴാമത് പ്രസവിച്ചത് ആണ്‍കുട്ടിയെയായിരുന്നു  .അതുകൊണ്ട് തന്നെ അവര്‍ ആ മകന് ഭര്‍ത്താവിന്‍റെ പേര് നല്‍കി -രാമകൃഷ്ണന്‍.   
             ആയിടക്കു നാട്ടിലെ ചിലര്‍ പട്ടാളത്തില്‍നിന്ന് നാട്ടിലേക്ക് എത്തിയപ്പോള്‍ പറയുന്നുണ്ടായിരുന്നു  , കാവിലമ്മയുടെ ഭര്‍ത്താവ് ബംഗാളില്‍ ജീവിച്ചിരിപ്പുണ്ട് എന്ന് .പക്ഷെ കാവിലമ്മ അതൊന്നും വിശ്വസിച്ചില്ല.ജീവിച്ചിരിപ്പുണ്ടെങ്കില്‍ അയാള്‍ വരും കാരണം....അയാള്‍ക്ക്‌ കൊച്ചുപാര്‍വതിക്കുട്ടിയമ്മയെ വളരെ ഇഷ്ടമായിരുന്നു ....അതു പോലെ അവരെ അയാള്‍ക്ക്  ഭയവുമായിരുന്നു.
                 കാവിലമ്മ വലിയ സ്വത്തുകാരിയാണ്.തെങ്ങിന്‍ തോപ്പുകള്‍ ,വയലുകള്‍ അങ്ങനെ ധാരാളം സ്വത്തുക്കളുടെ ഉടമ.ആ അഹങ്കാരം അവര്‍ക്കുണ്ടായിരുന്നു.ഭര്‍ത്താവ് ദൂരെ സ്ഥലത്തായിരുന്നതിനാല്‍ വീട്ടുഭരണം അവര്‍ക്കായിരുന്നു.മക്കള്‍ക്ക്‌ അച്ഛനേക്കാളും ഭയം കൊച്ചുപാര്‍വതിക്കുട്ടിയമ്മയെയായിരുന്നു.ധാരാളം മുറികളുള്ള ഒരു വലിയ ഓടിട്ട വീടായിരുന്നു അവര്‍ക്കുണ്ടായിരുന്നത്.മിക്കവാറും മുറികളില്‍ വലിയ പത്തായങ്ങള്‍ ഉണ്ടായിരുന്നു.അതിനകത്ത് നിറയെ നെല്ല് നിറച്ചിരുന്നു.ഒരിക്കലും കൊച്ചുപാര്‍വതിക്കുട്ടിയമ്മയുടെ വീട്ടില്‍ ആഹാരത്തിനു മുട്ട് ഉണ്ടായിട്ടില്ല .ഉണ്ടാകുകയും ഇല്ല..ചില ചില്ലറ സാധനങ്ങള്‍ മാത്രം പുറത്ത് നിന്നും വാങ്ങിയാല്‍ മതി.
                ഏതു കാലാവസ്ഥയിലും വറ്റാത്ത നീരുറവയുള്ള ഒരു വലിയ കുളം അവരുടെ വലിയ വീടിന്‍റെ പിന്നില്‍ ഉണ്ട്.അതില്‍ നിറയെ തടിച്ച മത്സ്യങ്ങള്‍ ഉണ്ടായിരുന്നു.ആ കുളത്തില്‍ നിന്ന് മീന്‍ പിടിക്കാന്‍ പ്രത്യേക കൂലിക്കാരനുണ്ടായിരുന്നു.അതുകൊണ്ടു തന്നെ കാവിലമ്മയുടെ വീട്ടില്‍ എന്നും മത്സ്യക്കറിയുണ്ടായിരിക്കും.
