Sunday, November 6, 2011

ഹംസക്കോയയും ; ദുരന്ത ദിവസവും !!!!!

   ഹംസക്കോയ 
             ഞങ്ങള്‍ നാട്ടുകാര്‍ അയാളെ 'കോയ സാബ്‌ 'എന്ന് വിളിക്കും.
അയാള്‍ക്ക് ഞങ്ങള്‍ അങ്ങനെ വിളിക്കുന്നതാണ് ഇഷ്ടം .ഹംസക്കോയ ഞങ്ങളുടെ നാട്ടുകാരനല്ല.ഇരുപത്തി രണ്ടു  വര്‍ഷം മുന്‍പ് അയാള്‍ ഈ നാട്ടില്‍ എത്തിയത് നബീസയെ നിക്കാഹു ചെയ്യാന്‍ വേണ്ടിയായിരുന്നു.ഇപ്പോള്‍ അയാള്‍ ഞങ്ങളുടെ നാട്ടുകാരനാണ്.
               നബീസയുടെ വാപ്പക്ക് മീന്‍ കച്ചവടമായിരുന്നു.ഒരിക്കല്‍ നബീസയുടെ വാപ്പ , കൊല്ലത്ത് നീണ്ടകരയില്‍ മീന്‍ പിടിക്കുന്നതും ,കച്ചവടം നടത്തുന്നതും കാണാന്‍ വെറുതെ ഒന്നുപോയി.ആ യാത്രയില്‍ അയാള്‍ അവിടെ മീന്‍ കച്ചവടം നടത്തുന്ന സുലൈമാനുമായി പരിചയപ്പെടാന്‍ ഇടയായി.ആ പരിചയപ്പെടല്‍ നീണ്ടു പോകുകയും ,പരസ്പ്പരം കുടുംബ കഥകള്‍ പറഞ്ഞു  അവര്‍ വളരെ അടുത്ത സ്നേഹിതന്‍ മാര്‍ ആകുകയും ചെയ്തു.ആ സ്നേഹം അവസാനം നബീസയുടെ വിവാഹത്തില്‍ ചെന്നെത്തി.
             സുലൈമാന്‍റെ ഏഴുമക്കളില്‍ നാലമത്തവനാണ് ഹംസക്കോയ.സുലൈമാന് നബീസയെ ഇഷ്ട്ടപ്പെട്ടു.അയാള്‍ അവളെ മകന്‍റെ ബീവിയാക്കാന്‍ തീരുമാനിക്കുകയും ,ഹംസക്കോയയെ കൊണ്ട് നിക്കാഹു നടത്തുകയും ചെയ്തു.
                 ഹംസക്കൊയക്ക്‌ അക്കാലത്തു സ്ഥിരമായി ജോലിയില്ലായിരുന്നു .അയാള്‍ വീടിനടുത്തുള്ള വില്ലേജ്ഓഫീസില്‍ ചെറിയ ചെറിയ ജോലികള്‍ ചെയ്തു ഉപജീവനം  നടത്തുകയായിരുന്നു .നല്ലവനും പാവപ്പെട്ടവനുമായ ഹംസക്കോയയെ വില്ലേജ് ഓഫീസിലെ ജീവനക്കാര്‍ക്ക് വലിയ വിശ്വാസവും സ്നേഹവുമായിരുന്നു.
                  ആദ്യമൊക്കെ ഓഫീസിലെ ജീവനക്കാര്‍ക്ക് പുറത്തുപോയി ചായ വാങ്ങിക്കൊടുക്കലായിരുന്നു പണി.പിന്നെ കുറെദിവസം കഴിഞ്ഞപ്പോള്‍ അയാളെ ഓഫീസ് തൂത്തുവരാനും ,ഓഫീസ് തുറക്കുവാനും അടക്കുവാനുമുള്ള ജോലി ഏല്‍പ്പിച്ചു.അക്കാലത്തു പി.എസ് .സി . വഴിയല്ലാതെയും ജോലി സ്ഥിരപ്പെടുത്തുന്ന സമ്പ്രദായം ഉണ്ടായിരുന്നു.ആ ഭാഗ്യം ഹംസക്കൊയയ്ക്കും കിട്ടി.നബീസയെ വിവാഹം കഴിച്ച ശേഷമായിരുന്നു ജോലി സ്ഥിരപ്പെടുത്തിക്കിട്ടിയത് .അത് കൊണ്ടു തന്നെ അതിന്‍റെ ഭാഗ്യം നബീസയ്ക്കാണ് കിട്ടിയത് .ഇപ്പോള്‍ അയാള്‍ സര്‍ക്കാര്‍ ജീവനക്കാരനാണ്.വില്ലേജ് ഓഫീസിലെ ഫുള്‍ ടൈം പ്യൂണ്‍.   
                സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും അങ്ങനെ ഹംസക്കൊയക്കും കിട്ടിത്തുടങ്ങി.അയാളും ,നബീസയും വളരെ സന്തോഷിച്ചു.ഇപ്പോഴും അയാള്‍ നാട്ടിലെ വില്ലേജ് ഓഫീസില്‍ തന്നെയാണ് ജോലി ചെയുന്നത്..അവരുടെ മൂന്ന് പെണ്മക്കളും സന്തോഷിച്ചു.
    അവര്‍ സന്തോഷിക്കട്ടെ !!! അത് ഞങ്ങള്‍ക്കും സന്തോഷമാണ്....കാരണം ഹംസക്കോയ നല്ലവനാണ്.
     ഹംസക്കോയ വലിയ സുന്ദരനല്ല...സുന്ദരനല്ല എന്നല്ല, ഒട്ടും കാണാന്‍ ഭംഗിയുള്ള ആളായിരുന്നില്ല..എന്നാല്‍ അയാള്‍ക്ക് ഒരു നല്ല മനസ്സുണ്ട്  .നന്‍മ നിറഞ്ഞ മനസ്സ് .നിസ്ക്കാരത്തഴമ്പുള്ള വീതിയുള്ള നെറ്റി ,ഉണങ്ങി മെലിഞ്ഞ കറുത്ത രൂപം,വലിയ ചെവികള്‍.പല്ലുകള്‍ക്കിടയിലെ വിടവുകള്‍ വളരെ വലുതായിരുന്നു. കഷണ്ടി കയറിയ തല.കറുത്ത തടിച്ച ചുണ്ട്.അയാളുടെ കണ്ണുകള്‍ ചെറുതും തിളക്കമുള്ളതുമായിരുന്നു.
             ഇടുങ്ങിയ തോളുകളില്‍ നീളമുള്ള കൈകള്‍.ഹംസക്കൊയയുടെ വിരലുകള്‍ പത്തിനും ഒരേ നീളമായിരുന്നു.അത് അയാളുടെ പ്രത്യേകതയായിരുന്നു.കോളറുള്ള വെള്ള ജുബ്ബയും ,വെള്ള ഒറ്റമുണ്ടുമായിരുന്നു ഹംസക്കൊയയുടെ വേഷം.അയാളുടെ എല്ലാ ജുബ്ബയും വളരെ നീളമുള്ളവയാണ്‌ .അയാള്‍ വെളുത്ത വേഷം ഇഷ്ടപ്പെട്ടിരുന്നു.ഹംസക്കോയ ഒരേ സമയം ബീഡി വലിക്കുകയും വെറ്റില മുറുക്കുകയും ചെയ്യുമായിരുന്നു.
                ചില അവധി ദിവസങ്ങളില്‍  'കോയ സാബ് 'ഞങ്ങളോടൊപ്പം കൂടുമായിരുന്നു .അയാള്‍ ഫലിതം കലര്‍ന്ന കഥകള്‍ പറയും .അത് ഞങ്ങള്‍ക്ക് കേള്‍ക്കാന്‍ വലിയ താല്പ്പര്യമായിരുന്നു.
              ഹംസക്കൊയയുടെ കൂട്ടുകാരന്‍ അധികം പഴക്കമില്ലാത്ത ഒരു സൈക്കിള്‍ ആണ്.എപ്പോഴും അയാള്‍ ആ സൈക്കിളില്‍ യാത്ര ചെയ്യാന്‍ താല്പ്പര്യപ്പെട്ടിരുന്നു.സൈക്കിള്‍ ഇല്ലാത്ത കോയ സാബിനെ ഞങ്ങള്‍ കണ്ടിട്ടില്ല.അങ്ങനെ ദിവസവും ഹംസക്കോയ സ്വന്തം സൈക്കിളില്‍ പേട്ട റെയില്‍വേ സ്റ്റേഷനില്‍ എത്തി ,സൈക്കിള്‍ അവിടെ പൂട്ടി വച്ച് ,ട്രെയിനില്‍ ജോലി സ്ഥലത്ത് പോകും .അയാള്‍ ട്രെയിനില്‍ യാത്ര ചെയ്യാന്‍ സീസണ്‍ ടിക്കെറ്റ് എടുത്തു വച്ചിട്ടുണ്ട്.അയാള്‍ ദിവസവും ജോലിക്ക് പോകുന്ന സ്വഭാവക്കാരനാണ് .അയാള്‍ അനാവശ്യമായി ലീവ് എടുത്തു സര്‍ക്കാറിനെ വിഷമിപ്പിക്കാറില്ല.അതും അയാള്‍ക്കുള്ള ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് ആണ് .
