Monday, January 31, 2011

കാത്തിരുപ്പ്

(ചില കാത്തിരുപ്പുകള്‍ സുഖമാണ്. ചിലത് സന്തോഷകരമാണ്. മറ്റു ചിലതാകട്ടെ ദുഖവും.കാത്തിരുന്നവര്‍ക്കും ,കാത്തിരിക്കുന്നവര്‍കും വേണ്ടി സദയം സമര്‍പ്പിക്കുന്നു....)
റെയില്‍വേ സ്റ്റേഷനില്‍ അയാള്‍ കാത്തിരുന്നു...കൂടെ ഞാനും ..കേരള എക്സ്പ്രസ്സ്‌ ഒരു മണിക്കൂര്‍ ലേറ്റ്. ശക്തിയായ മഴ.പുറത്ത് ഇരുട്ടു പരന്നിരുന്നു. സമയം ഉച്ച കഴിഞ്ഞു മൂന്നര  മണി ആയിട്ടെ ഉള്ളു . കാര്‍മേഘങ്ങള്‍  ഇരുണ്ട് കൂടി അന്തരീക്ഷമാകെ കറുത്തിരുന്നു. ഇടക്കിടെ ശക്തിയായ ഇടിയും ,മിന്നലും ,റെയില്‍വേ പാളങ്ങള്‍ക്കിടയില്‍ മഴ വെള്ളം കെട്ടികിടക്കുന്നു. അതില്‍ നിറയെ പ്ലാസ്റ്റിക്‌ കവറുകളും ഗ്ലാസ്സുകളും ഒഴുകി നടന്നു.
     എന്‍റെ സമീപം ഹരി കൃഷ്ണന്‍ ഇരിപ്പുണ്ട് . അയാള്‍ വല്ലാതെ ചുമക്കുന്നുണ്ട്. തണുപ്പ് അയാള്‍ക് സഹിക്കാന്‍ പറ്റുന്നില്ല എന്ന് തോന്നി. അവനു ആരോഗ്യം കുറവായിരുന്നു. "ചായ വേണോ?" ഞാന്‍ ചോദിച്ചു. അയാള്‍ വേണമെന്ന് തല ആട്ടി. ഞാന്‍ എഴുനേറ്റു. റെയില്‍വേ ക്യാന്റീന്‍ലേക്ക് നടന്നു. അവനു കൂടെ വരാന്‍ പറ്റുന്നില്ല .ഞാന്‍ ഗ്ലാസ്സില്‍ ചൂടുള്ള ചായ വാങ്ങി .ഹരി കൃഷ്ണന്‍ ആര്‍ത്തിയോടെ കുടിച്ചു.അവന്‍ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു. അവനു സിമന്റ്‌ ബെഞ്ചില്‍ കിടക്കാന്‍ വേണ്ടി ഞാന്‍ അല്പം മാറി ഇരുന്നു. .അവന്‍ കിടന്നു. ഞാന്‍ സ്ടഷനിലെ   കാഴ്ചകളിലേക്ക് നോക്കി   ഇരുന്നു. എനിക്ക് ഒന്നും കാണാന്‍ കഴിയുന്നില്ല .വീണ്ടും എന്‍റെ നോട്ടം ഹരി കൃഷ്നണിലേക്ക്   വന്നു. ഞാന്‍ അവനെ നോക്കി ഇരുന്നു.
        എന്‍റെ പ്രിയ കൂട്ടുകാരന്‍ . സമപ്രായം, ഒരുമിച്ചു പത്താം  ക്ലാസ്സുവരെ പഠിച്ചവന്‍ .മിക്ക ക്ലാസ്സുകളിലും എന്‍റെ ബെഞ്ചില്‍ തന്നെ അവനും ഇരിക്കാറുള്ളത്. ക്ലാസ്സിലെ പഠിത്തത്തില്‍ ഒന്നാമന്‍. ഞങ്ങള്‍ക്ക് തമ്മില്‍ പിണക്കമോ പരിഭവമോ ഇല്ല. എന്‍റെ വീടിന്‍റെ കുറച്ചകലെയാണ് അവന്റെയും വീട്.


