Sunday, January 15, 2012


നന്മയുടെ  ലോകം
വളരെ നാളുകള്‍ക്ക് ശേഷം പെട്ടന്ന് മനസ്സില്‍ തോന്നിയതാണ്.ജോലിത്തിരക്കില്‍ വീണ്ടും ഒരിക്കല്‍ക്കൂടി അവിടെ പോകണമെന്ന ആഗ്രഹം സാധിച്ചില്ല .ഇപ്പോള്‍ അതിനു സമയം ഉണ്ട്.കാരണം ......ഇപ്പോള്‍ ജോലിയില്‍ നിന്നും പെന്‍ഷന്‍ ആയി.ഇനി എവിടെയും പോകാമല്ലോ.ആദ്യത്തെ യാത്ര അവിടേക്ക് തന്നെയാകട്ടെ.കൂട്ടിനായി എന്‍റെ പ്രിയസുഹൃത്തിനെയും കൊണ്ട് യാത്ര തിരിച്ചു.  
                                  കലാക്ഷേത്രത്തിലേക്ക്.....
                                        ' കലാക്ഷേത്രം '
                              ' അരുണ്‍ദാസിന്‍റെ  കലാക്ഷേത്രം..... '
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ട്രെയിന്‍ യാത്രയില്‍ പരിചയപ്പെട്ടതാണ് അരുണ്‍ ദാസിനെ.ആ സുഹൃത്ത് ബന്ധം ഇപ്പോഴും തുടരുന്നുണ്ട്.അന്ന് അയാളുടെ ക്ഷണം സ്വീകരിച്ചു അവിടെപ്പോയിരുന്നു.മറക്കാന്‍ കഴിയാത്ത ഒരനുഭവമായിരുന്നു.അന്ന് അയാളോട് പറഞ്ഞിരുന്നു "ഇനിയും ഞങ്ങള്‍ വരും ".മനസ്സില്‍ പറഞ്ഞിരുന്നത് അങ്ങനെയായിരുന്നില്ല. 'ഇവിടുത്തെ അന്തേവാസിയാകാന്‍ വരും എന്നായിരുന്നു.' പിന്നീടു കുറേനാള്‍ ആ വാക്കുപാലിക്കാന്‍ കഴിഞ്ഞില്ല..
ഞങ്ങള്‍ നഗരം വിട്ടു ഗ്രാമത്തിലൂടെ ,ഇടുങ്ങിയ ചെമ്മണ്‍ നിരത്തില്ലൂടെ വനത്തിലേക്ക് പ്രവേശിച്ചു.കാലം വരുത്തിയ മാറ്റം വനത്തിനുള്ളിലും കാണാം.വന്‍മരങ്ങള്‍ ഇടതൂര്‍ന്നുനിന്ന സ്ഥലങ്ങളില്‍ വെളിച്ചം വീണിരിക്കുന്നു.മരങ്ങളുടെ സ്ഥാനത്ത് ഇഞ്ചിയും ഏലവും പടര്‍ന്നു വളര്‍ന്നു നില്‍ക്കുന്നു.റോഡിനിരുവശവും നീണ്ടു പരന്ന റബ്ബര്‍ തോട്ടം.കാറ്റിനു ഇഞ്ചിയുടെയും ഏലത്തിന്‍റെയും ഗന്ധം.വഴിയോരങ്ങളില്‍ വലിയ മണിമാളികകള്‍.മാളികകളുടെ മുന്‍പില്‍ മിക്കതിലും വില കൂടിയ കാറുകള്‍.                     
                               ആകെ മാറിയിരിക്കുന്നു.
                               എങ്കിലും നഗരത്തിന്‍റെ തിരക്കില്ല.
                               ചിലഭാഗങ്ങളില്‍ ചെമ്മണ്‍ നിറത്തിന് പകരം വീതികൂടിയ ടാറിട്ട റോഡുകള്‍.പല സ്ഥലത്തും റോഡു പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു.
  അരുണ്‍ ദാസ് കാത്തു നിന്നു.അയാള്‍ ഞങ്ങളെ സ്നേഹത്തോടെ സ്വീകരിച്ചു.ഞങ്ങള്‍ 'കലാക്ഷേത്രത്തിലേക്ക് ' പ്രവേശിച്ചു.
                          'കലാക്ഷേത്രം ' കൂടുതല്‍ ഭംഗിയായിരിക്കുന്നു.
കുളിയും ഭക്ഷണവും കഴിഞ്ഞു ഞങ്ങള്‍ 'കലാക്ഷേത്രം 'ചുറ്റിക്കാണാന്‍ തുടങ്ങി.'കലാക്ഷേത്രം' ഉയര്‍ച്ചയിലേക്കാണ്.