                           ഇനി പറയുന്നതാണ് സംഭവകഥ...
          എന്നത്തേയും പോലെ അന്നും കോയ സാബ് ജോലിക്ക് പോകാന്‍  സൈക്കിളില്‍ വീട്ടില്‍ നിന്ന് യാത്ര തിരിച്ചു ,സ്റ്റേഷനില്‍ എത്തി.ദിവസവും സൈക്കിള്‍ വയ്ക്കുന്ന സ്ഥലത്ത് സൈക്കിള്‍ വച്ച് അയാള്‍ ട്രെയിനില്‍ കയറി.അല്‍പസമയം കഴിഞ്ഞു ട്രെയിന്‍ സ്റ്റേഷനില്‍ നിന്നും യാത്ര തിരിച്ചു.പതിനഞ്ചു മിനിറ്റ് കഴിഞ്ഞു ,കോയ സാബിന് സമീപം ടി.ടി.ആര്‍ എത്തി ,സീസണ്‍ ടിക്കറ്റ്‌ ആവശ്യപ്പെട്ടു.അപൂര്‍വ്വം ദിവസങ്ങളിലെ ടി.ടി.ആര്‍ കോയ സാബിനടുത്ത്  വരാറുള്ളു.സാബ്‌ പേഴ്സില്‍ നിന്നും ടിക്കറ്റ്‌ എടുത്തു ടി.ടി.ആറിനു കൊടുത്തു. ടി.ടി.ആറിന്‍റെ മുഖം ചുളുങ്ങുന്നതും ,കണ്ണുകള്‍ തുറന്നു തുറിച്ചു പുറത്തേക്കു വരുന്നതും കോയ സാബ് കണ്ടു.അയാള്‍ ആകെ അമ്പരന്നു.
                  ടി.ടി.ആറിന്‍റെ ശബ്ദം കോയയുടെ കാതില്‍ എത്തി.
   സീസണ്‍ ടിക്കെട്ടിന്‍റെ കാലാവധി കഴിഞ്ഞിട്ട്  26 ദിവസം കഴിഞ്ഞിരിക്കുന്നു.
                 കോയ സാബ് എന്തെങ്കിലും മറുപടി പറയുന്നതിന് മുന്‍പ് അയാളുടെ മുന്നിലേക്ക്‌ 600  രൂപയുടെ പിഴ അടക്കേണ്ട രസീപ് നീണ്ടു  വന്നു. വിറയ്ക്കുന്ന കൈകളോടെ അയാള്‍ അത് വാങ്ങി.രൂപ എണ്ണി നോക്കി ടി.ടി.ആര്‍ അടുത്ത ബോഗിയിലേക്കു പോയി.കോയക്ക് വളരെ വിഷമമായി .അയാളുടെ മനസ് വല്ലാതെ വേദനിച്ചു.അയാളുടെ   ജീവിതത്തിലെ ആദ്യത്തെ ഓര്‍മ്മപ്പിശകിനു കിട്ടിയ ശിക്ഷ.
                 അയാള്‍ ടി.ടി.ആര്‍ നല്‍കിയ രസീതുമായി അടുത്ത ബോഗിയിലേക്കു പോയി.അവിടെ അയാളോടൊപ്പം സ്ഥിരമായി യാത്ര ചെയ്യുന്ന ചിലര്‍ ചീട്ടു കളിക്കുന്നുണ്ടായിരുന്നു.കൊയയേയും അവര്‍ ചീട്ടു കളിയ്ക്കാന്‍ ക്ഷണിച്ചു.മനസ്സിന്‍റെ പിരിമുറുക്കം തീര്‍ക്കാന്‍ കോയ അവരോടൊപ്പം കൂടി.കളിയില്‍ രസം പിടിച്ചു അവര്‍ ചീട്ടുകളി തുടര്‍ന്നു.
                  വണ്ടി സ്റ്റേഷനില്‍ നിര്‍ത്തി.