   ഹരി കൃഷ്ണന് നല്ല വെളുപ്പ്‌ നിറമാണ്. ചെമ്പന്‍  കണ്ണ്,സദാ ചുവന്ന ചെവി.അവന്റെ തലമുടിക്ക് നല്ല കറുപ്പ് നിറം അല്ലായിരുന്നു. അതുകൊണ്ട് ഞങ്ങള്‍ അവനെ വിളിക്കുന്നത്‌ "സായിപ്പ്‌" എന്നാണ്. അതില്‍ അവനു പരാതിയോ,പരിഭവമോ ഇല്ല.അവനു ഇളയതായി  ഒരു അനിയനും അനിയത്തിയും ഉണ്ട്.അവര്‍ അവനെ പോലെ വെളുത്തതല്ല ..അവരുടെ കണ്ണുകള്‍ക്ക്‌ നല്ല കറുപ്പ് നിറമാണ്.
   ഹരി കൃഷ്ണന്റെ അച്ഛന്‍ സിലോണില്‍ (ഇന്നത്തെ ശ്രീ ലെങ്ക )ആയിരുന്നു. അവിടെ കച്ചവടം നടത്തിയിരുന്നു. കൂടെ കൂടെ അയാള്‍ നാട്ടില്‍ വരുമായിരുന്നു. അയാള്‍ തിരിച്ചു പോകുമ്പോള്‍ വലിയ തുണി കെട്ടുകള്‍ കൊണ്ട് പോകുമായിരുന്നു. മദ്രാസില്‍ നിന്ന് വാങ്ങുന്ന തുണികളാണ് കൂടുതലും. കൂടാതെ മധുരയിലും കോയമ്പത്തൂരില്‍ നിന്നും അയാള്‍ തുണികള്‍ വാങ്ങി സിലോണിലേക്ക്‌ കൊണ്ട് പോകുമായിരുന്നു. ഒരിക്കല്‍ ഹരി കൃഷ്ണന്‍ എന്നോട് പറഞ്ഞിട്ടുണ്ട് കൂടുതലും ബെഡ് ഷീറ്റ്‌കള്‍ ആണെന്ന്. സ്കൂളില്‍ വരുമ്പോള്‍ ഹരി നല്ല ഉടുപ്പുകള്‍ ഇടാറുണ്ട്. അവന്റെ ഉടുപ്പുകളില്‍ കാറുകളും ഇംഗ്ലീഷ്  അക്ഷരങ്ങളും നിറയെ കാണും..അവനു ഭംഗി ഉള്ള ഉടുപ്പുകള്‍ ഉണ്ടായിരുന്നു.
    അവന്റെ അച്ഛന് സിലോണിലും ഭാര്യയും രണ്ടു പെണ്മക്കളും ഉണ്ട്. പേര് ചന്ദ്രന്‍ പിള്ള എന്നാണെങ്കിലും അയ്യാളെ നാട്ടുകാര്‍ വിളിക്കുന്നത്‌ "സിലോണ്‍ കാരന്‍ " എന്നാണ്. അതുകൊണ്ട് അയാളുടെ ശരിക്കുള്ള പേര് ആര്‍കും അറിയില്ല.
  അവന്റെ അച്ഛന് സിലോണില്‍ ഭാര്യയും  മക്കളും ഉള്ള കാര്യം അവന്റെ അമ്മയ്ക്കും അവനും അറിയാം.പക്ഷെ അവന്റെ അമ്മ അതെ പറ്റി ഒന്നും അയാളോടു ചോദിച്ചിട്ടില്ല. അവര്‍ക്ക് അതില്‍ പിണക്കമില്ല. അയാള്‍ അങ്ങോട്ട്‌ പറഞ്ഞിട്ടുമില്ല. നാട്ടിലെ മറ്റൊരു സിലോന്കാരനായ ഹനീഫ പറഞ്ഞാണ് ഇക്കാര്യം നാട്ടില്‍  അറിഞ്ഞത്. ..ഹനീഫയെ എല്ലാരും " കൊളമ്പ്   ഹനീഫ" എന്നാണ് വിളിക്കുന്നത്‌.അയാള്കും സിലോണില്‍ കച്ചവടമാണ് പണി.
പത്താം ക്ലാസു പാസ്സായ ഹരി കോളേജില്‍ പോയില്ല .ഞാന്‍ ദൂരെ ഉള്ള കോളേജില്‍ പോകാന്‍ തുടങ്ങി.പിന്നെ ഇടക്കൊക്കെ തമ്മില്‍ കാണും.
