Sunday, December 11, 2011

                          ദൈവത്തിന്‍റെ കണക്കുപുസ്തകം 
 ( ഇത് കഥയല്ല . സംഭവമാണ്.... എന്‍റെ അമ്മുമ്മ പറഞ്ഞു തന്ന സംഭവകഥകളില്‍ ഒന്ന് , അല്‍പ്പംകൂടി ഭാവനയില്‍ എഴുതി സദയം സമര്‍പ്പിക്കുന്നു...അമ്മുമ്മയുടെ ഓര്‍മ്മയ്ക്ക്‌ മുന്നില്‍ ഇത് സമര്‍പ്പിക്കുന്നു...)
            ഞങ്ങളുടെ നാട്ടിലെ പഴയ തറവാടുകളില്‍ പേരും പ്രശസ്തിയും ഉള്ള രണ്ടു വലിയ കുടുംബക്കാരാണ് പാലവിളക്കാരും , തച്ചന്‍വിളക്കാരും . പാലവിള വീട്ടിലെ രാഘവന്‍നായരുടെ അച്ഛന്‍ മാര്‍ത്താണ്ടന്‍ പിള്ളയും ,തച്ചന്‍വിള വീട്ടിലെ ലക്ഷ്മണന്‍ ആശാരിയുടെ അപ്പന്‍ നാണു മേസ്തിരിയും തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ജോലിക്കാരായിരുന്നു.രാജാവിന്‍റെ നിഴലായി രാഘവന്‍നായരുടെ അച്ഛനുണ്ടെങ്കില്‍ , കൊട്ടാരത്തിലെ ഏതു ചടങ്ങിനും ഒഴിച്ചുകൂടാന്‍ കഴിയാത്ത ആളായിരുന്നു ലക്ഷ്മണന്‍ ആശാരിയുടെ അപ്പന്‍ . 
            കൊട്ടാരത്തിലെ ഇവരുടെ സത്യസന്ധമായ ജോലി രാജാവിനെ സന്തോഷിപ്പിക്കുകയും ,വാര്‍ധക്യത്തിന്‍റെ ബുദ്ധിമുട്ട് മനസിലാക്കിയ യുവ രാജാവ് അവര്‍ക്ക് വേണ്ടുന്ന പണവും ,സ്വത്തും നല്‍കുകയും,ജോലികളില്‍ നിന്ന് പിരിഞ്ഞു പോകാന്‍ അനുവദിക്കുകയും ചെയ്തു.
               അവിടെത്തന്നെ ജോലിയുണ്ടായിരുന്ന ഞങ്ങളുടെ അപ്പുപ്പന്‍   കുഞ്ഞന്‍ പിള്ളക്ക് രാജാവിന്‍റെ അന്ത : പുരത്തിലായിരുന്നു   ജോലി . മഹാരാജാവിന്‍റെ ശയന മുറിയിലെ കിടക്ക ഒരുക്കലാണ് പ്രധാന ജോലി.
             ഒരിക്കല്‍ മഹാരാജാവ്  ഇല്ലാതിരുന്ന ദിവസം പതിവ് പോലെ മുറി വൃത്തിയാക്കിയ  അപ്പുപ്പന്‍ മഹാരാജാവിന്‍റെ കിടക്കയില്‍ കയറിക്കിടന്നു .
          ഞെട്ടിയുണര്‍ന്ന അപ്പുപ്പനു മുന്‍പില്‍ മഹാരാജാവ് !!!!!
അപ്പുപ്പന്‍ വല്ലാതെ ഭയന്നു. പക്ഷെ ഒന്നും സംഭവിച്ചില്ല.... രാജാവ് വളരെ നല്ലവനായിരുന്നു.
           അദ്ദേഹം മറ്റുള്ളവരെപ്പോലെ അപ്പുപ്പനെയും പാരിതോഷികങ്ങള്‍ നല്‍കി പറഞ്ഞയച്ചു...
            കൊട്ടാരത്തില്‍ നിന്ന് പിരിഞ്ഞു പോയ രാഘവന്‍ നായരുടെ അച്ഛനും ലക്ഷ്മണന്‍ ആശാരിയുടെ അപ്പനും പിന്നീടു വളരെ കുറച്ചു വര്‍ഷങ്ങള്‍ മാത്രമേ ജീവിച്ചിരുന്നുള്ളൂ.