                 കൊച്ചുപാര്‍വതിക്കുട്ടിയമ്മയുടെ വീട്ടിലെ കോഴികള്‍ എത്രയുണ്ട് എന്നു എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയില്ല.അതുപോലെ പശുക്കള്‍ ,കാളകള്‍ ,എരുമകള്‍ .ആടുകള്‍ തുടങ്ങി എല്ലാം എണ്ണമില്ലാതെ ഉണ്ടായിരുന്നു.ഇതെല്ലം സംരക്ഷിക്കാന്‍ വേണ്ടുവോളം ജോലിക്കാരുമുണ്ട്. സ്വന്തം മക്കളെക്കാളും ചെറുമക്കളെക്കാളും കാവിലമ്മക്ക് വിശ്വാസവും സ്നേഹവും അവരുടെ വീട്ടിലെ ജോലിക്കാരോടാണ്.അവര്‍ വിശ്വസ്തരും അധ്വാനികളുമായിരുന്നു .അവരോട് കാവിലമ്മക്ക് വലിയ സ്നേഹമായിരുന്നു...അവര്‍ക്ക് കാവിലമ്മ ഈശ്വരതുല്യവും..
              കൊച്ചുപാര്‍വതിക്കുട്ടിയമ്മയുടെ മക്കളുടെയും ചെറുമക്കളുടെയും വിവാഹം കഴിയുമ്പോള്‍ത്തന്നെ വിശാലമായ പുരയിടത്തില്‍ പുതിയ പുതിയ വീടുകള്‍ ഉയര്‍ന്നു വരും.എങ്കിലും ഭക്ഷണവും മറ്റു കാര്യങ്ങളുമൊക്കെ കൊച്ചുപാര്‍വതിക്കുട്ടിയമ്മയുടെ വീട്ടില്‍ നിന്ന് തന്നെയാണ്.ആ അവകാശം അവര്‍ ആര്‍ക്കും വിട്ടുകൊടുക്കില്ല. 
                   നിശ്ചയദാര്‍ഡ്യവും, മുന്‍കോപവും അവര്‍ക്ക് ജന്മനാ ഉള്ളതാണ്.അതു മക്കള്‍ക്കും മരുമക്കള്‍ക്കും ചെറുമക്കള്‍ക്കും നല്ലതുപോലെ അറിയാം. അവരുടെ കടുത്ത ചിട്ടയും നിര്‍ബന്ധങ്ങളും നാട്ടുകാര്‍ക്കും അറിയാം.കൊച്ചുപാര്‍വതിക്കുട്ടിയമ്മ ഒരിക്കലും ബ്ലൗസ് ഉപയോഗിച്ചിട്ടില്ല .പഴയ വസ്ത്ര രീതിയില്‍ കസവ് മുണ്ട് നെഞ്ചില്‍ ഉടുത്തു (മുലക്കച്ച) നടക്കും. അതാണവര്‍ക്കിഷ്ടം.പുറത്തുപോകുമ്പോള്‍ വീതിയുള്ള കസവ് നേര്യത് ഭംഗിയായി ചുറ്റിയുടുക്കും.ഉറങ്ങാന്‍ മുറിയില്‍ കയറിയാല്‍ വാതിലുകള്‍ ഭദ്രമായി അടച്ചിടും .എന്നാല്‍ ഒരു ജനല്‍ സദാ തുറന്നിരിക്കും..
             കൊച്ചുപാര്‍വതിക്കുട്ടിയമ്മ വലിയ ഈശ്വര  വിശ്വാസിയാണ്.ഇഷ്ടദൈവം പരമശിവനാണ്.നിത്യവും രാവിലെ നാലുമണിക്ക് കൊച്ചുപാര്‍വതിക്കുട്ടിയമ്മ  ഉണരും.ഉടന്‍ കുളിയാണ്.പുതിയതോ ,അലക്കിയതോ ആയ വസ്ത്രങ്ങള്‍ മാത്രമേ ദിവസവും ഉപയോഗിക്കുകയുള്ളൂ. കുളികഴിഞ്ഞയുടന്‍ അടുത്തുള്ള ക്ഷേത്രത്തിലേക്ക് പോകും.ആരെയും കൂടെ വരാന്‍ അവര്‍ നിര്‍ബന്ധിക്കാറില്ല.എന്നാലും കൊച്ചുപാര്‍വതിക്കുട്ടിയമ്മയുടെ സ്നേഹം പിടിച്ചുപറ്റാന്‍ ചില ചെറുമക്കള്‍ , വല്യ താല്പ്പര്യമില്ലെങ്കിലും കൂടെപ്പോകാറുണ്ട്.ക്ഷേത്രത്തില്‍ നിന്നും തിരികെ വരുമ്പോള്‍ മാത്രമാകും വീട്ടിലെ മറ്റുള്ളവര്‍ ഉറക്കമുണരുന്നത്.