     ഒരു ദിവസം ഹരി എന്നെ കാണാന്‍ വീട്ടില്‍ വന്നു. പതിവില്ലതതിനാല്‍ ഞാന്‍ കാര്യം അനേഷിച്ചു. അവന്‍ പറഞ്ഞു."ഞാന്‍ എന്‍റെ അമ്മാവനോടൊപ്പം രാജസ്ഥാനില്‍  പോകുന്നു.അവിടെ അമ്മാവന് ഒരു ഹോട്ടെല്‍ ഉണ്ട്. അമ്മാവന്‍ ഒരു ജോലി വാങ്ങി തരാം എന്ന് പറയുന്നു."ഞാന്‍ അവനെ നോക്കിയപ്പോള്‍ അവന്റെ കണ്ണ് നിറഞ്ഞിരിക്കുന്നു.ചെവികള്‍ കൂടുതല്‍ ചുവന്നിരിക്കുന്നു.
   എനിക്ക് അവനോടു ഒന്നും പറയാന്‍ തോന്നിയില്ല . ഞാന്‍ അവനെ കെട്ടിപിടിച്ചു കരഞ്ഞു. അവന്‍ പോകാന്‍ നേരം, എന്‍റെ അമ്മ അവന്റെ പോക്കറ്റില്‍ കുറച്ചു രൂപാ വച്ച് കൊടുത്തു.അവന്‍ കൈവീശി യാത്രയായി.ഞാന്‍ അവനെ നോക്കി നിന്നു.....
                 രണ്ടു വര്ഷം കഴിഞ്ഞു. ഒരു ഞായറാഴ്ച എന്നോടൊപ്പം കോളേജില്‍ പഠിക്കുന്ന സ്നേഹിതനെ യാത്രയാക്കാന്‍ ബസ്‌ സ്റ്റാന്‍ഡില്‍ നില്‍ക്കവേ ഒരു ബസ്‌, സ്റ്റോപ്പില്‍ നിര്‍ത്തി.കൈഇലും തോളിലും രണ്ടു വലിയ ബാഗുമായി ഒരാള്‍ പുറത്തേക്കിറങ്ങി. ഞാന്‍ അത്ഭുതത്തോടെ  നോക്കി.
                               ഹരി കൃഷ്ണന്‍.......
     എന്‍റെ കോളേജിലെ  സുഹൃത്തിനെ കയറ്റിയ ബസ്‌ കടന്നു പോയ്‌.അവന്റെ ബാഗില്‍ ഒരെണ്ണം ഞാന്‍ വാങ്ങി,ഞങ്ങള്‍ പലതും പറഞ്ഞു നടന്നു. അവനു നാട്ടിലെ കാര്യങ്ങള്‍ അറിയണം.എനിക്ക് രാജസ്ഥാനിലെ കഥകള്‍ കേള്‍ക്കണം . പുഴ വരമ്പിലൂടെ ഞങ്ങള്‍ വിശേഷങ്ങള്‍ പറഞ്ഞു നടന്നു.
                      അവനെന്നോടെ കുറെ കാര്യങ്ങള്‍ പറഞ്ഞു.ആദ്യം ആറു മാസത്തോളം ജോലി ഒന്നും കിട്ടിയില്ല. അവന്റെ അമ്മാവന്റെ കടയില്‍ തന്നെ സഹായി ആയി നിന്നു.  ക്രമേണ ഭാഷ പഠിച്ചു. രാജസ്ഥാനില്‍ അസഹ്യമായ ചൂട് ആണ്.അവനു സഹിക്കാന്‍ പറ്റാത്ത ചൂട്.എങ്കിലും അവന്‍ സഹിച്ചു.അവന്റെ അമ്മാവന്‍ രാജസ്ഥാന്‍കാരിയെ കല്യാണം കഴിച്ചിരുന്നു.അവന്റെ അമ്മാവന്റെ ഭാര്യയുടെ മുഖം ഇത് വരെ അവന്‍ നേരെ കണ്ടിട്ടില്ല.അത് പറഞ്ഞു അവന്‍ ഉറക്കെ ചിരിക്കുന്നുണ്ടായിരുന്നു. അമ്മാവന് നാല് കുട്ടികളായിരുന്നു.അവന്‍ ആഹാരം പാകം ചെയ്യാന്‍ പഠിച്ചു. ഹോട്ടലിലെ ചില വിഭവങ്ങള്‍ അവനാണ് ഉണ്ടാക്കുനത്. നാട്ടിലായിരുന്നപ്പോള്‍ ചില ദിവസങ്ങളില്‍ അമ്മക്ക് സുഖമിലാതെ വരുമ്പോള്‍ അവന്‍ പാചകം ചെയ്യുമായിരുന്നു.  അങ്ങനെ രാജസ്ഥനികള്‍ക്ക് കേരള വിഭവങ്ങള്‍ ഉണ്ടാക്കി  കൊടുക്കുമായിരുന്നു.നല്ല രുചിയുള്ള 'സാമ്പാര്‍' ഉണ്ടാക്കുകയും , രാജസ്ഥാനികള്‍ അത് വളരെ ഇഷ്ടത്തോടെ  വാങ്ങി കഴിക്കയും ചെയ്തിരുന്നു .രാജസ്ഥനികല്ള്‍ക്ക്   അവനെ ഇഷ്ടമായി. ഇപ്പോള്‍ അവനും രാജസ്ഥാന്‍ ഇഷ്ടമായി  ,രാജസ്തനികളെയും  ..