         പാലവിളയിലെ രാഘവന്‍ നായര്‍ ഒറ്റ മകനാണ്.അയാള്‍ക്ക്‌ കൊട്ടാരത്തില്‍ ജോലി കൊടുക്കാമെന്നു ഉത്തരവുണ്ടായിട്ടും അത് വേണ്ടാന്നു വച്ചു.അയാള്‍ക്ക്‌ അത് ഇഷ്ടമല്ലായിരുന്നു . 
              ആരോഗ്യക്കുറവു കാരണം ലക്ഷ്മണന്‍ ആശാരിയും കൊട്ടാരത്തിലെ ജോലി വേണ്ടാന്നു വച്ചു.
               ലക്ഷ്മണന്‍ ആശാരിക്കു സഹോദരങ്ങള്‍ അഞ്ചു പേര്‍ കൂടെ ഉണ്ടായിരുന്നു.അതില്‍ നാലുപേര്‍ പെണ്ണുങ്ങളായിരുന്നു.അപ്പന് കൊട്ടാരത്തില്‍ നിന്ന് കൊടുത്ത പണവും സ്വത്തും അയാള്‍ തുല്യമായി വീതിച്ച് ,  നാല് സഹോദരിമാരെയും നല്ല രീതിയില്‍ വിവാഹം കഴിച്ചയച്ചു.ഒരു വിഹിതം അയാളും എടുത്തിരുന്നു.അയാള്‍ സ്വസമുദായത്തില്‍ നിന്ന് തന്നെ ഒരു പാവപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചു.
               പാലവിള വീട്ടിലെ രാഘവന്‍നായര്‍ ദൂരെയുള്ള ഒരു സ്ഥലത്ത് നിന്നും മറ്റൊരു ജന്‍മിയുടെ ഒരേയൊരു മകളെ വിവാഹം കഴിച്ച് , നാട്ടിലെ ഏറ്റവും വലിയ ജന്‍മിയായി മാറി.അയാളുടെ വിവാഹശേഷമാണ് പെട്ടന്നൊരാശയം അയാളുടെ മനസ്സിലുണ്ടായത്.
              ഏറെ സ്വത്തുന്ടെങ്കിലും ഒരു തൊഴില്‍ !!!!!
                    ഒരു കച്ചവടം തുടങ്ങിയാലോ?? 
         ഒരു പലചരക്ക് കട -ആദ്യം അതാണ്‌ മുന്നില്‍ തെളിഞ്ഞത്.
പിന്നെയൊട്ടും താമസിച്ചില്ല....അയാള്‍ കച്ചവടം തുടങ്ങാന്‍ തീരുമാനിച്ചു.
            എന്നാല്‍ കൊട്ടാരത്തില്‍ നിന്ന് പതിച്ചുകിട്ടിയ ഭൂമിയില്‍ ഒന്നും തന്നെ വാഹനങ്ങള്‍ കടന്നു പോകുന്ന പൊതുനിരത്തുകളില്‍ ഇല്ലായിരുന്നു . അത് അയാളെ വളരെ നിരാശനാക്കി.എങ്കിലും അയാള്‍ ആശ കൈവിട്ടില്ല.
        പെട്ടന്നാണ് അല്‍പ്പം അകലെയാണെങ്കിലും ലക്ഷ്മണന്‍ ആശാരിയുടെ റോഡരികിലുള്ള നീണ്ട വരിക്കടകളുടെ കാര്യം ഓര്‍മ്മയിലെത്തിയത്.ഒട്ടും താമസിച്ചില്ല.അയാള്‍ നേരെ ലക്ഷ്മണന്‍ ആശാരിയുടെ അടുത്തെത്തി.വലിയ കൂട്ടുകാരല്ലെങ്കിലും  ,അവര്‍ വളരെ പരിചയമുള്ളവരാണ് .അവരുടെ അച്ഛന്‍മാര്‍ കൂട്ടുകാര്‍ ആയിരുന്നല്ലോ...