                 ചീട്ടുകളിയുടെ രസത്തില്‍ അവര്‍ അതൊന്നും അറിഞ്ഞില്ല.
                  റെയില്‍വേ പോലീസ് ആ ബോഗിയില്‍ കയറി.
                  വണ്ടി സ്റ്റേഷനില്‍ നിന്ന് നീങ്ങി.
                   ചീട്ടു കളിച്ചവരെ കയ്യോടെ പിടിച്ചു.കോയക്കും കിട്ടി 250  രൂപയുടെ ഒരു രസീത്. 
        രണ്ടാമതും കിട്ടിയ ശിക്ഷ അയാളെ എന്ത് നിലയില്‍ എത്തിച്ചു എന്ന് പ്രത്യേകം പറയണ്ടല്ലോ?
        രൂപകൊടുത്തു പിന്നെയും അയാള്‍ മൗനിയായി ബോഗിയിലൂടെ നടക്കാന്‍ തുടങ്ങി.ബോഗികള്‍ മൂന്നോ നാലോ കടന്ന് അയാള്‍ അടുത്തുള്ള ബോഗിയിലെ ബാത്ത് റൂമില്‍ കയറി മൂത്രമൊഴിച്ചു.പുറത്തു വന്ന അയാള്‍ ആകെ തളര്‍ന്നിരുന്നു.അയാള്‍ക്ക്‌ വിഷമം സഹിക്കാന്‍ കഴിയുന്നില്ല.മനസിന്‍റെ വിഷമം തീര്‍ക്കാന്‍ അയാള്‍ ജുബ്ബയുടെ പോക്കറ്റില്‍  നിന്ന് ഒരു ബീഡി എടുത്തു. ബീഡി അയാള്‍ ചുണ്ടില്‍ വച്ച് തീ കൊളുത്തി.
                   അതാ വരുന്നു....
വീണ്ടും റെയില്‍വേ പോലീസ്..വീണ്ടും കിട്ടി 100  രൂപയുടെ ശിക്ഷ.
            അതും കൊടുത്തു അയാള്‍ ഇറങ്ങേണ്ട സ്റ്റേഷന്‍ നോക്കി വാതിലിനു പുറത്തേക്കു നോക്കിനിന്നു  .പുറത്തേക്കു ചാടിയാലോ എന്നുപോലും കോയ ചിന്തിച്ചു.മക്കളെയും ഭാര്യയേയും അപ്പോള്‍ ഓര്‍ത്തു.
                  വണ്ടി അയാള്‍ക്ക് ഇറങ്ങേണ്ട സ്റ്റേഷനില്‍ എത്തി.ഓഫീസില്‍    എത്തി.ആകെ വിഷമിച്ചിരുന്ന അയാള്‍ മൗനിയായിരുന്നു .കാരണം തിരക്കിയ ജീവനക്കാര്‍ അയാളെ ആശ്വസിപ്പിച്ചു.
                  അന്ന് ഓഫീസിലെ ജോലിക്കിടയിലും അയാള്‍ക്ക് അബദ്ധങ്ങള്‍ ഉണ്ടായി.പതിവിലും നേരത്തെ അയാള്‍ ഓഫീസില്‍ നിന്നും ഇറങ്ങി , സ്റ്റേഷനിലെ ബഞ്ചില്‍ അയാള്‍ മണിക്കൂറുകള്‍ ഇരിക്കുകയും ,അല്‍പ്പനേരം ഉറങ്ങുകയും ചെയ്തു.
                     അയാള്‍ക്ക്‌ പോകേണ്ട ട്രെയിന്‍ എത്തി.അതിനു മുന്‍പ് തന്നെ അയാള്‍ ഓഫീസില്‍ നിന്ന് കടം വാങ്ങിയ രൂപകൊണ്ട് സീസണ്‍ ടിക്കറ്റ്‌ പുതുക്കിയിരുന്നു.
                    ട്രെയിനില്‍ കയറുന്നതിനു മുന്‍പ് തന്നെ അയാള്‍  പോക്കറ്റില്‍   കിടന്ന ബീടിപ്പൊതി ദൂരേക്ക്‌ വലിച്ചെറിഞ്ഞിരുന്നു.പിന്നീട് ഒരിക്കലും കോയ സാബ് ബീഡി വലിച്ചിട്ടില്ല.
                യാത്ര തുടര്‍ന്നു.കൂട്ടുകാര്‍ ചീട്ടു കളിയ്ക്കാന്‍ ക്ഷണിച്ചു.കോയ സാബ് പോയില്ല.