                                          ഹരി പിന്നീടു പലപ്രാവശ്യം  വരുകയും പോകുകയും ചെയ്തു.ഇപ്പോള്‍ അവന്‍ ഹിന്ദിയും രാജസ്ഥാനിയും നല്ലപോലെ സംസാരിക്കും. അവന്‍ അനുജനെ പഠിപ്പിച്ചു.അയാള്‍ സ്കൂള്‍ അധ്യാപകനായി.അനിയത്തിയെ വിവാഹം കഴിച്ചയച്ചു.. .
                                                    എനിക്കും ജോലി കിട്ടി.ഞാനും വിവാഹം കഴിച്ചു.
           ഹരി കൃഷ്ണന്‍ ഇപ്പോള്‍ ജോലി ചെയുന്നത് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും അതിര്‍ത്തിക്കു  അടുത്തുള്ള  ഒരു സ്റ്റീല്‍ കമ്പനിയില്‍ ആണ്.അവനിപ്പോള്‍ കമ്പനിയിലെ സീനിയര്‍ വര്‍ക്ക്‌ സൂപ്രണ്ട് ആണ്. നല്ല ശമ്പളം.
                                       അവന്‍ രാജസ്ഥാനില്‍ പോയി ഒരു വര്ഷം കഴിഞ്ഞപ്പോള്‍ തന്നെ അവന്റെ അച്ഛന്‍ സിലോണില്‍ വച്ച് മരിച്ചു പോയ്‌. അതിനു ശേഷം അവിടെ നിന്നും ഒരു വിശേഷവും അറിയാനില്ലായിരുന്നു .ക്രമേണ  എല്ലാപേരും അച്ഛനെ മറന്നു.
                            എനിക്ക് കേരളത്തിന്റെ വടക്കേ അറ്റത്തുള്ള ഒരു ജില്ലയിലായിരുന്നു ജോലി. അത് കൊണ്ട് ഹരിയുടെ വിശേഷം കൂടുതലായി അറിയാന്‍ കഴിയാതെ വന്നു. എങ്കിലും ഞാന്‍ നാട്ടില്‍ വരുമ്പോള്‍ അവന്റെ അനിയനെ കണ്ടു കാര്യങ്ങള്‍ അറിഞ്ഞിരുന്നു.
                         ഒരിക്കല്‍ ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടി.അവന്‍ വിവാഹം കഴിച്ചോ എന്ന് ഞാന്‍ ചോദിച്ചു . ചോദ്യം കേട്ടു അവന്‍ ചിരിക്കുകയും എന്നെ വീട്ടിലേക്കു കൂട്ടിപോകുകയും ചെയ്തു. എന്നെ അത്ഭുതപ്പെടുത്താന്‍ വേണ്ടി ആയിരുന്നു അത്. അവന്‍ ഭാര്യയുടെ പേര് വിളിച്ചു..
                                             "ദുലാരി" അതാണ്‌ അവന്റെ ഭാര്യയുടെ പേര്.അവന്‍ ആ പേര് മാറ്റി."സുജാത" എന്ന് വിളിച്ചു.
                                                 സുജാത കടന്നു വന്നു.സുന്ദരിയായ  ഒരു പെണ്‍കുട്ടി. എനിക്കവനോട് ഉള്ളില്‍ അസൂയ തോന്നി. അവള്‍ക്കു അത്രയ്ക്ക് സൌന്ദര്യം ഉണ്ടായിരുന്നു.ഞാന്‍ കുറെ നേരം പലതു പറഞ്ഞിരുന്നു. രാജസ്ഥാനില്‍ നിന്നും കൂട്ടിക്കൊണ്ടു വന്നതാണ്. സുജാത അകത്തേക്ക് പോയ്‌.