                           'കലാക്ഷേത്രത്തെ 'പ്പറ്റി പറഞ്ഞില്ല.
                            പറയട്ടെ....................
( 'കലാക്ഷേത്രം'എന്ന പേരില്‍ ഞാന്‍ ഒരു കഥ എഴുതിയിട്ടുണ്ട്) 
             അനാഥര്‍ക്കു ആശ്വാസവും സംരക്ഷണവും നല്‍കുന്ന ഒരു സ്ഥാപനമാണ്‌.
           അരുണ്‍ ദാസിന്‍റെ അച്ഛന്‍റെ ആഗ്രഹമായി ,ഓര്‍മ്മക്കായി  .....
ല്ലാം ചുറ്റിക്കണ്ട ഞങ്ങള്‍ക്ക് വലിയ സന്തോഷമായി.അരുണ്‍ ദാസിന്‍റെ കഴിവില്‍ ഞങ്ങള്‍ക്ക് കൂടുതല്‍ അഭിമാനം തോന്നി.ഈ വനത്തിനുള്ളില്‍ ഈ സ്ഥാപനം നടത്തുന്ന അരുണ്‍ ദാസിനെ ഞങ്ങള്‍ ഹൃദയം തുറന്നു അഭിനന്ദിച്ചു.
ഞങ്ങള്‍ കേരളത്തെക്കുറിച്ചും ,ഇന്ത്യയെക്കുറിച്ചും,ലോകത്തെക്കുറിച്ചും  പലതും സംസാരിച്ചു.അരുണ്‍ ദാസിന്‍റെ അറിവിന്‍റെ മുന്‍പില്‍ ഞങ്ങള്‍ ഒന്നുമല്ല.എനിക്കയാളോട് കൂടുതല്‍ ബഹുമാനം തോന്നി.അയാള്‍ അത്രയ്ക്ക് ജ്ഞാനിയായിരുന്നു.അയാളില്‍ നിന്നും പലതും നമുക്ക് പഠിക്കാനുണ്ട് എന്ന് മനസ്സിലായി.
ഞങളുടെ സംസാരത്തിനിടയില്‍ ഞാന്‍ ആദ്യം ജോലിചെയ്ത സ്ഥലവും കടന്നു വന്നു.അരുണ്‍ ദാസിന്‍റെ അമ്മയുടെ സ്ഥലവും അവിടെയായിരുന്നു.
                          ' കല്‍പ്പറ്റ .വയനാട് '
പെട്ടന്ന് അരുണ്‍ദാസ് എന്നോട് പറഞ്ഞു ,
                    "സര്‍ ,അങ്ങ് ജോലി ചെയ്ത സ്ഥലത്തുള്ള ഒരു കുട്ടി ഇവിടെയുണ്ട്.അങ്ങ് ജോലി ചെയ്ത സ്ഥലത്തിനടുത്താണ് ആ കുട്ടിയുടെ വീടെന്നു തോന്നുന്നു.ഒന്ന് പരിചയപ്പെട്ടാലോ..."
എനിക്ക് സമ്മതമായി.ഞങ്ങള്‍ ആ കുട്ടിയെ കാണാന്‍ പോയി.
                            ആരായിരിക്കും????
                          " സര്‍,ഇതാണ് ആ കുട്ടി " 
അരുണ്‍ ദാസ് പറഞ്ഞു നിര്‍ത്തി.
                          'സുനിത'
അതായിരുന്നു അവളുടെ പേര്.ഇരുപത്തിനാല് വയസ്സായിരുന്നു സുനിതക്ക്.വെളുത്തു നീളം കൂടിയ ഒരു പെണ്‍കുട്ടി.  റ്റി .റ്റി .സി പാസായ സുനിത പത്രപ്പരസ്യത്തിലൂടെയാണ് ഇവിടെയെത്തിയത്.അരുണ്‍ ദാസ് 'കലാക്ഷേത്രത്തില്‍ ' നടത്തുന്ന ചെറിയ സ്കൂളിലെ അധ്യാപികയാണ് സുനിത.ഞാന്‍ സുനിതയുമായി സംസാരിച്ചു.
          എന്‍റെ ഓര്‍മ്മകള്‍ പതിനാറു വര്‍ഷം പുറകിലോട്ടു പോയി.
എനിക്കപ്പോള്‍ സുനിതയുടെ രൂപം മനസ്സില്‍ തെളിഞ്ഞു വരുന്നു .ഞാന്‍ സുനിതയെ ഓര്‍ക്കാന്‍ ശ്രമിച്ചു.