                   എല്ലാപേരും രാവിലെ കുളിച്ചു വസ്ത്രം മാറിയിരിക്കണം എന്നത് കൊച്ചുപാര്‍വതിക്കുട്ടിയമ്മക്ക് നിര്‍ബന്ധമാണ്‌.തലയില്‍ പുരട്ടിക്കുളിക്കാനുള്ള എണ്ണ അവര്‍ തന്നെ ഓരോരുത്തരുടെ കൈകളില്‍ പകര്‍ന്നു കൊടുക്കും.അതുകഴിഞ്ഞാല്‍ മാത്രമേ ചായ പോലും കൊടുക്കാന്‍ അവര്‍ അനുവദിക്കുകയുള്ളു. ഈ സ്വഭാവങ്ങള്‍ ഉണ്ടെങ്കിലും അവര്‍ ധര്‍മ്മിഷ്ടയായിരുന്നു .സഹായം ചോദിച്ചു വരുന്ന ആരെയും അവര്‍ നിരാശരാക്കി വിടാറില്ല.
കൊച്ചുപാര്‍വതിക്കുട്ടിയമ്മയുടെ മുണ്ടിന്‍റെ തുമ്പില്‍ എപ്പോഴും ഒരു താക്കോല്‍ക്കൂട്ടം ഭദ്രമായി കെട്ടിയിട്ടിരിക്കും. ആര്‍ക്കും അവരറിയാതെ ഒരു സാധനവും എടുക്കാനോ ,കടത്ത്തിക്കൊണ്ടുപോകാണോ കഴിയില്ല.
  
അങ്ങനെ കൊച്ചുപാര്‍വതിക്കുട്ടിയമ്മ അവിടെ റാണിയായിത്തന്നെയാണ്   ജീവിച്ചിരുന്നത്..
                   ഇതൊക്കെയാണെങ്കിലും കൊച്ചുപാര്‍വതിക്കുട്ടിയമ്മക്ക് രഹസ്യമായി ഒരു സ്വഭാവദൂഷ്യമുണ്ടായിരുന്നു.നിത്യവും രാത്രി ഊണ് കഴിക്കുന്നതിനു മുന്‍പ് അല്‍പ്പം മദ്യം ആരുമറിയാതെ അകത്താക്കിയിരിക്കും...
 വെട്ടിരുമ്പ് പത്രോസ്  അത്  കൊച്ചുപാര്‍വതിക്കുട്ടിയമ്മയെ ആരുമറിയാതെ ഏല്‍പ്പിക്കാറുണ്ട്...അവരുടെ ഭര്‍ത്താവ് രാമകൃഷ്ണപിള്ളയാണ് മദ്യം കുടിക്കാന്‍ അവരെ പഠിപ്പിച്ചത്.
                 വാര്‍ധക്യസഹജമായ അസുഖത്താലും ,രോഗത്താലും അവരുടെ മൂന്നു മക്കളും ആറു ചെറുമക്കളും ,അവര്‍ മരിക്കുന്നതിനു മുന്‍പുതന്നെ മരണപ്പെട്ടിരുന്നു.ഇപ്പോഴും നൂറില്‍ കുറയാത്ത അംഗ സംഖ്യയുള്ള വലിയ ഒരു കുടുംബമാണ് കാവിലമ്മയുടേത്. 