             രാഘവന്‍നായരുടെ ആവശ്യം കേട്ട ലക്ഷ്മണന്‍ ആശാരി രണ്ടു മുറിക്കടകള്‍ വാടകയ്ക്ക് നല്‍കാം എന്ന് സമ്മതിച്ചു.രാഘവന്‍നായര്‍ക്കു വളരെ സന്തോഷമായി.അങ്ങനെ രാഘവന്‍നായര്‍ കച്ചവടം തുടങ്ങി.കച്ചവടം പൊടിപൊടിച്ചു.നാട്ടിലെ ഏറ്റവും വലിയ കട.രാഘവന്‍നായര്‍ കൂടുതല്‍ കൂടുതല്‍ പണക്കാരനായി.പക്ഷെ ലക്ഷ്മണന്‍ ആശാരി ക്രമേണ ദാരിദ്രത്തിലേക്ക് വീഴാന്‍ തുടങ്ങി . 
              സഹോദരിമാരെ വിവാഹം കഴിപ്പിച്ചയപ്പിച്ചത് പോലെ അയാള്‍ രണ്ടു പെണ്മക്കളെയും വിവാഹം കഴിപ്പിച്ചയച്ചു.മിച്ചമുള്ള സ്വത്ത് ഏഴു ആണ്‍മക്കള്‍ക്കും കൊടുക്കാന്‍ തീരുമാനിച്ചു.അപ്പോഴാണ്‌ അയാള്‍ ആ കാര്യം അറിയുന്നത്.അയാളോ മറ്റു മക്കളോ അറിയാതെ ഏറ്റവും ഇളയ മകന്‍ അരവിന്ദന്‍ അന്യമതത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. വളരെ രഹസ്യമായിട്ടാണ് ആ വിവാഹം നടന്നത്.അത് ലക്ഷ്മണന്‍ ആശാരിയെ കൊപാകുലനാക്കുകയും ,അയാള്‍ ആ മകന് ഒരു തരി ഭൂമിപോലും നല്‍കാതെ എല്ലാം മറ്റു മക്കള്‍ക്ക്‌ എഴുതിക്കൊടുക്കുകയും ചെയ്തു..
                ഇതറിഞ്ഞ അരവിന്ദന്‍ യാതോരെതിര്‍പ്പും കാണിച്ചില്ലെന്നു   മാത്രമല്ല ,അയാള്‍ അപ്പനെ കൂടുതല്‍ ഇഷ്ട്ടപ്പെടുകയും ചെയ്തു.അയാള്‍ അപ്പന്‍റെ സ്വത്ത് ആഗ്രഹിച്ചിരുന്നില്ല. അയാള്‍ സ്വന്തമായൊരു മോട്ടോര്‍  മെക്കാനിക് വര്‍ക്ക് ഷോപ്പ്  തുടങ്ങി - ജീവിതം മുന്നോട്ടു പോയി.
               ആയിടക്കാണ്‌ നാട്ടില്‍ രൂക്ഷമായ ഭകഷ്യക്ഷാമം ഉണ്ടായത്.ലക്ഷ്മണന്‍ ആശാരി രോഗിയായി മാറിയിരുന്നു.എല്ലാ മാസവും കൃത്യം ഒന്നാം തിയതി തന്നെ വാടക കൊടുക്കുന്ന ആളാണ്‌ രാഘവന്‍ നായര്‍.
              വാടക കിട്ടാന്‍ ഇനിയും മൂന്നു ദിവസം കൂടെ കഴിയണം.അത് വരെ കഴിക്കാന്‍ ചോറിനു അരിയില്ല.എന്നാല്‍ വീട്ടിലെ പട്ടിണി രൂക്ഷമായപ്പോള്‍ ലക്ഷ്മണന്‍ ആശാരി തന്‍റെ ഒരു മകനോട്‌ രാഘവന്‍നായരുടെ  കടയില്‍ നിന്ന് അരി വാങ്ങി വരാന്‍ പറഞ്ഞയച്ചു
              മകന്‍ കടയിലെത്തി .അരി ചോദിച്ചു.രാഘവന്‍ നായര്‍ ചാക്കില്‍ അരി അളന്നു കൊടുത്തു.
