Tuesday, May 3, 2011

                            ആടലോടകം+കുട =വല്യച്ചന്‍ 

എന്റെ അച്ഛന്റെ ജ്യേഷ്ഠനാണു കുട്ടന്‍പിള്ള.ഞങ്ങള്‍ "വല്യച്ചാ" എന്നു വിളിക്കും.വിദ്യാഭ്യാസവകുപ്പില്‍ നിന്ന് റിട്ടയര്‍ ചെയ്ത ആളാണ്‌.ഞങ്ങള്‍ വളരെ ചെറിയ കുട്ടികളായിരുന്നപ്പോഴാണ്  വലിയച്ചനു ജോലിയുണ്ടായിരുന്നത്.
             ആ അവസരത്തില്‍ വല്ലപ്പോഴുമൊക്കെ വല്യച്ചന്‍ ഞങ്ങളുടെ വീട്ടില്‍ വരും.എന്റെ അച്ഛന്‍ അദേഹത്തെ 
" കൊച്ചണ്ണാ" എന്നാണ്  വിളിച്ചിരുന്നത്‌ .ഞങ്ങളോട് വല്യച്ചന്  വളരെ സ്നേഹമായിരുന്നു.വിഷുവിനു വല്യച്ചന്‍ വിഷുക്കൈനീട്ടം തരുമായിരുന്നു.
             ആ കാശുകൊണ്ട് ഞാന്‍ രണ്ടു മൂന്നു സിനിമകള്‍ കാണും. വളരെ ഭംഗിയായി വെള്ള ഖദര്‍ മുണ്ടും,ഷര്‍ട്ടും ,ഖദര്‍ ഷാളും ധരിച്ചു നടക്കുന്ന വല്യച്ചന് കറുപ്പ് നിറമായിരുന്നു.കാക്കക്കറുപ്പെന്നു പറയും.കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും വല്യച്ചന്‍ ചെറിയ ചെറിയ തട്ടിപ്പ് നടത്തുമെന്ന് അമ്മ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്.
               അങ്ങനെ ഒരിക്കല്‍ വല്യച്ചന്‍ നടത്തിയ ഒരു  തട്ടിപ്പുകഥ പറയാം .
           വല്യച്ചന്‍ പെന്‍ഷന്‍ വാങ്ങാന്‍ പോകുന്നത് സിറ്റിയിലെ ട്രഷറിയിലാണ് .നീണ്ടു , വളഞ്ഞ പിടിയുള്ള ഒരു വലിയ വയസ്സന്‍ കുട എപ്പോഴും വല്യച്ഛന്റെ കയ്യില്‍ , പുറത്തു പോകുന്ന സമയം കാണും.
          ഒരിക്കല്‍ ഭയങ്കര മഴയും കാറ്റും ഉള്ള ഒരു ദിവസം വല്യച്ചനെ കാറ്റ് പറത്തി, ചെറിയ പുഴയില്‍ തള്ളിയിട്ടു.പുഴ മഴവെള്ളത്തില്‍ നിറഞ്ഞുകവിഞ്ഞു ഒഴുകുകയായിരുന്നു.തുറന്നു പിടിച്ചിരുന്ന കുടയുടെ തുണികള്‍ ശക്തിയായ കാറ്റില്‍ കീറുകയും ,വെള്ളത്തില്‍ വീണ് ,ശക്തമായ ഒഴുക്കില്‍പ്പെട്ട് ഒഴുകിപ്പോകുകയും ചെയ്തു.ആ വഴിവന്നവര്‍ പുഴയിലെ വെള്ളത്തില്‍ ചാടി വല്യച്ചനെ കഷ്ടിച്ച് രക്ഷപ്പെടുത്തുകയായിരുന്നു .
            അതിനു ശേഷം കുറെനാള്‍ വല്യച്ചന്   കുടയില്ലായിരുന്നു.കുടയില്ലാത്ത വല്യച്ചനെ കാണാന്‍ ഞങ്ങള്‍ക്ക് വിഷമമായിരുന്നു.പുതിയൊരു കുട വാങ്ങാന്‍ വല്യച്ഛന്റെ പക്കല്‍ പണവും ഇല്ലായിരുന്നു.
