Sunday, May 22, 2011

                       "മലയില്‍ നിന്നൊരു കോഴിക്കള്ളന്‍ "
         
  (എന്റെ കുട്ടിക്കാലം ദാരിദ്രത്തിലായിരുന്നു.എന്റെ ജീവിതവുമായി ബന്ധമുള്ള പല സുഹൃത്തുക്കളും സാമ്പത്തികവും, ആഹാരവും തന്നു സഹായിച്ചിട്ടുണ്ട്.
          ഇതിലെ സ്ഥലവും, മനുഷ്യരും, അനുഭവങ്ങളും എന്റെ കുട്ടിക്കാലത്തെ ഓര്‍മ്മകളാണ്.അവരോടൊപ്പമുള്ള ചില രസകരമായ അനുഭവങ്ങള്‍ ഇവിടെ കഥ പോലെ എഴുതി സമര്‍പ്പിക്കുന്നു.)
                    
                         തുലാവര്‍ഷം കഴിഞ്ഞു.പുഴയിലും വയലുകളിലും നിറഞ്ഞുകവിഞ്ഞു നിന്ന വെള്ളം അകലെ കടലില്‍ അലിഞ്ഞു ചേര്‍ന്നു.വയലുകളിലെ നെല്‍ച്ചെടികള്‍ ഒടിഞ്ഞു ചെളിമണ്ണില്‍  പതിഞ്ഞു കിടന്നു.ശക്തിയായ കാറ്റില്‍ പുഴക്കരികിലെ വരമ്പില്‍ നിന്ന്, ചരിഞ്ഞു നിന്നിരുന്ന തെങ്ങുകള്‍ തറയില്‍ പതിച്ചു ,പുഴയ്ക്കു കുറുകെ തടിപ്പാലം തീര്‍ത്തിരിക്കുന്നു.
                      കുസൃതിക്കാരായ ഞങ്ങള്‍ക്ക് പുഴയിലേക്ക് ചാടാന്‍ പാകത്തിന് തെങ്ങിന്‍ തടി പലഭാഗത്തും പാലം തീര്‍ത്തിരിക്കുന്നു.മഴ കഴിഞ്ഞുള്ള ആദ്യത്തെ വെയിലിനു ചൂട് അധികമില്ല.
                       ഞങ്ങള്‍ നാഷണല്‍ ഹൈവേയിലെ തട്ടുപാലത്തില്‍ ഒത്തുകൂടും.തട്ടുപാലം ഞങ്ങളുടെ പാര്‍ക്ക് ആണ്. എന്നും വൈകുന്നേരങ്ങളില്‍ തട്ടുപാലത്തിനടുത്തുള്ള  സയിദിന്റെ  ചായക്കടയില്‍ ഞങ്ങള്‍ നാട്ടുകാര്‍ സമ്മേളിക്കും.
                         റേഡിയോ വലിയ പ്രചാരത്തില്‍ ഇല്ലാത്തതിനാല്‍ ,വാര്‍ത്ത കേള്‍ക്കാനും ,ചലച്ചിത്രഗാനങ്ങള്‍ കേള്‍ക്കുവാനും ,യുവറാണി കേള്‍ക്കുവാനും ഞങ്ങള്‍ ആശ്രയിക്കുന്നത് തട്ടുപാലത്തിലുള്ള സഹകരണ സംഘം സൊസൈറ്റിയുടെ മുകളിലുള്ള റേഡിയോയെ ആയിരുന്നു.
                      പൊള്ളയായ ഒരു പിന്നയ്ക്കമരം റോഡരികിലെ  ചായക്കടയോട് ചേര്‍ന്നു നില്‍പ്പുണ്ട്.അതിനു ചുവട്ടില്‍ പല ഭാഗത്തായി പല ഗ്രൂപ്പുകള്‍ ചേര്‍ന്നു ചീട്ടുകളി സംഘം ഉണ്ടായിരിക്കും.തട്ടുപാലത്തിനപ്പുറം വിശാലമായ തെങ്ങിന്‍തോപ്പാണ്  .തെങ്ങിന്‍തോപ്പിനകത്തു ആടും ,പശുവും ,മറ്റു നാല്‍ക്കാലി മൃഗങ്ങളും മേഞ്ഞു നടക്കുന്നു.