              ഞാന്‍ ജോലി ചെയ്തിരുന്നത് പട്ടികജാതിവികസനവകുപ്പിന്‍റെ ജില്ലാഓഫീസിലായിരുന്നു.കല്‍പ്പറ്റ ജന്ഷനില്‍ നിന്നും അല്‍പ്പം ഉള്ളിലായി രണ്ടു നിലയിലുള്ള ഒരു പഴയ കെട്ടിടത്തിലായിരുന്നു ഓഫീസ്.മുകളിലെ നാലു ചെറിയ മുറികളിലാണ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്.അതുപോലെ താഴെയും നാലുമുറികള്‍ ഉണ്ടായിരുന്നു.അവിടെ വളരെ പാവപ്പെട്ട നാലു കുടുംബവും താമസമുണ്ടായിരുന്നു.ഓഫീസ് സമയം കഴിഞ്ഞ് ജീവനക്കാര്‍ എല്ലാപേരും പോയിക്കഴിഞ്ഞാല്‍ പിന്നെ ഞാന്‍ ഒറ്റക്കായിരുന്നു.താഴെ താമസമുള്ള കുട്ടികളുടെ കളിയും ചിരിയും കരച്ചിലും കേട്ട് ഞാന്‍ ഏകനായിയിരിക്കും. 
             ഓഫീസിനു തൊട്ടടുത്ത്‌ വലിയ മതില്‍.മതിലിനപ്പുറം വിശാലമായ പുരയിടം.ഒത്തനടുക്ക് വലിയ വീട്.രണ്ടാമത്തെ നിലയില്‍ ഇരുന്നാല്‍ ആ വീടും പറമ്പും അവിടെയുള്ള താമസക്കാരേയും എനിക്ക് നന്നായിക്കാണാം.മുറ്റത്ത്  ഒന്നിലധികം കാറും ജീപ്പും കാണാം.മുഹമ്മദ്‌ അബ്ദുല്‍ റസാക്ക് റാവുത്തര്‍ . അദ്ദേഹമാണ് ആ വീടിന്‍റെ ഉടമസ്ഥന്‍. 'ഖുറാന്‍ സാഹിബ്'എന്ന ഓമനപ്പേരിലാണ് അദ്ദേഹത്തെ ആ നാട്ടുകാര്‍ സ്നേഹത്തോടെ വിളിക്കുന്നത്‌.അങ്ങനെ വിളിക്കുന്നത്‌ അദ്ദേഹത്തിനു വളരെയധികം ഇഷ്ടമായിരുന്നു. അത് കേള്‍ക്കുന്ന ഞങ്ങള്‍ക്കും....
ഖുറാന്‍ എന്ന മഹാഗ്രന്ഥം അദ്ദേഹത്തിനു കാണാപ്പാമാണ്‌.
              അദ്ദേഹത്തിനു വയനാട്ടില്‍ പല സ്ഥലങ്ങളിലായി ധാരാളം സ്വത്തുക്കളുണ്ട്.ഏലം ,ഇഞ്ചി,അടക്ക,റബ്ബര്‍ അങ്ങനെ പലതും അദ്ദേഹത്തിന്‍റെ  വസ്ത്തുക്കളില്‍ കൃഷി ചെയ്യുന്നുണ്ട്.എന്നെ പരിചയപ്പെട്ടതിനു ശേഷം അദ്ദേഹം കൃഷിയിടങ്ങള്‍ കാണാന്‍ പോകുമ്പോള്‍ അവധി ദിവസങ്ങളില്‍ എന്നെയും കൂട്ടുമായിരുന്നു.അങ്ങനെ വയനാട് ജില്ല കൂടുതല്‍ കാണാന്‍ കഴിഞ്ഞു.എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് കമുകിന്‍ തോട്ടമായിരുന്നു.
                 ഖുറാന്‍സാഹിബിന്‍റെ വീട്ടിലെ കാര്യസ്ഥനാണ് റാവുണ്ണി . അയാളുടെ ഭാര്യയും ആ വീട്ടിലെ ജോലിക്കാരിയായിരുന്നു.വളരെ ചെറുപ്പത്തില്‍ ഖുറാന്‍ സാഹിബ് തോട്ടത്തില്‍ പോയ സമയം എവിടെയോ വച്ചു കണ്ടു കൂടെക്കൂട്ടിയതാണ് റാവുണ്ണിയെ.
                        റാവുണ്ണി ബധിരനും മൂകനുമാണ്‌...