            അന്ന് ഞാന്‍ മനസ്സില്‍ കുറിച്ചിട്ടിരുന്നു.
        വലുതായി ജോലി കിട്ടിയാലുടന്‍ വല്യച്ചന് ഒരു കുട വാങ്ങിക്കൊടുക്കണം.
          അങ്ങനെയിരിക്കെ ഒരു ദിവസം പെന്‍ഷന്‍ വാങ്ങാന്‍ പോയ വല്യച്ചന്‍ തിരികെ  വീട്ടില്‍ വന്നപ്പോള്‍ ഒരു വലിയ  പുതിയ കുട 
നിവര്‍ത്തിപ്പിടിച്ചു പിടിച്ചിരിക്കുന്നു.
         എല്ലാപേരും വല്യച്ഛന്റെ കുട തുറന്നു പിടിച്ചു നോക്കി അതിന്റെ ഭംഗി ആസ്വദിച്ചു.
          ദിവസങ്ങള്‍ ചിലത് കഴിഞ്ഞു.
             ഒരു ദിവസം ഞങ്ങള്‍ റോഡില്‍ കളിച്ചുകൊണ്ട് നില്‍ക്കവേ ,വല്യച്ചനോളം പ്രായമുള്ള ഒരാള്‍ തൂക്കിപ്പിടിച്ച സഞ്ചിയുമായി ഞങ്ങളുടെ സമീപം എത്തി.അദ്ദേഹം ഞങ്ങളെ അടുത്ത് വിളിച്ചു ശബ്ദം താഴ്ത്തി ചോദിച്ചു.
           "ഇവിടെ കുട്ടന്‍പിള്ള എന്ന ആളിന്റെ വീട് എവിടെയാണ്?"
           ഞങ്ങള്‍ അല്‍പ്പം അകലെയുള്ള വല്യച്ഛന്റെ വീട് ചൂണ്ടിക്കാണിച്ചു കൊടുത്തു.കടുത്ത ചൂടില്‍ അയാള്‍ വല്യച്ഛന്റെ വീട് ലക്ഷ്യമാക്കി നടന്നു.
         കുറെ സമയം കഴിഞ്ഞു ഞങ്ങള്‍ കളി മതിയാക്കി ,വല്യച്ഛന്റെ വീട്ടിലേക്കു നടന്നു.
              മുറ്റത്തു ചെറിയ ആള്‍ക്കൂട്ടം.വല്യച്ഛന്റെ വീടിനു ചുറ്റുമുള്ള കുറച്ചുപേര്‍. 
                ഉറക്കെ സംസാരം കേള്‍ക്കാം.
         ശബ്ദം വല്യച്ഛന്റെ വീട് ചോദിച്ചു വന്ന ആളിന്റെതാണ്.
          ആദ്യം കാര്യം എന്താണെന്നു എനിക്ക് മനസ്സിലായില്ല .എന്നാല്‍ കുറെക്കഴിഞ്ഞു അവിടെ നടന്ന കഥ എന്താണെന്നു എനിക്ക് മനസ്സിലായി.
           അത് ഇങ്ങനെയായിരുന്നു.
      ട്രഷറിയില്‍ ജോലിയുള്ള ഒരാള്‍ക്ക്‌ എന്തോ ഔഷധം ഉണ്ടാക്കാനായി "ആടലോടകം" (ഒരു ഔഷധ ചെടിയാണ്) വേണമെന്ന്  കഴിഞ്ഞപ്രാവശ്യം പെന്‍ഷന്‍ വാങ്ങാന്‍ പോയ സമയം വല്യച്ചനോട് പറഞ്ഞിരുന്നു.അത് അനുസരിച്ച് വല്യച്ചന്‍ ആടലോടകത്തിന്റെ ഇല (നീളം കൂടിയ ഇലയാണ്) വളരെ ഭംഗിയായി അടുക്കിക്കെട്ടി ,പേപ്പര്‍ കൊണ്ട് ഭംഗിയായി പൊതിഞ്ഞു ,സഞ്ചിയില്‍ വച്ച്  പെന്‍ഷന്‍ വാങ്ങാന്‍ പോയപ്പോള്‍ കൊണ്ടുപോയിരുന്നു.