           " രൂപ ഇല്ല ..വാടകയില്‍ നിന്ന് എടുത്തോളു ..." എന്ന് കേട്ടതും രാഘവന്‍ നായര്‍ക്ക്‌ പെട്ടന്ന് ദേഷ്യം വരികയും ,കൊടുത്ത അരിയും ചാക്കും തിരിച്ചു പിടിച്ചു വാങ്ങി ,അരിക്കടയിലെ ചാക്കില്‍ തട്ടിയിട്ട് , ചാക്ക് ചുരുട്ടി പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു.
           ദു: ഖിതനായ മകന്‍ കാലിയായ ചാക്കുമായി വീട്ടിലേക്കു പോയി.
സംഭവം കേട്ട ലക്ഷ്മണന്‍ ആശാരി ഒന്നും മിണ്ടിയില്ല.അയാള്‍ക്ക്‌ ഒന്നും മിണ്ടാന്‍ ശക്തിയില്ലായിരുന്നു.സ്വതവേ ശാന്തസ്വഭാവമായിരുന്നു ലക്ഷ്മണന്‍ ആശാരിക്ക്‌. അയാള്‍ക്ക്‌ ആരോടും പിണക്കമില്ല..അയാളോടും എല്ലാപേരും അങ്ങനെതന്നെ.
               വാടക കിട്ടാന്‍ ഇനിയും മൂന്നു ദിവസം കഴിയണം.
 അയല്‍പക്കത്തുള്ളവര്‍ അയാള്‍ക്ക്‌ ചോറ് വയ്ക്കാന്‍ അരി കൊടുത്തു സഹായിച്ചു.
          ആറാം  തിയതിയായിട്ടും രാഘവന്‍നായര്‍  വാടക കൊണ്ട് വന്നില്ല.
         എല്ലാം കൃത്യമായി കണക്കു നോക്കി ചെയ്യുന്ന രാഘവന്‍നായരുടെ കണക്കു പുസ്തകം തെറ്റി..
                          തെറ്റിയതല്ല......തെറ്റിച്ചു....
രാഘവന്‍ നായരുടെ കണക്കു പുസ്തകത്തിനു മേല്‍ " ദൈവത്തിന്‍റെ കണക്കു പുസ്തകം "വീണു......
                    അയാളുടെ കഷ്ടകാലം അവിടെത്തുടങ്ങി.
      തീരെ അവശനെങ്കിലും ,രാവിലെത്തന്നെ ലക്ഷ്മണന്‍ ആശാരി മക്കളുടെ സഹായത്തോടെ കടയുടെ മുന്നില്‍ എത്തി.
                     രാഘവന്‍ നായര്‍ കട തുറന്നിരുന്നില്ല..
         അല്‍പ്പനേരം കഴിഞ്ഞു .രാഘവന്‍ നായര്‍ എത്തി.
കടയുടെ പൂട്ട്‌ തുറക്കാന്‍ ലക്ഷ്മണന്‍ ആശാരി അനുവദിച്ചില്ല എന്നുമാത്രമല്ല ,കട ഇന്നുതന്നെ ഒഴിഞ്ഞുതരണമെന്ന് ആവശ്യപ്പെട്ട് കടയുടെ മുന്നില്‍ ഇരുപ്പുറപ്പിച്ചു.
     സംഭവം അറിഞ്ഞ നാട്ടുകാര്‍ രാഘവന്‍ നായരെ കുറ്റപ്പെടുത്തുകയും , ലക്ഷ്മണന്‍ ആശാരിയെ സമാധാനിപ്പിക്കുകയും ചെയ്തു .അങ്ങനെ രാഘവന്‍ നായര്‍ക്ക്‌ കട ഒഴിഞ്ഞുപോകേണ്ടി വന്നു.