                    തട്ടുപാലത്തിന്റെ കൈവരിയില്‍ കയറിയിരുന്നാല്‍ താഴെ പുഴയുടെ ശബ്ദം...എന്‍ .എച്ച് റോഡിലൂടെ നിരന്നുപോകുന്ന വാഹനം.ശരീരത്തിന് ശക്തിയും കുളിര്‍മ്മയും നല്‍കി കടന്നുപോകുന്ന കാറ്റ്..
                   തട്ടുപാലം എന്നത് പാലം മാത്രമല്ല ,ഒരു ചെറിയ ജംഗ്ഷന്‍ കൂടിയാണ്. ഇവിടെ പോസ്റ്റ്‌ഓഫീസ് ,സഹകരണം സംഘം സൊസൈറ്റി ,ചെറിയ ഒരു പ്രൈവറ്റ്  ആശുപത്രി ,മുറുക്കാന്‍ കട ,പലചരക്ക് കട ,കള്ളുഷാപ്പ് എന്നിങ്ങനെ എല്ലാം ഉണ്ട്.
                   വൈകുന്നേരം നാട്ടിലെ എല്ലാ പ്രമാണിമാരും ഇവിടെ വരുകയും ,ആരും കാണാതെ കള്ളുകുടിച്ചു സ്ഥലം വിടുകയും ചെയ്യും.
                         വയലിനടുത്തുള്ള ഒരു വലിയ വീടാണ് ചാമവിളാകത്ത്  വീട് (ഇവിടെ നിന്ന് ഇഷ്ടം പോലെ ആഹാരം കഴിച്ചിട്ടുണ്ട്).ഇവര്‍ക്ക് ധാരാളം വസ്തുക്കളും ,വയലുകളും ഉണ്ട്.ബാലന്‍നായര്‍ എന്ന ജന്മിയായിരുന്നു ചാമവിള വീട്ടിലെ ഗൃഹനാഥന്‍.ഒരു കുട വയറന്‍.വയറിന്റെ വലതുവശത്ത് തള്ളിനില്‍ക്കുന്ന ഒരു മുഴ, ചെമ്പന്‍ കണ്ണ് ,പരുക്കന്‍ ശബ്ദം ..ഇതായിരുന്നു ബാലന്‍ നായര്‍.ഇപ്പോള്‍ ബാലന്‍ നായര്‍ ജീവിച്ചിരിപ്പില്ല.അയാളുടെ മരണം വളരെ പെട്ടന്നായിരുന്നു.
                     അയാളുടെ അനുജന്‍ കരുണാകരന്‍ നായര്‍ക്കും ,ബാലന്‍നായര്‍ക്കും ഒരു ഭാര്യയായിരുന്നു.സ്വത്ത് പുറത്തു പോകാതിരിക്കാന്‍ വേണ്ടിയാണു ഈ നടപടി എന്നായിരുന്നു നാട്ടുവര്‍ത്തമാനം.കരുണാകരന്‍ നായര്‍ക്ക്‌ ഒരു കാലിന്റെ നീളക്കുറവു  ഉണ്ടായിരുന്നതിനാല്‍ അയാള്‍ മോണ്ടി നടക്കുകയും ,അയാള്‍ 'മൊണ്ടി കരുണാകരന്‍'എന്നറിയപ്പെടുകയും ചെയ്തു.എങ്കിലും അയാള്‍ക്ക്‌ വില്ലേജ് ഓഫീസില്‍ ജോലിയുണ്ടായിരുന്നു.അയാള്‍ക്ക്‌ നല്ല കറുത്ത കണ്ണുകള്‍ ആണ്.അത് കൊണ്ട് തന്നെ അവര്‍ക്ക് ജനിച്ച ആറു മക്കളില്‍ മൂന്നു പേര്‍ക്ക് ചെമ്പന്‍കണ്ണുകള്‍ ആയിരുന്നു.
                    ബാലന്‍നായരുടെ ഭാര്യ സുന്ദരിയാണ് .അവരുടെ സൗന്ദര്യം പോലെത്തന്നെയാണ്  അവരുടെ പെരുമാറ്റവും     .വിശന്നു വരുന്നവര്‍ക്ക് അവര്‍ ആഹാരം കൊടുക്കുമായിരുന്നു.
                       ബാലന്‍നായരുടെ വിശാലമായ പറമ്പില്‍ നിറയെ കന്നുകാലികളായിരുന്നു.രാവിലെ ആറുമണി മുതല്‍ ഉച്ചക്ക് രണ്ടുമണി വരെ ബാലന്‍നായരും ജോലിക്കാരും പറമ്പിലും , വയലിലും ,പുഴയിലും ആയിരിക്കും.രണ്ടു മണി കഴിഞ്ഞാല്‍ പിന്നെ എല്ലാപേര്‍ക്കും വിശ്രമം ആണ് ,പിറ്റേന്ന് രാവിലെ വരെ.