              പെന്‍ഷന്‍ വാങ്ങുന്നവരുടെ തിരക്ക് വളരെ കൂടുതലായിരുന്നു.ആടലോടകം ആവശ്യപ്പെട്ടിരുന്ന ഉദ്യോഗസ്ഥന്‍ അന്ന് വന്നിരുന്നില്ല.വല്യച്ചന്‍ സഞ്ചിയുമായി കാത്തുനിന്നു.
                ചൂട് വളരെ കഠിനമായിരുന്നു.പെട്ടന്ന് വല്യച്ചന് ഒരു കുബുദ്ധി തോന്നി.
             അല്‍പ്പം അകലെ മാറി ,തിരക്കില്‍ നിന്നും ഒഴിഞ്ഞു ഒരു മാന്യന്‍ നില്‍ക്കുന്നത് വല്യച്ഛന്റെ ശ്രദ്ധയില്‍ പെട്ടു.അയാളോട് കുശലം പറയാന്‍ അടുത്തുകൂടി.ഏറെനേരം അവര്‍ പലവിഷയങ്ങളും സംസാരിച്ചു.വല്യച്ചന് അയാളെയും അയാള്‍ക്ക് വല്യച്ചനെയും ഇഷ്ടപ്പെട്ടു .
                  അയാള്‍ പെന്‍ഷന്‍ തുക വാങ്ങിയിരുന്നില്ല.വല്യച്ചന്‍ നേരത്തെ വാങ്ങിയിരുന്നു.വളരെ മാന്യമായി വല്യച്ചന്‍ അയാളോട് കുട അല്‍പ്പസമയത്തേക്ക് തരണമെന്നും ,ഷുഗറിന്റെ ഒരു ഗുളിക മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് വാങ്ങണമെന്നും പറഞ്ഞു.അയാള്‍ സന്തോഷത്തോടെ കുട നല്‍കി.വല്യച്ചനും പകരമായി കയ്യിലിരുന്ന സഞ്ചി അല്‍പ്പനേരത്തേക്ക്  സൂക്ഷിക്കുവാന്‍ അയാളെ ഏല്‍പ്പിച്ച് , കുട നിവര്‍ത്തി വെളിയിലേക്ക് ഇറങ്ങി.
                വല്യച്ചന്‍ ആള്‍ക്കൂട്ടത്തിലേക്കു അലിഞ്ഞുചേര്‍ന്നു.അയാള്‍ കാത്തുനിന്നു.
               നിമിഷങ്ങള്‍ മണിക്കൂറുകളായി.
           വല്യച്ചനെ കാണുന്നില്ല.
            സഞ്ചി ഏല്‍പ്പിക്കണം.അതിനുള്ളില്‍ എന്താണെന്നും അറിയില്ല.
             അയാള്‍ക്ക്‌ വിഷമമായി.
          അയാള്‍ പലരോടും വല്യച്ഛന്റെ രൂപം പറഞ്ഞു അന്വേഷിക്കുവാന്‍ തുടങ്ങി.ആര്‍ക്കും അത്രപിടുത്തമില്ല.
          അയാള്‍ പെന്‍ഷന്‍ വാങ്ങി.
           കുറേനേരം കൂടി നോക്കി ,നിരാശനായി വീട്ടിലേക്കു   പോയി. 
             പക്ഷേ അയാള്‍ ബുദ്ധിമാനായിരുന്നു..