                  അതിനുശേഷം വീട്ടിലും രാഘവന്‍നായര്‍ക്ക് സ്വസ്ഥത ഇല്ലാതെയായി.മാന്യമായി ജീവിക്കാന്‍ പഠിപ്പിച്ച രാഘവന്‍നായരെ മക്കളും വെറുത്തു...ഇതിനിടയില്‍ അയാളുടെ ഭാര്യയും മരിച്ചു പോയിരുന്നു.അങ്ങനെ രാഘവന്‍ നായര്‍ ഒറ്റപ്പെട്ടു.മക്കള്‍ക്ക്‌ അയാളോട് സ്നേഹമില്ലായിരുന്നു... പണം - അതായിരുന്നു അവര്‍ക്ക് ആവശ്യം.
                 എങ്കിലും മക്കളുടെ മുന്നില്‍ തോല്‍ക്കണോ ,അവരുടെ കീഴില്‍ ജീവിക്കാനോ അയാള്‍ ഇഷ്ട്ടപ്പെട്ടില്ല.അതായിരുന്നു അയാളുടെ സ്വഭാവം.അയാള്‍ സ്വന്തം ജീവിതത്തെ വിധിക്ക് വിട്ട്  കാത്തിരുന്നു. അയാള്‍ വിധിയില്‍ വിശ്വസിച്ചിരുന്നു....
                         വര്‍ഷങ്ങള്‍ ചിലത് കടന്നു...
                രോഗിയായിരുന്ന ലക്ഷ്മണന്‍ ആശാരി മരിച്ചു..
 അയാളുടെ മരണം അരവിന്ദനെ ആരും അറിയിച്ചില്ല..അത് കൊണ്ട് തന്നെ അരവിന്ദന്‍ വന്നില്ല.
          ഭാര്യ നേരത്തെ മരിച്ച രാഘവന്‍ നായരെ മക്കള്‍ പൂര്‍ണ്ണമായും കൈവിട്ടു. അച്ഛനെ വേണ്ടെങ്കിലും അച്ഛന്‍ പറഞ്ഞു കൊടുത്തിരുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച മക്കള്‍ പണക്കാരായി.
         ആരോടും ഒന്നും പറയാതെ ഒരു ദിവസം രാഘവന്‍ നായര്‍ വീടുവിട്ടിറങ്ങി.കുറേനാള്‍ അയാള്‍ എവിടെയോ മാറിനിന്നു.
      പിന്നെടെപ്പോഴോ കണ്ടത് രാഘവന്‍ നായര്‍ , അയാള്‍ പലചരക്കുകട ഇട്ടിരുന്ന കടയുടെ മുന്നില്‍ ,ഒരു ചെറിയ തുണിക്കെട്ടുമായി ബോധം നശിച്ചു കിടക്കുന്നതാണ് .
                       അയാളെ ആരും തിരിഞ്ഞു നോക്കിയില്ല....
                            ആരും തിരിച്ചറിഞ്ഞതില്ല.....
                       അയാള്‍ അവശനായിരുന്നു.....
  വളരെ നാള്‍ക്കു ശേഷമാണ് യാദൃശ്ചികമായി ലക്ഷ്മണന്‍ ആശാരിയുടെ മകന്‍ അരവിന്ദന്‍ ആ വഴി വന്നത്.അയാള്‍ ബോധമില്ലാതെ കിടക്കുന്ന രാഘവന്‍ നായരുടെ സമീപം എത്തി.
                   അച്ഛന്‍റെ പ്രായമുള്ള ,അച്ഛന്‍റെ പഴയ സുഹൃത്ത് എന്ന സ്നേഹം അയാളെ രാഘവന്‍ നായരെ രക്ഷപ്പെടുത്തണമെന്ന് പ്രേരിപ്പിച്ചു.അയാള്‍ രാഘവന്‍ നായരെ വീട്ടിലേക്കു കൊണ്ട് പോയി.കുറെ  ദിവസം കഴിഞ്ഞിട്ടും ആരും രാഘവന്‍ നായരെ അന്വേഷിച്ചു വന്നില്ല.പക്ഷെ അരവിന്ദന്‍ അയാള്‍ക്ക്‌ ഒരു കുറവും വരുത്തിയില്ല.അവിടെ രാഘവന്‍ നായര്‍ക്ക്‌ സന്തോഷമായിരുന്നു.അയാള്‍ കഴിഞ്ഞ കാര്യങ്ങള്‍ ഓര്‍മ്മിക്കുകയും , മാപ്പ് ചോദിക്കുകയും  ചെയ്തു.തന്‍റെ മക്കളെപ്പോയിക്കണ്ട് ഒന്നും പറയരുതെന്ന് അയാള്‍ അരവിന്ദനോട് പ്രത്യേകം പറഞ്ഞു..