                      ബാലന്‍നായരുടെ വീട്ടില്‍ ധാരാളം കോഴികളുണ്ട്.അവയ്ക്ക് പ്രത്യേകം കൂട് നിര്‍മ്മിച്ചിട്ടില്ല.കന്നുകാലികളെ കെട്ടുന്ന എരുത്തിലിന്റെ മുകളിലത്തെ തട്ടില്‍ അവ  അഭയം തേടും.നല്ല നാടന്‍ മുട്ടകള്‍ എപ്പോഴും അവിടെ നിന്ന് വാങ്ങാന്‍ കിട്ടുമായിരുന്നു.മുട്ട ,തൊണ്ട് ,ചിരട്ട ,മടല്‍ ,തേങ്ങ ,മത്തന്‍ ,പലതരം കിഴങ്ങുവര്‍ഗങ്ങള്‍ ,ചേന ,ചേമ്പ്‌  എന്നുവേണ്ട എല്ലാ സാധനങ്ങളും അവിടെ വില്‍ക്കാന്‍ ഉണ്ടായിരുന്നു ...വാങ്ങാന്‍ നാട്ടിലെ സാധാരണക്കാരായ ഞങ്ങളും.
                    ആയിടക്കു ചാമവിളയിലെ കോഴികളുടെ എണ്ണം കുറയുന്നതായി സുഭദ്രാമ്മ മനസിലാക്കി.കുറുക്കന്‍ പിടിച്ചുകൊണ്ടു പോകുന്നത് എന്നാണ് അവര്‍ കരുതിയത്‌.അതിനാല്‍ ആശാരിയെ വരുത്തി നല്ല ബലമുള്ളതും വലിപ്പമുള്ളതുമായ കോഴിക്കൂട് നിര്‍മ്മിച്ച്‌ ,അവറ്റകളെ അതിനുള്ളില്‍ പാര്‍പ്പിച്ചു.
               അതിനു ശേഷവും കോഴികളുടെ എണ്ണത്തില്‍ കുറവ് വരാന്‍ തുടങ്ങി.മാത്രവുമല്ല ,ആയിടെ പ്രസവിച്ച ആടിന്റെ മൂന്നുകുട്ടികളില്‍ ഒന്നിനെ കാണാനുമില്ല.തീരെ ചെറിയ കുട്ടിയായതിനാല്‍ അവറ്റയെ കെട്ടിയിരുന്നില്ല.രാത്രിയില്‍ കുട്ടി പുറത്ത് ചാടിപോയതാവം എന്നു കരുതി .എങ്കിലും എല്ലാപേര്‍ക്കും സംശയം തോന്നി.
              അതിനാല്‍ ബാലന്‍ നായരുടെ മക്കളില്‍ പൂച്ചക്കണ്ണുള്ള ഗോപുവിനെ രാത്രി ഉറങ്ങാതെ കാവലിരുത്താന്‍ തീരുമാനിച്ചു.കൂട്ടിനായി ഞങ്ങളില്‍ ചിലരെയും വിളിച്ചിരുന്നു.ഗോപുവും ഞങ്ങളും ഉറങ്ങാതെ കട്ടന്‍ ചായ കുടിച്ചു കാത്തിരുന്നിട്ടും യാതൊരു ഫലവും കണ്ടില്ല.
                  കോഴികളുടെയും ആട്ടിന്‍കുട്ടികളുടെയും  എണ്ണം പിന്നെയും കുറഞ്ഞു.നാല് പട്ടികള്‍ -അതും മനുഷ്യനെ കടിച്ചു തിന്നാന്‍ തക്കവണ്ണം ശൗര്യം  ഉള്ളത് ഉണ്ടായതിനാല്‍ -കള്ളന്മാരല്ല ഇത് ചെയ്യുന്നത് എന്നു മനസിലാക്കി.
                     ദിവസങ്ങള്‍ മാസങ്ങളായി കടന്നുപോയി.ഞങ്ങളുടെ കാത്തിരുപ്പ് ഇപ്പോഴും ഉണ്ട് . കാവലിരുന്ന ഞങ്ങള്‍ക്ക് പേടിയായി തുടങ്ങി.അതുകൊണ്ടുതന്നെ ഞങ്ങള്‍ ആ കാവല്‍ പരിപാടി   എന്നെന്നേക്കുമായി വേണ്ടെന്നു വച്ച് അവരവരുടെ വീടുകളില്‍ ഉറക്കമായി.അവസാനം ഒറ്റയ്ക്കായ ഗോപുവും കാവലിരുപ്പ് മതിയാക്കി.