 അയാള്‍ പോകുന്നതിനു മുന്‍പ് വല്യച്ചനുമായി സംസാരിച്ച കാര്യങ്ങള്‍ ഓര്‍മ്മിക്കുകയും ,ഏഴാമത്തെ കൌണ്ടറില്‍ നിന്നും പെന്‍ഷന്‍ വാങ്ങിയതായി വല്യച്ചന്‍ പറഞ്ഞത് ഓര്‍ത്ത് ,അവിടെയുള്ള ഓഫീസറോട് അന്നേ ദിവസം പെന്‍ഷന്‍ വാങ്ങിയവരുടെ ട്രഷറിയിലുള്ള പെന്‍ഷന്‍ ബുക്ക് പരിശോധിച്ച്, വല്യച്ഛന്റെ ഫോട്ടോപതിച്ച പെന്‍ഷന്‍ ബുക്ക് നോക്കിയെടുത്ത് ,അഡ്രസ്‌ എഴുതിയെടുക്കുകയും ചെയ്തു.
                അയാള്‍ക്ക്‌ കുടയായിരുന്നില്ല ആവശ്യം.
             വല്യച്ചന് എന്തുസംഭവിച്ചു എന്നറിയണം.സഞ്ചിയിലുള്ളത്  സുരക്ഷിതമായി തിരികെ നല്‍കണം.
       അയാള്‍ പൊള്ളുന്ന വെയിലില്‍ കുടയില്ലാതെ പുറത്തേക്കിറങ്ങി. 
           അയാള്‍ നന്നേ ക്ഷീണിതനായതിനാല്‍ അന്നുതന്നെ അഡ്രസ്സ് അന്വേഷിച്ചു പോകാന്‍ കഴിഞ്ഞില്ല.
           വീട്ടിലെത്തി അയാള്‍ സഞ്ചി സുരക്ഷിതമായി അലമാരയില്‍ വച്ചു പൂട്ടി. എന്നെങ്കിലും വല്യച്ചന്‍ വരും എന്ന പ്രതീക്ഷയില്‍..
            അടുത്ത പെന്‍ഷന്‍ ദിവസം ട്രഷറിയില്‍ പോകുമ്പോള്‍ വല്യച്ചനെ കണ്ടു നല്‍കാമെന്ന് അയാള്‍ തീരുമാനിച്ചു.
                     ദിവസങ്ങള്‍ ചിലത് കഴിഞ്ഞു...
                 അയാള്‍ അലമാര തുറന്നപ്പോള്‍ അഴുകിയ ഇലകളുടെ ദുര്‍ഗന്ധം.
                  അയാള്‍ സഞ്ചിപുറത്തേക്കെടുത്തു.ഭാര്യയേയും കൂട്ടി സഞ്ചി തുറന്നു.അയാള്‍ ഞെട്ടിപ്പോയി....
                ' അഴുകിത്തുടങ്ങിയ ആടലോടകം......'
                 അയാളെ പറ്റിച്ചു എന്നു മനസിലാക്കി.
                 ഒട്ടും വൈകിയില്ല....
                അയാള്‍ സഞ്ചിയുമായി പുറത്തേക്കിറങ്ങി ,വല്യച്ഛന്റെ അഡ്രസ്സ് നോക്കി ഇവിടെയെത്തി.
       കഥകേട്ട് ഞാന്‍ ഉറക്കെ ചിരിച്ചു...കൂടെ മറ്റുള്ളവരും..
       വല്യച്ചന്‍ നാണിച്ച് വിഷണ്ണനായി.
        അയാള്‍ പോകുമ്പോള്‍ കയ്യില്‍ ആ വലിയ സുന്ദരന്‍ കുടയും ഉണ്ടായിരുന്നു.
                      വല്യച്ചന് ഒരു പേരും കിട്ടി...
                     "ആടലോടകം കുട്ടന്‍പിള്ള"
                   

               
               

1 comment:

  1. വല്ല്യച്ചൻ കൊള്ളാലോ..............

    നല്ല അവതരണം അഭിനന്ദനങ്ങൾ.

    ReplyDelete