അയാള്‍ക്ക്‌ ഖുറാന്‍ സാഹിബ് സഹോദരതുല്യനാണ്.ഖുറാന്‍ സാഹിബിനും റാവുണ്ണിയെ വലിയ ഇഷ്ടമായിരുന്നു.റാവുണ്ണിക്ക് വിവാഹം നടത്തിക്കൊടുത്തതും താമസിക്കാന്‍ ഒരു വീട് നിര്‍മ്മിച്ചു കൊടുത്തതും ഖുറാന്‍ സാഹിബായിരുന്നു.
              ഖുറാന്‍ സാഹിബിനു രണ്ടു ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളും ആയിരുന്നു മക്കള്‍.എന്നും രാവിലെ ഞാന്‍ ഓഫീസിനു  പുറത്ത് വരാന്തയില്‍ പത്രം വായിച്ചിരിക്കുമ്പോള്‍ മതിലിനപ്പുറം വെളുത്തു മെലിഞ്ഞ ഒരു സുന്ദരിക്കുട്ടി എന്നെ നോക്കി ചിരിച്ചു നില്‍ക്കാറുണ്ട്.അവള്‍ എന്നോട് എന്തെങ്കിലുമൊക്കെ ചോദിച്ചു കൊണ്ട് അവിടെ കറങ്ങി ഏറെനേരം  നില്‍ക്കാറുണ്ട്.
               കുറേ ദിവസം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ വളരെ അടുത്ത കൂട്ടുകാരെപ്പോലെയായി .അവളോട്‌ ചെറിയ ചെറിയ കുശലങ്ങള്‍ ചോദിക്കാന്‍ എനിക്കിഷ്ടമായിരുന്നു .എന്‍റെ മക്കളുടെ പ്രായമുള്ള അവളെ എന്നും കാണാന്‍ താല്പ്പര്യമായിരുന്നു..ആ കൊച്ചു സുന്ദരിയാണ് സുനിത.റാവുണ്ണിയുടെ ഒരേ ഒരു മകളാണ് സുനിത.
                ആറു മാസം മാത്രമാണ് എനിക്ക് ആ ഓഫീസില്‍ ജോലി ചെയ്യാന്‍ സാധിച്ചത്.നാട്ടിലേക്ക് എനിക്ക് സ്ഥലം മാറ്റം കിട്ടി.പെട്ടന്നുള്ള സ്ഥലം മാറ്റമായതിനാല്‍ സുനിതയെ കണ്ടു പറയാന്‍ സാധിച്ചില്ല.ക്രമേണ ഞാന്‍ വയനാടിനേയും ,ഖുറാന്‍ സാഹിബിനേയും റാവുണ്ണിയേയും സുനിതയേയും മറന്നു.
              ഇതിനിടയില്‍ എപ്പോഴോ ഓഫീസ് സംബന്ധമായ ആവശ്യത്തിന് , എന്നോടൊപ്പം അവിടെ ജോലിചെയ്തിരുന്ന ടൈപ്പിസ്റ്റ് ഇവിടേയ്ക്ക് വന്നപ്പോള്‍ ചില കാര്യങ്ങള്‍ പറഞ്ഞു. 
                   ഖുറാന്‍ സാഹിബ് പെട്ടന്ന് നെഞ്ച് വേദന വന്നു മരിച്ചു പോയെന്നും ,റാവുണ്ണി കമുകില്‍ നിന്നും വീണു നട്ടെല്ലിനു ക്ഷതമേറ്റ് കിടന്നതുമൊക്കെയായ സംഭവങ്ങള്‍. കേട്ടപ്പോള്‍ വല്ലാതെ വേദനിച്ചു.അപ്പോഴും ഞാന്‍ സുനിതയെപ്പറ്റി ചോദിച്ചിരുന്നില്ല .അയാള്‍ അവളെപ്പറ്റി ഒന്നും പറഞ്ഞതുമില്ല.
                  " സര്‍ ,ഈ കുട്ടിയെ മുന്‍പ് കണ്ടിട്ടുണ്ടോ? "
     അരുണ്‍ ദാസിന്‍റെ ശബ്ദം എന്‍റെ ചെവികളില്‍ മുഴങ്ങി.ഞാന്‍ അത്ഭുതത്തോടെ അരുണ്‍ ദാസിനെ നോക്കിച്ചിരിച്ചു.സുനിത എന്നെത്തന്നെ സൂക്ഷിച്ചു നോക്കുന്നു.ഞാന്‍ പിന്നെയും സുനിതയോട്‌ സംസാരിക്കാന്‍ തുടങ്ങി.അവളുടെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു.