                    മകരമാസം എത്തി .
              എല്ലായിടത്തും കൊയ്ത്തു തുടങ്ങി .
              എല്ലായിടത്തും സ്വര്‍ണ്ണക്കതിര്‍ ചുമന്നു കൊണ്ടു പോകുന്ന ചെറുമികള്‍.
                     വയലുകള്‍ വരണ്ടു.
              ബാലന്‍നായരുടെ മിക്ക വയലുകളിലും കൊയ്ത്തു കഴിഞ്ഞു.ഇനിയും രണ്ടോ , മൂന്നോ നിലമേ ഉള്ളു.പക്ഷെ ഈ നിലങ്ങള്‍ വളരെ വലുതാണ്‌.ഈ നിലങ്ങള്‍ കൊയ്യാന്‍ കൂടുതല്‍ ആളുവേണം.അതുകൊണ്ട് ചെറിയകണ്ടങ്ങളിലെ കൊയ്ത്തു കഴിഞ്ഞാല്‍ മാത്രമേ,വലിയകണ്ടങ്ങളിലെ കൊയ്ത്തു തുടങ്ങു.
                     ഈ വയലുകളിലാണ് മരമടി മഹോത്സവം നടത്തുന്നത്.അന്ന് ആ നാട്ടിലെയും ,സമീപപ്രദേശങ്ങളിലെയും ചുണക്കുട്ടന്മാരായ കാളകളും ,പോത്തുകളും ചെളി നിറഞ്ഞ വയലുകളിലൂടെ ഓടുന്ന മത്സരം  കാണാന്‍ വളരെ തിരക്കാണ്.ഒന്നാമനാകുന്ന ചുണക്കുട്ടന്മാര്‍ക്ക് സമ്മാനം കൊടുക്കും.
                            ഒരു അവധി ദിവസമായിരുന്നു, വലിയ കണ്ടത്തിലെ കൊയ്ത്ത്. ഈ കണ്ടത്തിനു ബാലന്‍ നായര്‍ ഇട്ടിരിക്കുന്ന പേര് "വടക്കേ വയല്‍ " എന്നാണ്.നാല്‍പ്പത്തിയഞ്ച് പേരോളം ഉണ്ടായിരുന്നു വടക്കേ വയല്‍ കൊയ്യാന്‍.വീടിനു അടുത്തുള്ളതും ,ഏറ്റവും വലുതും , അവസാനം കൊയ്ത്ത് നിര്‍ത്തുന്നതുമാണ്  വടക്കേ വയല്‍.അതുകൊണ്ടുതന്നെ അന്ന് ചെറിയ ഒരു ഉത്സവം   പോലെയാണ്.
                             കൊയ്ത്തുനടക്കുന്നു .എന്റെ കൂട്ടുകാരന്‍ അമ്പി എന്നു വിളിക്കുന്ന സത്യരാജന്‍ ,അവന്റെ അമ്മ ,മൂന്നു സഹോദരികള്‍ ഇവര്‍ ഒരുഭാഗത്ത്.മറ്റുള്ളവര്‍ പല ഭാഗത്തായി വേര്‍തിരിച്ചു കൊയ്ത്തുനടത്തുന്നു.
               സൂര്യന്‍ തലയ്ക്കു മുകളില്‍.
              രാവിലെ തുടങ്ങിയതാണ്.
 ഇപ്പോള്‍ ഏകദേശം പകുതിയിലേറെ കഴിഞ്ഞു.ഇനിയും കുറച്ചു കൂടിയുണ്ട്.ഞങ്ങള്‍ കരയില്‍ പല കഥകളും പറഞ്ഞിരുന്നു.