                  പുതു തലമുറയിലെ ചില ചെറുമക്കള്‍ക്ക്‌ അവരുടെ ഈ ഭരണം അത്ര ഇഷ്ടമല്ല.ആദ്യമൊക്കെ അവര്‍ പ്രതിഷേധിച്ചു.പക്ഷെ കൊച്ചുപാര്‍വതിക്കുട്ടിയമ്മയോട് ഒരു കളിയും നടപ്പില്ല എന്ന് കണ്ടു അവരെല്ലാം പിന്‍ വലിഞ്ഞു.
                  ഏറ്റവും ഇളയമകന്‍ രാമകൃഷ്ണന്‍റെ ഒരു മകന്‍ ഉദയന്‍ അല്‍പ്പം തന്‍റേടിയും ദുര്‍നടപ്പുക്കാരനുമായിരുന്നു.അവന്‍ കൂട്ടുകാരുമൊത്ത് കൊച്ചുപാര്‍വതിക്കുട്ടിയമ്മയുടെ അകലെയുള്ള വസ്തുക്കളിലെ തെങ്ങില്‍ നിന്ന് തേങ്ങ അടത്ത് രഹസ്യമായി കച്ചവടം ചെയ്യുമായിരുന്നു. ഇത് കൊച്ചുപാര്‍വതിക്കുട്ടിയമ്മ അറിയുകയും ,അവനെ പോലീസില്‍ പലപ്രാവശ്യം പരാതി കൊടുത്തു ,പിടിപ്പിച്ചു പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ട്.എങ്കിലും അയാള്‍ വീണ്ടും വീണ്ടും ആ പ്രവര്‍ത്തി തുടര്‍ന്നിരുന്നു.അതുകൊണ്ട് തന്നെ അയാള്‍ക്ക്‌ കാവിലമ്മയെ വെറുപ്പായിരുന്നു.
               ഒരിക്കല്‍ അവര്‍ അവനെ ശപിച്ചു,
 "നീ ഒരുകാലത്തും ഗുണം പിടിക്കില്ല...ഒന്നും നീ നീണാള്‍ അനുഭവിക്കില്ല"
          ആ ശാപം അങ്ങനെ അയാളോടൊപ്പം ഉണ്ടായിരുന്നു.പക്ഷെ അയാള്‍ അതൊന്നും കാര്യമാക്കിയില്ല.
            ഒരു ദിവസം അയാള്‍ കൊച്ചുപാര്‍വതിക്കുട്ടിയമ്മയോട് കുറച്ചു രൂപ ആവശ്യപ്പെട്ടു.അതു അയാള്‍ക്ക്‌ പേര്‍ഷ്യയില്‍ പോകാനായിരുന്നു.അവര്‍ കൊടുത്തില്ല.
          കൊച്ചുപാര്‍വതിക്കുട്ടിയമ്മയുടെ താക്കോല്‍ മോഷ്ടിച്ച് ,മുറി തുറന്നു പണമെടുക്കാന്‍ അയാള്‍ പല പ്രാവശ്യം ശ്രമിച്ചു.....
                                 നടന്നില്ല......
                    അയാള്‍ക്ക്‌ വാശിയായി..
           അതിനുള്ള വഴിയാലോചിച്ചു അയാള്‍ നടന്നു.
 അയാള്‍ കൊച്ചുപാര്‍വതിക്കുട്ടിയമ്മയുടെ വീട്ടിലെ വൈദ്യുതി കണക്ഷന്‍ ഫ്യൂസ് ഊരിമാറ്റി.  വീട് പൂര്‍ണ്ണമായും ഇരുട്ടിലായി.  
                 രാത്രി കൊച്ചുപാര്‍വതിക്കുട്ടിയമ്മ ഉറങ്ങാന്‍ മുറിയില്‍ കയറവേ അയാള്‍ പിന്നിലൂടെ എങ്ങിനെയോ മുറിയില്‍ കയറി ഒളിച്ചിരുന്നു.പുലരുന്നത് വരെ അയാള്‍ പത്തായത്തിനു പുറകില്‍ കിടന്നു.