                                        അവന്‍ ദുലാരിയെ കണ്ടെത്തിയ കഥ പറയാന്‍ തുടണ്ടി. ഒരു ദിവസം രാത്രി അവന്‍ ജോലി കഴിഞ്ഞു താമസ സ്ഥലത്തേക്ക് പോകുമ്പോള്‍ വഴിയരികില്‍ ബോധം നശിച്ചു കിടന്നതാണ് അവള്‍ .അവന്‍ അവളെ കൂട്ടിക്കൊണ്ടു വന്നു താമസിപ്പിച്ചു.ഓര്മവന്നപ്പോള്‍ അവള്‍ വല്ലാതെ കരയുകയും നടന്ന സംഭവം പറയുകയും ചെയ്തു.അവള്‍ക്കു ബന്ധുക്കളായി ആരും ഇല്ല. സ്വന്തം സ്ഥലവും അറിയീല്ല  ...രാജസ്ഥാനിലെ ഏതോ നാടോടികൂട്ടതിലായിരുന്നു അവളുടെ ജീവിതം.ഒരു ദിവസം അവളെ അതിര്‍ത്തിയില്‍ വച്ച് ഒരു പട്ടാളക്കാരന്‍  കയറിപ്പിടിക്കുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തു.അവള്‍ അയാളെ മാരകമായി മുറിവേല്‍പ്പിച്ചു ഓടി രക്ഷപ്പെടുകയായിരുന്നു  .തളര്‍ന്നു അവശയായ  അവള്‍ അങ്ങനെയാണ് റോഡില്‍ കിടന്നതും,ഹരികൃഷ്ണന്‍ കാണാന്‍ ഇടയായതും.
                  എനിക്കവനോട് അപ്പോള്‍ തോന്നിയത് കൂടുതല്‍ ബഹുമാനം ആയിരുന്നു.
                 അവനു ദുലാരിയെ ഇഷ്ട്ടമായി.പിന്നെ കൂടുതല്‍ ഒന്നും ആലോചിച്ചില്ല.അവളെയും കൊണ്ട് ഉടനെ നാടുവിട്ടു.അവന്റെ വീട്ടില്‍ എത്തി.
                   അവന്റെ സ്ഥാനത് ഞാനായിരുന്നെങ്കില്‍ ഇത് തന്നെ ചെയുംമായിരുന്നോ?
                ഉത്തരം കിട്ടിയില്ലാ....
                   വര്ഷം രണ്ടു കഴിഞ്ഞു.ദുലാരി ഒരു പെണ്‍കുട്ടിയെ പ്രസവിച്ചു. ഹരി കൃഷ്ണന്‍ അതിനു ശേഷം രാജസ്ഥാനിലേക്ക് പോയില്ല.നാട്ടില്‍ ഒരു ചെറിയ കച്ചവടം തുടങ്ങി.ചായക്കടയും അതിനോട് ചേര്‍ന്ന് ഒരു പലചരക്ക് കടയും.ദുലാരിയും അവനെ സഹായിച്ചു.
                    ദുലാരിയുടെ മകള്‍ "സുനിത"ക്ക് എട്ടു വയസുള്ളപ്പോഴാണ് ആ സംഭവം നടന്നത്.ഒരു ദിവസം ഹരി കൃഷ്ണന്റെ കടയുടെ മുന്നില്‍ ഒരു പോലിസ്  ജീപ്പും കൂടെ ഒരു വലിയ പട്ടാള വണ്ടിയും..കാര്യം മനസിലാകാതെ നാട്ടുകാര്‍ കൂട്ടം കൂടി.അവര്‍ ഹരിയുടെ കടയില്‍ കയറുകയും ദുലാരിയെ വണ്ടിയില്‍ കയറ്റിക്കൊണ്ടു പോകുകയും ചെയ്തു.ഞാന്‍ അപ്പോള്‍ നാട്ടിലുണ്ടായിരുന്നു. ഹരി എന്നെ വിളിപ്പിച്ചു.അവന്റെ അനുജനും വന്നു..