                          പെട്ടന്ന് അമ്പി "അയ്യോ" എന്നു നിലവിളിച്ചുകൊണ്ടു  ,അരിവാള്‍ നിലത്തെറിഞ്ഞു ,പുറകിലേക്ക് ഓടാന്‍ തുടങ്ങി.ഞങ്ങള്‍ പെട്ടന്ന് ചാടി എഴുന്നേറ്റു അവന്റെ സമീപത്തേക്ക് ഓടി.അവന്‍ വല്ലാതെ ഭയന്നിരുന്നു.ശരീരത്തിലൂടെ വിയര്‍പ്പു ഒഴുകുന്നുണ്ടായിരുന്നു.ഞങ്ങള്‍ അവനെപ്പിടിച്ചു വയല്‍ വരമ്പില്‍ ഇരുത്തുകയും ,കുടിക്കാന്‍ വെള്ളം കൊടുത്തു ആശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു.അവന്റെ ശബ്ദം പുറത്ത് വരാതെ തൊണ്ടയില്‍ കുരുങ്ങി കിടക്കുകയാണ്.ഞങ്ങളുടെ കൂടെയുള്ളവര്‍ അവന്റെ നെഞ്ചും,മുതുകും തടവുകയും ,തോര്‍ത്ത് കൊണ്ടു വീശിക്കൊടുക്കുകയും ചെയ്തു.കുറച്ചു നേരത്തിനു ശേഷം അവന്റെ ഉള്ളില്‍ നിന്നും  ഒരു ദീര്‍ഘശ്വാസം പുറത്തേക്കു വന്നു.ഈ സമയം അവന്റെ അമ്മയും ,സഹോദരിമാരും കാര്യം എന്തെന്നറിയാതെ ഉറക്കെ കരയുന്നുണ്ടായിരുന്നു.
                    ഒടുവില്‍ ഞങ്ങള്‍ അവനോടു കാര്യം തിരക്കി.അവനു ഒന്നും പറയാന്‍ പറ്റുന്നില്ല .ഞങ്ങളുടെ കൈ പിടിച്ചു അവന്‍ കൊയ്തുകൊണ്ടിരുന്നഭാഗത്തു കൊണ്ടുപോയി നിര്‍ത്തി.അവിടെ കുറച്ചു ഭാഗത്ത് നെല്‍ച്ചെടി ചരിഞ്ഞിട്ടില്ലായിരുന്നു.
                  കൂട്ടത്തില്‍ ധൈര്യശാലിയായ ഒരു കൂട്ടുകാരന്‍ ഞങ്ങള്‍ക്കുണ്ട്‌.അവന്‍ തവളയേയും,മത്സ്യത്തേയും ചുട്ടുതിന്നുമായിരുന്നു.അതുകൊണ്ടുതന്നെ അവനെ "പൊന്തന്‍ ബാബു" എന്നു പ്രായഭേധമന്യേ എല്ലാരും വിളിച്ചിരുന്നു. 
                       പൊന്തന്‍ ബാബു നെല്‍ച്ചെടികള്‍ കൈകളും കാലുകളും കൊണ്ടു വകഞ്ഞു മാറ്റി.ബാബുവും ഞെട്ടി പുറകോട്ടു മാറി.എങ്കിലും അവന്‍ അരിവാളു കൊണ്ടു നെല്‍ക്കതിരിനിടയില്‍ കിടക്കുന്ന ജീവിയെ ഞങ്ങള്‍ക്ക് കാണിച്ചു തന്നു...
                          ഒരു തടിയന്‍ പെരുമ്പാമ്പ്‌........
    ഞങ്ങളും വല്ലാതെ ഭയന്നു.പെരുമ്പാമ്പ്‌ ഒന്നും അറിയാതെ ഉറക്കത്തിലാണ്.
                    ബാലന്‍ നായര്‍ വന്നു.അയാള്‍ ഉറക്കെ പറയുന്നുണ്ടായിരുന്നു,
             "ഇവനാണ് നമ്മുടെ കോഴിക്കള്ളന്‍."
              അതു സത്യമായിരുന്നു.....
             ഇവനായിരുന്നു കോഴിക്കള്ളന്‍.  
     ഞങ്ങള്‍ കാവലിരുന്നുനോക്കിയ കള്ളന്‍ ഇവനായിരുന്നു.
            എല്ലാപേരും ഉറക്കെ ചിരിക്കാന്‍ തുടങ്ങി.
          സ്ഥലത്തെ ചട്ടമ്പിയും,ജന്മിയുമായ ശിവശങ്കരപ്പിള്ള സ്ഥലത്തെത്തി.അയാളുടെ കയ്യില്‍ നീളമുള്ള വെട്ടുകത്തി ഉണ്ടായിരുന്നു.അയാള്‍ അതു കൊണ്ടു പാമ്പിനെ വലിച്ചുനീട്ടി.