                 കൃത്യം നാലുമണിക്ക് തന്നെ കൊച്ചുപാര്‍വതിക്കുട്ടിയമ്മ ക്ഷേത്രത്തില്‍ പോകാന്‍ ഉണരുകയും ,പതിവുപോലെ പോകുകയും ചെയ്തു.ആ സമയം അയാള്‍ അവിടെയെല്ലാം പരതി  കൊച്ചുപാര്‍വതിക്കുട്ടിയമ്മയുടെ മാല മോഷ്ടിച്ച് , മുറിതുറക്കുന്നതും നോക്കി കാത്തിരുന്നു. 
              കൊച്ചുപാര്‍വതിക്കുട്ടിയമ്മ തിരികെ വന്നു.. 
                                  മുറി തുറന്നു..
              വീണ്ടും പുറത്തിറങ്ങി ..പിന്നില്‍ അയാളും.. 
ഇത് അവര്‍ അറിഞ്ഞിരുന്നില്ല.ജനലുകള്‍ കുറവായിരുന്ന വീട്ടിനകം ഇരുട്ടിലായിരുന്നു .
          കുറച്ചുദിവസം കഴിഞ്ഞ്  ഉദയന്‍ പേര്‍ഷ്യയില്‍ പോയി.അതോടെ അയാളുടെ ശല്യം തീര്‍ന്നു.കൊച്ചുപാര്‍വതിക്കുട്ടിയമ്മക്ക് ആശ്വാസമായി.
     കുറച്ചുനാള്‍ക്കുശേഷം എന്തോ ആവശ്യത്തിനു അവര്‍ മാല നോക്കി. 
                                കാണുന്നില്ല!!!!!!
                  അവര്‍ക്ക് മനസിലായി..ഉദയന്‍ തന്നെയാകും മാല മോഷ്ടിച്ചതെന്ന്...അവര്‍ ഉദയനാണ് അതു ചെയ്തതെന്ന് ആരോടും പറഞ്ഞില്ല.എന്നാല്‍ എല്ലാപേരും കേള്‍ക്കെ പറഞ്ഞു,
                   " നാളെ മുതല്‍ പത്ത് ദിവസം തുടര്‍ച്ചയായി ഞാന്‍ ഈ മുറ്റത്ത് പൊങ്കാല ഇടും.അതിനകം മാല എടുത്തവന്‍ എന്‍റെ മുന്നില്‍ വന്നില്ലെങ്കില്‍ .......ഞാന്‍ ഒരു ദൈവത്തിലും വിശ്വസിക്കില്ല..എന്‍റെ ജീവിതം അവസാനിപ്പിക്കും.. "
                         ശപഥം കേട്ട് എല്ലാപേരും ഞെട്ടി.
         കൊച്ചുപാര്‍വതിക്കുട്ടിയമ്മ പൊങ്കാല  ഇടാന്‍ തുടങ്ങി...
        പത്താം ദിവസം അവര്‍ പൊങ്കാലയിട്ടു നില്‍ക്കുമ്പോള്‍ ,നാട്ടിലെ വലിയ സ്വര്‍ണ്ണപ്പണിക്കാരന്‍ ചിന്നസ്വാമിയുടെ മകന്‍ മുരുകേശന്‍ അവിടേക്ക് കയറി വന്നു.കയറിയിരിക്കാന്‍ കൈകാണിച്ച്,കൊച്ചുപാര്‍വതിക്കുട്ടിയമ്മ പൊങ്കാല ഇട്ടു തീര്‍ന്നു.കയറിവന്ന അവരോടു മുരുകേശന്‍ കഥകള്‍ പറഞ്ഞു ,
                    " എന്‍റെ അപ്പന് 3000 രൂപയ്ക്കു ഇവിടുത്തെ മകന്‍ ഉദയന്‍ കൊടുത്തതാണ് ഈ മാല."