                                          ഞങ്ങള്‍ സ്റ്റേഷനില്‍ എത്തി.അപ്പോഴാണ്‌ കാര്യം മനസിലായത്.അന്ന് ദുലാരി ആക്രമിച്ച ആ പട്ടാളക്കാരന്‍ മരിച്ചിരുന്നു.അന്ന് മുതല്‍  ദുലാരിയെക്കുറിച്ചുള്ള അന്വേഷണം ആയിരുന്നു. ഇപ്പോഴാണ് അവള്‍ എവിടെ എന്ന് അവര്‍ കണ്ടുപിടിച്ചത്.
                           എട്ടു വര്ഷം കഴിഞ്ഞിരിക്കുന്നു....................
                 അവള്‍ക്കു ജാമ്യം നിഷേധിക്കുകയും രണ്ടു ദിവസം കഴിഞ്ഞു രാജസ്ഥാനിലേക്ക് കൊണ്ട് പോകുകയും ചെയ്തു.മകളെ നാട്ടില്‍ വിട്ടു ഹരി കൃഷ്ണനും രാജസ്ഥാനിലേക്ക് പോയ്‌.കുറെ നാള്‍ യാതൊരു അറിവും ഇല്ലായിരുന്നു.കുറേ ദിവസങ്ങള്‍ക്കു ശേഷം ഹരി കൃഷ്ണന്‍ നിരാശനായി നാട്ടില്‍ വന്നു.കോടതി ദുലാരിയെ പതിനാലു വര്ഷം ജയിലില്‍ അടക്കാന്‍ ഉത്തരവിട്ടു.
                                         മേല്ക്കൊടതികളും ശിക്ഷ ശരി വച്ചു. .അപേക്ഷകള്‍ പലതും കൊടുത്തു.ഫലം  ഉണ്ടായില്ല..വര്‍ഷങ്ങള്‍ കഴിഞ്ഞു പോയ്‌.ശിക്ഷയുടെ കാലാവധി കഴിഞ്ഞു. മൂന്നു ദിവസം മുന്‍പ് ദുലാരിയെ ജയിലില്‍ നിന്ന് വിട്ടയച്ചു.
 ആരോഗ്യക്കുറവ്  കാരണം ഹരി കൃഷ്ണന് അങ്ങോട്ട്‌ പോകാന്‍ കഴിഞ്ഞില്ല.അവന്റെ അനുജനും അനിയത്തിയുടെ  ഭര്‍ത്താവും പോയിരുന്നു.
           ദുലാരിയെ സ്വീകരിക്കാന്‍ വേണ്ടി ആണ് ഞങ്ങള്‍ ഇവിടെ ഇരിക്കുന്നത്. പതിനാലു വര്‍ഷത്തെ കാത്തിരിപ്പിന്റെ അവസാനം...ഏതാനും നിമിഷങ്ങല്‍ക്കകം വണ്ടി സ്റ്റേഷനില്‍ എത്തും.ഞാന്‍ ഹരി കൃഷ്ണനെ വിളിച്ചുണര്‍ത്തി.അയാള്‍ നല്ല ഉറക്കത്തിലായിരുന്നു..  .  
                                               ഇരുട്ടിനെ കീറി മുറിച്ചു വണ്ടി സ്റ്റേഷനില്‍ നിന്നു..അരണ്ടട    വെളിച്ചത്തില്‍  അകലെ നിന്ന് ദുലാരി നടന്നു വരുന്നു.പതിനാലു വര്‍ഷത്തിനു ശേഷം...ഹരി കൃഷ്ണന്‍ മഴയെ മറന്നു..തണുപ്പിനെ അവഗണിച്ചു അവളുടെ സമീപത്തേക്ക് ഓടി. ശക്തിയായ മഴയില്‍ രണ്ടു ശരീരങ്ങള്‍ ഒന്നായി..
                         എന്‍റെ ഉള്ളില്‍ ഉണ്ടായ സ്നേഹം ഒരു നെടുവീര്‍പ്പായി പുറത്തേക്കു വന്നു....................
                                  സ്നേഹത്തിന്റെ കാത്തിരുപ്പ്!!!!!!!!                                  
                                           