                     നീളം കൂടിയ ഒരു പെരുമ്പാമ്പ്‌...
ശിവശങ്കരപ്പിള്ള പറയുന്നുണ്ടായിരുന്നു,
                 "ഒരു പതിനാറടി നീളമെങ്കിലും കാണും"
                   ശരിയായിരുന്നു..
                    അതിനു നല്ല നീളമുണ്ടായിരുന്നു.
 അയാള്‍ പൊന്തന്‍ ബാബുവിനെക്കൂട്ടി ,പാമ്പിനെ ചുമലില്‍ എടുത്തു.ഉത്സവത്തിനു കൊടിമരം കൊണ്ടു പോകും പോലെ പുഴവരമ്പിലൂടെ അവര്‍ പെരുമ്പാമ്പിനെ ചുമലിലേറ്റി നടന്നു.ഞങ്ങള്‍ പുറകെ കൂകിക്കൂകി നടന്നു.
                    പെട്ടന്ന് പാമ്പ് ഒന്ന് പിടഞ്ഞു.
       ശിവശങ്കരപ്പിള്ള പുഴയിലും ,പൊന്തന്‍ ബാബു വയലിലുമായി തെറിച്ചു വീണു.വീണ്ടും അതു ആവര്‍ത്തിക്കാതിരിക്കാന്‍  ശിവശങ്കരപ്പിള്ള അയാളുടെ വെട്ടുകത്തികൊണ്ട് പാമ്പിന്റെ കഴുത്തില്‍ വെട്ടി.
             പകുതി തല അറ്റ പാമ്പ് ഒന്ന് പിടച്ചു...
            പിന്നെ അതു അനങ്ങിയിട്ടില്ല.
  അയാള്‍ അതിനെ അടുത്തുള്ള തെങ്ങിന്‍തോപ്പില്‍  കൊണ്ടിടുകയും ,അതിന്റെ പുറം ചട്ട ഊരി എടുക്കുകയും ,വീട്ടില്‍ നിന്ന് കൊണ്ടു വന്ന ഭരണിയില്‍ അതിന്റെ നെയ്യ് എടുത്ത ശേഷം ,അതിനെ കുഴിവെട്ടി മൂടുകയും ചെയ്തു.
           അന്നാദ്യമായാണ് ഞങ്ങള്‍ പെരുമ്പാമ്പിനെ    ജീവനോടെ കണ്ടത്...
          പിന്നീടൊരിക്കലും ചാമവിളാകം വീട്ടിലെ കോഴികളെയും ആട്ടിന്‍കുട്ടികളെയും കാണാതായിട്ടില്ല.
          പിന്നീടൊരിക്കലും ആ നാട്ടില്‍ പെരുമ്പാമ്പ്‌ വന്നിട്ടില്ല.
         പെരുമ്പാമ്പിന് ശിവശങ്കരപ്പിള്ളയെ പേടിയായിരുന്നു.
           പെരുമ്പാമ്പിന് മാത്രമല്ല........ഞങ്ങള്‍ക്കും........
          
     
                           

4 comments:

 1. പാവം പാമ്പ്. കഥയിൽ അവസാനം ഒരു കോഴിക്കള്ളൻ പാമ്പിനെ പ്രതീക്ഷിച്ചിരുന്നു. (അനുഭവമുണ്ടായിരുന്നു)

  നന്നായിരിക്കുന്നു ആശംസകൾ...

  വായിക്കാൻ അക്ഷരങ്ങൾ ബോൾഡ് അല്ലാതിരിക്കുന്നതാണു സൗകര്യം

  ReplyDelete
 2. കൊള്ളാം കോഴി കള്ളന്‍ പെരും പാംബ്

  ReplyDelete
 3. ആശംസകള്‍....

  ReplyDelete
 4. എല്ലാ ബ്ലോഗുസുഹൃത്തുക്കള്‍ക്കും നന്ദി...ഇനിയം ഈ പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു....

  ReplyDelete