                    ചീട്ടു കളി അയാള്‍ വെറുത്തു...
                 അയാള്‍ എന്നെന്നേക്കുമായി ചീട്ടു കളി മതിയാക്കി.
                 അയാള്‍ നാട്ടിലെത്തി.
                  വീട്ടിലേക്കു പോകുവാന്‍ സൈക്കിള്‍ എടുക്കുവാന്‍ ധൃതിയില്‍  നടന്നു.
      സൈക്കിള്‍ വച്ച സ്ഥലത്ത്  കാണുന്നില്ല ...!!!          
     അയാള്‍ പരിസരം മുഴുവന്‍ പരതിനോക്കി....കണ്ടില്ല....
     അയാള്‍ക്ക്‌ ശരീരം തളരുന്നതായി തോന്നി.
  പോക്കറ്റില്‍ തപ്പി നോക്കി, സൈക്കിള്‍ താക്കോല്‍ കാണുന്നില്ല..
    അയാള്‍ക്ക്‌ ഒന്നും ഓര്‍മ്മിക്കുവാന്‍ ശക്തിയില്ല.
    എന്ത് സംഭവിച്ചു ????!!!!
    സൈക്കിള്‍ സ്റ്റാന്‍ഡില്‍ വച്ച് പൂട്ടാന്‍ മറന്നു പോയത് എത്ര ആലോചിച്ചിട്ടും അയാള്‍ക്ക്‌ ഓര്‍മ്മ വരുന്നില്ല....
   എന്തു സംഭവിച്ചു എന്നു സ്വയം  ചോദിച്ചു  കൊണ്ടു അയാള്‍ ബസ്‌ കയറി വീട്ടില്‍ എത്തി.
  അന്ന് കോയ സാബിന്‍റെ വീട്ടില്‍ ആരും ഒന്നും സംസാരിച്ചില്ല .
എല്ലാവരും ആ നശിച്ച ദിവസത്തെ ശപിച്ചു കൊണ്ടു ഉറങ്ങാന്‍ കിടന്നു.
എത്രയോ വര്‍ഷം കൊണ്ടു യാത്ര ചെയ്ത കോയക്ക് ഇത് പോലെ ഒരു ദുരന്ത ദിവസം ഉണ്ടായിട്ടില്ല..
                മാസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ കൊയസാബിനു ഒരു പഴയ സൈക്കിള്‍ വാങ്ങിക്കൊടുത്തു...
     കാരണം......
    സൈക്കിള്‍ ഇല്ലാത്ത കോയ സാബിനെ കാണാന്‍ ഞങ്ങള്‍ക്ക് ഇഷ്ട്ടമല്ല.കോയ സാബ് പൂര്‍ണ്ണനാകണമെങ്കില്‍ സൈക്കിള്‍ വേണം.
      അത് ഞങ്ങള്‍ നാട്ടുകാരുടെ ഒരു അവകാശമാണ്...ആഗ്രഹമാണ്.
     കോയ സാബ് ഇപ്പോഴും സൈക്കിളില്‍ ജോലിക്ക് പോകുന്നു.
     അത് ഞങ്ങള്‍ സന്തോഷത്തോടെ കാണുന്നു...             

                  
               

3 comments:

  1. ചിലരുണ്ട്, ചില ചിട്ടകള്‍. എന്റെ ഗ്രാന്‍ഡ്‌ ഫാദര്‍ അങ്ങനെയായിരുന്നു. കോയ സാബ് നു ആരോഗ്യവും ആയുസും കിട്ടാന്‍ പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
  2. ഇതെന്തു കഥ ...ഞാന്‍ ആദ്യം കരുതി ഏതോ ഒരു പടത്തില്‍ മോഹന്‍ലാലിന് പറ്റിയ പോലെ മറവി രോഗം കൊയാക്കാക്കും പിടിപെട്ടു എന്ന് ....!

    ReplyDelete
  3. ചെറിയ പറ്റുകള്‍ പറ്റാത്തവരായി ആയി ആരും ഇല്ലല്ലോ.... ഞങ്ങളുടെ കോയ സാബിനും അങ്ങനെ പറ്റിയ ഒരു പറ്റാണ് ഈ പറ്റ്....ഇപ്പോള്‍ ആര്‍ക്കും കോയ സാബിനെ പറ്റിക്കാന്‍ പറ്റില്ല...

    ReplyDelete