                  ആറേഴു മാസത്തിനു ശേഷം അസുഖം ബാധിച്ചു രാഘവന്‍ നായര്‍  മരിച്ചു.ആരും അന്വേഷിച്ചു വരാത്തതിനാല്‍ അരവിന്ദന്‍ മരണത്തിനു മുന്‍പ് തന്നെ അടുത്തുള്ള പോലീസ്സ്റ്റേഷനില്‍ എല്ലാ വിവരങ്ങളും കാണിച്ചു റിപ്പോര്‍ട്ട് കൊടുത്തിരുന്നു.
                       പോലീസ് എത്തി.മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ നിര്‍ദേശം നല്‍കി.
                  അപ്പോഴാണ്‌ രാഘവന്‍ നായരുടെ കട്ടിലിനു സമീപം  ആ തുണിക്കെട്ട് മറ്റുള്ളവര്‍ കണ്ടത്.എല്ലാപേരുടെയും സാന്നിധ്യത്തില്‍ ആ തുണിക്കെട്ട് പോലീസ് അഴിച്ചു. 
                  മുഷിഞ്ഞ ഒരു നീണ്ട കവര്‍ അതില്‍ വച്ചിരുന്നു.അത് ഭദ്രമായി ഒട്ടിച്ചിരുന്നു.പോലീസ് അത് പൊട്ടിച്ചു.എല്ലാപേരെയും ഞെട്ടിച്ചു കൊണ്ട് ആ കവറിനകത്തു രണ്ടു ലക്ഷം രൂപയുടെ ചെക്കും ,അത് ആര്‍ക്ക് ,എങ്ങനെ നല്‍കണം എന്ന ഒരു വില്‍പത്രവും  .....
        എല്ലാപേരും കേള്‍ക്കാനായി  പോലീസ് വില്‍പത്രം വായിച്ചു.
      
   " എന്‍റെ മരണം എവിടെ വച്ചു സംഭവിച്ചാലും ,അത് ആരുടെയെങ്കിലും വീട്ടില്‍ വച്ചാണെങ്കില്‍ ,ഇത് അവര്‍ക്ക് കൊടുക്കണം.അതല്ല ,റോഡില്‍ കിടന്നാണെങ്കില്‍ അനാഥാലയത്തിനു നല്‍കാന്‍ വേണ്ടി മാത്രം ഈ തുക ഉപയോഗിക്കുക..മറ്റാര്‍ക്കും ഈ തുകയില്‍  യാതൊരു അവകാശവുമില്ല.എന്‍റെ മക്കള്‍ക്ക്‌ ഒരു രൂപ പോലും കൊടുക്കരുത്.അവര്‍ക്കുള്ള കണക്കു ഞാന്‍ നേരത്തെ  തീര്‍ത്തതാണ്. "
                                                         എന്ന്   (ഒപ്പ് )
 വീണ്ടും ഒരിക്കല്‍ കൂടെ  രാഘവന്‍ നായരുടെ കണക്കുപുസ്തകം നാട്ടുകാര്‍ വായിച്ചു കേട്ടു.                                                                              
                 ആ പണം നല്ലവനായ അരവിന്ദനു വേണ്ടി ദൈവം മറ്റൊരു കണക്കുപുസ്തകത്തിലൂടെ നല്‍കുകയായിരുന്നു.
                  ആരുടെതാണ് യഥാര്‍ത്ഥ കണക്കുപുസ്തകം...
       " ദൈവത്തിന്‍റെയോ - അതോ - രാഘവന്‍നായര്‍ വിശ്വസിച്ചിരുന്ന വിധിയുടെതോ..."
                  കുറച്ചു നാള്‍ നാട്ടുകാര്‍ തമ്മില്‍ പറഞ്ഞു നടന്നു......


      

No comments:

Post a Comment