           

9 comments:

 1. ബൂലോകത്ത് ശങ്കര്‍ജിക്കായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കുറെ ക്കാലമായി എവിടെയായിരുന്നു ഇതുവരെ ? പോസ്റ്റ് വായിച്ചിട്ട് അതിനെക്കുറിച്ച് പറയാം :)

  ReplyDelete
 2. ചില കാത്തിരുപ്പുകള്‍ സുഖമാണ്. ചിലത് സന്തോഷകരമാണ്. മറ്റു ചിലതാകട്ടെ ദുഖവും.കാത്തിരുന്നവര്‍ക്കും ,കാത്തിരിക്കുന്നവര്‍കും വേണ്ടി ഈ കഥ സമര്‍പ്പിക്കുന്നു...........

  ReplyDelete
 3. ഹൃദയ സ്പര്‍ശിയായ കഥ ..ശങ്കര്ജീ ,,നന്നായി എഴുതി..ചിലരുടെ ജീവിതവും പ്രവൃത്തികളും നമ്മെ കൊതിപ്പിക്കും ,,അതിശയിപ്പിക്കും ..അതുപോലെ ചെയ്യാന്‍ ആഗ്രഹിക്കുമെങ്കിലും
  നമുക്കാവുകയുമില്ല ..ഹരിയും ദുലാരിയും ..സ്നേഹത്തിന്റെ നോവ്‌ പകരുന്ന കഥാപാത്രങ്ങള്‍ തന്നെ ..ഇനി ബ്ലോഗില്‍ സജീവമാകൂ .മറ്റു ബ്ലോഗുകളിലും സാന്നിധ്യമറിയിക്കൂ...കൂടുതല്‍ കൂട്ടുകാര്‍ വരട്ടെ .:)

  ReplyDelete
 4. നല്ല കഥ, ഇഷ്ട്ടായി

  അന്യ നാട്ടീന് പെങ്കൊച്ചിനെ അടിച്ചോണ്ട് വരാന്നൊക്കെ വായിച്ചപ്പോ നല്ല ത്രില്ല്
  :)

  ReplyDelete
 5. കഥ വളരെയധികം ഇഷ്ടപ്പെട്ടു.ഒരു നോവലിന്‍റെ സംഗ്രഹം പോലെ,സംഭവങ്ങള്‍ ആറ്റിക്കുറുക്കി അവതരിപ്പിച്ചു.

  ReplyDelete
 6. നല്ല കഥ.
  ഇഷ്ടപ്പെട്ടു.

  ReplyDelete
 7. എന്നാലും ഇത്രയും നാള്‍ കാത്തിരുന്നോ ചുമ്മാ

  ReplyDelete
 8. നല്ലൊരു കഥ..
  എന്നാല്‍ വിവരണത്തിലെ സ്വാഭാവികത കൊണ്ട് നടന്ന സംഭവം പോലെ തോന്നി.
  കാത്തിരിപ്പിനെപ്പറ്റി ആദ്യം തന്നെ കുറിച്ചിട്ടത്‌ വാസ്തവം.
  അഭിനന്ദനങ്ങള്‍..

  ReplyDelete