              "അച്ഛന്‍ വീണതിനു ശേഷം മൂന്നു വര്‍ഷം ഒരേ കിടപ്പ് കിടക്കുകയും പിന്നീടു മരിക്കുകയും ചെയ്തു.അതോടെ അമ്മ മാനസികമായി തളര്‍ന്നു.ഖുറാന്‍ സാഹിബിനെപ്പോലെ ആയിരുന്നില്ല അദ്ദേഹത്തിന്‍റെ മക്കള്‍.അദ്ദേഹത്തിന്‍റെ  മരണ ശേഷം മക്കള്‍ വസ്തുക്കള്‍ വീതം വച്ചു പല സ്ഥലത്തായി പിരിഞ്ഞുപോയി.ആരും ഞങ്ങളെ കൂട്ടിയില്ല."
                    സുനിതയുടെ കരച്ചില്‍ എന്‍റെ നെഞ്ചിനെ കീറി മുറിച്ചു.സുനിതയും അമ്മയും ഒറ്റപ്പെട്ടു.അങ്ങനെയാണ് ഒരു പത്രപ്പരസ്യത്തിലൂടെ സുനിത ഇവിടെയെത്തിപ്പെട്ടത് ...കൂടെ അമ്മയും....
                 വിധിയില്‍ വിശ്വാസമില്ലാതിരുന്ന ഞാന്‍  ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വിശ്വസിക്കുന്നു..... വിധിയെ...!!!!
                 അരുണ്‍ദാസിന്‍റെ അമ്മയോടുള്ള സ്നേഹം കൊണ്ടാണ് വയനാട്ടില്‍ നിന്നുള്ള ഒരു കുട്ടിയെത്തന്നെ അധ്യാപികയായി അയാള്‍ നിയമിക്കാന്‍ തീരുമാനിച്ചത്. ആരും ആശ്രയമില്ലാത്തവളാണെന്ന്           അറിഞ്ഞുകൊണ്ട്തന്നെയാണ് അയാള്‍ സുനിതയെ നിയമിച്ചത്.
           ആ തീരുമാനം നല്ലതായെന്നു ഇപ്പോള്‍ എനിക്കും തോന്നി...
ജീവിതത്തില്‍ ഇനി ഒരിക്കലും അവളെ കാണാന്‍ കഴിയില്ല എന്നാണ് ഞാന്‍ വിശ്വസിച്ചിരുന്നത്.അതുകൊണ്ടാണ് അവളെ കൂടുതല്‍ അറിയാനും ഓര്‍ക്കാനും  ഇഷ്ട്ടപ്പെടാതിരുന്നതും. 
                   ഓര്‍മ്മയില്‍ ദു:ഖമായി ,എനിക്ക് വേദന തരുന്ന സുനിതയെ ഞാന്‍ മന:പൂര്‍വ്വം മറക്കാന്‍ ശ്രമിക്കുകയായിരുന്നു.
                   പക്ഷെ.........
 ഇപ്പോഴിതാ എന്‍റെ മുന്‍പില്‍ വിധി അവളെ എത്തിച്ചിരിക്കുന്നു...
എനിക്ക് സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല...
പാവപ്പെട്ട ഈ പെണ്‍കുട്ടിയെയും അമ്മയെയും 'കലാക്ഷേത്ര'ത്തിന്‍റെ തിരുമുറ്റത്തുവച്ചു കണ്ടുമുട്ടിയതില്‍ ഞാന്‍ ഈശ്വരനോട് നന്ദി പറഞ്ഞു.
       ഈശ്വരന്‍ അരുണ്‍ ദാസിന്‍റെ രൂപത്തില്‍ എന്‍റെ മുന്നിലുണ്ട്.. 
                      നന്ദി !!!
ഞങ്ങള്‍ തിരിച്ചുപോകാന്‍ തുടങ്ങവേ അരുണ്‍ ദാസിന്‍റെ ശബ്ദം എന്‍റെ കാതുകളില്‍ മുഴങ്ങി,
                "സര്‍ , വരുമോ?  ഇവിടത്തെ   അന്തേവാസിയായി."
തിരിഞ്ഞുനിന്ന ഞാന്‍ ഒരിക്കല്‍ മനസ്സില്‍ പറഞ്ഞ വാക്കുകള്‍ ഉച്ചത്തില്‍ പറഞ്ഞു ,
     വരും ...തീര്‍ച്ചയായും വരും...ഉടന്‍ തന്നെ ...കാത്തിരിക്കൂ...!!!

No comments:

Post a Comment