      അയാള്‍  മാല  കൊച്ചുപാര്‍വതിക്കുട്ടിയമ്മ യുടെ നേര്‍ക്ക് വച്ചുനീട്ടി..
  "അപ്പന്‍ പ്രത്യേകം പറഞ്ഞിരുന്നു ,എന്‍റെ അപ്പന് പറ്റിയ ഒരു തെറ്റാണ്. ക്ഷമിക്കണം.അപ്പന്‍ ഇപ്പോള്‍ സുഖമില്ലാതെ കിടക്കുകയാണ്."
              കൊച്ചുപാര്‍വതിക്കുട്ടിയമ്മ ഒന്നും മിണ്ടിയില്ല.അയാള്‍ തിരികെ പോകാന്‍ തുടങ്ങവേ അവര്‍ നില്ക്കാന്‍ പറഞ്ഞിട്ട് ,അകത്തേക്ക് കയറിപ്പോയി.
             പുറത്ത് വന്ന അവര്‍ 3000 രൂപയും ഏകദേശം ദിവസത്തിലെ പലിശയും കൊടുത്തു മുരുകേശനെ സന്തോഷത്തോടെ യാത്രയാക്കി.
             ഉദയന്‍ ഗള്‍ഫില്‍ നിന്ന് വന്‍തുകകള്‍ നാട്ടില്‍ അയച്ചുകൊണ്ടിരിക്കുന്നു.അയാള്‍ നാട്ടില്‍ വലിയ ഒരു വീടിന്‍റെ പണി നടത്തി , അതു പൂര്‍ത്തിയാക്കി.
            ഗ്രഹപ്രവേശനനാളിനു ഇനി മൂന്നുദിവസം  കൂടിയുണ്ട്.
         അയാള്‍  കൊച്ചുപാര്‍വതിക്കുട്ടിയമ്മയെ ക്ഷണിക്കാന്‍ വന്നെങ്കിലും അവര്‍ക്ക് അവനെ തിരിച്ചറിയാന്‍ പറ്റിയില്ല. 
          ഗ്രഹപ്രവേശനത്തിനു ബന്ധുക്കളെ ക്ഷണിക്കാന്‍ പോകവേ ,അയാള്‍ ഓടിച്ചിരുന്ന കാര്‍ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ച്‌,അയാള്‍ ദാരുണമായി കൊല്ലപ്പെട്ടു.....
      കൊച്ചുപാര്‍വതിക്കുട്ടിയമ്മയുടെ ശാപം അയാളെ കീഴ്പ്പെടുത്തി.
     പക്ഷെ മറവി രോഗം ബാധിച്ച കൊച്ചുപാര്‍വതിക്കുട്ടിയമ്മ ഇതൊന്നും അറിഞ്ഞിരുന്നില്ല.അവരുടെ ഓര്‍മ്മകള്‍ എന്നെന്നേക്കുമായി നഷ്ട്ടപ്പെട്ടിരുന്നു.
                   കൊച്ചുപാര്‍വതിക്കുട്ടിയമ്മയുടെ മരണത്തിനുശേഷം അവരുടെ പെട്ടി തുറന്ന മക്കള്‍ അത്ഭുതപ്പെട്ടുപോയി ...
             ഓരോ മക്കള്‍ക്കും ,ചെറുമക്കള്‍ക്കും വീട്ടുജോലിക്കാര്‍ക്കും വരെ കൃത്യമായി വസ്തുക്കള്‍ പ്രമാണം ചെയ്തുവച്ചിരുന്നു.
           അതില്‍ ഒരാളിന് മാത്രം അവര്‍ ഒന്നും എഴുതിവച്ചിരുന്നില്ല...
                      അത് ' ഉദയനാ ' യിരുന്നു  .........!!!!!!!!!!
                  




          

  


                          

No comments:

Post a Comment